LSGD Election Results
Kerala LSGD election results 2025 are a clear indication of changing political scenario. Samakalika malayaalm

തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാകാത്ത നേതാക്കൾ, തരം​ഗത്തിനപ്പുറമുള്ള യാഥാ‍ർത്ഥ്യങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ട സി പി എമ്മും ഇടതുമുന്നണിയും തരം​ഗത്തിലേറി തിരിച്ചുവന്ന കോൺ​ഗ്രസും ഐക്യജനാധിപത്യമുന്നണിയും ആദ്യമായി ഒരു കോർപ്പറേഷൻ ഭരണം പിടിച്ച് ബി ജെ പി. വിശ്വസിക്കാനാവാതെ നേതാക്കൾ ഇതാണ് തെരഞ്ഞെടുപ്പ് ഫലത്തെ ആദ്യ കാഴ്ച.
Published on

പത്ത് വർഷം നീണ്ട പിണറായി ഭരണത്തെ ജനം വിലയിരുത്തിയതെങ്ങിനെ?

തദ്ദേശ പോരാട്ടത്തിൽ സംസ്ഥാനത്ത് വലതു തരംഗം. ആറിൽ നാലു കോർപ്പറേഷനുകളും ഏഴ് ജില്ലാ പഞ്ചായത്തും പിടിച്ചെടുത്ത് പ്രതിപക്ഷം. കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിൻ്റെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന തിരിച്ചുവരവ് നടത്തി.

2010ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പ്രകടനം എന്ന് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. കഴിഞ്ഞതവണ 321 ഗ്രാമപഞ്ചായത്ത് നേടിയ യുഡിഎഫ് ഇത്തവണ അത് 504 ലേക്ക് ഉയർത്തി. 38 ബ്ലോക്ക് പഞ്ചായത്ത് എന്നത് 79 ആയി. മൂന്ന് ജില്ലാ പഞ്ചായത്തുകൾ എന്നത് ഏഴായി. മുൻസിപ്പാലിറ്റികൾ 41 ൽ നിന്ന് 54 ആയി.

മറുവശത്ത് ഇടതുപക്ഷം ആകട്ടെ ചരിത്രത്തിൽ ഇല്ലാത്ത വിധം പരാജയം ഏറ്റുവാങ്ങി. കൈവശമുണ്ടായിരുന്ന നാല് കോർപ്പറേഷനുകളും നാല് ജില്ലാ പഞ്ചായത്തുകളും മാത്രമല്ല എക്കാലത്തും ഇടതിനൊപ്പം ഇരുന്ന് നൂറിലേറെ ഗ്രാമപഞ്ചായത്തുകളും ഏതാണ്ട് പകുതിയിലേറെ ബ്ലോക്ക് പഞ്ചായത്തുകളും അത്രതന്നെ മുൻസിപ്പാലിറ്റികളും നഷ്ടപ്പെട്ടു.

LSGD Election Results
മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

ക്ഷേമ പെൻഷൻ, ശബരിമല, പിന്നെ രാഹുൽ മാങ്കൂട്ടത്തിലും

ശബരിമല ഒരു മുഖ്യ വിഷയമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തി കൊണ്ടുവന്ന കോൺഗ്രസിനും ബിജെപിക്കും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിർണായക ഘടകം ആകുമെന്ന് പരക്കെ വിലയിരുത്തപ്പെട്ട രാഹുൽ മങ്കൂട്ടത്തിൽ ഫാക്ടർ ഈ തെരഞ്ഞെടുപ്പ്പിൽ ഒട്ടും തന്നെ ജനത്തെ സ്വാധീനിച്ചില്ലെന്ന് വേണം മനസ്സിലാക്കാൻ. ലൈംഗിക പീഡന കേസുകളിൽ പെട്ട് കോൺഗ്രസിൽ നിന്നും പുറത്തായ രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ കേന്ദ്രീകരിച്ച് നടത്തിയ ഇടതുപക്ഷത്തിന്റെ പ്രചരണം ഫലവത്തായില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമൂഹിക ക്ഷേമ പെൻഷനുകളിലെ വമ്പിച്ച വർദ്ധന ഇടതിനുള്ള വോട്ടായി മാറുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെയും പൊതുവിൽ രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. എന്നാൽ അത് തിരിച്ചടിച്ചു എന്ന് മാത്രമല്ല ഇടതു പക്ഷത്തിന്റെ പല കോട്ടകളും കൈവിട്ടു പോവുകയും ചെയ്തു. അതുകൊണ്ടായിരിക്കണം 'ജനങ്ങൾ പണം വാങ്ങി പണി തന്നു' എന്ന് നിരാശ എംഎം മണിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ഗ്രാമ്യഭാഷയുടെ ഉസ്താദ് ആയ മുതിർന്ന സിപിഎം നേതാവ് എംഎം മണി പ്രതികരിച്ചത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തെയും പല നേതാക്കളുടെയും മനസ്സിലുള്ളത് ആയിരുന്നു എന്ന് വ്യക്തം.

LSGD Election Results
ബ്രിട്ടീഷുകാരുടെ മദ്രാസ് ലോക്കൽ ബോ‍ർഡ് മുതൽ ഇന്ത്യയുടെ സ്വന്തം പഞ്ചായത്തീരാജ് വരെ, ത്രിതല ഭരണ സംവിധാനത്തി​ന്റെ 100 വർഷത്തെ ചരിത്രം ഇങ്ങനെ

തിരിച്ചടിക്കുള്ള കാരണങ്ങൾ

എന്തൊക്കെയായിരിക്കണം ഇടതുപക്ഷത്തിന് നേരിട്ട ഈ കനത്ത തിരിച്ചടിയുടെ പിന്നിൽ? പത്തുവർഷം നീണ്ടുനിന്ന ഇടതുഭരണത്തോടുള്ള ഭരണവിരുദ്ധ വികാരത്തിന് ഒരു മുഖ്യ പങ്ക് ഉണ്ട് എന്നതിൽ സംശയം ഇല്ല. എന്നാൽ അതുമാത്രമാണോ ഈ വിധിയിലേക്ക് നയിച്ചത്? ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ ഇടതു സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന് ഒരു പ്രതീതി ജനങ്ങൾക്കിടയിൽ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. മാത്രമല്ല ചില സമുദായ നേതാക്കളെ കൂട്ടുപിടിച്ച പ്രതിപക്ഷത്തെ നേരിടാമെന്ന ഇടതു മോഹം തിരിച്ചടിച്ചു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടെ നിന്നതുകൊണ്ട് മാത്രം ആ സമുദായത്തിൽ ജനിച്ചവരുടെ പിന്തുണ ലഭിക്കില്ലെന്ന് ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പ് മനസ്സിലാക്കി കൊടുത്തിട്ടുണ്ടാകും.

മറ്റൊന്ന്അ ധികാരത്തിലിരിക്കുന്നവരുടെ ജനങ്ങളോടും പ്രതിപക്ഷത്തോടും ഉള്ള വിപ്രതിപത്തി. സാമാന്യജനത്തെ അവമതിപ്പോടെ കാണുന്ന സമീപനം തിരിച്ചടിക്കുള്ള കാരണങ്ങളിലൊന്നാണ്. സർക്കാർവിരുദ്ധ സമരങ്ങളോടും ആശാ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളോടും ഇടതുപക്ഷത്തിനുള്ള നിഷേധ സമീപനം മുൻപ് തന്നെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. അവസരം കിട്ടിയ പൊതുജനം അത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ ഉപയോഗിച്ചു എന്നും വിലയിരുത്താം.

പരമ്പരാഗതമായി വലതുപക്ഷത്തിന് ഒപ്പം നിന്ന ന്യൂനപക്ഷ വിഭാഗങ്ങളെ അടർത്തിമാറ്റാൻ കഴിഞ്ഞ കുറെ നാളായി സിപിഎം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുന്നേ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിലും അത് കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. എന്നാൽ വലതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ സ്വന്തം ഭൂമിക തിരിച്ചു പിടിച്ചു എന്നുവേണം കരുതാൻ. അതേസമയം മറുവശത്ത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് ഒപ്പം നിന്ന ഭൂരിപക്ഷ സമുദായം പല കാരണങ്ങളാൽ - ശബരിമല ഉൾപ്പെടെ - ഒട്ടൊന്ന് മാറി ചിന്തിക്കുകയും ചെയ്തു. ഭൂരിപക്ഷ വോട്ടുകൾ ഇടത്, വലത്, ബിജെപി മുന്നണികൾക്കായി വിഭജിക്കപ്പെടുകയും ന്യൂനപക്ഷം വലതിന് ഒപ്പം നിൽക്കുകയും ചെയ്തതാകണം ഒരുപക്ഷേ, യുഡിഎഫിന് ഇത്ര മികച്ച തിരിച്ചുവരവ് സമ്മാനിച്ചത്.

LSGD Election Results
ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമോഫോബിയ രാഷ്ട്രീയം എവിടെച്ചെന്നു നിൽക്കും?

കോൺഗ്രസ് തിരിച്ചുവരവ് ശാശ്വതമോ?

2010 നു ശേഷം കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ മികച്ച തിരിച്ചുവരവാണ് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ടത്. എന്തൊക്കെയാണ് കോൺഗ്രസി​ന്റെ വിജയ കുതിപ്പിന് പിന്നിൽ? പാർട്ടിക്കും മുന്നണിക്കും അകത്തെ കടുത്ത ആശയക്കുഴപ്പം, മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള കടിപിടികൾ, കടുത്ത വിഭാഗീയത, മുന്നണിക്ക് നേതാവില്ലാത്ത അവസ്ഥ,ലൈംഗിക പീഡനാരോപണ കേസിൽ പെട്ട് പാർട്ടിയിൽ നിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയ തലവേദനകളും വെല്ലുവിളികളും - ഒരുപക്ഷേ കോൺഗ്രസ് അതി​ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലവും പരിതാപകരവുമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് പഞ്ചായത്ത് ഇലക്ഷനിൽ ഇത്ര മികച്ച തിരിച്ചുവരവ് നടത്തുന്നത്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നേതാക്കൾക്ക് പലർക്കും ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. വൻ വിജയത്തിൻറെ തിളക്കം കോൺഗ്രസ് - യുഡിഎഫ് നേതാക്കളിലേക്ക് എത്തുന്നതേയുള്ളൂ. അവിശ്വാസത്തി​ന്റെ കാര്യത്തിൽ ഒട്ടും വ്യത്യസ്തമായിരുന്നില്ല സിപി എം, ബി ജെ പി നേതാക്കളുടെയും കാര്യം. സിപിഎം നേതാക്കൾ അടിവേരിലുണ്ടായ പരാജയം പൂർണ്ണമായും വിശ്വസിക്കാനായിട്ടില്ല. തിരുവനന്തപുരത്തെ ജയം പോലെ തന്നെ കൈവശമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ ന​ഗരസഭയും പഞ്ചായത്തും നഷ്ടമായതും കാര്യമായ നേട്ടം സംസ്ഥാനതലത്തിൽ കൈവരിക്കാനാകാത്തതും ബി ജെ പി നേതാക്കളിലും അവിശ്വസനീയതയുടെ ഭാവം തന്നെയാണ് നൽകിയത്.

LSGD Election Results
എസ് ആ‍ർ പി മുതൽ ബി ഡി ജെ എസ് വരെ: എസ് എൻ ഡിപിയുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ

ഇടതുപക്ഷത്തിന് എതിരെയുള്ള വികാരമാണ് കോൺഗ്രസ് അനുകൂലമായി ഭവിച്ചതെന്ന് നിസംശയം പറയാം. എന്നാൽ, അതുമാത്രമല്ല യുഡിഎഫ് വിജയത്തിന് പിന്നിൽ. പാർട്ടിക്കും മുന്നണിക്കും അകത്തെ ആശയക്കുഴപ്പങ്ങളും ചക്കളത്തി പോരാട്ടവും ഒരുവശത്ത് നടക്കുമ്പോൾ തന്നെ വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്താനും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി സമീപിക്കുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കാനും തീർച്ചയായും പ്രതിപക്ഷത്തിന് സാധിച്ചു.

തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷം അതി​ന്റെ എക്കാലത്തെയും മോശം പ്രകടനം നടത്തിയ 2020ലെ 10 സീറ്റിൽ നിന്ന് ഇപ്പോൾ 19ലേക്ക് ഉയർത്താനായത് ചിട്ടയായ പ്രവർത്തനത്തിന്റെ പിൻബലത്തിലാണ്. ഒപ്പം സംസ്ഥാന തലത്തിൽ തന്നെ പലയിടത്തും മുൻ എംഎൽഎമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കളത്തിൽ ഇറക്കി കളിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനവും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് എംഎൽഎമാരായ കെ എസ് ശബരിനാഥനും അനിൽ അക്കരയും മികച്ച വിജയം നേടി. എന്നാൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച പാലക്കാട്ടിലെ എ വി ഗോപിനാഥും ഇടുക്കിയിലെ ഇ എം അഗസ്തിയും പരാജയം രുചിച്ചു.

പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ വരുമ്പോൾ

സംസ്ഥാനം ആകെ ചർച്ച ചെയ്യുന്ന ശബരിമലയും സാമ്പത്തിക പ്രതിസന്ധിയും രാഹുൽ മാങ്കൂട്ടത്തിലും മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത്. ഏതൊരു തദ്ദേശ തെരഞ്ഞെടുപ്പിലും എന്നതുപോലെ പ്രാദേശിക വിഷയങ്ങൾ, പ്രത്യേകിച്ചും തെരുവുനായ ശല്യം, മാലിന്യനിർമാർജനത്തിലെ പരാജയം, ആരോഗ്യ രംഗത്തെ തുടർച്ചയായ പ്രശ്നങ്ങൾ ഇവയൊക്കെ വലതുപക്ഷത്തിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

LSGD Election Results
ഇന്‍ഡിഗോയും കോണ്‍ഗ്രസും ഒരേ വഴിയിലോ?

അനന്തപുരിയിൽ വിടർന്ന താമര

വലതുപക്ഷത്തിന്റെ ഏറ്റവും മികച്ച തിരിച്ചുവരവ് എന്നതിനപ്പുറം 2025ലെ പഞ്ചായത്ത് ഇലക്ഷൻ ഒരുപക്ഷേ ചരിത്രത്തിൽ ഇടം പിടിക്കുക ബിജെപിയുടെ കോർപ്പറേഷൻ വിജയത്തിലൂടെ ആയിരിക്കും. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനത്തിലൂടെ ബിജെപിയുടെ സംസ്ഥാന പ്രസിഡ​ന്റ് രാജീവ് ചന്ദ്രശേഖർ പടുത്തുയർത്തിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തിരുവനന്തപുരം കോ‍ർപ്പറേഷനെ സംബന്ധിച്ച് ഒട്ടും പാളിയില്ലെന്ന് കാണാം. എന്നാൽ, ബി ജെ പി പ്രതീക്ഷിച്ച തൃശൂരിൽ സുരേഷ് ​ഗോപി ലോകസഭയിൽ നേടിയ വിജയം തുടരാൻ അവർക്ക് സാധിച്ചതുമില്ല.

രാഷ്ട്രീയ പാരമ്പര്യം ഇല്ലാതെ പൊതുരംഗത്തേക്ക് വന്ന സ്വന്തം പാത പിന്തുടർന്ന മറ്റു പല രംഗങ്ങളിലും പ്രഗത്ഭരെ പാർട്ടിയിലേക്ക് ആകർഷിക്കാനും അവരെ സ്ഥാനാർത്ഥിയാക്കി ജനപിന്തുണ നേടാനുമുള്ള രാജീവിന്റെ തീരുമാനം തിരുവനന്തപുരത്ത് ഫലം കണ്ടു.

തിരുവനന്തപുരം കോർപ്പറേഷൻ കഴിഞ്ഞതവണത്തെ 34 സീറ്റിൽ നിന്ന് ഇത്തവണ 50 സീറ്റ് എന്ന മികച്ച നേട്ടത്തിൽ എത്തിയ ബിജെപി ആദ്യമായി സംസ്ഥാനത്തെ ഒരു സിറ്റി കോർപ്പറേഷൻ ഭരിക്കും. മുൻ ഡിജിപി കൂടിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ കൗൺസിലിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്ന പാർട്ടി മുൻ ജില്ലാ പ്രസിഡ​ന്റ് കൂടിയായ വി വി രാജേഷും മികച്ച വിജയം നേടി നഗരസഭയിൽ എത്തിയിട്ടുണ്ട്. ഇവരിൽ ഒരാളാകും തിരുവനന്തപുരത്തിൻ്റെ പുതിയ മേയർ എന്നു കരുതാം.

LSGD Election Results
സ്ഥാനാർത്ഥിയോട് ഒരു 'പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ്' രഹസ്യമായി പറയുന്ന 11 കാര്യങ്ങൾ

മേയർ സ്ഥാനത്തേക്ക് സ്ത്രീസംവരണമല്ലെങ്കിൽ കൂടി ശ്രീലേഖയെ മേയറായി ഉയർത്തിക്കാട്ടുന്നതിലൂടെ ദേശീയതലത്തിൽ തന്നെ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്യാനും ആകുമെന്ന് ബിജെപിക്ക് അറിയാം.

തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്തു എന്നത് മാറ്റിനിർത്തിയാൽ സംസ്ഥാനതലത്തിൽ ബിജെപിയുടെ പ്രകടനം കഴിഞ്ഞ തവണയിൽ നിന്ന് ഒരുപാട് മുന്നോട്ടു പോയിട്ടില്ല. 2020ൽ പാലക്കാ,ട് പന്തളം എന്നിങ്ങനെ രണ്ട് മുനിസിപ്പാലിറ്റികളാണ് ബിജെപിക്ക് കിട്ടിയതെങ്കിൽ ഇത്തവണ പന്തളം കൈവിട്ടു പോവുകയും പകരം തൃപ്പൂണിത്തുറ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിൽ ഒരു വാർഡിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 54 ബ്ലോക്ക് ഡിവിഷൻ നേടി ബ്ലോക്ക് തലത്തിലും 26 പഞ്ചായത്ത് നേടി ഗ്രാമപഞ്ചായത്ത് തലത്തിലും കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടം കൊയ്യൻ ബിജെപി മുന്നണിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബിജെപിക്ക് എട്ട് പഞ്ചായത്തായിരുന്നു ഉണ്ടായിരുന്നത്.

2016 ലാണ് ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കുന്നത് നേമം മണ്ഡലത്തിൽ നിന്ന് മുതിർന്ന നേതാവ് രാജഗോപാൽ നിയമസഭയിൽ എത്തി. കേരളത്തി​ന്റെ പരമ്പരാഗത എൽഡിഎഫ് - യുഡിഎഫ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയായിരുന്നു. അത് എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂട്ടിക്കാൻ അക്കൗണ്ട് എൽഡിഎഫിനു കഴിഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സിപിഎമ്മിന് വേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.. തുടർന്ന് 2021ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും സാന്നിധ്യം അറിയിച്ചു. തൃശൂർ മണ്ഡലത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെയും അന്നത്തെ മന്ത്രി വിഎസ് സുനിൽകുമാറിന്റെയും പരാജയപ്പെടുത്തിയാണ് ബിജെപി നേതാവായ നടൻ സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്.

LSGD Election Results
'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി സംസ്ഥാന രാഷ്ട്രീയ എങ്ങോട്ടേയ്ക്ക് എന്നതിന്റെ ഒരു ചൂണ്ടുപലക കൂടിയാണ്. 'മൂന്നുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന ഒരു പ്രധാന ശക്തിയായി മാറുമെന്ന് ബിജെപി തെളിയിച്ചു കഴിഞ്ഞു. ഒപ്പം പത്തുവർഷം നീണ്ട പിണറായി സർക്കാരിൻറെ വിലയിരുത്തലിന് ജനങ്ങളും തയ്യാറെടുത്തു കഴിഞ്ഞു. ഭരണവിരുദ്ധ വികാരം മിഥ്യയല്ലെന്നും അത് വരും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വ്യക്തമാക്കുന്നതാണ് ഈ വിധി.

ഈ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം വലതുപക്ഷത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റ് ലക്ഷ്യം വച്ചുള്ള കുതിപ്പിനായിരിക്കും കോൺഗ്രസ് ഇനി ശ്രമിക്കുക. ഈ തെരഞ്ഞെടുപ്പിലേറ്റ താൽക്കാലിക തിരിച്ചടിയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുവരാൻ ഇടതുപക്ഷവും ശ്രമിക്കും. നിയമസഭയിലെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം തിരുവനന്തപുരം നഗരസഭ വിജയം അതിനുള്ള ചവിട്ടുപടിയാക്കാനാകും ബിജെപിയുടെ പദ്ധതി.

Summary

Kerala LSGD Election results 2005 are a clear indication of changing political scenario. Congress led UDF makes a major comeback, LDF suffers huge defeat, BJP scripts historic win in Thiruvananthapuram Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com