

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ വിവിധ ജില്ലകളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെ ഒരു ജില്ലയിലും അതിതീവ്രമഴയില്ല. ജാഗ്രതയുടെ ഭാഗമായി നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു.
എന്നാല്‍ ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് തുടരും. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിതീവ്രവും അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. തുടര്‍ന്ന് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വരെ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട്
06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
07/06/2026: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്
08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
യെല്ലോ അലര്‍ട്ട്
06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
09/06/2026: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവില്‍ തീരദേശ കര്‍ണാടകയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലകൊള്ളുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ മ്യാന്‍മറിനും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates