എസ് ആർ പി മുതൽ ബി ഡി ജെ എസ് വരെ: എസ് എൻ ഡിപിയുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ
കേരള രാഷ്ട്രീയത്തിൽ സംവരണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും തിരുവിതാംകൂർ കാലം മുതലുള്ള ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ ഇടക്കാലത്തുണ്ടായ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നത് 1970 കളുടെ തുടക്കത്തിലാണ്.
കേരളത്തിൽ രണ്ടാമതും അധികാരത്തിലെത്തിയ ഇ എം എസ് സർക്കാർ, 1967 പിന്നാക്ക വിഭാഗ സംവരണ കമ്മീഷനെ നിയമിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും എംപിയും പത്രപ്രവർത്തകനുമായിരുന്ന നെട്ടൂർ പി ദാമോദരൻ ചെയർമാനായാണ് കമ്മീഷൻ രൂപീകരിച്ചത്.
1970 നവംബർ 30 ന് കമ്മീഷൻ റിപ്പോർട്ട് നൽകി. (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗ കമ്മീഷൻ, (Socially and Educationally Backward Classes Commission -SEBC അഥവാ മണ്ഡൽ കമ്മീഷൻ നിലവിൽ വരുന്നതിന് ഒമ്പത് വർഷം മുമ്പാണ് നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് നൽകുന്നത്.)
നെട്ടൂർ കമ്മീഷൻ സൃഷ്ടിച്ച രാഷ്ട്രീയ ചലനങ്ങൾ
നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് എന്നറിയപ്പെടുന്ന ഈ രേഖ സംസ്ഥാനത്ത് പല രാഷ്ട്രീയ കരുനീക്കങ്ങൾക്കും പുതിയ സാമുദായിക പാർട്ടികളുടെ പിറവിക്കും കാരണമായി. സംവരണം സംബന്ധിച്ച് കമ്മീഷൻ റിപ്പോർട്ടിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളാണ് കേരളത്തിൽ രാഷ്ട്രീയ,സാമുദായിക കോളിളക്കങ്ങൾക്ക് കാരണമായത്. 1970 ൽ എണ്ണായിരം രൂപയിലേറെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് സർക്കാർ സർവീസിൽ സംവരണം നൽകരുതെന്ന് നെട്ടൂർ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു. മാത്രമല്ല, നിലനിന്നിരുന്ന 40 ശതമാനം സംവരണം എന്നത് 38 ശതമാനമാക്കി കുറയ്ക്കണമെന്നും അതേസമയം സെലക്ഷൻ പോസ്റ്റുകളിലടക്കം സംവരണം ഏർപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
നിശ്ചിത കാലയളവ് അടിസ്ഥാനമാക്കി, സംവരണ വിഭാഗങ്ങൾ ഇതിലൂടെ അവരുടെ പിന്നാക്കവസ്ഥ എത്രകണ്ട് പരിഹരിച്ചു എന്നത് പരിശോധിച്ച് കണ്ടെത്തണം എന്നും കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ എസ് എസ്സും എസ് എൻ ഡിപിയും ഇതിനെതിരെ രംഗത്തു വന്നു. രണ്ട് കൂട്ടർക്കും ഇതിനോടുള്ള വിയോജിപ്പുകൾ ഉയർത്തിക്കാട്ടിയാണ് അവർ രംഗത്തുവന്നത്. വ്യത്യസ്ത വിഷയങ്ങളിലായിരന്നു ഇരുകൂട്ടർക്കും വിയോജിപ്പ്.
അതേസമയം സി പി എം ഈ റിപ്പോർട്ടിനെ പിന്തുണച്ചു. എന്നാൽ, പാർട്ടിയുടെ നിലപാടിനെതിരെ പാർട്ടിയുടെ സ്ഥാപകാംഗം കൂടെയായ പള്ളുരുത്തി എം എൽഎയായിരുന്ന പി.ഗംഗാധരൻ രംഗത്തുവന്നു. അദ്ദേഹം ഈ നിലപാടിനെതിരെ എകെജിക്കും ഇ എം എസ്സിനും കത്തെഴുതി.
കൊല്ലത്ത് നടന്ന സിപി എം സമ്മേളനത്തിൽ നെട്ടൂർ കമ്മീഷൻ റിപ്പോർട്ടിനെ അനുകൂലിക്കുന്നതാണ് പാർട്ടി നിലപാട് എന്ന് വ്യക്തമാക്കി. മാത്രമല്ല ഈ റിപ്പോർട്ടിനെ എതിർക്കുന്നവർ സങ്കുചിത സാമുദായിക താൽപ്പര്യത്തെ ഇളക്കിവിടുകയാണെന്നും അത് നാടിന് ആപത്താണെന്നും വിലയിരുത്തി. ഈ റിപ്പോർട്ട് മാറ്റം കൂടാതെ നടപ്പാക്കണം എന്നും ഇഎംഎസ് ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക സംവരണത്തിന് പാർട്ടി എതിരായുണ്ടായിരുന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി പി ഗംഗാധരൻ കത്തയച്ചു.
ഇതിന് പിന്നാലെ നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി എസ് എൻഡിപി യോഗം തിരുവനന്തപുരത്ത് സംവരണസംരക്ഷണ സമ്മേളനം നടത്തുകയും ചെയ്തു. സി പി എമ്മിന്റെ നിർദ്ദേശം മറികടന്ന് പി ഗംഗാധരൻ യോഗത്തിൽ പ്രസംഗിച്ചു. ഇതോടെ സി പി എമ്മും പി ഗംഗാധരനും തമ്മിലുള്ള ബന്ധം മോശമായി. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പിന്നാലെ അദ്ദേഹം രാജിവച്ചു. എന്നാൽ പാർട്ടി രാജി സ്വീകരിച്ചില്ല. പിന്നീട് അദ്ദേഹത്തെ സിപിഎം പുറത്താക്കി.
എൻഡിപിയും എസ് ആർപിയും പിന്നെ ഡി എൽ പിയും
ഇതേസമയം, എൻ എസ് എസ്സും തങ്ങളുടെ ആവശ്യങ്ങളോട് അന്നത്തെ സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നില്ല എന്ന പരാതിയുമായി നടക്കുന്നണ്ടായിരുന്നു. നെട്ടൂർ കമ്മീഷൻ റിപ്പോർട്ടിനോടുള്ള വിയോജിപ്പ് മാത്രമായിരുന്നില്ല അവരുടെ പ്രശ്നം. വൈസ് ചാൻസലർ നിയമനം മുതൽ പല കാര്യങ്ങളിലും എൻ എസ് എസ് താൽപ്പര്യം സംരക്ഷിക്കപ്പെടുന്നില്ല എന്ന പരാതി അവർക്കുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതിന് പുറമെ മന്നത്ത് പദ്മനാഭന് ശേഷം ആ നിലയിൽ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള നേതാക്കളാരും ഇല്ല എന്നത് എൻ എസ് എസ്സിനെ അലട്ടുന്നുണ്ടായിരുന്നു. മറുവശത്ത്, രാഷ്ട്രീയമായ സ്വാധീനത്തിന്റെ കാര്യത്തിൽ എസ് എൻ ഡി പിയും ഏതാണ്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു.
സാഹചര്യങ്ങൾ ഇങ്ങനെ കടന്നുപോകുമ്പോഴാണ് 1973 ജൂലായ് 22നായിരുന്നു എൻ എസ് എസ് നേതൃത്വം നൽകിയ നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)യുടെ പിറവി. എൻ എസ് എസ് പ്രസിഡന്റായിരുന്ന കളത്തിൽ വേലായുധൻ നായർ ചെയർമാനും ആറന്മുള കേശവൻനായർ ജനറൽ സെക്രട്ടറിയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള ട്രഷററുമായി എൻഡിപി രൂപം കൊണ്ടത്.
അതേസമയം 1961 ൽ തന്നെ രൂപീകരിച്ച അഖില കേരള പിന്നാക്ക സമുദായ ഫെഡറേഷൻ ഇതേ കാലയളവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവച്ചു. 1975 ലാണ് രാഷ്ട്രീയ പാർട്ടി രൂപീകരണം എന്ന നിലപാടിലേക്ക് എസ് എൻ ഡി പി എത്തുന്നത്. അന്ന് എൻ ഡി പിയുടെ നേതൃത്വത്തിൽ സാമ്പത്തിക സംവരണത്തിനായി എൻ എസ് എസ് വാദം ശക്തമാക്കിയ സമയമായിരുന്നു.
എസ് ആർ പിയുടെ വിജയപരാജയങ്ങൾ
എസ്എൻഡിപി യോഗത്തിന്റെ കൗൺസിൽ 1974 നവംബറിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു 1975 മാർച്ചിൽ എസ് എൻ ഡി പിയുടെ എഴുപതാം വാർഷിക സമ്മേളനം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അനുമതി നൽകി. 1975 ഏപ്രിലിൽ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി ( എസ് ആർ പി) നിലവിൽ വന്നു.
1976 ഏപ്രലിൽ നടന്ന എസ് ആർ പിയുടെ പ്രതിനിധി സമ്മേളനത്തിൽ അന്നത്തെ എസ് എൻ ഡി പി യോഗം പ്രസിഡന്റായിരുന്ന എൻ ശ്രീനിവാസൻ ചെയർമാനായും യോഗം ജനറൽ സെക്രട്ടറിയായിരുന്ന പ്രൊഫ. പിവി വേലായുധൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്തരാവസ്ഥയുടെ നിഴലിൽ 1977 ൽ നടന്ന ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എസ് ആർ പി മത്സരിച്ചു. കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചുവെങ്കിലും എസ് ആർപിയുടെ പേരും കൊടിയും ഉപയോഗിക്കരുതെന്ന് കെ പി സി സി പ്രസിഡന്റായിരുന്ന എ കെ ആന്റണി നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് സഖ്യശ്രമം പാളി. 55 നിയമസഭാ സീറ്റിലും അഞ്ച് ലോകസഭാ സീറ്റിലും എസ് ആർ പി മത്സരിച്ചുവെങ്കിലും ഒരിടത്തും വിജയിച്ചില്ല.
സമൂഹത്തിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതരവുമായ മാതൃക അടിസ്ഥാനമാക്കി സാമൂഹിക നീതി സ്ഥാപിക്കുന്നതിന് പിന്നാക്കക്കാർ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് എന്ന് പ്രഖ്യാപിച്ച എസ് ആർ പി തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംഘടനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി ട്രേഡ് യൂണിയനും യുവജന സംഘടനയും സംഘടിപ്പിച്ചു. എസ് ആർ ടി യു, എസ് ആർ വൈ എഫ് എന്നീ പേരുകളിൽ യഥാക്രമം ട്രേഡ് യൂണിയനും യുവജന സംഘടനയും രൂപീകരിച്ചു കൊണ്ട് പ്രവർത്തനം സജീവമാക്കാൻ ശ്രമം നടത്തി. പക്ഷേ ഇതിന് കാര്യമായ സ്വാധിനം ചെലുത്താൻ കഴിഞ്ഞില്ല.
ഇതേസമയം, എസ് എൻഡി പിയിലെ നേതൃനിരയിലെ ഒരു വിഭാഗം കോൺഗ്രസിനോട് ഉണ്ടായിരുന്ന രാഷ്ട്രീയ അടുപ്പം പുലർത്തുന്നവരും. അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം, സി പി ഐ, ആർ എസ് പി എന്നീ പാർട്ടികളോട് അനുഭാവം പുലർത്തുകയും ചെയ്യുന്നവരുമായിരുന്നു. എസ് എൻ ഡി പിക്ക് എസ് ആർ പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും രാഷ്ട്രീയമായി നേതാക്കളിലും അണികളിലും നിലനിന്ന ഈ ഘടനയെ കാര്യമായി ഉലയ്ക്കാൻ ആ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല.
കെ കരുണാകരന്റെ ബുദ്ധിയിലാണ് എൻ ഡി പിയും എസ് ആർപിയും ധീവരരെ ഏകോപിപ്പിച്ചുകൊണ്ട് വി.ദിനകരൻ രൂപീകരിച്ച ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്ന ഡി എൽ പിയുടെ രൂപം കൊണ്ടതെന്ന് ഒരു ഉപകഥ വാമൊഴിയായി കേരളത്തിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ഇതിന്റെയൊന്നും നേതൃത്വങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. നിലനിന്ന സാദ്ധ്യതയിൽ സംഘടനാപരമായി സമുദായ സംഘടനകൾക്കുള്ള ഇടപെടലിനെ അവരുടെ രാഷ്ട്രീയ പാർട്ടികളുടെ വിലപേശലിലൂടെ കുറയ്ക്കാമെന്ന കണക്കുകൂട്ടലിൽ കരുണാകരൻ നടത്തിയ നീക്കമായിരുന്നു ഇവയുടെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
എന്തായാലും 1980 ലെ തെരഞ്ഞെടുപ്പിൽ കെ കരുണാകരൻ ഉൾപ്പെടുന്ന ഇന്ദിരാകോൺഗ്രസുമായി ഈ മൂന്ന് സമുദായ പാർട്ടികളും മുന്നണിയായി മത്സരിച്ചു. ഡി എൽ പി ക്ക് പുറമെ അടിസ്ഥാന നിലപാടായ സംവരണ വിഷയത്തിൽ പരസ്പരം എതിർക്കുന്ന എൻഡിപിയും എസ് ആർ പിയും ഒരുമിച്ച് ഒരുമുന്നണിയിൽ എത്തി. ഇരു പാർട്ടിയാണെങ്കിലും ഒരുമുന്നണിയായി അവർ തെരഞ്ഞെടുപ്പിനെ നേരിട്ടു. ആന്റണി വിഭാഗം തെറ്റിപോയതിനെ തുടർന്ന് കരുണാകരനും കൂട്ടരും നേതൃത്വം നൽകുന്ന കോൺഗ്രസിന് ഇവരാരോടും വിയോജിപ്പും ഉണ്ടായില്ല. ഏഴ് സീറ്റിൽ മത്സരിച്ചുവെങ്കിലും എസ് ആർ പിയെ വിജയം അനുഗ്രഹിച്ചില്ല.
1980ലെ ആദ്യ നായനാർ സർക്കാരും പിന്നീട് വന്ന കെ കരുണാകരൻ സർക്കാരും അധികകാലം വാണില്ല. 1982 ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. എ കെ ആന്റണിയും കൂട്ടരും കോൺഗ്രസിലേക്ക് മടങ്ങിയെത്തി. എൻ ഡി പിയും എസ് ആർ പിയും അപ്പോഴും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ തുടർന്നു.
1982 ൽ വീണ്ടും എസ് ആർ പിക്ക് ഏഴ് സീറ്റ് നൽകി. കോട്ടയത്ത് നിന്ന് പാർട്ടി ചെയർമാൻ എൻ ശ്രീനിവാസനും കരുനാഗപള്ളിയിൽ നിന്ന് ടി വി വിജയരാജനും ജയിച്ചു. പാർട്ടി ചെയർമാൻ കൂടിയായ എൻ ശ്രീനിവാസൻ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി. അതിന് പിന്നാലെ പാർട്ടിക്കുള്ളിലും സർക്കാരിലും വിവാദങ്ങളും ആരംഭിച്ചു. എക്സൈസ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നതിന് പുറമെ പാർട്ടിക്കുള്ളിലും അധികാര കലാപം ആരംഭിച്ചു. എൻ ശ്രീനിവാസൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയർന്നു. കോൺഗ്രസ് എസ് സ്ഥാനാർത്ഥിയായി 1982 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് എം എൽ എ ആയ സി ജി ജനാർദ്ദൻ പാർട്ടി മാറി എസ് ആർ പിയിലെത്തി.
പിന്നീട്, ടി വി വിജയരാജൻ, സി ജി ജനാർദ്ദനൻ എന്നിവർ ശ്രീനിവസാനെതിരെ രണ്ട് ഭാഗത്തു നിന്നായി കരുനീക്കം ആരംഭിച്ചിരുന്നു. 1984 ആയപ്പോഴേക്കും പാർട്ടിയുടെ പേര് ഒന്നാണെങ്കിലും മൂന്ന് പാർട്ടിപോലെയായി മൂന്നുപേരും. മൂന്ന് കൂട്ടരും പരസ്പരം പുറത്താക്കി തങ്ങളുടെതാണ് എസ് ആർ പി എന്ന നിലപാടിൽ നിന്നു. പതുക്കെ എസ് എൻ ഡി പിയെ സംബന്ധിച്ചടത്തോളം ബാധ്യതയായി മാറിത്തുടങ്ങിയിരുന്നു എസ് ആർ പി.
പി.ഗംഗാധരനും എൻ ശ്രീനിവാസനും ഒന്നിച്ച് നിന്നു. ടിവി വിജയരാജന്റെ എസ് ആർ പിയും സി ജി ജനാർദ്ദനനന്റെ എസ് ആർ പിയും ലയിച്ചു. പിന്നീട് ഓഫീസുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി ഈ പാർട്ടികൾ തമ്മിലുള്ള തർക്കം. എസ് ആർ പി ( എസ് ) എന്നും എസ് ആർ പി ( വി) എന്നും ഇവർ അറിയപ്പെട്ടു.
കോൺഗ്രസുമായി അടുപ്പം പുലർത്തിയിരുന്ന എംകെ രാഘവൻ, എസ് എൻ ഡി പി പ്രസിഡന്റായിരുന്ന കാലയളവാണ് 1982-88. ഈ കാലയളവിലാണ് എസ് ആർ പിയുടെ വിജയവും തമ്മിലടയിലും എല്ലാം സംഭവിക്കുന്നത്. ഇതിൽ 1982 മുതൽ 1985 വരെയുള്ള കാലയളവിൽ കോൺഗ്രസ് നേതാവു കൂടിയായിരുന്ന അഡ്വ കെ. ഗോപിനാഥൻ യോഗം ആയിരുന്നു ജനറൽ സെക്രട്ടറി. 1986 ഓടെഎസ് എൻ ഡി പിക്ക് എസ് ആർ പിയെ കൊണ്ട് മുന്നോട്ട് പോകാനാകാത്ത ഗതി വന്നു. അതോടെ അവർ എസ് ആർ പി യെ കൈയ്യൊഴിഞ്ഞു.
ബിഡിജെഎസ്സും എസ്എൻഡിപിയും
പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ജയം അനുഗ്രഹിച്ചില്ല പതുക്കെ ആ പാർട്ടി പേരിൽ മാത്രമായി ചുരുങ്ങി. 1992 -1996 കാലയളവിൽ വീണ്ടും ജനറൽ സെക്രട്ടറിയായ കെ ഗോപിനാഥനൊപ്പം പ്രസിഡന്റായിരുന്നത് ഡോ. കെ കെ രാഹുലനാണ്. അദ്ദേഹം 1996 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാട്ടികയിൽ മത്സരിച്ചു. എന്നാൽ വിജയിച്ചില്ല.
ഇപ്പോഴും എസ് ആർ പി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടെന്ന് അവകാശ വാദം ഉന്നയിക്കുന്നവരുണ്ട്. ജനതാദൾ എസ് പ്രവർത്തകനായിരുന്ന ഒവി ശ്രീദത്ത് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തിക്കുന്നത്. തങ്ങൾ പഞ്ചായത്ത് മുതൽ ലോകസഭാ തെരഞ്ഞെടുപ്പുകളിൽ വരെ മത്സരിക്കാറുണ്ട് എന്ന് അദ്ദേഹം പറയുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് എസ് എൻ ഡി പി പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുന്നത്. അതിന് വഴി വെട്ടിയത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അതുവരെ വിജയം കാണാതിരുന്ന ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയായിരുന്നുവെന്നത് എല്ലാവരും പറയുന്ന രഹസ്യമാണ്. 2006 മുതൽ 2010 വരെ കേരളത്തിലെ ബി ജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് 2015 വരെ കേരളത്തിലെ ബി ജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന വി. മുരളീധരന്റെ നേതൃത്വത്തിലുള്ള കരുനീക്കങ്ങളാണ് എസ് എൻ ഡി പിയെ കൊണ്ട് ഭാരതീയ ധർമ്മ ജനസേന (ബിഡിജെഎസ്) എന്ന രാഷ്ട്രീ പാർട്ടി രൂപീകരിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് അന്നത്തെ ചരടുവലികളുമായി ബന്ധപ്പെട്ടവർ പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്.
THUSHAR VELLAPPALLY075109.JPG
Center-Center-Kochi2014ൽ ദേശീയ തലത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ അധികാരത്തിലെത്തിയതോടെ ഈ നീക്കങ്ങൾക്ക് വേഗം കൈവരിച്ചു. വി മുരളീധരൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് പക്ഷേ ബി ഡി ജെ എസ് രൂപീകരിക്കുന്നത്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ പാർട്ടി രൂപീകരിച്ചു. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി പുതിയ പാർട്ടിയുടെ പ്രസിഡന്റുമായി.
കേരളത്തിൽ കോൺഗ്രസിനൊപ്പം നിന്ന നായർ വോട്ടുകളിൽ നല്ലൊരുഭാഗം തങ്ങൾക്കനുകൂലമാക്കാൻ ബി ജെ പിക്ക് സാധിച്ചുവെങ്കിലും ഈഴവ, ദലിത് പിന്നാക്ക ഹിന്ദുവോട്ടുകൾ അവർക്കൊപ്പം എത്തിയില്ല. പൊതുവിൽ ഈ സംഘടനകളുടെ അണികൾ ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സിപി എമമ്മിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരായിരുന്നു. എന്നാൽ ബിഡി ജെഎസ് രൂപീകരണത്തിന് ശേഷം ആ പാർട്ടിയുടെ മറവിൽ ഈഴവ സമുദായത്തിലെ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളുടെ ഇടയിൽ തങ്ങൾക്ക് സ്വാധീനമുറപ്പിക്കാനായി എന്ന് ബി ജെ പി കണക്കുകൂട്ടുന്നു. അതിന് തെരഞ്ഞെടുപ്പുകളിലെ വോട്ടു കണക്കുകളും അവർ പറയുന്നു.
നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ ബി ഡി ജെ എസ് മത്സരിച്ചുവെങ്കിലും എസ് ആർ പി ക്ക് ലഭിച്ച വിജയം പോലും ഇതുവരെ അവർക്ക് ലഭിച്ചിട്ടില്ല. എസ് ആർ പി, എൻ ഡി പി, ഡി എൽ പി എന്നീ പാർട്ടികളെ പോലെ പേരിൽ സമുദായത്തിന്റെ പേര് പറയുന്നില്ലെങ്കിലും ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന പാർട്ടിയായി തന്നെയാണ് ബി ഡി ജെഎസ്സും നിലനിൽക്കുന്നത്. അതിനപ്പുറത്തേക്ക് വളരാൻ അവർക്കായിട്ടുമില്ല.
അവലംബം: പി. ഗംഗാധരൻ നിഷ്കാസിതനായ നവോത്ഥാന നായകൻ ( വി എൻ പ്രസന്നൻ) കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ( ആർ കെ ബിജുരാജ്) ഞാൻ എന്റെ ജീവിതം - അഡ്വ. കെ ഗോപിനാഥൻ, പത്രവാർത്തകൾ, വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളുമായുള്ള സംഭാഷണങ്ങൾ
Tracing the history of SRP and BDJS, the SNDP-backed political ventures, and examining how these experiments impacted Kerala’s political discourse.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

