The history of local government in Kerala and Indi
The history of local self government in Kerala and India, spanning over a hundred yearssamakalika malayalam

ബ്രിട്ടീഷുകാരുടെ മദ്രാസ് ലോക്കൽ ബോ‍ർഡ് മുതൽ ഇന്ത്യയുടെ സ്വന്തം പഞ്ചായത്തീരാജ് വരെ, ത്രിതല ഭരണ സംവിധാനത്തി​ന്റെ 100 വർഷത്തെ ചരിത്രം ഇങ്ങനെ

ഇന്ത്യയിലെയും കേരളത്തിലെയും തദ്ദേശഭരണ സംവിധാനങ്ങൾ നൂറിലേറെ വർഷത്തെ പഴക്കമുണ്ട്. ആ ചരിത്രം അറിയാം.
Published on

കേരളത്തിലെ തദ്ദേശ ഭരണ സംവിധാനവുമായി ബന്ധപ്പെട്ടുള്ള ചരിത്രത്തിന് നൂറ് വർഷത്തിലേറെ പഴക്കമുള്ള കഥകൾ പറയാനുണ്ട്.കേരള രൂപീകരണത്തിന് വളരെ മുമ്പ് തന്നെ പ്രാദേശിക തലത്തിൽ, പരിമിതമായ അവകാശങ്ങളും അധികാരങ്ങളുമുള്ള ചില ഭരണ സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു.

ഇന്ത്യ സ്വതന്ത്രമാകുന്നതിനും ഐക്യ കേരളം രൂപീകരിക്കുന്നതിനും മുമ്പ്, ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ പഞ്ചായത്ത് തല ഭരണ സംവിധാനത്തിലെ ചില രൂപങ്ങൾ നിലവിൽ വന്നിരുന്നു. അക്കാലത്ത് നടപ്പാക്കിയ നടപടികളുടെ ഭാ​ഗമായി ഇന്ത്യയിലെ തദ്ദേശ ഭരണസംവിധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരിയായിരുന്ന റിപ്പൺ പ്രഭു ആണ്.

1880 -1884 കാലയളവിൽ ബ്രിട്ടീഷ് വൈസ്രോയിയായി ഇവിടെയുണ്ടായിരുന്നത് റിപ്പണായിരുന്നു. 1882 ൽ റിപ്പൺ തദ്ദേശ ഭരണം സംബന്ധിച്ച നിയമത്തിന് വേണ്ടി പ്രമേയം കൊണ്ടുവന്നു. റിപ്പൺ പ്രമേയം എന്നും റസലൂഷൻ ഓൺ ലോക്കൽ സെൽഫ് ഗവൺമെന്റ് എന്നും പറയപ്പെടുന്ന ഇതിലൂടെയാണ് ഇന്ത്യയിലെ ആധുനിക തദ്ദേശ ഭരണത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1884 ൽ ഇതിനെ അടിസ്ഥാനമാക്കി മദ്രാസ് ലോക്കൽ ബോ‍ർഡ് ആക്ട് നിലവിൽ വന്നു.

The history of local government in Kerala and Indi
സ്ഥാനാർത്ഥിയോട് ഒരു 'പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ്' രഹസ്യമായി പറയുന്ന 11 കാര്യങ്ങൾ

ഇത് ജില്ലാ ബോർഡുകൾ, താലൂക്ക് ബോർഡുകൾ, യൂണിയൻ ഓഫ് വില്ലേജസ് (പഞ്ചായത്ത്) എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള തദ്ദേശ ബോർഡുകളുടെ സംവിധാനത്തിന് തുടക്കമിട്ടു. ഇതിന് ശേഷം 1907 ൽ റോയൽ കമ്മീഷൻ ഓൺ ഡീസെൻട്രലൈസേഷൻ നിലവിൽ വന്നു. 1907 -1909 ആയിരുന്നു ഇതിന്റെ കാലം.

സർ ഹെൻട്രി വില്യം പ്രിംറോസ് അധ്യക്ഷനായ ആറ് അംഗ സംഘമായിരുന്നു റോയൽ കമ്മീഷൻ ഓൺ ഡീസെൻട്രലൈസേഷൻ. ഇതിൽ ഇന്ത്യാ ഗവൺമെന്റും പ്രവിശ്യാ ഗവൺമെന്റുകളും തമ്മിലുള്ള ബന്ധവും പ്രവിശ്യാ ഗവൺമെന്റുകളും അവയുടെ കീഴിലുള്ള അധികാരികളും തമ്മിലുള്ള ബന്ധവും പഠിച്ചാണ് റിപ്പോ‍ർട്ട് സമർപ്പിച്ചത്. കമ്മീഷൻ അധികാരം വികേന്ദ്രീകരിക്കുന്നതിനായി പഞ്ചായത്ത്, സബ് ഡിസ്ട്രിക്ട്, മുനിസിപ്പൽ ഭരണ സംവിധാനങ്ങളെ കുറിച്ച് ശുപാർശ ചെയ്തുവെങ്കിലും ബ്രിട്ടീഷ് അധികാരികൾക്ക് തങ്ങളുടെ നിയന്ത്രണം വിട്ടുകൊടുക്കാൻ മടിയായിരുന്നു.

ആ‍ർ സി ഡി എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ കമ്മീഷൻ റിപ്പോ‍ർട്ടിന്റെ ചുവട് പിടിച്ച് 1920-ൽ മദ്രാസ് സംസ്ഥാനത്തിൽ സർക്കാർ രണ്ട് നിയമനിർമ്മാണങ്ങൾ നടപ്പിലാക്കി, 1) മദ്രാസ് ലോക്കൽ ബോർഡ്സ് ആക്ട് (1884-ലെ നിയമത്തിന് പകരമായി), 2) ഗ്രാമ പഞ്ചായത്ത് ആക്ട്. ഇത് നടപ്പിൽ വന്നതോടെ ഗ്രാമതലത്തിൽ (വില്ലേജ്) പഞ്ചായത്തുകൾ രൂപീകരിച്ചു. ഇതിനെ ഇത് യൂണിയൻ ഓഫ് വില്ലേജസിന് താഴെയായിരുന്നു.

Ripon
വൈസ്രോയിയായിരുന്ന റിപൺLondon Stereoscopic Photographic Company,Wiki

1927-ൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ പരിമിതമായ അധികാരങ്ങളുള്ള മലബാ‍ർ ഡിസ്ട്രിക്ട് ബോർഡ് എന്ന ഭരണ സംവിധാനവും പഞ്ചായത്ത് ബോർഡ് എന്ന ഭരണസംവിധാനം ആരംഭിച്ചിരുന്നു. 1930-ലെ നിയമ ഭേദഗതിയിലൂടെ മദ്രാസ് ഗ്രാമ പഞ്ചായത്ത് ആക്ട് റദ്ദാക്കുകയും ഗ്രാമ പഞ്ചായത്തുകൾ മദ്രാസ് ലോക്കൽ ബോർഡ്സ് ആക്ടിന്റെ പരിധിയിൽ വരികയും ചെയ്തു. ഇതിലെല്ലാം തദ്ദേശ ഭരണത്തിന് പ്രാധാന്യം നൽകിയിരുന്നെങ്കിലും, പുതിയ നിയമപ്രകാരം, ലോക്കൽ ബോർഡുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും ഇൻസ്പെക്ടർ ഓഫീസ് രൂപീകരിച്ചു. ഓരോ ജില്ലയ്ക്കും ഒരു ജില്ലാ പഞ്ചായത്ത് ഓഫീസറെ നിയമിച്ചു.

