

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ ആശയുടെ ആണ്‍സുഹൃത്തായ രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ അമ്മ ആശയ്‌ക്കൊപ്പം കൂട്ടിരിപ്പുകാരനായാണ് രതീഷ് അവിടെ എത്തിയത്. ആശയുടെ ഭര്‍ത്താവ് എന്ന വ്യാജേനയാണ് അവിടെ നിന്നത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആശ കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി കൈമാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറം ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.
കുഞ്ഞ് രതീഷിന്റെയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞതായാണ് ആശ മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.ഈ കുഞ്ഞുമായി തിരികെ വീട്ടില്‍ കയറരുതെന്ന് ഭര്‍ത്താവ് ആശയോട് പറഞ്ഞു. തുടര്‍ന്നാണ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി രതീഷ് തന്നെ എത്തിയത്. 26-ാം തീയതിയായിരുന്നു പ്രസവം. 30ന് ഡിസ്ചാര്‍ജ് അനുവദിച്ചതാണ്. എന്നാല്‍ 31നാണ് അവര്‍ ആശുപത്രി വിടുന്നത്. അന്നേദിവസം ഇരുവരും ഏറെ നേരം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം വൈകിയാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാക്കി ആശ രതീഷിനെ ഏല്‍പ്പിക്കുകയായിരുന്നു. അനാഥാലയത്തില്‍ നല്‍കാമെന്ന് രതീഷ് പറഞ്ഞതായാണ് ആശ നല്‍കിയ മൊഴിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം രതീഷ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിന് സമീപം കുഴിച്ചിട്ടെന്നും രതീഷ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ആശയെ പൊലീസ് ചോദ്യം ചെയ്യുന്നു എന്ന് അറിഞ്ഞ രതീഷ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് രതീഷിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറയുന്നു.
കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. മൊ ഴികള്‍ ശരിയാണോ എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. അതിനിടെ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിരിക്കും പ്രതികളെ കോടതിയില്‍ ഹാജരാക്കുക.
രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകവിവരം പുറത്തുവന്നത്.
പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വര്‍ക്കര്‍ നല്‍കിയ പരാതിയാണ് കേസിന്റെ ചുരുളഴിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ന്ന് ആശാപ്രവര്‍ത്തകര്‍ ജനപ്രതിനിധികളെയും അവര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്തുന്നത്. കുഞ്ഞിന്റെ അമ്മയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രതീഷിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates