

കൊച്ചി: സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് പദ്ധതികളാണ് എയ്‌റോപാര്‍ക്കിന്റെ ഭാഗമാകുന്നത്. പൂര്‍ത്തിയാക്കിയ മൂന്ന് പദ്ധതികളും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മറ്റു മൂന്ന് പദ്ധതികളും ഉള്‍പ്പെട്ടതാണ് ഒന്നാംഘട്ടം. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, ആധുനിക സുരക്ഷാ പരിശീലനകേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് ബൃഹദ് പദ്ധതി.
കേവലം ഒരു വിമാനത്താവളം എന്നതില്‍ നിന്ന് ഇന്ത്യയിലെ തന്നെ ഒരു ഏവിയേഷന്‍ ഹബ് എന്ന രൂപത്തിലേക്കുള്ള വികാസത്തിന്റെ ഘട്ടത്തിലാണ് സിയാല്‍ എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ബിസിനസുകളിലേക്കുള്ള വിമാനത്താവളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ പദ്ധതികള്‍. എയ്‌റോപാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, മുഖംമിനുക്കിയ ഗോള്‍ഫ് ക്ലബ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം ഏറ്റവുമധികം നല്‍കുന്ന കമ്പനികളില്‍ ഒന്നായി സിയാലിന് മാറാന്‍ കഴിഞ്ഞു. 50 ശതമാനം ഡിവിഡന്റ് ആണ് നല്‍കിയത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചു. ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്തപ്പോള്‍ മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മുന്‍പ് ജോലി ചെയ്തിരുന്നവരെ കഴിവിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച ഏക സ്ഥാപനമാണ് സിയാല്‍.ജീവനക്കാരെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. സ്ഥലമുടമകളുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പ്രദേശത്തുള്ളവരുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിയാല്‍ മുന്നോട്ടുപോകുന്നത്. നാടിനെ മുഴുവന്‍ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സിയാല്‍ നടത്തുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ പി രാജീവ് പറഞ്ഞു.
സിയാല്‍ എയ്‌റോപാര്‍ക്ക് പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സിഐഎഎസ്എല്‍ ബിസിനസ് സെന്ററാണ്. വിമാനത്താവള കമ്പനിയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെതന്നെ അപൂര്‍വമായ പ്രീമിയം കോ-വര്‍ക്കിങ് സ്‌പേസില്‍ നാനൂറിലധികംപേര്‍ക്ക് ഒരേസമയം ജോലിചെയ്യാനും മുപ്പതോളം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്.
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്നതിനായി 13 കോടി രൂപ ചെലവില്‍ സജ്ജമാക്കിയ ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയും രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറിയുമാണ് പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍. 800 ചതുരശ്ര അടിയില്‍ മെയ്സ് മാതൃകയില്‍ നിര്‍മിച്ച പരിശീലനസംവിധാനം വഴി, അഗ്‌നി രക്ഷാസേനാംഗങ്ങള്‍ക്ക് അതീവ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വിദഗ്ധ പരിശീലനം നല്‍കും.
40 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് സൗകര്യത്തോടുകൂടിയ ഹാങ്ങര്‍, എട്ടുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിങ് സംവിധാനം, മൂന്നുകോടി രൂപയുടെ അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു ട്രെയിനിങ് സംവിധാനം എന്നിവ സിയാല്‍ എയ്‌റോപാര്‍ക്കില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates