

അജിനോമോട്ടോ ഒരു ബ്രാന്‍ഡിന്റെ പേരാണ്. അതാണെന്ന് ഇപ്പോഴും തിരിച്ചറിയാത്ത എത്ര ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാവും. നമ്മളിൽ പലർക്കും ആകെ പരിചയമുള്ളത്, ഹോട്ടലുകാര്‍ വലിയ സംഭവമായി ചുവരിലും മറ്റും, ഭക്ഷണം കഴിക്കാനും വാങ്ങാനും വരുന്നവര്‍ക്ക് കാണാനായി എഴുതി ഒട്ടിച്ചിരിക്കുന്ന വാചകം ആണ്- 'ഇവിടെ അജിനോമോട്ടോ ഉപയോഗിക്കാറില്ല'. ഭക്ഷണസാധാനങ്ങളില്‍ രുചിക്കായി ഉപയോഗിക്കുന്ന 'മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എംഎസ്ജി) എന്ന രുചിവര്‍ധകത്തിനുള്ള ബ്രാന്‍ഡിന്റെ പേരാണ് അജിനോമോട്ടോ- ജപ്പാന്‍ കുത്തക ബയോടെക്‌നോളജി കോര്‍പ്പറേഷന്‍- എന്നത്.
ശരീരത്തിന്, അതായത് ആരോഗ്യത്തിന് വലിയ കുഴപ്പമൊന്നും വരുത്തുന്നതല്ല ഇത്. എന്നിരുന്നാലും അമിതമായി അകത്ത് പോയാല്‍ തലവേദന, മൈഗ്രേയിന്‍, അമിതമായ വിയര്‍പ്പ്, മുഖത്ത് ചുവപ്പ് നിറം വരിക, ഹൃദയമിടിപ്പ് കൂടുക ചിലപ്പോള്‍ നെഞ്ച്‌വേദന തോന്നുക എന്നിവ അനുഭവപ്പെടും. അതുകൊണ്ടാണ്, ആരോഗ്യസ്വാമിമാരായ മലയാളി ഇന്ന് അജിനോമോട്ടോയെ ആശങ്കയോടെ കാണുന്നത്.
ഈ മോണോസോഡിയം ഗ്ലൂട്ടമേറ്റ് അഥവാ അജിനോമോട്ടോ കണ്ടുപിടിക്കുന്നത് 1909 ലാണ്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയത്തിന് എരിവും രുചിയും തന്നിരുന്ന (രാഷ്ട്രീയ അജിനോമോട്ടയായ) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച 1885 ഉം കഴിഞ്ഞ് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍.
അജിനോമോട്ടയും കോണ്‍ഗ്രസും തമ്മില്‍ ബന്ധം എന്തെന്നല്ലേ? ഇവ രണ്ടും തമ്മില്‍ അവയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരോ കാലഘട്ടങ്ങളില്‍ വളര്‍ച്ചയും വെല്ലുവിളിയും നേരിടുന്നു എന്നാതാണ് പ്രധാന ബന്ധം. അതിനും അപ്പുറം അവ രണ്ടും ഒരു കാലഘട്ടത്തിന്റെ രുചിയെ നിര്‍വചിച്ചവര്‍ കൂടിയാണ്. ഒന്ന് നാവിലെ രുചി മുകുളങ്ങളെ; മറ്റൊന്ന് രാഷ്ട്രീയത്തിലെ രുചി മുകുളങ്ങളെയും.
അജിനോമോട്ടയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് 1968 ലാണ് വന്നത്- 'ന്യൂ ഇംഗ്ലണ്ട് ജേണൽ' ഒരു കത്തായി അത് പ്രസിദ്ധീകരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും വസന്ത കാലങ്ങള്‍ പിന്നിട്ട ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസിലും ആദ്യ സംഘടനാ പ്രശ്‌നം ദൃശ്യമായത് 1969 ലാണ്. പാര്‍ട്ടി പിളര്‍ന്ന് ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് (ആര്‍) രൂപീകരിച്ചപ്പോള്‍ എതിര്‍ വിഭാഗം കോണ്‍ഗ്രസ് (ഒ) യുമായി മുന്നോട്ട്‌പോയി. അടിയന്തിരാവസ്ഥക്ക് ശേഷം 1979 ലെ രണ്ടാം പിളര്‍പ്പോടെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി കോണ്‍ഗ്രസ് (ഐ) രൂപീകരിച്ചു.
1990 കളിലാണ് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അജിനോമോട്ടോ ബ്രാന്‍ഡിന്റെ പ്രശ്‌നം പഠിക്കാന്‍ സ്വതന്ത്ര ശാസ്ത്ര ഗ്രൂപ്പിനെ നിയോഗിക്കുന്നു.
ഇന്ദിരയുടെ കാലശേഷം മകന്‍ രാജീവ് ഗാന്ധിയുടെ കാലത്ത് 1989 ലാണ് വീണ്ടും ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്, നാഷണല്‍ ഫ്രണ്ട്. രാജിവ് വധശേഷം ദുര്‍ബലമായ കോണ്‍ഗ്രസ് 1991 ലാണ് പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നവ ഉദാരവല്‍ക്കരണത്തിന്റെ കാലം കൂടിയായിരുന്നു 1996 വരെയുള്ള ആ കാലഘട്ടം. അമേരിക്കന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അജിനോമോട്ടോ അത്ര അപകടകാരിയല്ലെന്നും ചില പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ എന്ന് റിപ്പോര്‍ട്ട് നല്‍കുന്നതും 1996 ലാണ്.
പിന്നീട് എട്ട് വര്‍ഷം അധികാരത്തിന് പുറത്തായിരുന്ന കോണ്‍ഗ്രസ് 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ വന്നു. തുടര്‍ച്ചയായി 10 വര്‍ഷം 2014 വരെ യുപിഎ സര്‍ക്കാറിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കി.
എന്നാല്‍ അജിനോമോട്ടോക്കും കോണ്‍ഗ്രസിനും പരീക്ഷണത്തിന്റെ കാലമാണ് 2014, 2015 വര്‍ഷങ്ങള്‍. 2014 ല്‍ നരേന്ദ്ര മോദിയുടെ തേരോട്ടത്തില്‍ അടിപതറി കോണ്‍ഗ്രസ് വീണു. 2015 ല്‍ അജിനോമോട്ടോ ഇന്ത്യന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേസ് അതോറിട്ടി 'മാഗി വിവാദ'ത്തില്‍പെട്ട് ഉലഞ്ഞു. മാഗി ന്യൂഡില്‍സില്‍ ഇതിന്റെ സാന്നിദ്ധ്യം ഉള്ളതിനെ ചൊല്ലിയായിരുന്നു വിവാദം;. എംഎസ്ജി സാന്നിധ്യം ഇല്ലെങ്കില്‍ അത് പാക്കറ്റിന് പുറത്ത് രേഖപെടുത്തണമെന്ന് അതോറിട്ടി 2016 ല്‍ നിഷ്‌കര്‍ഷിച്ചു.
ഈ വിവാദമൊക്കെ ഉണ്ടെങ്കിലും അമേരിക്ക ഉള്‍പടെ. നമ്മുടെ രാജ്യത്തും അജിനോമോട്ടേയെ 'സാധാരണമായി സുരക്ഷിതം' എന്ന വിഭാഗത്തിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എന്നുവെച്ചാല്‍, കണ്ടും അറിഞ്ഞുമൊക്കെ ഉപയോഗിച്ചാല്‍ രുചി തരുന്ന ഒരു രാസപദാര്‍ത്ഥം. അജിനോമോട്ടോ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് രുചിയും എരിവും നല്‍കാന്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഘടകമാണ് കോണ്‍ഗ്രസ്. പക്ഷേ, ഏറ്റവും ഒടുവില്‍ നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്, രാഷ്ട്രീയം ഉപയോഗിക്കാന്‍ അറിയാത്തവരുടെ കൈയ്യിലെ അജിനോമോട്ടേയായി മുത്തശ്ശി പാര്‍ട്ടി ചെന്നുപെട്ടുവെന്നാണ്.
ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ നവംബര്‍ 14 ന് ഡല്‍ഹിയിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് തടിച്ച് കൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന കോൺഗ്രസിന്റെ ഉള്ളിലേക്ക് കടന്നായിരുന്നു. - 'കോണ്‍ഗ്രസ് മുസ്‌ലീംലീഗ്- മാവോവാദി കോണ്‍ഗ്രസായി മാറി കഴിഞ്ഞു. അത് ഒരു പിളര്‍പ്പിന് സാക്ഷ്യം വഹിക്കും.'- രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി വരാനിരിക്കുന്ന ദിവസങ്ങളില്‍ അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളിയിലേക്കുള്ള സൂചനയാണോ ഇത് എന്നത് വെളിവാകാനിരിക്കുന്നതേയുള്ളൂ.
അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കോണ്‍ഗ്രസിന് ഒപ്പം നിൽക്കുന്നവരിലും ഇപ്പോള്‍ വര്‍ധിക്കുകയാണെന്ന് വേണം മനസിലക്കാന്‍. പാര്‍ട്ടിയില്‍ അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിന്റെ സുഖം അനുഭവിക്കുന്നവരും ഒഴികെ കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന നിലപാടുള്ളവര്‍ ഇന്ത്യാ ബ്ലോക്കിലും കോണ്‍ഗ്രസിനുള്ളിലും വര്‍ധിക്കുകയാണ്.
ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക., തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇന്ന് കോണ്‍ഗ്രസ് ഭരണം നയിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍. ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് ശേഷം ബഹാറില്‍ ഒറ്റ അക്കത്തില്‍ കോണ്‍ഗ്രസ് ഒതുങ്ങി. ഇത് ഏതാനും മാസങ്ങൾക്ക് ശേഷം, 2026ല്‍ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം, പുതുശ്ശേരി, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോൺഗ്രസിന് കണക്കിലെ കളി മാത്രമാകില്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ആ പാര്‍ട്ടയില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടോ എന്നതിനുള്ള മറുപടി കൂടെയായിരിക്കും.
2027 ല്‍ ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അസ്തിത്വം നിലനിര്‍ത്താന്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കഴിയുമോന്ന ചോദ്യത്തിന് ഉത്തരവും കൂടെയാകും അത് നൽകുക.
കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആവശ്യപെടുന്ന പാര്‍ട്ടിക്കുള്ളിലെ ശശി തരൂര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് പിന്തുണയേറുന്നുണ്ട്. പുറത്തുള്ള സംഘടനകളും വ്യക്തികളും ഉദ്ദേശിക്കുന്നത് ഗാന്ധി കുടുംബം പിന്തുടരുന്ന ഇലക്ടറൽ ഫ്യൂഡലിസം അഥവാ തെരഞ്ഞെടുപ്പിലെ സാമന്ത വ്യവസ്ഥയെ കുറിച്ച് കൂടിയുള്ള ആത്മപരിശോധന എന്നാണ്. തരൂര്‍ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിൽ പറയുന്ന രാഷട്രീയ പാര്‍ട്ടികളിലെ വംശാധിപത്യത്തിന്റെ എല്ലാ ദൂഷ്യ വശങ്ങളും പേറുന്ന ഏക ദേശിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നതാണ് ഗാന്ധി കുടുംബത്തെ മറ്റുള്ള രാഷ്ട്രീയവംശങ്ങളില്‍ നിന്ന് വേറിട്ടത് ആക്കുന്നത്.
2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും (2024 ല്‍ ബിജെപിക്ക് ഒറ്റക്ക് ഭരിക്കാന്‍ കഴിയാത്ത തിരിച്ചടി ഒഴികെ) ഭൂരിപക്ഷം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തിരിച്ചടിയാണ് നേരിട്ടത്. അതുകൊണ്ട് തന്നെ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം, അവർ അവതരിപ്പിക്കുന്ന നായക മുഖവും രാഷ്ട്രീയ തന്ത്രവും നയവും മാറ്റി ചിന്തിക്കണമന്ന ആവശ്യം ശക്തമാവുകയാണ്. എന്നാല്‍ അതിനെ പരിഹസിച്ചും അധിക്ഷേപിച്ചും സംഘപരിവാര്‍കാര്‍ എന്ന് വിളിച്ചാക്ഷേപിച്ചും മറികടക്കാനാണ് രാഹുല്‍ വൃന്ദവും അനുചരരും ശ്രമിക്കുന്നത്.
നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി വരെ മക്കള്‍ രഷ്ട്രീയമായിരുന്നില്ല കോണ്‍ഗ്രസ് പിന്തുടര്‍ന്നത്. എന്നാല്‍ ഇന്ദിര തുടങ്ങിവെച്ച വംശാധിപത്യ ശൈലി സഞ്ജയ് ഗാന്ധി രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി വഴി തുടരുമെന്ന സന്ദേശം അവസാനിപ്പിക്കാന്‍ സമയമായെന്ന ചിന്ത പാര്‍ട്ടിയിലെ ഉത്തരേന്ത്യന്‍ നേതാക്കളില്‍ ശക്തമാവുമ്പോള്‍, കോൺഗ്രസ്സിന്റെ ഇന്നത്തെ ദുര്‍ബലമായ അവസ്ഥയില്‍ നേതൃത്വത്തിന് എത്രത്തോളം പ്രതിരോധിക്കാന്‍ കഴിയുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.
നെഹ്‌റൂവിയന്‍ സോഷ്യലിസത്തിനും ലിബറല്‍ രാഷ്ട്രീയത്തിനും പകരം 'സെന്‍ട്രിസ്റ്റ് ലിബറലിസ'വും സി രാജേഗോപാലചാരിയും മീനു മന്‍സാനിയും കെട്ടിപടുത്ത 'സ്വതന്ത്ര പാര്‍ട്ടി' മാതൃകയിലുള്ള വലതുപക്ഷത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയതക്ക് ബദലെന്ന തരൂരിന്റെ നിലപാടിനോട് ഈ നേതാക്കളിൽ പലരും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ, നിലവിലെ സമീപനവും ബദൽ സമീപനവും കോൺഗ്രസിനോ രാജ്യത്തിനോ ഗുണകരമാകുമോ എന്നതിനെ കുറിച്ച് ആർക്കും ഉറപ്പൊന്നുമില്ല. പക്ഷേ, കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തിലും അതുസംബന്ധിച്ചുള്ള നടപടികൾ പ്രാവർത്തികമാക്കുന്നതിലും നേതൃത്വത്തിലെ സമീപനങ്ങളിലും കോൺഗ്രസിൽ മാറ്റം വരണമെന്ന കാര്യത്തിൽ ഈ രണ്ട് സമീപനങ്ങളെയും ആശങ്കയോടെ കാണുന്ന കോൺഗ്രസ്സുകാർക്കും എതിരഭിപ്രായമില്ല.
ഗാന്ധി കുടുംബം ഇല്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്ന വാദം തന്നെ അസംബന്ധമാണെന്ന് നരസിംഹ റാവു സര്‍ക്കാരിനെയും പ്രസിഡന്റായിരുന്ന സീതാറാം കേസരിയെ പോലുള്ളവരെയും മുന്‍നിര്‍ത്തി ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. രാഷട്രീയ സ്ഥിരതയില്ലാത്ത ക്യാമ്പയിനുകളോ ഉത്തരന്ത്യേന്‍ ജനമനസ്സിനെ തൊട്ടറിയാത്ത ആശയങ്ങളോ മേഘവിസ്ഫോടനം പോലെ നൈമിഷികമായ രാഹുല്‍ ഗാന്ധിയിടെ രാഷ്ട്രീയമോ കൊണ്ട് 24 മണിക്കൂറും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാഷ്ട്രീയ ശരീരവുമുള്ള ബിജെപിയെ നേരിടാനാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.
ഗാന്ധി കുടുംബം എന്നത് ഇന്ത്യൻ സമൂഹത്തിന് മുന്നിൽ പഴയതുപോലൊരു വികാരമല്ലാതായിട്ട് കാലമേറെയായി. ഭൂരിഭാഗം ഹിന്ദി ബെല്‍റ്റിലും കോണ്‍ഗ്രസിതര സര്‍ക്കാറുകള്‍ മാത്രമാണ് രണ്ട് ദശകത്തിലധികമായി ഭരണമേറുന്നതും. അവരുടെ മുന്നിലേക്കാണ് ബുള്ളറ്റ് ഓടിച്ചും കുളത്തില്‍ ചാടിയും പക്കാവട തിന്നും വര്‍ക്ക് ഷോപ്പില്‍ കയറി ഇരുന്നും ഓട്ടോ റിക്ഷാ യാത്ര നടത്തിയും ഇന്ദിരയുടെ പൗത്രന്‍ 'രാഷ്ട്രീം കളിക്കുന്നത്. 'ഗരീബി ഹഠാവോ' പോലെ ജനഹൃദയത്തെ തൊട്ടറിഞ്ഞ മുദ്രാവാക്യം മുന്നോട്ട് വെക്കാന്‍ രാഹുലിനോ അദ്ദേഹത്തെ പൊതിഞ്ഞ് നില്‍ക്കുന്നവര്‍ക്കോ ആകുന്നില്ല എന്നത് തന്നെ കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്.
കോൺഗ്രസിൽ ഇല്ലാത്തതും ബിജെ പിയിൽ ഉള്ളതും
കുശാഗ്ര ബുദ്ധിയും ഉത്തരേന്ത്യയിലെ കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളുമായും ഉയര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു നേതാവിന്റെ അഭാവം ഇന്ന് കോണ്‍ഗ്രസ് വളരെയധികം അനുവിക്കുന്നു. നെഹ്‌റുവിനും ഇന്ദിരയ്ക്കും ഒപ്പം സംസ്ഥാനങ്ങളുടെ പള്‍സ് അറിയാവുന്ന ശക്തരായ പ്രാദേശിക നേതാക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ഒരു പറ്റം അനുചര വൃന്ദമായി ചുരുങ്ങിയെന്ന ആക്ഷേപം അടുത്ത കുറച്ചു കാലങ്ങളായി കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ ചൂണ്ടികാട്ടിയിരുന്നു.
ഇങ്ങനെ പോയാൽ ദക്ഷിണേന്ത്യയിലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഒടുങ്ങുമോ എന്ന ആശങ്കയ്ക്ക് ഉള്ള മറുപടി കൂടെയാകും വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. അജിനോമോട്ടോ പോലെയെങ്കിലും, കോൺഗ്രസും ഇന്ത്യൻ രാഷ്ട്രീയ വിപണിയിൽ അവശ്യം വേണ്ട ചേരുവ ആണെന്ന് ആദ്യം മനസിലാക്കേണ്ട വ്യക്തി രാഹുൽ ഗാന്ധി മാത്രമാണ്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ബിജെപിയെ കുറിച്ച് നടത്തിയ വിശകലനം കോൺഗ്രസുകാർ ഓർത്തിരിക്കേണ്ട ഒരു പാഠം ആണ്. അദ്ദേഹം പറഞ്ഞു:"നിങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്തണം എങ്കിൽ ആദ്യം അവരുടെ ശക്തി എന്താണെന്ന് അറിയണം. അവരുടെ ശക്തി നരേന്ദ്ര മോദിയോ അമിത് ഷായോ ആർഎസ്എസോ തന്നെ ആവണമെന്ന് നിർബന്ധമില്ല. ബിജെപി തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത് നാല് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന്, ഹിന്ദുത്വ പ്രത്യയശാസ്ത്ര അടിത്തറ. രണ്ട്, ഇതിനൊപ്പം പുട്ടിന് പീരപോലെ മോദി ചേർത്ത അതിതീവ്ര നവദേശീയത. മൂന്ന്, വിവിധ പദ്ധതികളുടെ നേരിട്ടുള്ള ഗുണഭോക്താക്കൾ. നാല്, സംഘടനാപരവും സാമ്പത്തികവുമായ ശക്തി.
നിങ്ങൾ ബിജെപിയെ നേരിടുകയാണെങ്കിൽ ഈ നാലിൽ മൂന്നിലെങ്കിലും അവരെ കടത്തി വെട്ടാൻ കഴിയണം. എന്നാൽ മാത്രം എന്തെങ്കിലും സാധ്യത ഉണ്ടാവും. ബിജെപി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നപ്പോൾ അവർ ഒരു പുതിയ നരേറ്റീവ് സൃഷ്ടിക്കുക ആയിരുന്നു, അവർ പുതിയ പ്രത്യശാസ്ത്ര അടിത്തറ സൃഷ്ടിക്കുക ആയിരുന്നു, പുതിയ കേഡർമാരെ വാർത്തെടുക്കുക ആയിരുന്നു. ബിജെപി ഭരണത്തിൽ വരാൻ കാരണം 10 വർഷം ഭരണത്തിലിരുന്ന കോൺഗ്രസിനെ ജനം മടുത്തത് കൊണ്ടല്ല. നാളെ ചിലപ്പോൾ ജനം ബി ജെ പിയെ മടുത്ത് മറ്റാർക്കെങ്കിലും അനുകൂലമായി വോട്ട് ചെയ്ത് എന്ന് വരാം. പക്ഷേ, അത് രാഹുൽ ഗാന്ധി തന്നെ ആവണമെന്നില്ല. അത് ആരുമാവാം."
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates