

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാന പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് പര്യടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28 നാണ് പര്യടനത്തിന്റെ സമാപനം. തിരുവനന്തപുരത്ത് നടക്കുന്ന സമാപന പരിപാടിയില്‍ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആണ് നീക്കം. ഘടക കക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ധാരണയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ജനുവരി 4, 5 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ 'മിഷന്‍ 2026' യോഗത്തിന് പിന്നാലെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതുവരെ നീളുന്ന അവസാന ഘട്ട തയ്യാറെടുപ്പിനും യോഗത്തോടെ കോണ്‍ഗ്രസ് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ സാധ്യതകള്‍ പാര്‍ട്ടി വിലയിരുത്തും, സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഏക മാനദണ്ഡം വിജയസാധ്യത ആകണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പരിഗണനകള്‍ ഉണ്ടാകില്ല. വിഭാഗീയ നീക്കള്‍ അംഗീകരിക്കില്ല. മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, നേതൃത്വത്തിന്റെ പരിശോധനയും എഐസിസി നടത്തുന്ന ത്രിതല സര്‍വേ പ്രക്രിയയും നിര്‍ണാകയമാകുമെന്നും കെപിസിസി ഭാരവാഹി പറഞ്ഞു. ഒട്ടുമിക്ക മണ്ഡലങ്ങളിലും ജനുവരി പകുതിയോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായം കൈവരിക്കാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി നിലവില്‍ യുഡിഎഫിന് അനുകൂലമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സമീപ വര്‍ഷങ്ങളില്‍ ബിജെപിയോട് അടുത്ത നായര്‍ വിഭാഗത്തിലെ ഒരു പ്രബല വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ യു.ഡി.എഫിനൊപ്പം നിലകൊണ്ടെന്നും നേതാക്കള്‍ അവകാശപ്പെട്ടു. കോട്ടയം, ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഈ രണ്ട് ഘടകങ്ങളും അനുകൂലമാണെന്ന സൂചനയാണ്. ഏഴ് ജില്ലാ പഞ്ചായത്തുകള്‍ നേടാനായതും യു.ഡി.എഫ് മുന്നേറ്റത്തിന്റെ തെളിവാണെന്ന് യുഡിഎഫ് നേതാവും ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates