

തിരുവനന്തപുരം: രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈ മാസികയായ രാജഹംസത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശശി തരൂര്‍ എംപിക്ക് നല്‍കിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ രാജ്ഭവന് സ്വന്തമായി ഇത്തരത്തില്‍ പ്രസിദ്ധീകണമുണ്ടോയെന്ന് അറിയില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടു തന്നെ ഇവിടെ ഇങ്ങനെയൊന്നിന് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനിലെ കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍ ഇവയെല്ലാം രേഖപ്പെടുത്തുന്ന ക്രോണിക്കിള്‍ ആകും ഇതെന്ന് കരുതുന്നു. സംവാദാത്മകമാണ് നമ്മുടെ സമൂഹം. അതിനാല്‍ സര്‍ക്കാരിന്റേതില്‍ നിന്നും വ്യത്യസ്ഥങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകള്‍ പ്രകടമാക്കുന്ന ലേഖനങ്ങള്‍ ഇതില്‍ വന്നുവെന്നു വരാം. ആദ്യ പ്രസിദ്ധീകരണത്തില്‍ തന്നെ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവര്‍ണറുടെ അധികാരങ്ങള്‍, നിയമസഭയുടെ അധികാരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ അഭിപ്രായങ്ങളല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
ആ ലേഖനം വരുന്നത് രാജ്ഭവന്റെ ഔദ്യോഗിക ജേര്‍ണലിലാണ് എന്നതുകൊണ്ട് അഭിപ്രായങ്ങളെല്ലാം സര്‍ക്കാര്‍ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം നവോത്ഥാന പൈതൃകത്തിന്റെ ഈടുവയ്പായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്ഭവന് ചരിത്രപരമായ ഒട്ടനവധി കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ രേഖപ്പെടുത്താതെ പോകുകയെന്ന അനൗചിത്യം ഉണ്ടാകാതെ നോക്കാന്‍ രാജഹംസത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുമായുള്ള തര്‍ക്കങ്ങളില്‍ മഞ്ഞുരുക്കിക്കൊണ്ടാണ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത്. ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ല. രാജ്ഭവനിലെ ചടങ്ങുകള്‍ക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വന്‍ വിവാദമാണ് നേരത്തെ ഉണ്ടായിരുന്നത്.
Chief Minister Pinarayi Vijayan released the magazine 'Rajhams', published by Raj Bhavan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
