

ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്.
അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് അതിന്റേതായ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ അല്ല. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒരു തരത്തിലുള്ള പോറലും ഏല്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ ഇതുവരെ ഒരു വ്യതിയാനത്തിന്റെയും കൂടെ ഉണ്ടായിട്ടില്ല. വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാടും നാട്ടുകാരും ശരിയായ വഴിക്ക് ഉറച്ചു നിന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. അവസരവാദ രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വളര്‍ന്നിട്ടുണ്ട്. കേരളം അവരെ സ്വീകരിക്കുന്നില്ല. ഈ നാട് ആര്‍എസ്എസിനെയും ബിജെപിയും അംഗീകരിക്കുന്നില്ല. ആ വിരോധം പകയായി വിദ്വേഷമായി മാറുന്നു. കേരളം തകരട്ടെ എന്ന നിലപാടാണ് ബിജെപിയും ആര്‍എസ്എസും കേന്ദ്ര സര്‍ക്കാരും എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അതീവ നിര്‍ണ്ണായകമാണെന്നും ഇടതുപക്ഷം സമഗ്രമായ മാറ്റം കൊണ്ട് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates