ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍: പിണറായി വിജയന്‍

നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
Pinarayi Vijayan
Pinarayi Vijayan
Updated on
2 min read

തൃശൂര്‍: ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ജനങ്ങള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. രാഷ്ട്രീയത്തില്‍ രണ്ട് ഗുണം രണ്ട് സമം നാല് എന്ന സാധാരണ കണക്കു ശാസ്ത്രമല്ല. ആ കണക്കിലായിരുന്നു പണ്ട് കോലീബി സഖ്യം ഉണ്ടാക്കിയത്. വടകരയിലും ബേപ്പൂരും. യുഡിഎഫിനും നല്ല വോട്ടുണ്ട്, ബിജെപിക്കും വോട്ടുണ്ട്. രണ്ടും കൂടി ചേര്‍ന്നാല്‍ ഞങ്ങളെ പരാജയപ്പെടുത്താമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ എന്തായിരുന്നു അവസാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

Pinarayi Vijayan
ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

അന്ന് ബിജെപിക്കാരെ ജയിപ്പിച്ചു കൊടുക്കാമെന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ കാര്യങ്ങള്‍ പരസ്യമായതോടെ നാട്ടുകാര്‍ എതിരായി. ഇതേത്തുടര്‍ന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി സീറ്റിലും ഇടതുപക്ഷം നല്ല നിലയില്‍ വിജയിച്ചു വന്നു. നാട്ടുകാര്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവര്‍ക്കും സോദരന്മാരായി ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട്, ശുദ്ധ അസംബന്ധം പറയാന്‍ വിഡി സതീശന് ഒരു മടിയുമില്ല. 1977 ല്‍ അവിടത്തെ സ്ഥിതിയെന്തായിരുന്നു എന്ന് അന്വേഷിച്ചു നോക്കണം. ആരായിരുന്നു ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്ന് അന്വേഷിക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം കൊടുക്കാന്‍ ആളുകളെ അയച്ചതെന്ന് താനാണെന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നയാള്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു. പിണറായി 1977 ല്‍ ആര്‍എസ്എസ് പിന്തുണയില്‍ വിജയിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആര്‍എസ്എസ് എങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. പലപ്പോഴായി ഞാനത് പറഞ്ഞിട്ടുമുണ്ട്. അവരുടെ ആക്രമണം ഏതു ഘട്ടത്തിലും വരാമെന്ന നില ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂരിലുണ്ടായിരുന്നവര്‍ക്ക് അറിയാം. ആക്രമണത്തിന്റെ പ്രധാന ടാര്‍ജറ്റ് ഞാനായിരുന്നു. ഇപ്പോള്‍ കുറച്ചു ദശാബ്ദം കഴിഞ്ഞു എന്നുള്ളതുകൊണ്ട് എന്തു നുണയും അവതരിപ്പിക്കാം എന്നാണ് അവര്‍ കരുതുന്നത്. നുണയാണല്ലോ കോണ്‍ഗ്രസ് പ്രധാനമായും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആരാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടതെന്ന് പരിശോധിക്കണം. കേരളത്തിന്റെ ജനസമ്മതനായ ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്?. കോണ്‍ഗ്രസ് ബന്ധപ്പെട്ടതിന്റെ ഭാഗമായി ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. അതുമാത്രമല്ല, ഇഎംഎസിനെതിരെ പ്രചാരണം നടത്താന്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ നേതാവായ ദീന്‍ദയാല്‍ ഉപാധ്യായ വന്നില്ലേ?. അതൊക്കെ ചരിത്രമല്ലേ. കുറേക്കാലം കഴിഞ്ഞ് എകെജി പാലക്കാട് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനും കൂടി ഒരു സ്ഥാനാര്‍ത്ഥിയാണ് ഉണ്ടായിരുന്നത്.

ആര്‍എസ്എസിന്റെ ജില്ലാ കാര്യവാഹക് ആയിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. ഇങ്ങനെ നാണം കെട്ട ഒരുപാട് കാര്യം ചെയ്തവരാണ്. ഇതെല്ലാം ചെയ്ത് നാടിനു മുന്നില്‍ കാണിച്ചവര് അക്കാലത്തും പിന്നീടും ഇക്കാലത്തും നാളെയും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന ഞങ്ങള്‍ക്കും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം നടത്തിയാല്‍ ചെലവാകുന്ന കാര്യമാണോ?. ഞങ്ങള്‍ക്ക് ആ പണിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ഇതുവരെ ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ലെന്ന ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നമ്മുടെ നാടിനെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ളതുപോലെ അപര മത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ മണ്ഡലത്തിലും ജയിച്ചു വരുന്ന ആളുകള്‍ വ്യത്യസ്ത മതവിഭാഗങ്ങളിലും ജാതി വിഭാഗങ്ങളിലും പെടുന്നവരാണ്. ഏതെങ്കിലും ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രമേ മത്സരിക്കാനും ജയിക്കാനും പാടുള്ളൂ എന്ന നില സ്വീകരിക്കുന്നത് അങ്ങേയറ്റം വിഘടനവാദമാണ്. ജനങ്ങളെ ശത്രുക്കളായി ചേരിതിരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ആര്‍എസ്എസും ബിജെപിയും സംഘപരിവാറും കേരളത്തിന് പുറത്ത് ശ്രമിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇവിടെ കഴിഞ്ഞ പത്തു വര്‍ഷമായി ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടായിട്ടില്ല. കാരണം വര്‍ഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയാണ്. ഒരു വര്‍ഗീയതയെയും ചാരി നില്‍ക്കുന്നില്ല. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ക്കശ നടപടിയുണ്ടാകും. ഈ നാടിന്റെ ഈ രീതി അട്ടിമറിക്കുന്നവരുടെ കൂട്ടത്തിലാണ് സംഘപരിവാര്‍. അതിന്റെ ഭാഗമായിട്ടാണ് ബിജെപി നേതാവിന്റെ പ്രസ്താവനയെ കാണേണ്ടത്. ഗുരുവായൂരിലെ ജനങ്ങള്‍ ഇത്തരം പ്രസ്താവന കൊണ്ടൊന്നും തെറ്റിദ്ധരിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan
പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഗുരുവായൂരില്‍ എല്‍ഡിഎഫിന്റെ എംഎല്‍എമാരായി പ്രവര്‍ത്തിച്ചവരെല്ലാം എല്ലാവര്‍ക്കും സ്വീകാര്യരായിരുന്നു. നല്ല തോതിലുള്ള പിന്തുണ കിട്ടിയിരുന്നു. അതുകൊണ്ടാണ് എല്‍ഡിഎഫ് തുടര്‍ച്ചയായി ജയിച്ചു വരുന്നത്. അതിനെ മറ്റൊരു രീതിയില്‍ മതബോധമുയര്‍ത്തി വഴിതെറ്റിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. എല്‍ഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലത്തില്‍. ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴ അടക്കം ഒരു സ്ഥലത്തും ഒരു പ്രശ്‌നവും സിപിഎമ്മിനോ എല്‍ഡിഎഫിനോ ഉണ്ടാകില്ല. നല്ല മികവാര്‍ന്ന വിജയം എല്‍ഡിഎഫ് നേടുക തന്നെ ചെയ്യും. ഒരു പോറല്‍ പോലും ഇടതുമുന്നണിക്ക് ഏല്‍ക്കില്ല. എതിരാളികള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Summary

Chief Minister Pinarayi Vijayan says that the CPM will not engage in political malfeasance for the sake of a few votes and some seats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com