

കൊച്ചി: അഗ്രി–ഹോർട്ടിക്കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 42-ാമത് കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കമായി. കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്താണ് ഫ്ലവർ ഷോ.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളയാണ് കൊച്ചിൻ ഫ്ലവർ ഷോ. 50000 ചതുരശ്രഅടി വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കുന്നത്.
അയ്യായിരത്തിലേറെ ഓർക്കിഡുകൾ, ആയിരത്തിൽ അധികം അഡീനിയം, മിനി ആന്തൂറിയം, റോസ് ചെടികൾ, ശീതോഷ്‌ണ കാലാവസ്ഥയിൽ മാത്രം വളരുന്ന ഓറിയന്റൽ ലില്ലി, കൂടാതെ മാരിഗോൾഡ്, ഡാലിയ, സീനിയ, ക്രിസാന്തിമം ഉൾപ്പടെയുള്ള നാല്പതിനായിരത്തോളം പൂച്ചെടികൾ, മൂൺ കാക്ടസ്, പലതരം ബ്രൊമിലിയാഡ് ചെടികൾ തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടാകും.
വെജിറ്റബിൾ കാർവിങ്, പുഷ്‌പാലങ്കാരങ്ങൾ, അലങ്കാര കള്ളി ചെടികൾ കൊണ്ട് നവീന രീതിയിലുള്ള വെർട്ടിക്കൽ ഗാർഡൻ, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങൾ, നൂതന മാതൃകയിലുള്ള ബോൺസായ് ചെടികൾ, അലങ്കാരകുളം, വെള്ളച്ചാട്ടo, അലങ്കാര മൽസ്യങ്ങളുള്ള അരുവി എന്നിവയും പ്രദർശനത്തിന്റെ ഭാഗമാകും.
ഉദ്യാനച്ചെടികളുടെ വിപണനത്തിനായി ബാംഗ്ലൂരിൽ നിന്നുമുള്ള ഇൻഡോ അമേരിക്കൻ നഴ്സറി ഉൾപ്പടെ നഴ്സറികളുടെ നീണ്ട നിര തന്നെയുണ്ട്. സന്ദർശകരുടെ ഉദ്യാന സംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിന്റെ 'അഗ്രി ക്ലിനിക്' പ്രദർശന നഗരിയിൽ ഉണ്ടാകും.
സന്ദർശകർക്കായി പുഷ്‌പാലങ്കാരം, വെജിറ്റബിൾ കാർവിങ്, ടെറേറിയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സൗജന്യ ശില്പശാലകളും ഫ്ലവർ ഷോ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ രാത്രി 10.30 വരെയാണ് സന്ദർശന സമയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates