Organiser article: ഓര്‍ഗനൈസര്‍ ലേഖനത്തിന് ശക്തമായ മറുപടിയുമായി സഭ; ക്രൈസ്തവര്‍ക്കിടയില്‍ വേരുറപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി
തിരുവനന്തപുരം: ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള കേരളത്തിലെ ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു വിവാദ ലേഖനം. കേരളത്തിലെ പ്രബലമായ കത്തോലിക്കാ സഭയുടെ അധീനതയിലുള്ള ഭൂമിയെക്കുറിച്ചുള്ള ലേഖനമാണ്, ക്രൈസ്തവ സഭ നേതാക്കള്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ അതൃപ്തിക്ക് കാരണമായത്.
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനുമെതിരെ, രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ബിഷപ്പുമാരുമായും പുരോഹിതന്മാരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബിജെപി, വിവാദ ലേഖനത്തെത്തുടര്‍ന്ന് പിന്നാക്കം പോയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെയുണ്ടായ ആക്രമണ വാര്‍ത്തകളും, ക്രൈസ്തവര്‍ക്കിടയില്‍ ബിജെപിയോട് അതൃപ്തിയും അവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ മുന്‍നിര്‍ത്തി വോട്ട് അടിത്തറ വികസിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വിവാദ ലേഖനം വരുന്നത്. വിഷയം ലഘൂകരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും, സഭ നടത്തുന്ന ദിനപത്രമായ ദീപികയിലെ മുഖപ്രസംഗം കടുത്ത വിമര്‍ശനമാണ് നടത്തിയത്. സംഘപരിവാര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളും രാജ്യത്തുടനീളമുള്ള ക്രിസ്ത്യാനികളെ ബാധിക്കുന്നുണ്ടെന്ന് എഡിറ്റോറിയല്‍ പ്രസ്താവിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മൗനം കാരണം സ്ഥിതി കൂടുതല്‍ വഷളായെന്നും, ക്രിസ്ത്യന്‍ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആക്രമിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി മാറിയെന്നും എഡിറ്റോറിയല്‍ ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണെന്ന ലേഖനത്തിലെ വാദവും ദീപിക തള്ളി. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതി 3,287,263 ചതുരശ്ര കിലോമീറ്റര്‍ ആണ്. കത്തോലിക്ക സഭയുടെ കൈവശം 700,000 ചതുരശ്ര കിലോമീറ്റര്‍ (172.9 ദശലക്ഷം ഏക്കര്‍) ഭൂമി ഉണ്ടെന്ന് പറയുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമാകട്ടെ 940,000 ഏക്കറോളം ഭൂമിയും. ഈ കണക്കുകള്‍ എവിടെ നിന്ന് വന്നുവെന്നും ദീപികയുടെ മുഖപ്രസംഗം ചോദിക്കുന്നു.
പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്‍, മുനമ്പം ഭൂമി വിഷയത്തില്‍ വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് സഹാകരമാകുമെന്ന പ്രചാരണം ഓര്‍ഗനൈസറില്‍ നടത്തിവരുന്നതിനിടയിലാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. മുനമ്പം നിവാസികളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അവരെ പിന്തുണച്ച് സഭാനേതൃത്വം സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഓര്‍ഗനൈസര്‍ ലേഖനം തെറ്റാണെന്ന് മനസ്സിലാക്കിയതോടെ പിന്‍വലിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസും എല്‍ഡിഎഫും ഈ വിഷയം വലുതാക്കാന്‍ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

