Crime story, P P Sadanandan
P P Sadanandan, former Crime Branch SP and one of the best investigating officers in Kerala, writes about his experiences in cracking casesSamakalika malayalam

നീതിയുടെ കാവ്യം

കേരളത്തിലെ മികച്ച അന്വേഷണ ഉദ്യോ​ഗസ്ഥരിലൊരാളായിരുന്ന ക്രൈംബ്രാഞ്ച് മുൻ എസ് പി പി പി സദാനന്ദൻ എഴുതുന്ന കേസ് അന്വേഷണ അനുഭവങ്ങൾ "സത്യത്തി​ന്റെ സാക്ഷി" ആരംഭിക്കുന്നു.
Published on

മലയാളത്തിലെ മഹാനായ കഥാകൃത്ത് ടി. പത്മനാഭൻ ഒരു വേദിയിൽവച്ച് പൊലീസുകാർക്ക് സാഹിത്യം ആവശ്യമുണ്ടോ സാഹിത്യവായന എന്തെങ്കിലും തരത്തിൽ ജോലിയിൽ ഉപകരിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയുണ്ടായി. കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനും തെളിവുകളെ വിലയിരുത്തുന്നതിനും വിശാലമായ വായനയുടെ അനുഭവങ്ങൾ എങ്ങനെ സഹായിക്കും എന്ന് ബോധ്യപ്പെട്ട ചില സന്ദർഭങ്ങൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി തോന്നി. സത്യം തേടുന്ന കുറ്റാന്വേഷണ പ്രക്രിയയിൽ സാഹിത്യവായനയിലൂടെ ലഭിക്കുന്ന ദർശനവും ബൗദ്ധികവും മാനസികവുമായ തെളിച്ചവും മനുഷ്യമനസ്സിനെ സംബന്ധിച്ച ആഴത്തിലുള്ള അറിവും വലിയ മുതൽക്കൂട്ടാവും. അന്വേഷണപാതയിലെ വായനയുടെ വെളിച്ചത്തെക്കുറിച്ച് രേഖപ്പെടുത്തേണ്ടതാണെന്ന് തോന്നിയതുകൊണ്ട് ചില അനുഭവങ്ങൾ കുറിച്ചിടുകയാണ്.

യഥാർത്ഥ കുറ്റവാളികളുടെ മാനസികവ്യാപാരങ്ങളിലൂടെ കടന്നുപോകുമ്പോൾ ചെയ്യപ്പെടുന്ന സത്യങ്ങൾ എവിടെയൊക്കെയോ വായിച്ച വിശ്വോത്തര സാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടേതുമായി അതിശയകരമായ താല്പര്യങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണവേളകളിൽ നിരന്തരം അനാവരണം ചെയ്യപ്പെടുന്ന പുതിയ പുതിയ സത്യങ്ങളുടെ മുഖങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്ന് നീതിയുടെ കാവ്യം രചിക്കുന്ന അന്വേഷണം തീക്ഷ്‌ണ ബുദ്ധിയും ഭാവനയും നിരീക്ഷണപാടവവും ആവശ്യമുള്ള ഏറെ സർഗാത്മകമായ തൊഴിലാണ്.

Crime story, P P Sadanandan
ആ രാത്രിയിൽ ലോകം ഒരു വിസ്മയം കണ്ടു നിന്നു... ലോഡ്‌സില്‍ നുരഞ്ഞ ചെകുത്താന്‍മാരുടെ ഷാംപെയ്ന്‍!

ഇന്നത്തെ രീതിയിൽ കോൾ ഡേറ്റാ റിക്കാർഡുകളോ സി സി ടി വി ഫൂട്ടേജുകളോ ഡി എൻ എ പരിശോധനയോ മറ്റ് ശാസ്ത്രസങ്കേതങ്ങളോ ഏറെയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ പൊലീസ് ജോലിയിൽ പ്രവേശിച്ചവരാണ് എന്റെ തലമുറയിലെ ഉദ്യോഗസ്ഥർ. പക്ഷേ, കുറ്റാന്വേഷണത്തെ തപസ്യയാക്കി മാറ്റിയ ഉദ്യോഗസ്ഥർക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ തന്നെ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്നും സാധിച്ചിട്ടുണ്ട്.

കുറ്റവാളികളെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും അതിലൂടെ ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെടുക്കുന്ന കാര്യങ്ങളെ തെളിവുകളായി മാറ്റുകയും ചെയ്യുന്നതായിരുന്നു അന്നത്തെ പ്രധാന അന്വേഷണരീതി. അതിന് കുറ്റവാളികളെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടിവരും.

തെളിവുകളുടെ വിലയിരുത്തലിന് ഒരു മാനുഷിക തലമുണ്ട്. എങ്ങനെ കുറ്റവാളികളുടെ മനസ്സിനെ അടുത്തറിയാം എന്നുള്ളതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒരു കുറ്റവാളിയുടെ ചിന്തയേയും മാനസിക വ്യാപാരങ്ങളേയും അന്തഃസംഘർഷങ്ങളേയും അടുത്തറിയാൻ കഴിയുന്നവർക്ക് മാത്രമേ ചോദ്യം ചെയ്യൽ എന്ന പ്രക്രിയയിൽ ജയിക്കാൻ കഴിയുകയുള്ളൂ. ചെയ്തുപോയ കുറ്റങ്ങളെക്കുറിച്ച് പാപബോധം ഉണ്ടാക്കലാണ് സത്യസന്ധമായ കുമ്പസാരങ്ങൾ ലഭിക്കുന്നതിനുള്ള ഒരു മാർഗം. ഈ മാർഗത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് കുറ്റവാളികളുടെ അന്തഃസംഘർഷത്തിന് മറ്റൊരു തലം ഉണ്ട് എന്ന് അന്വേഷകന് കണ്ടെത്താൻ കഴിയുന്നത്. അത് വിശുദ്ധമാണ്.

T Padmanabhan
ടി പത്മനാഭൻ ഫെയ്സ്ബുക്ക്

അനന്തവിദൂരമായ ഏതോ കാലത്തും പ്രദേശത്തും ജീവിച്ച മനുഷ്യരുടെ അനുഭവങ്ങൾ നമ്മുടെ അനുഭവങ്ങൾ ആയിത്തീരുന്നത് വായനയിലൂടെയാണ്. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു ചെല്ലാൻ കഴിയുന്നത് ഇത്തരം വായനാനുഭവങ്ങളിലൂടെയാണ്. മൗനത്തിലൂടെ വെളിപ്പെടുന്ന സത്യങ്ങൾ തിരിച്ചറിയാൻ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വേണം. അനുകമ്പാപൂർണമായ സമീപനം ആവാം സത്യദർശനത്തിലേക്കുള്ള എളുപ്പവഴി. സാഹിത്യവായന അന്വേഷകന്റെ ഹൃദയത്തെ ആർദ്രമാക്കുകയും ചിന്തകൾക്ക് മൂർച്ച കൂട്ടുകയും ചെയ്യും.

ഒരു പാപബോധസ്‌പർശമില്ലാതെ ജീവിതത്തിൽ ഒരു സുഖവും അനുഭവിക്കാൻ കഴിയാതെ കുറ്റബോധത്താൽ നീറി നീറി കഴിയുന്ന മനുഷ്യരെ സാഹിത്യകൃതികളിലാണ് ആദ്യം കാണുന്നത്.

ദസ്തേവിസ്‌കിയുടെ കുറ്റവും ശിക്ഷയുമാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിലെ നായകൻ റാസ്‌കാൾ നിക്കോഫ് വിദ്യാർത്ഥിയായിരിക്കെ പലിശയ്ക്ക് പണം കടം കൊടുക്കുന്ന ഒരു വൃദ്ധയെ കൊല ചെയ്യുന്നു. ദിവസങ്ങൾ കഴിയുമ്പോൾ വലിയ രീതിയിലുള്ള കുറ്റബോധം അദ്ദേഹത്തെ കീഴടക്കുന്നു. പൊലീസ് സംശയിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി അയാൾ പൊലീസിനെ നിരീക്ഷിക്കുന്നുണ്ട്. അതിനിടയിൽ അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു. കടുത്ത പാപബോധത്താൽ എല്ലാം തുറന്നുപറയണം എന്ന ചിന്തയോടുകൂടി അയാൾ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നു. എന്നാൽ, അയാളോട് ഈ കുറ്റകൃത്യത്തെപ്പറ്റി യാതൊന്നും പൊലീസ് ചോദിക്കുന്നില്ല. പകരം വാടക നൽകാത്തതിന് വീട്ടുടമയുടെ പരാതിയിലാണ് അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

rascal nikov
rascal nikovAI

ഇത്തരം സംഭവങ്ങൾക്ക് ധാരാളം ഉദാഹരണങ്ങൾ പറയാൻ കഴിയും. എൺപതുകളിൽ നടന്ന സംഭവമാണ്. വടക്കൻ കേരളത്തിൽ മോഷണത്തിനിടെ ചെറിയ കാലയളവിനുള്ളിൽ തുടർച്ചയായി ഏതാനും കൊലപാതകങ്ങൾ നടക്കുന്നു. ഈ കൊലപാതകങ്ങൾ നടത്തിയത് റിപ്പർ ചന്ദ്രൻ എന്നയാൾ ആണെന്ന് പൊലീസ് തിരിച്ചറിയുന്നു. അയാൾക്കുവേണ്ടി നാടും നഗരവും അരിച്ചുപെറുക്കി തിരച്ചിൽ നടത്തുന്നു. അതിനിടയിൽ ദിവസത്തിന്റെ തലേന്ന് പാതിരാത്രിക്കു ശേഷം ടൗണിൽ കാണപ്പെട്ട മുഴുവനാളുകളേയും പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയ കൂട്ടത്തിൽ സാക്ഷാൽ റിപ്പർ ചന്ദ്രനും ഉണ്ടായിരുന്നു. പിറ്റേ ദിവസം ഹർത്താലിനോട് അനുബന്ധിച്ച് ധാരാളം ആളുകളെ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവരുന്നു വൈകുന്നേരത്തോടെ അവരെയെല്ലാം വിട്ടയക്കുന്ന കൂട്ടത്തിൽ തലേദിവസം രാത്രിയിൽ വെറുതെ പിടിച്ചുകൊണ്ടുവന്ന ആളുകളേയും വിട്ടയയ്ക്കുന്നു. അതിൽ റിപ്പർ ചന്ദ്രൻ ഉണ്ടായിരുന്നു എന്നത് ആരും തിരിച്ചറിയുന്നില്ല.

പൊലീസ് വിട്ടയച്ചെങ്കിലും ദസ്തേവിസ്‌കിയുടെ നായകൻ അയാളുടെ നേരെ സംശയത്തിന്റെ നിഴലുകൾ വീഴുന്നുണ്ടോ എന്നറിയുന്നതിനു വേണ്ടി പൊലീസിനെ നിരന്തരം നിരീക്ഷിക്കുന്നു. കുറ്റബോധം താങ്ങാനാകാതെ അയാൾ ആദ്യമായി ഇക്കാര്യം തുറന്നുപറയുന്നത് തന്റെ കാമുകിയായ സോണിയയോടാണ്. “Soniya I didn't bow down to you but before the entire suffering humanity.” - “സോണിയ ഞാൻ തലകുനിക്കുന്നതും മുട്ടുകുത്തുന്നതും നിന്റെ മുന്നിൽ അല്ല. മനുഷ്യരാശിയുടെ മുന്നിലാണ്.”

“The worst sin that you committed is destroying and betraying yourself for nothing.” നീ ചെയ്ത കടുത്ത പാപം ഒന്നിനുംവേണ്ടി അല്ലാതെ സ്വയം നശിപ്പിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്തു എന്നതാണ്. തന്റെ ഏറ്റവും വലിയ പാപം കൊലപാതകമല്ല, മറിച്ച് അതിന് നീതീകരണം കണ്ടെത്താനായി താൻ സ്വന്തമായി നടത്തിയ ആത്മവഞ്ചനയാണ്.

Crime story, P P Sadanandan
സമ്പത്ത്, മൂലധനം, ഭരണകൂടം ഒരു വിചാരം

“Pain and suffering are always inevitable for a large intelligence and a deep heart. The really great men must, I think, have great sadness on earth.” വിപുലമായ ബുദ്ധിക്കും ആഴമേറിയ ഹൃദയത്തിനും വേദനയും പീഡയും അനിവാര്യമാണ്. ഭൂമിയിലെ മഹാമനുഷ്യർ വലിയ ദുഃഖങ്ങൾ അനുഭവിച്ചവർ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. വേദസൂക്തങ്ങൾപോലെ വാർന്നുവീഴുന്ന വാക്കുകൾ ആയതുകൊണ്ടാണ് പെരുമ്പടവം ശ്രീധരൻ അതിനെ ഒരു സങ്കീർത്തനം പോലെ എന്ന് വിശേഷിപ്പിച്ചത്.

തെളിവുകളെ കൃത്യമായി വിലയിരുത്താൻ കുറ്റവാളികളുടെ മനസ്സിനേയും വിചാരങ്ങളേയും ചിന്തയേയും അടുത്തറിയാൻ കഴിയണം. മൂന്ന് ദശാബ്ദങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിൽ നൂറുകണക്കിന് കുറ്റവാളികളുടെ കുമ്പസാരങ്ങൾ കേട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഏറ്റുപറയുന്നതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വഴിതെറ്റിക്കാനുള്ള മൊഴികളും ഉണ്ടാകാം. അവ തിരിച്ചറിയാൻ കഴിയണം. യഥാർത്ഥ പ്രതി സംശയത്തിന്റെ മുനകൾ മറ്റുള്ളവരിലേക്ക് തിരിക്കാൻ ശ്രമിക്കും. ഇതിന്റെ ക്ലാസ്സിക് ഉദാഹരണങ്ങൾ വിശ്വസാഹിത്യത്തിൽ ഉടനീളമുണ്ട്.

ഷേക്‌സ്‌പിയറിന്റെ മാക്ബത്തിൽ പട ജയിച്ചുവരുന്ന നായകനു മുന്നിൽ കൊടുങ്കാറ്റിനും പേമാരിക്കും ഇടയിൽ മൂന്ന് യക്ഷികൾ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ സ്വിറ്റ്‌സർലന്റിലെ രാജാവാകും എന്ന് മാക്ബത്തിനോട് അവർ പ്രവചിക്കുന്നു. ഈ പ്രവചനത്തെപ്പറ്റി അയാൾ ഭാര്യയോട് പറയുന്നു. ഡങ്കൻ രാജാവിനെ കൊന്നുകളയാൻ ഭാര്യ ഉപദേശിക്കുന്നു. അത്താഴവിരുന്നിനായി മാക്ബത്ത് രാജാവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നു. പരിചാരകരെ മദ്യം നൽകി മയക്കി കിടത്തിയതിനു ശേഷം രാജാവിനെ വധിക്കുന്നു. സംശയത്തിന്റെ മുനകൾ പരിചാരകരിലേക്ക് തിരിക്കാൻ രക്തംപുരണ്ട തൂവാല അവരുടെ മുറിയിൽ കൊണ്ടുവെയ്ക്കുന്നു. പരിചാരകരാണ് രാജാവിനെ കൊന്നത് എന്ന് വരുത്തിതീർത്ത് അവരെ കൊന്നുകളയുന്നു.

 Macbeth
Macbeth

യഥാർത്ഥ കുറ്റവാളി സംശയം മറ്റുള്ളവരിലേക്ക് തിരിക്കാൻ ശ്രമിച്ച അനുഭവങ്ങൾ ഒട്ടേറെ കേസുകളുടെ അന്വേഷണങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട്. ഇതിനെ അതിജീവിക്കാൻ വായനയുടെ അനുഭവങ്ങൾ കൂടി സഹായിച്ചിട്ടുണ്ട്. കുറ്റത്തിന്റെ ഓർമകൾ വേട്ടയാടുന്ന മനസ്സ് അവന് ഉറക്കം നഷ്ടപ്പെടുത്തുന്നു.

“മറ്റാരോ നിലവിളിച്ചു, ഇനിയൊരിക്കലും നിനക്ക് ശാന്തമായി ഉറങ്ങാൻ കഴിയില്ല! മാക്ബത്ത് നിദ്രയെ കൊന്നു!”

ഡങ്കൻ രാജാവിനെ വധിച്ചതിനു ശേഷം മാക്ബത്ത് പറയുന്ന ഈ വരികൾ അവന്റെ അസഹ്യമായ കുറ്റബോധത്തേയും മനോവേദനയേയും പ്രകടിപ്പിക്കുന്നു. താൻ ചെയ്ത പാപം മനസ്സിന് ശാന്തിയും സമനിലയും നഷ്ടപ്പെടുത്തുമെന്ന് അവൻ മനസ്സിലാക്കുന്നു. ഇനി ഒരിക്കലും ആശ്വാസം കണ്ടെത്താനാവില്ല; അധികാര ദാഹത്താൽ ഒരുപാട് കൊലപാതകങ്ങൾ നടത്തുന്നു മാക്ബത്ത്. ഈ കൊലപാതകങ്ങൾക്ക് എല്ലാം ഒരു നിഴൽപോലെ തന്റെ പുറകിൽനിന്ന് സഹായിച്ച ഭാര്യ അവസാനം ഭ്രാന്തിയായി ആത്മഹത്യ ചെയ്തു. താൻ വധിച്ച ഡങ്കൻ രാജാവിന്റെ മകൻ മാൽകോം പട നയിച്ച് കൊട്ടാരത്തിലേക്ക് വരുന്നു. കൊലപാതകങ്ങളുടെ പരമ്പരകൾ നടത്തിയ ആ മനുഷ്യൻ ജീവിതത്തിന്റെ അവസാനം ആ ദാർശനിക സത്യം തിരിച്ചറിയുന്നു.

Crime story, P P Sadanandan
കോസ്റ്റ്യൂം ഇല്ല, ലൈറ്റിങ് ഇല്ല; പക്ഷേ സമ്മാനം കൂടെപ്പോന്നു

“All our yesterdays have lighted fools the way to dusty death.

Life is but a walking shadow. A poor player that struts and frets his hour upon the stage and then is heard of no more.”

“നാളെ നാളെ എന്നു പറഞ്ഞു രേഖപ്പെടുത്താൻ കഴിയുന്ന സമയത്തിന്റെ അവസാന നിമിഷം വരെയും ജീവിതയാത്ര ഇഴഞ്ഞുനീങ്ങും. ഇന്നലെകൾ വിഡ്ഢിയായ മനുഷ്യനെ പ്രകാശിപ്പിച്ചു കാണിക്കുന്നത് മരണത്തിലേക്കുള്ള പൊടിപിടിച്ച പാതയാണ്. ജീവിതം ഒരു നിഴല്‍ മാത്രമാണ്. തന്റെ മണിക്കൂറിൽ സ്റ്റേജിൽ ആവേശകരമായി അഭിനയിക്കുന്ന ഒരു പാവം അഭിനേതാവ് അരങ്ങൊഴിയുന്ന നടന് എന്തു സംഭവിക്കുന്നു എന്ന് ആരും അറിയുന്നില്ല. ഒരിക്കലും അർത്ഥം കണ്ടെത്താൻ കഴിയാത്ത വിഡ്ഢി പറഞ്ഞ ഒരു കഥയാണ് ജീവിതം.” ഇത് ഒരു മനുഷ്യൻ എത്തിപ്പെടാവുന്ന ആത്യന്തികമായ പതനമാണ്.

കുറ്റമേറ്റുപറയുന്നതിന്റെ വിഹ്വലമായ മാനസികാവസ്ഥയിൽ കുറ്റകൃത്യത്തിൽ മറ്റുള്ളവർക്കുകൂടി പങ്കുണ്ടെന്ന് വരുത്തിത്തീർക്കും. അതുപോലെത്തന്നെ കൂട്ടുപ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകാം. അത് തിരിച്ചറിയാൻ കുറ്റാന്വേഷകന് സാധിക്കുന്നില്ലെങ്കിൽ നിരപരാധികൾ പ്രതിചേർക്കപ്പെടും. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ആരെയും പ്രതിചേർക്കരുത് എന്ന് നിയമത്തിൽ നിഷ്‌കർഷിക്കുന്നത്.

P P Sadanandan, crime story
representative purpose only AI

പ്രതികൾ പറയുന്നതിലെ നെല്ലും പതിരും തിരിച്ചറിയേണ്ടത് അവരുടെ അപ്പോഴത്തെ മാനസികാവസ്ഥകൂടി വിലയിരുത്തിയാണ്. ചെയ്തുപോയ തെറ്റിനെ സംബന്ധിച്ച് അഗാധമായ പാപബോധത്തിൽനിന്നും ഉയരുന്ന മാനസികവേദന സത്യസന്ധമായ മൊഴിനൽകാൻ കുറ്റവാളികൾക്ക് പ്രേരണയാകാം. അതിനാവശ്യം മൂന്നാംമുറ അല്ല.

അവരെ മാനസാന്തരപ്പെടുത്തിയാലേ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂ. കാട്ടാളനിൽനിന്നും മനുഷ്യനിലേക്കുള്ള മാനസാന്തരം. നിന്റെ പാപങ്ങളിൽ നിന്റെ ഭാര്യയും മക്കളും എങ്കിലും പങ്കുകൊള്ളുമോ എന്നുള്ളത് എക്കാലത്തേയും വലിയൊരു ചോദ്യമാണ്.

ഇനിയൊരിക്കലും കുറ്റകൃത്യത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ ഇല്ല എന്ന് പറഞ്ഞവരെത്തന്നെ വർഷങ്ങൾക്കുശേഷം വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യേണ്ടിവന്നത് അവരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ എന്താണെന്ന് പഠിക്കാൻ പ്രേരണയായി. ജയിലിൽ നിന്നിറങ്ങിയാൽ നാട്ടിലോ വീട്ടിലോ പോകാൻ പറ്റില്ല. സമൂഹം ഭ്രഷ്ട് കല്പിക്കും. ജയിലിൽനിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചുകൊണ്ട് ഒന്ന് രണ്ട് മാസം പിടിച്ചുനിൽക്കാം. മറ്റൊരു തൊഴിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വീണ്ടും മോഷണത്തിലേക്ക് തിരിയും. ഭ്രാന്തിനു പോലും വിശപ്പിനെ കീഴടക്കാൻ കഴിയില്ലല്ലോ.

Crime story, P P Sadanandan
ഈ ബീഫ് അല്ല, ആ ബീഫ്, ജെൻസി ലിം​ഗോയിലെ അർത്ഥം നിസ്സാരമല്ല

ഈ കഥകൾ കേട്ടപ്പോഴാണ് കയ്യിൽ പണമില്ലാതെ നഗരത്തിലെത്തുന്ന ആർക്കും ആരുടെ മുന്നിലും കൈ നീട്ടാതെ, അഭിമാനം പണയംവയ്ക്കാതെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന പൊലീസ് അക്ഷയപാത്രം എന്ന പരീക്ഷണം നടത്തി നോക്കിയത്. ഭക്ഷണത്തിനുവേണ്ടി മോഷണം നടത്തിയതിന് ആൾക്കൂട്ടം വിചാരണ നടത്തി തല്ലിക്കൊന്ന ആദിവാസി മധുവിനെ പോലുള്ളവർ ഇനിയും ‌ കേരളത്തിൽ ഉണ്ടാകാതിരിക്കാനുള്ള എളിയ ശ്രമം.

കുറ്റകൃത്യങ്ങളുടെ ഓർമകൾ തിരിച്ചുകൊണ്ടുവരികയും അവയോട് കുറ്റവാളികൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് മനശ്ശാസ്ത്രപരമായ ചോദ്യം ചെയ്യലിൽ വളരെ പ്രധാനപ്പെട്ടതാണ്. ഷേക്‌സ്‌പിയർ നാടകമായ ഹാംലറ്റിലാണ് ഈ പരീക്ഷണം ആദ്യമായി കാണുന്നത്. അച്ഛന്റെ മരണം കൊലപാതകമാണെന്നും അതിനു പിന്നിൽ അമ്മയുടെ കാമുകനായ ക്ലോഡിയസ് ആണെന്നും രാജകുമാരനായ ഹാംലറ്റ് സംശയിക്കുന്നു. ഉറക്കത്തിൽ ചെവിയിൽ വിഷദ്രാവകം ഒഴിച്ചിട്ടാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇതേ തരത്തിലുള്ള ഒരു രംഗം ഉൾക്കൊള്ളുന്ന ഒരു നാടകം എഴുതി കൊട്ടാരത്തിൽ പ്രദർശിപ്പിക്കുന്നു ഹാംലറ്റ്. സ്റ്റേജിൽ ചെവിയിൽ വിഷദ്രാവകം ഒഴിക്കുന്ന രംഗം കാണുമ്പോൾ ക്ലോഡിയസ് ഭ്രാന്തനെപ്പോലെ പുറത്തോട്ട് പോകുന്നു. ആ ഭാവപ്പകർച്ച ഹാംലറ്റ് ശ്രദ്ധിക്കുന്നു. കുറ്റകൃത്യങ്ങളുടെ സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് ശക്തമായ ഓർമകൾ തിരിച്ചുകൊണ്ടുവരുന്നതിലൂടെയാണ് നിരവധി കേസുകളിൽ കുറ്റവാളികൾ മനസ്സു തുറന്നത്.

വിശ്വസാഹിത്യത്തിലെ ഒട്ടേറെ മഹദ്കൃതികളുടെ പ്രമേയം കുറ്റകൃത്യങ്ങളാണ്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച എഴുത്ത് ഉൽകൃഷ്ട സാഹിത്യമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കഥാകൃത്ത് അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചില കുറ്റാന്വേഷണ നോവലുകളിൽപോലും അതിലെ സസ്‌പെൻസ് എലമെന്റ് മാറ്റിനിർത്തിയാൽപോലും കാലത്തിന്റെ മുദ്രകുത്തിയ ഒരു കഥ അവശേഷിക്കുന്നുണ്ടാവും. കുറ്റാന്വേഷണ നോവലുകളുടെ സാധാരണ പരിമിതികൾക്ക് അപ്പുറത്ത് ആർതർ കോനൻ ഡോയൽന്റേയും മറ്റും കഥകൾ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ ഘടകമാണ്. മനുഷ്യന്റെ ഉള്ളിൽ അവനറിയാതെ ഉറങ്ങിക്കിടക്കുന്ന ഏതോ മൃഗതൃഷ്‌ണ ഉണ്ടാവും. അതിനെ തൃപ്‌തിപ്പെടുത്താനാകാം കുറ്റാന്വേഷണത്തെ സംബന്ധിച്ച കൃതികൾ വലിയ രീതിയിൽ വായിക്കപ്പെടുന്നത്.

Crime story, P P Sadanandan
ബോബന്റെ മോളി ഇതാ ഇവിടെയുണ്ട്

സാഹിത്യനിരൂപണത്തിന്റെ ഏതു മാനദണ്ഡങ്ങൾവെച്ച് അളന്നാലും അവ ഉൽക്കൃഷ്ടമായ കൃതികൾ തന്നെയാണ്. കഥയുടെ ക്രാഫ്‌റ്റ്, ഭാഷ, ആഖ്യാനം ഇവയെല്ലാം മികച്ചതായതുകൊണ്ടാണ് കാലത്തെ അതിജീവിച്ച ഇത്തരം കുറ്റാന്വേഷണ കഥകൾ ഇപ്പോഴും വായിക്കപ്പെടുന്നത്.

ഇത്തരം രചനകൾ പലപ്പോഴും യഥാർത്ഥ കുറ്റാന്വേഷണത്തെ സംബന്ധിച്ച് വലിയ പഠനങ്ങൾ നടത്തിയതിനുശേഷം രചിക്കപ്പെട്ടതാണെന്ന് നാം ഇന്നറിയുന്നു. ഒരു കുറ്റാന്വേഷകൻ സ്വാഭാവിക നിരീക്ഷണത്തിൽ കണ്ടെത്തുന്ന പലതും സാധാരണ വായനക്കാർക്ക് അതിശയോക്തിപരമായി തോന്നുന്നു.

യഥാർത്ഥ കുറ്റാന്വേഷണ വഴികളിൽ ഇത്തരം ധാരാളം സംഭവങ്ങൾ ഓർത്തെടുക്കാനുണ്ട്. ആ ഓർമകൾ രേഖപ്പെടുത്തേണ്ടതാണെന്ന തോന്നലാണ് ഈ എഴുത്തിനുള്ള പ്രേരണ. സാഹിത്യത്തിന്റെ വർണവ്യവസ്ഥയിൽ കുറ്റാന്വേഷണ നോവലുകൾപോലും അധഃസ്ഥിത രചനയായി കണക്കാക്കപ്പെടുന്നു.

Crime story, P P Sadanandan
ശ്രീനിവാസൻ: മലയാളി മനസ്സി​ന്റെ അന്തർധാര

സത്യം തേടുന്ന കുറ്റാന്വേഷകന്റെ യാത്ര മനുഷ്യന്റെ ആത്മാവിലേക്കുള്ള തിരച്ചിലുകൾ കൂടിയാണ്. കുറ്റാന്വേഷണം ഒരു തെളിവ് ശേഖരണയാത്ര മാത്രമല്ല. കുറ്റവും മോചനവും ആകാംക്ഷയും ദുഃഖവും എല്ലാം അടങ്ങിയ മനുഷ്യാവസ്ഥയുടെ ആഴങ്ങളിലേക്കുള്ള തീർത്ഥയാത്ര കൂടിയാണ്. ഇത് നമ്മളെക്കൊണ്ട് നമ്മളെത്തന്നെ തിരിച്ചറിയാൻ പഠിപ്പിക്കുന്നു.

സങ്കീർണമായ തെളിവുകളും വസ്തുതകളും ഇഴകീറി പരിശോധിച്ചുള്ള അന്തിമമായ വിശകലനത്തിൽ കുറ്റവാളികളുടെ അടച്ചുവെച്ച ആഗ്രഹങ്ങളും ഭയങ്ങളും ഉൽക്കണ്ഠകളും പ്രേരണകളും അസൂയകളും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. ഇരുളടഞ്ഞ ആ വഴികളിൽ അക്ഷരങ്ങളുടെ വെളിച്ചം വഴികാട്ടിയായി മാറുന്നു. ഈ ഭൂമിയിൽ ഒന്നും തെളിയിക്കപ്പെടുന്നതല്ല. എല്ലാം കണ്ടെത്തലുകളാണ്. കണ്ടുപിടിത്തങ്ങൾ ഒന്നുമില്ല.

ചില ഓർമകൾ ഇവിടെ കുറിച്ചിടാൻ ശ്രമിക്കുകയാണ്. ഡിറ്റക്‌റ്റീവ് നോവലുകളുടെ ഭ്രമാത്മകവും ചടുലവുമായ ഭാഷാശൈലി ഇവിടെ സ്വീകരിക്കാൻ കഴിയില്ല. ഇവിടെ ഭാവനയില്ല. യഥാർത്ഥമായ അനുഭവങ്ങളാണ് കുറിക്കുന്നത്. പൊലീസ് ജീവിതത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ യാത്രികന്റെ വഴിയിലേക്ക് ഓർമകളിലൂടെ ഒരു മടക്കയാത്ര. കുറ്റാന്വേഷണം സത്യാന്വേഷണമാണ്. ഇത് സത്യത്തിന്റെ സാക്ഷ്യമാണ്.

Summary

P P Sadanandan, former Crime Branch SP and one of the most respected investigating officers in Kerala, recounts his real-life experiences in cracking challenging cases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com