കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; അനിശ്ചിതത്വം മൂന്ന് പേരുകളില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരും മത്സരരംഗം ഉറപ്പിക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ സമവായമായെന്നാണ് റിപ്പോര്‍ട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിച്ചു നിര്‍ത്തിയാല്‍ 21 എംഎല്‍എമാരാണ് കേരളത്തില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു, എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍), ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി) എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ആണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്നാണ് കെ ബാബുവിന്റെ നിലപാട്. മത്സരിപ്പിക്കാന്‍ കെ ബാബുവിനും കെപിസിസിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരം പിടിച്ച സാഹചര്യത്തില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ഥിത്വം പ്രധാനമാണെന്നാണ് നേതാക്കളുടെ അഭിപ്രായം.
വയനാട്ടിലെ സംഘടനാ പ്രശ്മാണ് ഐ സി ബാലകൃഷ്ണന് തിരിച്ചടിയാകുന്നത്. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വയനാട് സഹകരണ ബാങ്കിലെ അഴിമതി ആരോപണമാണ് ഇതില്‍ പ്രധാനം. ലൈംഗിക പീഡന ആരോപണമാണ് എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്നിലെ തടസം. പെരുമ്പാവൂരില്‍ പാര്‍ട്ടി ഒരു ബദല്‍ സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ചേക്കുമെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇതിനോടകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍, പാലക്കാട്ട് സീറ്റിലേക്കും അനുയോജ്യനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
കോവളം എംഎല്‍എ എം വിന്‍സെന്റും ലൈംഗിക പീഡന ആരോപണം നേരിടുന്നുണ്ടെങ്കിലും അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധ്യയില്ലെന്നാണ് റിപ്പോര്‍ട്ട്. 2021 ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിജയിച്ച ഏകസീറ്റായിരുന്നു കോവളം. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണ എം വിന്‍സെന്റിനുണ്ട്. അതിനാല്‍ അദ്ദേഹത്തിന് കോവളം സീറ്റ് നിഷേധിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും കെപിസിസി ഭാരവാഹി പറഞ്ഞു.
Kerala assembly polls: Congress have reportedly reached a consensus to renominate most of the incumbent MLAs for the coming assembly election.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

