CM Pinarayi Vijayn on media
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

പുനരധിവാസത്തിന് ടൗണ്‍ഷിപ്പുകള്‍; ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം;ദൗത്യം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Published on

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണന. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും പിണറായി പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളില്‍ പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസമന്ത്രി വയനാട്ടിലെത്തി ഏകോപിപ്പിക്കും. പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പ്രധാനകാരണം കാലാവസ്ഥാ വ്യതിയാനമാണ്. അതിതീവ്രമഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. കേന്ദ്രകാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജലകമ്മിഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് മുന്നറിയിപ്പു നല്‍കുന്നത്. ഇക്കാര്യത്തില്‍ കാലഘട്ടത്തിന് യോജിച്ച മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവരും തയാറാകണം. വയനാട്ടിലെ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. തീവ്രമഴ സംബന്ധിച്ച് കേരളാ മോഡല്‍ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാന്‍ കോട്ടയത്തെ കാലാവസ്ഥാ പഠന കേന്ദ്രത്തോട് ആവശ്യപ്പെടും. അതിനുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിന് ലഭ്യമാക്കും.

ദുരന്തമേഖലയിലും ചാലിയാറിലും തിരച്ചില്‍ തുടരുന്നുണ്ട്. 40 ടീമുകള്‍ ആറ് മേഖലകളായി തിരഞ്ഞാണ് പരിശോധന നടത്തുന്നത്. സിവില്‍ ഡിഫന്‍സ് ഉള്‍പ്പടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 460 പേരും ദേശീയദുരന്തനിവാരണ സേനയില്‍ നിന്ന് 120അംഗങ്ങളും വനംവകുപ്പില്‍ 56 പേരും പൊലീസില്‍ നിന്ന് 64 പേരും ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 640 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്ന് 44 പേരും കേരളാ പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന 15 പേരും ഉള്‍പ്പടെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്. ആറ് നായകളും ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ തിരച്ചിലില്‍ 11 മൃതദേഹങ്ങള്‍ കണ്ടെത്തി. അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെ എത്തിച്ചാണ് തിരച്ചില്‍. പരിശോധനയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബെയ്‌സ്ഡ് റഡാര്‍ ഉടന്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ്. 67 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ കഴിയാതെ കണ്ടെത്തിയത്. സര്‍വമത പ്രാര്‍ഥനയോടെ ഈ മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സംസ്‌കരിക്കും.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടകളും ശോഭ ഗ്രൂപ്പ് 50 വീടുകളും കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകളും നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayn on media
ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍; എല്ലാവരും സംഭാവന നല്‍കണമെന്ന് സതീശന്‍; വീണ്ടും ഭിന്നത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com