മുനിസിപ്പാലിറ്റികളുടെയും തദ്ദേശ ബോർഡുകളുടെയും ഇൻസ്പെക്ടർ മുഖേന തദ്ദേശ സ്ഥാപനങ്ങളുടെ മേൽ സർക്കാർ സമ്പൂർണ്ണ നിയന്ത്രണം തുടർന്നു. 1934-ൽ താലൂക്ക് ബോർഡുകൾ നിർത്തലാക്കപ്പെട്ടു, അതേസമയം ജില്ലാ ബോർഡുകളും പഞ്ചായത്തുകളും ഇന്ത്യ സ്വതന്ത്രമാകുന്നത് വരെ നിലനിന്നു. മലബാറിൽ ഐക്യകേരള രൂപീകരണത്തോടെയാണ് ഈ സംവിധാനങ്ങൾ മാറിയത്. എന്നാൽ, ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പാക്കിയ തദ്ദേശ ഭരണ സംവിധാനം ഇന്നത്തെ പോലെ ജനാധിപത്യപരമായി വികേന്ദ്രീകരിക്കപ്പെട്ടതായിരുന്നില്ല. ഭരണസംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പുകളും ഇന്നത്തേത് പോലെയായിരുന്നില്ല.

The history of local government in Kerala and Indi
ചരിത്രമെഴുത്തിൽ കാണാതെ പോയ ജീവിതങ്ങൾ

ഐക്യകരള സംസ്ഥാനത്തിന് വേണ്ടിയുള്ള മുറവിളിയെയും പ്രക്ഷോഭത്തെയും തുടർന്നാണ് തിരുവിതാകൂർ മഹാരാജാവിനെ രാജപ്രമുഖനാക്കി 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംസംസ്ഥാനം രൂപം കൊണ്ടത്. പറവൂർ ടികെ നാരായണപിള്ള മുഖ്യമന്ത്രിയായി ഏഴംഗ മന്ത്രിസഭ തിരു-കൊച്ചിയിൽ അധികാരമേറ്റു. ഈ കാലയളവിലാണ് ഗ്രാമപ്രദേശങ്ങളിൽ സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾ അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പതാം ആർട്ടിക്കിൾ പ്രകാരം 1950-ൽ തിരു-കൊച്ചി സംസ്ഥാനത്ത് തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് ആക്ടും മലബാർ പ്രദേശത്ത് മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടും നിലവിൽ വന്നത്.

എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പറവൂ‍ർ ടി കെ മാറ്റപ്പെട്ടു. തുടർന്ന് സി കേശവനും അതിന് ശേഷം എജെ ജോണും തിരു-കൊച്ചി മുഖ്യമന്ത്രിമാരായി. എ ജെ ജോണിന്റെ കാലത്ത് 1953 ലാണ് തിരു- കൊച്ചിയിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനം ഉള്ളതിനാൽ അവർ സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടായിരുന്നു അവർ മത്സരിച്ചത്.

അക്കാലത്ത് തിരു-കൊച്ചി പ്രദേശത്തെ മുഴുവൻ ഗ്രാമപ്രദേശങ്ങളും 458 ഗ്രാമപഞ്ചായത്തുകളിലായി 1950 ലെ ആക്ടിന്റെ പരിധിയിൽ വന്നു. എന്നാൽ മലബാർ പ്രദേശത്ത് ഏകീകൃത സ്വഭാവമുള്ള ഒരു ഭരണസംവിധാനമായിരുന്നില്ല. മലബാറിൽ ആകെ 150 പഞ്ചായത്തുകൾ മാത്രമാണ് മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ബാക്കി പ്രദേശങ്ങൾ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഭരണച്ചുമതലയിലായിരുന്നു.

Balwantrai Mehta
ബൽവന്ത് റായ് മേത്തwikipedia

സ്വതന്ത്ര ഇന്ത്യയിലെ പഞ്ചായത്ത് രാജ് നിയമങ്ങളുടെ ചരിത്രം

ഇന്ത്യയിൽ 1954 ലാണ് പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത്. എന്നാൽ അതൊരു വ്യവസ്ഥാപിതമായ ചട്ടക്കൂടിലേക്ക് മാറുന്നതിന് വീണ്ടും നിരവധി വർഷങ്ങൾ വേണ്ടി വന്നു. 1958 ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച് ബൽവന്ത്റായ് മേത്ത കമ്മിറ്റി റിപ്പോർട്ടിൽ സാമൂഹിക വികസനത്തിന് ജനാധിപത്യവികേന്ദ്രീകരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ശുപാർശകൾ ഉണ്ടായിരുന്നു. ഇവയ്ക്ക് ദേശീയ വികസന സമിതി അംഗീകാരം നൽകി. ഇതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പഞ്ചായത്ത് നിയമങ്ങളും തെരഞ്ഞെടുപ്പ് രീതികളും നിലവിൽ വന്നത്. ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയുടെ പഞ്ചായത്തീ രാജിന്റെ ശിൽപ്പി എന്ന നിലയിലാണ് അറിയപ്പെടുന്നത്.

എന്നാൽ, കേരളത്തിൽ 1953 ന് ശേഷം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പത്ത് വ‍ർഷം കാത്തിരിക്കേണ്ടി വന്നു. കേരളം രൂപീകരിച്ച് ഏഴ് വർഷം കഴിഞ്ഞ് 1963 ലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ ആദ്യത്തെ സർക്കാർ മുതൽ അധികാരവികേന്ദ്രീകരണം സംബന്ധിച്ച് ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തമായൊരു കാഴ്ച്ചപ്പാട് മുന്നോട്ട് വച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് അദ്ധ്യക്ഷനായ 1957 ഭരണപരിഷ്ക്കരണ സമതിയുടെ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് 1958 ഡിസംബറിൽ പഞ്ചായത്ത് രാജ് ബില്ലും 1959ൽ ജില്ലാ കൗൺസിൽ ബില്ലും നിയമസഭയിൽ അവതരിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനു ജില്ലാ സർക്കാരുകൾ രൂപീകരിക്കണമെന്ന ആശയമായിരുന്നു ആ ബില്ലിന്റെ ഉള്ളടക്കം. എന്നാൽ, വിമോചന സമരവും അതേതുടർന്ന് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയും കാരണം തുടർ നടപടികൾ ഉണ്ടായില്ല.

വിമോചന സമരത്തിന് ശേഷം അധികാരത്തിലെത്തിയ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മുന്നണി മന്ത്രിസഭനിയമസഭയിൽ അവതരിപ്പിച്ച പഞ്ചായത്ത് നിയമവും മുനിസിപ്പാലിറ്റീസ് നിയമവും 1960-ൽ രൂപപ്പെട്ടു. നിയമം നിലവിൽ വരാൻ പിന്നെയും രണ്ട് വർഷമെടുത്തു. 1962 ജനുവരി ഒന്നിനാണ് ഈ നിയമം നിലവിൽ വന്നത്. പിന്നീട് ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും പഞ്ചായത്തുകൾ രൂപീകരിച്ചു. ജനസംഖ്യപ്രകാരം 922 പഞ്ചായത്തുകളാണ് അന്ന് രൂപീകരിച്ചത്.

നിയമം നിലവിൽ വന്ന ശേഷം വീണ്ടും രണ്ട് വർഷം കഴിഞ്ഞാണ് പഞ്ചായത്തുകളിൽ ഭരണ സമിതികൾ നിലവിൽ വന്നത്. 1963 ലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതും തുടർന്ന് 1964 ജനുവരി ഒന്നിന് ഈ പഞ്ചായത്തുകളിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ അധികാരത്തിലെത്തിയത്.

1967 - 69 ൽ പഞ്ചായത്തീ രാജ് ബില്ല് വീണ്ടും നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി അത് പാസാക്കുന്നതിനുമുമ്പ് സപ്തകക്ഷിമുന്നണി സർക്കാർ വീണു. ജില്ലാ കൗൺസിൽ നിയമം 1979ൽ പാസാക്കിയെങ്കിലും അതിനനുസരിച്ചു ചട്ടങ്ങൾക്ക് രൂപം നൽകാനായില്ല. 1980ൽ അധികാരത്തിലെത്തിയ നായനാർ ഗവൺമെന്റ് ജില്ലാ കൗൺസിൽ നിയമപ്രകാരമുള്ള ചട്ടങ്ങൾക്ക് രൂപം നൽകി. എന്നാൽ, ആ സർക്കാരിനും അധികം ആയുസ്സുണ്ടായില്ല. അതും വീണു. പിന്നീട് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കാൻ. അതിൽ തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും പുതിയ നിയമഭേദഗതിയോടെ അതും അപ്രസക്തമായി.

The history of local government in Kerala and Indi
പഞ്ചായത്തീ രാജിനും മുമ്പേ നടന്ന ജില്ലാ കൗൺസിലി​ന്റെ കഥ

മുൻപേ നടന്ന കർണ്ണാടകം

അടിയന്തരവാസ്ഥയ്ക്ക് ശേഷം മൊറാർജി ദേശായി അധികാരത്തിലെത്തിയപ്പോൾ നിയോഗിച്ച അശോക് മേത്ത കമ്മീഷൻ, 1984 ആസൂത്രണ കമ്മീഷൻ നിയോഗിച്ച ഹനുമന്തറാവു കമ്മിറ്റി. 1985 ലെ ജിവികെ റാവു കമ്മിറ്റി തുടങ്ങിയവ പഞ്ചായത്തുകളുടെ പ്രവ‍‍ർത്തനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ആവശ്യമാണെന്നുള്ള ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.

കർണാടകയിൽ രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായി 1983-ൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോഴാണ് അവർ വികേന്ദ്രീകരണ നടപടികൾ ആരംഭിച്ചത്. അക്കാലത്ത് ഗ്രാമവികസന,പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന അബ്ദുൾ നാസർ സാബ് ആണ് ഇതിന് രൂപം നൽകിയത്. അശോക് മേത്ത കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ നിയമം രൂപീകരിച്ചത്.

കർണാടക ജില്ലാ പരിഷത്തുകൾ, താലൂക്ക് പഞ്ചായത്ത് സമിതികൾ, മണ്ഡൽ പഞ്ചായത്തുകൾ, ന്യായ പഞ്ചായത്ത് ആക്ട് എന്നിവ 1983 ൽ അവതരിപ്പിച്ചു. 1983 ൽ നിയമസഭയുടെ അംഗീകാരം ലഭിച്ച ബില്ലിന് 1985 ൽ രാഷ്ട്രപതി അംഗീകാരം നൽകി. ഇന്ത്യയിൽ പഞ്ചായത്തീ രാജ് നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കർണ്ണാടകം. ജില്ലാ കലക്ടർമാരെ തെരഞ്ഞെടുക്കപ്പെട്ട ജില്ലപരിഷത്തിലെ സെക്രട്ടറിയായി നിയോഗിക്കുന്നത് ആദ്യമായി ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ് മറ്റ് പല സംസ്ഥാനങ്ങളും തങ്ങളുടെ അന്തിമ നിയമം രൂപീകരിച്ചത്.

Abdul Nazir Sab
അബ്ദുൾ നാസിർ സാബ്Karnataka Legislative Council

ഇതിന് ശേഷമാണ് ദേശീയ തലത്തിൽ വികേന്ദ്രീകരണം വീണ്ടും വിഷയമാകുന്നത്. 1984 ൽ ലോകസഭയിൽ ഭൂരിപക്ഷത്തോടെ രാജീവ് ​ഗാന്ധി നേതൃത്വം നൽകുന്ന കോൺ​ഗ്രസ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും പലസംസ്ഥാനങ്ങളും കോൺ​ഗ്രസിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് 1989 ൽ രാജീവ് ഗാന്ധി സർക്കാർ 63, 64 ഭരണഘടനാഭേദഗതികളായി വികേന്ദ്രീകരണത്തിനായി ബിൽ അവതരിപ്പിച്ചു.

എന്നാൽ, ഇതിലെ നി‍ർദ്ദേശങ്ങൾ സംസ്ഥാനങ്ങളെ മറികടന്ന് കേന്ദ്ര സർക്കാർ നേരിട്ട് തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇടപെടാൻ സൗകര്യമൊരുക്കുന്ന നിലയിലായിരുന്നു. അതിനാൽ തന്നെ കേന്ദ്രീകൃത സ്വാഭവമുണ്ടെന്നും ഫെഡറൽ സംവിധാനത്തിന് അനുപൂരകമല്ലെന്നും ആരോപണം ഉയ‍ർന്നു. രാജ്യസഭയിൽ ഈ ബിൽ പാസ്സാക്കാൻ കേന്ദ്രസ‍ർക്കാരിന് സാധിച്ചില്ല.

പിന്നീട് പിവി നരസിംഹറാവു സർക്കാർ അധികാരത്തിലെത്തിയപ്പോൾ 1992 ൽ 73,74 ഭരണഘടനാ ഭേദഗതികളായി , പഞ്ചായത്തീ രാജ്, ന​ഗരപാലിക ബിൽ കൊണ്ടു വന്നു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബിൽ 1993 ഏപ്രിൽ 20 ന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ പഞ്ചായത്തുകൾക്ക് ഭരണഘടനാ പിൻബലം ലഭിച്ചു. ഇതുവഴി അഞ്ച് വർഷം കൂടുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നത് നിർബന്ധമാക്കി. അങ്ങനെയുള്ള ഭരണ സംവിധാനം കേരളത്തിൽ ആദ്യമായി അധികാരത്തിൽ വരുന്നത് 1995 ഒക്ടോബ‍ർ രണ്ടിനായിരുന്നു.

PV Narasimha Rao
പിവി നരസിംഹ റാവുTNIE FIle

കേരളത്തിലെ പഞ്ചായത്ത് രാജ് നിയമം: പ്രധാന സവിശേഷതകളും തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണവും

1993 ൽ ബില്ലിന് അംഗീകാരം കിട്ടിയെങ്കിലും കേരളത്തിൽ പഞ്ചായത്ത് രാജ് നിയമം രൂപീകരിച്ചില്ല. ഇതേ തുടർന്ന് 1994 ലാണ് ഡോ. കെ.എൻ. രാജ്, ഐ.എസ്. ഗുലാത്തി, എം.എ. ഉമ്മൻ തുടങ്ങി സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഭൂരിപക്ഷം അധ്യാപകരും ഗോപിനാഥൻ സാറിനെപ്പോലുള്ള ഗാന്ധിയന്മാരും ഒക്കെ ചേർന്ന് ഒരു പ്രതിഷേധധർണ്ണ നടത്തിയത്. 73, 74 ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി കേരളത്തിലെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ കാലതാമസമില്ലാതെ പാസ്സാക്കണം എന്നതായിരുന്നു അവരുടെ പ്രധാന ഡിമാൻഡ

കേരള പഞ്ചായത്ത് രാജ് നിയമം 1994 ഏപ്രിൽ 23 ന് നിലവിൽ വരുമ്പോൾ സംസ്ഥാനത്ത് 991 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനുകളും നിലവിലുണ്ടായിരുന്നു. ചില പഞ്ചായത്തുകൾ കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭാഗായി മാറി. നിലവിൽ കേരളത്തിൽ ത്രിതല ഭരണ സംവിധാനത്തിൽ

മൊത്തം 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിലെല്ലാമായി 23611 വാർഡുകളുമുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2267 വാർഡുകൾ 14 ജില്ലാ പഞ്ചായത്തുകളിലായി 346 വാ‍ർഡുകൾ, 87 മുനിസിപ്പാലിറ്റികളിലായി 3240 വാർഡുകൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലായി 421 വാർഡുകൾ എന്നിങ്ങനെയാണ്.

The history of local government in Kerala and Indi
ക്രീസിലെ 'ധ്യാന ബുദ്ധന്‍'! ചക്രവര്‍ത്തിയുടെ 'മനസിന്റെ കളി', ഓസീസ് 'സ്ലഡ്ജിങ്'...

ഇതിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഒഴികെ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ 35 വാർഡുകളാണ് ഉള്ളത്. ഗ്രാമപഞ്ചായത്ത്.

ജനസംഖ്യ 15,000-ത്തിൽ കവിയാത്ത പഞ്ചായത്തുകളിൽ 12 വാർഡുകളും 15,000 കവിഞ്ഞുവരുന്ന ഓരോ 2,500 പേരുടെ (ജനസംഖ്യ) കണക്കിന് ഒന്നുവീതവും പരമാവധി 22 വാർഡുകൾ വരെയുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിനിയമം പാസ്സായതിനെത്തുടർന്ന് നിർമിക്കപ്പെട്ടതാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995-ൽ ചില ഭേദഗതികളും 1999-ൽ 105 വകുപ്പുകളിൽ സമഗ്രമായ ഭേദഗതികളും വരുത്തി. സർക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെമേലുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും ഇല്ലാതാക്കിയെന്നതാണ് ഈ ഭേദഗതിയുടെ പ്രത്യേകത. 2000-ത്തിൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്യുകയും സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണനിർണയം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയും ചെയ്തു. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തി. 2001-ൽ ഏഴംഗ ഓംബുഡ്സുമാൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമം ഭേദഗതി ചെയ്ത് ഏകാംഗ ഓംബുഡ്സുമാനാക്കി.

ഈ നിയമത്തിലെ ഏറ്റവും സവിശേഷമായ സംവിധാനം ഗ്രാമസഭയാണ്. ഒരു പഞ്ചായത്തിലെ ഭൂപ്രദേശത്തെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതിനാൽ പത്തുവർഷം കൂടുമ്പോൾ നിലവിൽവരുന്ന സെൻസസ് കണക്കുകൾ അനുസരിച്ച് തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണത്തിൽ മാറ്റം വരും.

The history of local government in Kerala and Indi
അജിനോമോട്ടോ ഒരു ബ്രാന്‍ഡ് നെയിം മാത്രമല്ല,രാഷ്ട്രീയ രുചി കൂടിയാണ്

ഗ്രാമസഭ

ഗ്രാമപഞ്ചായത്തിന്റെ വാർഡ് അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രാമസഭ. നിയോജകമണ്ഡലത്തിലെ മുഴുവൻ സമ്മതിദായകരും ഗ്രാമസഭയിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തംഗമാണ് ഗ്രാമസഭാകൺവീനർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായിരിക്കും. വർഷത്തിൽ നാലുപ്രാവശ്യമെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം. 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ രണ്ട് സാധാരണയോഗങ്ങൾക്കിടയിൽ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്.

ഗ്രാമസഭയുടെ യോഗം മൂന്നുമാസത്തിലൊരിക്കൽ വിളിച്ചുകൂട്ടുന്നതിൽ തുടർച്ചയായി രണ്ടുതവണ വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട അംഗത്തിന്റെ അംഗത്വം നഷ്ടമാകും (ഈ വ്യവസ്ഥയിൽ മാറ്റം വരുത്തിക്കൊണ്ട് 2013-ൽ ഗവർണർ ഓർഡിനൻസ് ഇറക്കി. പഞ്ചായത്ത് രാജ് നിയമത്തിലെ 35-ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ഈ ഓർഡിനൻസ് പ്രകാരം ഗ്രാമസഭകൾ ഒൻപതുമാസത്തിലൊരിക്കൽ ചേർന്നാൽ മതി. 2010 മുതൽ മുൻകാലപ്രാബല്യത്തോടെയായിരുന്നു ഈ ഓർഡിനൻസ്).

മുൻവർഷത്തെ വികസനപരിപാടികളും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസനപരിപാടികളും ചെലവ് സംബന്ധിച്ച റിപ്പോർട്ടും മുൻവർഷത്തെ വാർഷികക്കണക്കുകളുടെ സ്റ്റേറ്റ്മെന്റും ഭരണ നിർവഹണാധികാരിയുടെ റിപ്പോർട്ടും ആദ്യയോഗത്തിൽ ഗ്രാമസഭ മുൻപാകെ വയ്ക്കണം. ഗ്രാമസഭകൾക്ക് പ്രത്യേകം ചുമതലകളും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

The history of local government in Kerala and Indi
കേരളം: നമ്മൾ വന്ന വഴികൾ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ചരിത്രം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണവും ചുമതലകളും

സംസ്ഥാനത്തെ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള എല്ലാ തെരഞ്ഞെടുപ്പുകളുടെയും മേൽനോട്ടത്തിനും നിർദ്ദേശത്തിനും നിയന്ത്രണത്തിനുമായി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ, 243 ഇസഡ്എ എന്നിവ പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചത്. 1993 ഡിസംബർ മൂന്നിനാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

അഞ്ച് വർഷക്കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമെ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകൾ നികത്താനുള്ള ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചുതമലയും ഈ കമ്മീഷനാണ്.

ഭരണഘടനാപരമായ ചുമതലകൾക്കു പുറമെ തദ്ദേശസ്വയംഭരണ നിയമങ്ങൾ പ്രകാരം കമ്മിഷന് നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. അദ്ധ്യക്ഷന്മാർക്കും ഉപാദ്ധ്യക്ഷന്മാർക്കും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർക്കെതിരെയുള്ള അവിശ്വാസപ്രമേയ ചർച്ച സംബന്ധിച്ച നടപടികളും കമ്മിഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് നിയന്ത്രിക്കുന്നത്.

The history of local government in Kerala and Indi
കൊറിയൻ സ്കിൻ കെയർ മാജിക് അഥവാ, ജെൻ സി വളർത്തിയ 'സൗന്ദര്യ മാർക്കറ്റ്'

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കണക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവരെ അയോഗ്യരാക്കുന്നതിനും കമ്മിഷന് അധികാരമുണ്ട്. അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തർക്കങ്ങളിലും കൂറുമാറ്റ നിരോധന നിയമപ്രകാരം കമ്മിഷൻ മുമ്പാകെ ഫയൽ ചെയ്യുന്ന ഹർജികളിലും തീരുമാനമെടുക്കുന്നതിന് ജുഡീഷ്യൽ അധികാരത്തോടെയും കമ്മിഷൻ പ്രവർത്തിക്കേണ്ടതുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങളുടെ/കൗൺസിലർമാരുടെ സംവരണ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത് കമ്മീഷന്റെ മേൽനോട്ടത്തിലാണ്. സ്ഥാപനങ്ങളിലെ സംവരണം ചെയ്ത അദ്ധ്യക്ഷ-ഉപാദ്ധ്യക്ഷ സ്ഥാനങ്ങളും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങളും നി‍ർണ്ണയിച്ചു നൽകുന്നതും കമ്മീഷന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.

അവലംബം: നിയമസഭാ രേഖകൾ, കേരളത്തിലെ പഞ്ചായത്ത് രാജ് സംബന്ധിച്ച നിയമങ്ങളും രേഖകളും, ചാവക്കാട് മുനിസിപ്പാലിറ്റി സാമൂഹിക സാംസ്കാരിക ചരിത്രം Story Of Schisms and Isms: Kerala - From the Twilight of Monarchy to The Present, India's Federal Setup: A Journey Through Seven Decades (R. Mohan) Panchayatraj System in Tamilnadu During British(1600 AD – 1947 AD) – A STUDY,(Ranganathan.D) Historical Perspective, policynotes ( Tamilnadu Rural Department) The Madras Presidency-1881-1931 (Sir George Townsend Boag) The Madras Village Panchayats (Amendment) Bill, 1957.

Summary

know about the history of local self government bodies in India and Kerala, the number of local bodies in Kerala, and the duties and features of the State Election Commission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com