

കൊല്ലം: അമേരിക്കയില്‍ നഴ്‌സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം വാങ്ങി കബളിപ്പിച്ചതായി പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.വിരമിച്ച സെക്രട്ടേറിയറ്റ് പ്രിന്റിങ് ഡയറക്ടറും അഡീഷനല്‍ സെക്രട്ടറിയുമായ ചവറ പുതുക്കാട് മഠത്തില്‍ വീട്ടില്‍ ജയിംസ് രാജ്, തമിഴ്‌നാട് ചെന്നൈ അണ്ണാനഗറിലുള്ള എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ജോസഫ് ഡാനിയേല്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയത്.
2022 ജനുവരിയില്‍ യൂണിറ്റാറ്റിസ് യൂണിവേഴ്‌സിറ്റാസ് സാരവത്താരിസ് എന്ന യൂണിവേഴ്‌സിറ്റി നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ സിഎന്‍എ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് 6 മാസത്തിനുള്ളില്‍ ഇബി3 വീസ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായവരുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴ്‌സിനായുള്ള തുക ജോസഫ് ഡാനിയേലിന്റെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. യൂണിവേഴ്‌സിറ്റിയുടെ ഏജന്‍സിയാണു ജോസഫ് ഡാനിയേലിന്റെ സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിച്ചാണു തുക അടപ്പിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുക ഒരോരുത്തരില്‍ നിന്ന് ഈടാക്കി. 2022 ജനുവരി മുതല്‍ ജൂണ്‍ മാസം വരെ വ്യത്യസ്ത ബാച്ചുകളില്‍ കേരളത്തിലുടനീളം 300 പേരോളം ഈ പരീക്ഷ എഴുതിയെന്നും ഇവര്‍ പറയുന്നു. 300 പേരില്‍ നിന്ന് തട്ടിയെടുത്ത തുക കോടികള്‍ വരുമെന്നാണു പരാതിക്കാര്‍ പറയുന്നത്.
വാഗ്ദാനം ചെയ്ത ഇബി3 വിസയ്ക്ക് പകരം വിസിറ്റിങ് വിസ നല്‍കാമെന്നു പീന്നിടു മാറ്റിപ്പറയുകയും ചെയ്തു. ഇന്റര്‍വ്യൂവിന് തീയതി എടുക്കാനെന്നും പറഞ്ഞ് 1,50,000 രൂപ അധികമായും വാങ്ങി. ഇന്റര്‍വ്യൂവിനു പങ്കെടുത്ത ഒരു വ്യക്തിയെ സംശയം തോന്നി അമേരിക്കന്‍ എംബസി അധികൃതര്‍ പ്രത്യേകം മുറിയില്‍ കൊണ്ടുപോയി ചോദ്യം ചെയ്യുകയും വിസിറ്റ് വിസ ലഭിച്ച മറ്റു നാലുപേരെ യുഎസ് എംബസി അധികൃതര്‍ ഫോണില്‍ വിളിച്ച് വീണ്ടും ചോദ്യം ചെയ്യുകയുണ്ടായി. ഇവരുടെ വിസ പിന്നീട് റദ്ദാക്കുകയും ചെയ്തു. വിസ ഇന്റര്‍വ്യൂ പാസാവാത്ത യുവാവിനോടു ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയിലേക്കു പോയി അവിടെ നിന്ന് അനധികൃതമായി യുഎസിലേക്കു കടക്കാന്‍ ജോസഫ് ഡാനിയേല്‍ നിര്‍ദേശിച്ചതായും ഇവര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി ഓഫീസിലെ എന്‍ആര്‍ഐ സെല്‍, നോര്‍ക്ക കൊല്ലം എംപി, കൊല്ലം കമ്മിഷണര്‍ ഓഫിസ്, ചവറ പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് ചവറ സ്റ്റേഷനില്‍ കഴിഞ്ഞ 16ന് കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്തതിനു പിന്നാലെ ജൂലൈ 27 മുതല്‍ തുക തിരിച്ചു നല്‍കുമെന്നും കോഴിക്കോട്ടെ ഒരു അഭിഭാഷകനെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇ-മെയില്‍ വന്നെങ്കിലും ഏജന്‍സിയില്‍ നിന്നു നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പണം കിട്ടിയിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയതോടെയാണു തട്ടിപ്പു പുറത്തു വരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates