ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് കേരളത്തില്‍ ജീവന്‍ നഷ്ടമായത് 186 പേര്‍ക്ക്; ജൂണ്‍ മാസത്തില്‍ മാത്രം 48 മരണങ്ങള്‍

ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം മൂലം 34 ജീവനുകളാണ് പൊലിഞ്ഞത്.
hospital
ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം മൂലം 34 ജീവനുകളാണ് പൊലിഞ്ഞത്. പ്രതീകാത്മക ചിത്രം
Updated on
2 min read

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത് 186 പേര്‍. ജൂണിലെ ആദ്യ 20 ദിവസങ്ങളില്‍ മാത്രം 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ 55 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാലവര്‍ഷം ആരംഭിച്ചതോടെ ഷിഗെല്ല, ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു, ഒപ്പം അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം മൂലം 34 ജീവനുകളാണ് പൊലിഞ്ഞത്. തൊട്ടുപിന്നാലെ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം), എലിപ്പനി എന്നിവ യഥാക്രമം 27, 24 മരണങ്ങള്‍ക്ക് കാരണമായി. 2024-ലും 2023-ലും പകര്‍ച്ചവ്യാധികള്‍ മൂലം സംസ്ഥാനത്ത് യഥാക്രമം 543, 570 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ട് വര്‍ഷങ്ങളിലും ഹെപ്പറ്റൈറ്റിസ് എ മൂലം 220-ലധികം മരണങ്ങള്‍ വീതം ഉണ്ടായിരുന്നു. എന്നാല്‍ 2026-ല്‍ ഷിഗെല്ല മരണങ്ങളില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായത്, ഇതുവരെ ആറ് പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

hospital
സൗദി അറേബ്യയില്‍ ബസ് അപകടം; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അസോസിയേറ്റ് പ്രൊഫസറായ ഡോ. അനീഷ് ടി എസ് പറയുന്നത്, എല്ലാ കാലവര്‍ഷത്തിലും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കാറുണ്ടെന്നാണ്. ജൂലൈ മാസത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന ഈ രോഗബാധയുടെ വര്‍ദ്ധനവ് മഴയുടെ പാറ്റേണുമായി അടുത്ത ബന്ധമുള്ളതാണ്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കുകയാണെങ്കില്‍, സെപ്റ്റംബറിലും കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം, അദ്ദേഹം പറഞ്ഞു.

ദശകങ്ങള്‍ക്ക് മുമ്പ് ഈ കാലയളവില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള റിസര്‍ച്ച് സെല്‍ കണ്‍വീനറായ ഡോ. രാജീവ് ജയദേവന്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പകര്‍ച്ചവ്യാധികള്‍, ദാരിദ്ര്യം, കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടം മൂലം ഉണ്ടാകുന്ന പട്ടിണി എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ സാമൂഹികമായ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതായി. ഇപ്പോള്‍, ഈ കാലയളവിലെ മരണങ്ങള്‍ക്കുള്ള പ്രധാന കാരണം പകര്‍ച്ചവ്യാധികള്‍ മാത്രമാണ്. കാലവര്‍ഷം, അന്തരീക്ഷത്തിലെ ഈര്‍പ്പം, കൃത്യമല്ലാത്ത ശുചിത്വ പരിപാലനം, പ്രത്യേകിച്ച് മലിനജല നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് ഇന്‍ഫ്‌ലുവന്‍സ, ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്, അദ്ദേഹം പറഞ്ഞു.

hospital
സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴക്കുറവ്; 10 ജില്ലകളില്‍ ശരാശരിയേക്കാള്‍ കുറവെന്ന് കണക്കുകള്‍

ശ്രദ്ധ നല്‍കേണ്ടത് രോഗബാധ തടയുന്നതില്‍

രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കൃത്യമായ പരിശോധനകളും കാരണമാണ് സാധാരണ ഗതിയില്‍ തിരിച്ചറിയപ്പെടാതെ പോകുമായിരുന്ന ഷിഗെല്ല മരണങ്ങള്‍ ഇത്തവണ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു. മരണസംഖ്യ കുറയ്ക്കുന്നത് രോഗം പടരുന്നത് തടയുന്നതിനെ ആശ്രയിച്ചാണുള്ളതെന്ന് ഡോ. അനീഷ് പറയുന്നു. രോഗബാധിതരുടെ എണ്ണത്തിന് ആനുപാതികമായാണ് മരണങ്ങളുടെ എണ്ണവും കൂടുന്നത്. അതിനാല്‍ രോഗപ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി നമുക്ക് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. കൂടാതെ, രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് ആശുപത്രികള്‍ക്ക് വലിയ ഭാരമാകും. അതുകൊണ്ട് തന്നെ പ്രതിരോധത്തിനാണ് മുന്‍ഗണനെയെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കാലത്ത് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതില്‍ ഫലപ്രദമായ ഇടപെടലുകള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് ഡോ. രാജീവ് കൂട്ടിച്ചേര്‍ത്തു.

Summary

Communicable diseases claimed 186 lives in Kerala this year, 48 in June

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com