

കോട്ടയം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെ പോലെ പെരുമാറുന്നു. മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും വിമര്‍ശനം ഉയർന്നു. സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയമാണ്. വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായി. സിപിഐ വകുപ്പുകളെ പണം നല്‍കാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നുവെന്നും പ്രതിനിധികൾ വിമർശിച്ചു.
സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎമ്മോ ഒരു പരിഗണനയും നൽകുന്നില്ല. അത്രയ്ക്ക് ദുർബലമാണ് സിപിഐ സംസ്ഥാന നേതൃത്വം. സിപിഎമ്മിന്റെ നയങ്ങളെ ചോദ്യംചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ് പാർട്ടിക്കുള്ളത്. എൽഡിഎഫിൽ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ മദ്യനയം എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമാണ്. പരമ്പരാഗത കള്ളുചെത്ത് വ്യവസായത്തെ മദ്യനയം തകർത്തു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ തിരുത്തി മുന്നോട്ടുപോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും വിമർശനം ഉയർന്നു.
വൈക്കത്ത് നടക്കുന്ന സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അവതരിപ്പിച്ച 106 പേജുള്ള റിപ്പോർട്ടിന്മേൽ നടന്ന പൊതുചർച്ചയിലാണ് മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐ നേതൃത്വത്തിനുമെതിരെ വിമർശനമുയർന്നത്. പ്രതിനിധി സമ്മേളനം ഇന്നും തുടരും. തുടർന്ന് പുതിയ ജില്ലാ കൗൺസിലിനെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
