കൊച്ചി: കിഫ്ബി വിവാദം സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജിവച്ച് ജനവിധി തേടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു.
കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനം. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. നിയമസഭയുടെ മേശപ്പുറത്താണ് സിഎജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരുനിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സ്ഥിതിവിശേഷം വന്നിരിക്കുന്നു. സി.എ.ജി. ഭരണഘടനാ സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ ബാധ്യസ്ഥമാണ്. അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates