

കൊച്ചി: വിമാനത്തിൽ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ചെന്ന പരാതിയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. മഴ നനയാതെ വിമാനത്തിൽ കയറാൻ സൗകര്യമൊരുക്കാത്തതിനാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശി ടി ജി എൻ കുമാർ നൽകിയ പരാതിയിലാണ് നടപടി.
എട്ടു വർഷം മുൻപ് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതുമൂലം ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. മഴ നനയാതിരിക്കാനുള്ള ടെർമിനൽ സൗകര്യം അന്ന് ഇല്ലായിരുന്നു. നനഞ്ഞ വസ്ത്രവുമായി ഡൽഹിവരെ യാത്ര ചെയ്തതിനാൽ പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.
പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതിച്ചെലവുമടക്കം 16,000 രൂപ സിയാൽ അധികൃതർ ഒരുമാസത്തിനകം നൽകണമെന്നാണ് ഉത്തരവ്. ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾപോലും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമ്മീഷൻ വിലയിരുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates