congress, udf, election 2026
The Congress and the UDF are developing strategies to reclaim power in the forthcoming assembly elections. Samakalika malayalam

അധികാരത്തിലേക്ക് തിരിച്ചുവരാൻ 'സീറോ റിസ്ക്' തന്ത്രവുമായി യു ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരികെ അധികാരത്തിലേക്ക് വരാനുള്ള തന്ത്രങ്ങൾ മെനയുകയാണ് യു ഡി എഫ്.
Published on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒന്നര ദശകത്തിന് ശേഷം വലിയ തിരിച്ച് വരവ് നടത്താനായ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന ഭരണം പടിക്കാന്‍ 'സീറോ റിസ്‌ക്' തന്ത്രമാവും സ്വീകരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് അതിന്റെ പരീക്ഷണശാല ആയിരുന്നു. ഈ തന്ത്രം 95 ശതമാനം വിജയം വിജയം കൈവരിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. ‌

മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും യുഡിഎഫിന്റെ മലബാറിലെ അടിത്തറ കാക്കുന്ന ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗും പരീക്ഷണത്തില്‍ തൃപ്തരാണ്. അതുകൊണ്ട് തന്നെ മിഷന്‍ 2026 ലേക്ക് കടക്കുന്ന യു ഡിഎഫിലെ പ്രബലരായ ഈ രണ്ട് പാര്‍ട്ടികളും മുറുകെ പിടിക്കുക 'സിറോ റിസ്‌ക്' എന്ന തന്ത്രമായിരിക്കും.

congress, udf, election 2026
നീതിയുടെ കാവ്യം

എന്താണ് 'സിറോ റിസ്‌ക് ' തന്ത്രം

പി ആർ അധിഷ്ഠിത തീരുമാനങ്ങൾക്ക് പിന്നാലെ പോകാതിരിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ ആണിക്കല്ല്. കൈയടി കിട്ടുന്ന തീരുമാനങ്ങള്‍ പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തില്‍ ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന തിരിച്ചറിവ് 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന മുന്നണിക്ക് ഇന്നുണ്ട്. പ്രയോഗിക തിരുമാനങ്ങള്‍ക്കാവും ഊന്നല്‍ നൽകുക.

കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനകമ്മീഷൻ അനുവദിച്ച തുക കേരളത്തിന് കിട്ടിയതും ജി എസ് ടിയിൽ ഉണ്ടാകുന്ന നഷ്ടം നികത്താനായി നിശ്ചിത കാലയളവിലേക്ക് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നതുമായ തുക ലഭിച്ചതാണ് വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാനുള്ള കാരണം. നിലവിലെ സ്ഥിതി അതല്ല.

എന്നാൽ, ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ കൈയ്യൊഴിയില്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ കർണ്ണാടകത്തിലും തെലങ്കാനയിലും സർക്കാരുകൾ നടപ്പാക്കുന്നതു പോലെയുള്ള ജനപ്രിയ പദ്ധതികൾ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തും. സ്ത്രീകൾ, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർ, യുവതലമുറ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളായിരിക്കും മുന്നോട്ട് വെക്കുന്നതിൽ പ്രധാനം. പക്ഷേ, അതിന്റെ സാമ്പത്തികഭാരം സർക്കാർ ഖജനാവിൽ സൃഷ്ടിക്കുന്ന ആഘാതം പരമാവധി കുറയ്ക്കുക എന്നതിലൂന്നിയായിരിക്കും അത് നടപ്പാക്കുക.അതിനായി പുതിയ മാതൃകകളെ കുറിച്ചും യുഡിഎഫിന്റെ തിങ്ക്ടാങ്കുകൾ ആലോചിക്കുന്നുണ്ട്.

congress, udf, election 2026
സഖാവ് കുമാരപിള്ളമാ‍ർ മാറി നിൽക്കണം, തോൽവിയുടെ കാരണങ്ങൾ ഇവയാണ്

മുന്നണിക്ക് അല്ലെങ്കില്‍ ഘടക കക്ഷികള്‍ക്ക് ക്ഷീണം ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ ആത്മഹത്യാപരമായ നിലപാടുകള്‍ സ്വീകരിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന നിലപാട്. കേരളാ കോണ്‍ഗ്രസ് (എം) ഉള്‍പടെയുള്ള ചില പ്രധാന കക്ഷികളെ ഒപ്പം കൂട്ടി മുന്നണി വികസനം ഉണ്ടാവണമെന്നത് കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനും ഉണ്ടെങ്കിലും നിലനില്‍ക്കുന്ന മുന്നണി ബന്ധങ്ങളെ അലോസരപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി ആലോചിച്ച് അവരുടെ താൽപ്പര്യത്തെ അടിസ്ഥാനമാക്കി മാത്രമേ കോൺഗ്രസ് തീരുമാനം കൈക്കൊള്ളുകയുള്ളൂ.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോകസഭയിൽ യു ഡി എഫിന് നൽകിയ മുൻതൂക്കത്തെ കുറച്ചിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 110 സീറ്റുകളിൽ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോഴത് 80 ൽ താഴെയായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനേക്കാൾ യുഡിഎഫിന് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് തലത്തിൽ ലഭിച്ച വോട്ട് എണ്ണം പരിശോധിക്കുമ്പോൾ കൂടുതലും ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇതേ വോട്ടുകണക്കിനെ നിയമസഭാ മണ്ഡലം തിരിച്ച് കണക്കെടുത്താൽ യു ഡി എഫിന് അനുകൂലമായി നിൽക്കുന്ന പല മണ്ഡലങ്ങളിലും നേരിയ വോട്ടിന്റെ മുൻതൂക്കം മാത്രമാണുള്ളത്.

ഇത് സംഘടനാ സംവിധാനവും മറ്റും ഉപയോഗിച്ച് എൽ ഡി എഫിന് വേണമെങ്കിൽ തിരിച്ചുവരവ് നടത്താം എന്നതാണ്. പ്രത്യേകിച്ച പല മണ്ഡലങ്ങളിലും എൽ ഡി എഫിന്റെ എം എൽ എ മാർക്ക് നിലിവിലുള്ള സൽപ്പേര് അതിന് സാധ്യത കൂട്ടിയേക്കാമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. അതുകൂടി പരിഗണിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ അവർ നേരിടാൻ ഒരുങ്ങുന്നത്.

congress, udf, election 2026
ന്യൂനപക്ഷത്തോട്, ബുദ്ധിശൂന്യമായ നിലപാട് സ്വീകരിക്കരിക്കാതിരിക്കുക എന്നതാണ് ഇടതുപക്ഷത്തി​ന്റെ കടമ

സംസ്ഥാന രാഷ്ട്രീയത്തിൽ താരതമ്യേന പുതുതായി രൂപംകൊണ്ട പ്രാദേശികമായും അല്ലാതെയും സ്വാധീനമുള്ള സ്വത്വ,ജാതി,വ്യക്തി രാഷ്ട്രീയ സ്വഭാവം പുലർത്തുന്ന സംഘടനകളെയും പാർട്ടികളെയും സംഘടനകളെയും ഒപ്പം കൂട്ടുക എന്നതിലും യു ഡി എഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗത്തിന്റെയും പ്രാതിനിധ്യം യു ഡിഎഫിൽ കൊണ്ടുവരിക, ചില മണ്ഡലങ്ങളിൽ നേരിയ വ്യത്യാസത്തിലുള്ള തോൽവിക്കുള്ള സാധ്യകൾ ഉള്ളതിനെ ഇല്ലാതാക്കുക എന്നതാണ് ഈ ആശയത്തിന് പിന്നിൽ.

സി കെ ജാനുവിനെയും അൻവറിനെയും യു ഡിഎഫിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സ്വീകരിച്ചത് മുന്നോട്ടുള്ള കരുനീക്കങ്ങളുടെ ആദ്യ പടിയാണ്. നേരത്തെ അൻവറിനെതിരെ പ്രതിപക്ഷ നേതാവ് നിലകൊണ്ടിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ ആ നിലപാട് മാറിയിട്ടുണ്ട്. വയനാട്ടിൽ കോൺഗ്രസിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നിനുള്ള പരിമിതികൾ നേതൃത്വത്തിന് അറിയാം. അതുകൊണ്ട് തന്നെ ജാനുവിനെ പോലെ ഒരാൾ വരുന്നത് മുന്നണിക്ക് സംസ്ഥാനത്ത് പൊതുവിലും വയനാട്ടിൽ പ്രത്യേകിച്ചും ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. ലീഗും ഈ തീരുമാനത്തിന് ഒപ്പമാണ്.

വി എസ് ഡി പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ യു ഡി എഫിനൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും ചർച്ചകൾ നടന്ന സാഹചര്യം ഇരുകൂട്ടരും ഇപ്പോൾ വ്യക്തമാക്കി കഴിഞ്ഞു. വി എസ് ഡി പിയുടെ വിലപേശൽ തന്ത്രമായിട്ടാണ് യുഡിഎഫിലെ പലരും ഇപ്പോഴത്തെ കരണം മറിച്ചിലിനെ കാണുന്നത്. വി എസ് ഡി പിയുടെ മുന്നിൽ വാതിൽ അടച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നുണ്ടെങ്കിലും വി എസ് ഡി പിക്ക് താൽപ്പര്യമുണ്ടെങ്കിൽ നീക്കുപോക്കുകളും ചർച്ചകളും തുടരുമെന്നാണ് യു ഡി എഫിലെ മറ്റ് ചില നേതാക്കൾ വ്യക്തമാക്കുന്നത്. നിലവിൽ എൻ ഡി എയ്ക്കൊപ്പം നിൽക്കുന്നു എന്നതുകൊണ്ട് മാത്രം ബി ഡി ജെ എസ്സിനെ അകറ്റി നിർത്തേണ്ടതില്ല എന്നാണ് തീരുമാനം. അവരെയും ഒപ്പം കൂട്ടാനുള്ള സാധ്യതകളും യു ഡിഎഫ് ആലോചിക്കുന്നുണ്ട്.

congress, udf, election 2026
തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാകാത്ത നേതാക്കൾ, തരം​ഗത്തിനപ്പുറമുള്ള യാഥാ‍ർത്ഥ്യങ്ങൾ

ജമാ അത്തെ ഇസ്ലാമിയോടുള്ള എതിർപ്പുകൾ ഏതൊക്കെ കോണിൽ നിന്നുണ്ടായാലും അവരെ കൈയൊഴിയേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കോൺഗ്രസ്. ജമാ അത്തെ ഇസ്ലാമി മാത്രമല്ല, വിവിധ മുസ്ലിം സംഘടനകൾ, വിവിധ ക്രൈസ്തവ സഭകൾ തുടങ്ങി എല്ലാവരെയും യുഡിഎഫിനൊപ്പം കൊണ്ടുവരണം എന്നതിൽ യുഡിഎഫ് ഇപ്പോൾ ഒറ്റ അഭിപ്രായത്തിലാണ് നിലനിൽക്കുന്നത്.

മറ്റൊരു തന്ത്രമാണ് വ്യക്തികളെ കേന്ദ്രീകരിക്കുക എന്നത്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന പാർട്ടികളെ മാത്രമല്ല, ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന വ്യക്തികളെ കൂടെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ആലോചിക്കുന്നത്. ഇടതുപക്ഷ പാർട്ടികളുടെ സജീവ പ്രവർത്തകരും ജനപ്രതിധികളും ആയിരുന്നവരും ഇപ്പോള്‍ വിവിധ കാരണങ്ങളാല്‍ ആ പാർട്ടികളുമായി മാനസികമായി അകലം പാലിച്ച് നില്‍ക്കുന്ന വ്യക്തികളെ കൂടെ നിർത്തുക എന്നത്. അവരുടെ സ്ഥാനാർത്ഥിത്വം ഉൾപ്പടെയുള്ള കാര്യങ്ങളും ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന ആലോചനയും ഉണ്ട്.

യുഡിഎഫിനോ മുന്നണിയിലെ കക്ഷികള്‍ക്കോ രാഷ്ട്രീയമായി മേധാവിത്വമില്ലാത്ത മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. അവിടെ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തോല്‍ക്കുന്ന സാഹചര്യം ഒഴിവാക്കും. ഇത്തരം മണ്ഡലങ്ങളെ ഹൈ റിസ്‌ക് ആയി കണ്ടുകൊണ്ടാണ് കാര്യങ്ങൾ ആലോചിക്കുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ നിർത്തി തോൽക്കുക എന്ന സ്ഥിരം ശൈലി ഒഴിവാക്കുന്നതിനാവും മുന്‍ഗണന. ഇത്തരം മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ അടയാളപെടുത്തി കഴിഞ്ഞു. കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ നടന്നാല്‍ ചില സിപിഎം മുന്‍ ജനപ്രതിനിധികള്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ യുഡിഎഫ് സ്വതന്ത്രരായി മല്‍സരിക്കുന്നതിനും കേരളം സാക്ഷിയാവും.

congress, udf, election 2026
ലോക്‌സഭയെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു, എല്‍ഡിഎഫിന് നേരിയ വര്‍ധന; ബിജെപിക്കും നഷ്ടം

മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായാവും മിഷന്‍ 2026 ലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുക. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനവും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് സ്വീകരിച്ച നിലപാടായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലും കൈക്കൊള്ളുക. അതുകൊണ്ട് തന്നെ, ഗ്രൂപ്പ് മാനേജര്‍മാരും നേതാക്കന്‍മാരും നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം ഓരോ മണ്ഡലത്തിലും വിജയ സാധ്യത ആര്‍ക്കാണെന്ന് നിശ്ചയിച്ചതിന് ശേഷമാവും സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിക്കുക.

ഇതിനായി ഇപ്പോൾ തന്നെ കോൺഗ്രസ് നടപടികൾ ആരംഭിച്ചു. അതിനായി സർവേ നടത്തുന്നുണ്ട്. നിലവില്‍ മൂന്ന് സര്‍വ്വേകളാണ് കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നതാണ് ആദ്യത്തെ സർവേ. രണ്ടാമത്തേത്, ഹൈക്കമാൻഡ് അനുമതിയോടെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുന്‍കൈ എടുത്ത് നടത്തുന്നതും. കോൺഗ്രസ് നേരിട്ട് ഇടപെടാതെ നടത്തിക്കുന്നതാണ് മൂന്നാമത്തെ സർവേ.

സര്‍വേ നടത്തുന്ന ഈ മൂന്ന് ഏജന്‍സികളോടും ഒറ്റ കാര്യമാണ് ആവശ്യപെട്ടിരിക്കുന്നത്- വിജയ സാധ്യതയുള്ള വ്യക്തികളെ കൃത്യതയോടെ പറയുക എന്നതാണ്. ഏത് മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകുമ്പോഴാണ് വിജയസാധ്യത കൂടുതൽ, അതിനുള്ള കാരണങ്ങൾ ആണ് നൽകേണ്ടത്. മൂന്ന് ഏജന്‍സികളും നടത്തുന്ന സര്‍വ്വേയില്‍ ഒരുപോലെ വിജയസാധ്യത ഉണ്ടെന്ന് വ്യക്തമാകുന്ന, അല്ലെങ്കിൽ ഭൂരിപക്ഷം സർവേയിൽ മൂന്നിൽ രണ്ടിൽ വരുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രമാവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. സര്‍വേയില്‍ മണ്ഡലങ്ങളിലെ വിജയ സാധത്യയും ഒരു പ്രധാന പരിഗണനയാവും.

congress, udf, election 2026
ലോക്‌സഭയെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു, എല്‍ഡിഎഫിന് നേരിയ വര്‍ധന; ബിജെപിക്കും നഷ്ടം

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടര്‍ച്ചതന്നെയാവും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണിയും കോണ്‍ഗ്രസും സ്വീകരിക്കുക. കോണ്‍ഗ്രസും ലീഗും കഴിഞ്ഞാല്‍ ആള്‍ബലമുള്ള കക്ഷികള്‍ ഇല്ലാത്തതിനാല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രണ്ട് പാര്‍ട്ടികളുമാവും നേതൃത്വം നല്‍കുക. ജാഥകളില്‍ തുടങ്ങി അണികളെ ചലിപ്പിച്ച് താഴെ തട്ടില്‍ നിന്ന് മുകളിലേക്ക് മുന്നണിയെയും കോണ്‍ഗ്രസിനെയും ശക്തിപെടുത്തുന്നതില്‍ മാത്രമേ വിജയ സാധ്യതയുള്ളൂവെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെയും നിലപാട്.

നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനായി തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും കോൺഗ്രസും യു ഡി എഫും നടത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി കൂടെയായിരിക്കും യു ഡി എഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ അവസാന മിനുക്കുപണി.സർക്കാരിനെതിരായ വികാരം ജനങ്ങളിൽ ഉറഞ്ഞുകൂടിയിട്ടുണ്ട് എന്നാണ് യു ഡി എഫിന്റെ അനുമാനം.

മുസ്ലിം,ക്രിസ്ത്യൻ വോട്ടുകൾ യു ഡിഎഫിന് അനുകൂലമായി മിക്കവാറും എല്ലാ ജില്ലകളിലും മാറിയിട്ടുണ്ട്. എന്നാൽ,ശബരിമല സ്വർണ്ണ മോഷണ വിവാദം തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യു ഡിഎഫ് വിചാരിച്ചതുപോലെ അനുകൂലമായിട്ടില്ലെന്നാണ് പൊതുവിലയിരുത്തൽ. തൃശൂരിലാണ് കോൺഗ്രസിന് ക്രിസ്ത്യൻ വോട്ടുകളുടെ കാര്യത്തിൽ കുറവുണ്ടായതായി കണക്കാക്കുന്നത്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുക.

Summary

The Congress and UDF are in the process of formulating plans to regain power in the upcoming assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com