

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറില്‍ നിന്ന് വിദേശ പൗരന്‍മാര്‍ ദത്തെടുത്തത് 23 കുട്ടികളെ. ഏഴ് കുട്ടികളെ ഇറ്റലിയിലുള്ളവരും മറ്റുള്ളവര്‍ ഡെന്‍മാര്‍ക്ക്, യുഎസ്എ, സ്‌പെയിന്‍, സ്വീഡന്‍, യുഎഇ എന്നിവിടങ്ങളിലെ കുടുംബങ്ങളുമാണ് ദത്തെടുത്തത്. ദത്തെടുത്ത കുട്ടികളെല്ലാവരും നാല് വയസില്‍ താഴെയുള്ളവരാണ്.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളിലെ അമ്മത്തൊട്ടിലില്‍ നിന്നാണ് ഈ കുഞ്ഞുങ്ങളെ ദത്തെടുത്തത്. 2023ല്‍ 10 കുട്ടികളെ ദത്തെടുത്തു. 2024ല്‍ 5, 2025ല്‍ 5 എന്നിങ്ങനെയാണ് ദത്തെടുത്ത കുട്ടികളുടെ കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പുതിയ ദത്തെടുക്കല്‍ ചട്ടങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി നിര്‍ദേശിച്ച നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് വിദേശ പൗരന്‍മാര്‍ക്ക് ദത്തെടുക്കല്‍ സാധ്യമാക്കിയതെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു. ഓട്ടിസം, മറ്റ് ഭിന്നശേഷി എന്നിവയുള്ള കുട്ടികളാണ് ദത്തെടുത്തവരില്‍ പലരും. അവരുടെ ആരോഗ്യപരമായ അവസ്ഥകള്‍ക്ക് സുരക്ഷിതമായ ജീവിതമാണ് ഇതിലൂടെ അവര്‍ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിക്ക ഇന്ത്യന്‍ മാതാപിതാക്കളും ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് വിദേശീയരായ ആളുകളില്‍ ഇത്തരമൊരു പ്രവണ നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ദത്തെടുക്കുന്ന കുട്ടികളെ ദത്തെടുക്കല്‍ ഏജന്‍സികള്‍ അപ്പപ്പോഴുള്ള വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിലേയ്ക്ക് അറിയിക്കുകയും ചെയ്യും. അങ്ങനെ സുരക്ഷിതമായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നു. 1998 ല്‍ കേന്ദ്രം രാജ്യാന്തര ദത്തെടുക്കല്‍ നിരോധിച്ചെങ്കിലും 2017ല്‍ നിയമങ്ങള്‍ കൂടുതല്‍ ലിബറലായി മാറിയെന്ന് കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവത്തിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടികളുള്ള മാതാപിതാക്കള്‍ പോലും ഇവിടെ നിന്ന് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ഇതേ കാലയളവില്‍ 170ലധികം കുട്ടികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ദത്തെടുത്തിട്ടുണ്ടെന്നും കൗണ്‍സില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates