

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നുള്ള സഹായത്തിന് അര്ഹതാ മാനദണ്ഡമായ കുടുംബ വാര്ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്ത്താന് മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്ട്ടല് മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്ധിപ്പിച്ചു.
മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യല് സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്ക്ക് 25,000 രൂപയും അനുവദിക്കാന് അധികാരം നല്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന് കലക്ടര്മാര്ക്ക് ഒരു കോടി രൂപ വീതം അണ്ടൈഡ് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 ന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കിയിട്ടുണ്ട്. പൊതുഫണ്ട് ഉപയോഗിച്ച് സര്ക്കാര് വകുപ്പുകള്, ഓഫീസുകള്, ഏജന്സികള്, സര്ക്കാര് സ്ഥാപനങ്ങള് എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡേറ്റയുടെ വര്ഗീകരണം, പങ്കിടല്, ഉത്തരവാദിത്വത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്.
ഒരു പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ് ഫോം വഴി കൃത്യമായ സര്ക്കാര് ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരം, പരസ്പര പ്രവര്ത്തന ക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമാണ് നയത്തിന്റെ ലക്ഷ്യം. സര്ക്കാര് വകുപ്പുകള്ക്കിടയില് ഡേറ്റ (വിവരങ്ങള്) പരസ്പരം പങ്കിടുന്നതിന് സാങ്കേതികമായ ഒരു സംവിധാനം രൂപീകരിക്കേണ്ട ആവശ്യകതയില് നിന്നാണ് സംസ്ഥാന ഡേറ്റ പോളിസി എന്ന നിര്ദേശം ഉയര്ന്നു വന്നത്. കേരള സ്റ്റേറ്റ് ഐടി മിഷനാണ് സ്റ്റേറ്റ് ഡേറ്റ പോളിസി തയാറാക്കിയത്.
റവന്യൂ വകുപ്പില് 15 വര്ഷം രജിസ്ട്രേഷന് കാലാവധി പൂര്ത്തിയാക്കുകയും നിലവില് ഉപയോഗിക്കാന് സാധിക്കാത്തതുമായ 152 വാഹനങ്ങള്ക്ക് പകരം പുതിയ വാഹനങ്ങള് വാങ്ങാന് തുക അനുവദിച്ചു.
പശ്ചിമേഷ്യന് യുദ്ധത്തെ തുടര്ന്ന് ബിറ്റുമിന്റെ വിലയിലുണ്ടായ അസാധാരണമായ വര്ധനയുടെ പശ്ചാത്തലത്തില്, ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിന് വില വ്യത്യാസം നല്കുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രില് 30 വരെ ദീര്ഘിപ്പിക്കാനും, റോഡ് പ്രവര്ത്തികള് നിര്വഹിക്കുന്ന എല്ലാ എഞ്ചിനിയറിങ് വകുപ്പുകള്ക്കും പൊതുമേഖല സ്ഥാപനങ്ങള്ക്കും ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates