ശ്രീനിവാസൻ: മലയാളി മനസ്സിന്റെ അന്തർധാര
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ!!!
'നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്?" എന്ന് ചോദിക്കാത്ത മലയാളി ഉണ്ടാകില്ല. 'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന് തമാശയ്ക്കെങ്കിലും സൂചിപ്പിക്കാത്ത, 'അവസാനം പവനായി ശവമായി' എന്ന് പരസ്പരം പറഞ്ഞു ചിരിക്കാത്ത, 'താത്വികമായ അവലോകനം' നടത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയെ കളിയാക്കാത്ത മലയാളികൾ ഉണ്ടാകില്ല. പ്രീഡിഗ്രി ഇല്ലാത്ത ഇക്കാലത്ത് പോലും പ്രീഡിഗ്രി അത്ര ചെറിയ ഡിഗ്രിയല്ല എന്ന് ഓർമ്മിപ്പിക്കാത്തവർ ചുരുക്കമായിരിക്കും. കാലങ്ങൾക്കതീതമായി മലയാളി നാവിൽ തുമ്പിൽ വിളയാടുന്ന ഈ ഡയലോഗുകളുടെ ഉടമയായ ശ്രീനിവാസൻ മലയാളിക്ക് ആരാണ് ?
ഒന്നോർത്താൽ മലയാളിയുടെ മനസ്സിൽ ശ്രീനിവാസൻ നിക്ഷേപിച്ചു പോയ ഡയലോഗുകൾ നിരവധിയാണ്. ഉലക്കയുണ്ടാകുമോ? എന്ന ചോദ്യവും ഉരലുണ്ടാകുമെന്ന ഉത്തരവും താമരശ്ശേരി ചുരവും കോഫേ പോസേ നിയമവും പോളണ്ടും പവനായിയും കാലം എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ആസ്വദിക്കുക തന്നെ ചെയ്യും.
ശരാശരി മദ്ധ്യവർഗ മലയാളിയുടെ, സമൂഹിക ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ തുറന്നു പിടിച്ച കാമറ ആയിരുന്നു ശ്രീനിവാസൻ കഥകൾ. മതവും രാഷ്ട്രീയവും ജീവിതവും പ്രണയവും കുടിപ്പകയും അഴിമതിയും അസൂയയും സ്നേഹവും പക്ഷപാതവുമെല്ലാം മലയാളി ഓർക്കുന്നത് ശ്രീനിവാസൻ്റെ വാക്കുകളിലൂടെയാണ്.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളം മലയാളിക്ക് മുന്നിൽ തുറന്നു പിടിച്ച കണ്ണും കാതുമായിരുന്നു ഈ മനുഷ്യൻ. മലയാളിയുടെ നിത്യജീവിതത്തിൽ പ്രണയവും വിരഹവും കണ്ണീരും പുഞ്ചിരിയും പുച്ഛവും സ്വയം വിമർശനവും താത്വിക അവലോകനങ്ങളും ചിന്തയും മുഴങ്ങിക്കേട്ടത് ശ്രീനിവാസൻ്റെ തൂലികയിലൂടെയാണ്. എവിടെനിന്നാണ് ഈ മനുഷ്യന് ഈ ഉൾക്കാഴ്ച കിട്ടിയത്? സമൂഹത്തിനുമുന്നിൽ സ്വയം കോമാളി ചമഞ്ഞ ചാർലി ചാപ്ലിന് ഇന്ത്യൻ സിനിമയിൽ ഒരു പകരക്കാരൻ ഉണ്ടെങ്കിൽ അത് ശ്രീനിവാസനായിരിക്കും.
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ചർച്ചയായ സിനിമയായ സന്ദേശത്തിലെ ഓരോ ഡയലോഗും ഇന്നും മലയാളിക്ക് മനഃപാഠമാണ്. രാഷ്ട്രീയ സിനിമയെന്നും അരാഷ്ട്രീയ സിനിമയെന്നും ഒരു പോലെ വിശേഷിപ്പിക്കപ്പെടുന്ന സന്ദേശത്തിലൂടെയാണ് റവല്യൂഷനറി ഡെമോക്രാറ്റിക് പാർട്ടിയും വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായുള്ള മാറ്റവുമൊക്കെ മലയാളിയുടെ മനസ്സിൽ പതിഞ്ഞത്.
നമ്മളൊക്കെ ഇന്നും പഴഞ്ചൊല്ല് പോലെ ആവർത്തിക്കുന്ന പല ഡയലോഗുകളും പിറന്നത് ഈ ചലച്ചിത്രത്തിലൂടെയാണ്. ശങ്കരാടിയുടെ മികച്ച ഡയലോഗ് ഡെലിവറിയിൽ പുറത്തുവന്ന "പരിപ്പുവടയില്ലേ?" എന്ന അത്ഭുതം നിറഞ്ഞ ചോദ്യം നമ്മളെത്ര തവണ ചോദിച്ചിരിക്കുന്നു! തെരഞ്ഞെടുപ്പിൽ തോറ്റമ്പുമ്പോളുള്ള താത്വികമായ അവലോകനങ്ങളിലൂടെ പാർട്ടിയെ ന്യായീകരിക്കുന്ന കുമാരപിള്ളമാരെ നമ്മളെത്ര കണ്ടിരിക്കുന്നു.
"വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമായിരുന്നു" എന്ന ഒറ്റ ഡയലോഗിലൂടെ രാഷ്ട്രീയത്തിലെ എന്നെന്നും ചർച്ചയാകുന്ന കുതികാൽ വെട്ടും അവിശുദ്ധ കൂട്ടുകെട്ടുകളും പൊളിച്ചു കാണിക്കുന്ന ഒരു കമന്റ് മറ്റെവിടെയുണ്ട്? ഒപ്പം "അതായത് ഉത്തമാ, പാർട്ടി ക്ലാസിൽ വരാത്തത് കൊണ്ടാണ് നിനക്ക് ഇതൊന്നും മനസ്സിലാകാത്തത്" എന്ന ഹാസ്യത്തിലൂടെ സാധാരണക്കാരനായ കമ്മ്യൂണിസ്റ്റ്കാരനെ ആവിഷ്കരിക്കുന്നുമുണ്ട് ഈ മനുഷ്യൻ. ഭരിക്കുന്ന ഇടതുപക്ഷത്തിന് നേരെയുള്ള ഇത്ര കടുത്ത പരിഹാസം മറ്റെവിടെയുണ്ട്? മറുവശത്ത് 'നാരിയൽ കാ പാനി' ചോദിക്കുന്ന ഗോസായിമാരെ ചുമന്നു നടക്കുന്ന വലതുപക്ഷത്തിന് നേരെയും ശക്തമായ സാമൂഹിക വിമർശനമുയർത്തുന്നുണ്ട് സന്ദേശത്തിൽ. സമ്പൂർണ്ണ സാക്ഷരതയെ കളിയാക്കുന്ന ശ്രീനിവാസൻ, രാഷ്ട്രീയം വിവരമുള്ളവർക്കുള്ളതാണെന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈ ചിത്രത്തിൽ .
കേരളത്തിലെ ഇരുത്തം വന്ന പരമ്പരാഗത തിരക്കഥാകൃത്തുക്കൾ പലരും എഴുതാത്ത ഭൂമികയിലാണ് ശ്രീനിവാസൻ കണ്ണു വച്ചത്. കണ്ണാടി നോക്കി സ്വയം ഗോഷ്ടി കാണിക്കുന്ന, അവനവനെ നോക്കി കളിയാക്കുന്ന, സ്വന്തം അബദ്ധങ്ങളിൽ ചിരിക്കാൻ മടിക്കാത്ത, പഴത്തൊലിയിൽ ചവിട്ടി വീഴുന്ന സാധാരണക്കാരനായ മലയാളി. കാക്കിക്കുള്ളിലെ കലാഹൃദയം പോലെ, താമരശ്ശേരി ചുരത്തിലൂടെ, ചെറ്യേ സ്പാനർ എന്നിങ്ങനെയുള്ള ശ്രീനിവാസൻ പ്രയോഗങ്ങൾ ജെൻ സി തലമുറ പോലും തരാതരം എടുത്തുവീശുന്നത് കാണാം.
മധ്യവർഗ സമൂഹത്തിൻ്റെ ആശങ്കകളാണ് ശ്രീനിവാസൻ ചിത്രങ്ങളേറെയും. നാടോടിക്കാറ്റിൽ തുടങ്ങി പട്ടണപ്രദേശത്തിലൂടെ അക്കരെ അക്കരെ അക്കരെയിൽ തീരുന്ന മൂന്നു സിനിമകളിലാണ് ശ്രീനിവാസൻ ഒരു കാലഘട്ടത്തിലെ തൊഴിലില്ലായ്മയുടെ, കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ, സ്വപ്നങ്ങളും പട്ടിണിയുമായി മാറി നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നേർക്കാഴ്ച വരച്ചു വയ്ക്കുന്നത്.
എത്ര ശ്രമിച്ചാലും മറച്ചുവയ്ക്കാൻ ആകാത്ത മലയാളിയുടെ ഉള്ളിൽ കിടക്കുന്ന കള്ളത്തരവും ഫ്രോഡും രാഷ്ട്രീയ മെയ് വഴക്കവും ആർത്തിയും ഒപ്പം ജീവിത പ്രാരാബ്ധങ്ങളിൽ പോലും നല്ല നാളെ സ്വപ്നം കാണുന്ന മനുഷ്യമനസ്സുമാണ് ഈ ചിത്രങ്ങളിലൊക്കെ. വിശപ്പിനു മുന്നിൽ മാറി നിൽക്കുന്ന ആത്മാഭിമാനം വരച്ചു കാണിക്കുന്നത്, ഇവിടെയിരുന്ന പിണ്ണാക്ക് എന്ത് ചെയ്തു എന്ന് ഒരു ലളിതമായ ചോദ്യത്തിലൂടെയാണ്. ഞാൻ അതെടുത്തു തിന്നു എന്ന് മറുപടിക്ക് അനുബന്ധമായി ചോദ്യകർത്താവിന്റെ ആത്മഗതം ഉണ്ട്, അതാണ് ഞാനത് നോക്കിയപ്പോൾ കാണാത്തതെന്ന്. വിശപ്പിന്റെ സത്യസന്ധത ഇത്ര പരുഷമായും നഗ്നമായും നർമ്മത്തോടെയും നിർമ്മമതയോടെയും മലയാളത്തിൽ മറ്റാരെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോ എന്നറിയില്ല.
കപട ആദർശവും കാശിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യരെയും ഉള്ളിൽ കിടക്കുന്ന ആത്മതൃഷ്ണകൾ പുറത്തുചാടുന്ന അപൂർവ്വം അവസരങ്ങളെയും കൊണ്ട് സമ്പന്നമാണ് ഈ ചലച്ചിത്രങ്ങൾ. നടനാകാൻ മോഹിച്ച നടനാകാൻ വേണ്ടി മാത്രം എഴുതി തുടങ്ങിയ സിനിമയിൽ പിടിച്ചുനിൽക്കാനായി എഴുതിയ തിരക്കഥകൾ സ്വന്തം തലകുറി മാറ്റി വരച്ച ഒരു പ്രതിഭാശാലിയുടെ ജീവിതത്തിൻ്റെ വേറിട്ട കാഴ്ച ഈ സിനിമകളിൽ കാണാം. "പാലിൽ വെള്ളം ചേർക്കാനോ; ഞങ്ങൾ അത്തരക്കാരല്ല" എന്നു പറയുന്ന അതേ ദാസനും വിജയനുമാണ് "കുറച്ചു വെള്ളം ചേർക്കാം; അതുകൊണ്ട് കുഴപ്പമില്ല' എന്ന് ഒടുവിൽ സ്വയം സമാധാനിക്കുന്നത്.
വഴിമാറി നടന്ന ശ്രീനിവാസൻ
എംടിയും ലോഹിതദാസും ടി ദാമോദരനും ഒക്കെ നിറഞ്ഞുനിന്ന കാലഘട്ടത്തിൽ മലയാളത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താനും അത് തന്റേതു മാത്രമായി നിലനിർത്താനും, മറ്റാരെക്കാളും ഒരുപടി ഉയരത്തിൽ നിന്ന് മലയാളിയുടെ മനസ്സിൽ നർമം വിതറാനും ശ്രീനിവാസിന് കഴിഞ്ഞത് ഒറ്റ കാരണം കൊണ്ട് മാത്രമാണ്. "ഇടയ്ക്കൊക്കെ ഒന്ന് ചിരിക്കണം അല്ലെങ്കിൽ ആ സിദ്ധി മാഞ്ഞുപോകും" എന്ന് എഴുതിയത് എംടി യാണെങ്കിലും അത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയത് ശ്രീനിവാസനാണ്. ഒരു മാറ്റം മാത്രം. ഇടയ്ക്കൊക്കെയല്ല, എപ്പോഴും ചിരിക്കുന്ന, സ്വയം വിമർശിക്കാൻ മടിയില്ലാത്ത കണ്ണാടിയിൽ നോക്കി ഗോഷ്ടി കാണിക്കുന്ന, അവനവനെ നോക്കി കൈകൊട്ടി കളിയാക്കുന്ന കഥാപാത്രമായിരുന്നു എക്കാലവും ശ്രീനിവാസന്റെ നായകൻ.
ഇംഗ്ലീഷ് സംസ്കാരത്തിന്റെ ഏച്ചുകെട്ടലുകളിൽ പെട്ടുപോയ മലയാളിയാണ് 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിലെ മുഖ്യ കഥാപാത്രം. മാധവൻ എന്ന പേര് എം എ ധവാൻ എന്നാക്കി മാറ്റിയ, ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടൺ ഡിസി ടു മിയാമി ബീച്ച് എന്ന് ചോദിക്കുന്ന, താമസിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് അമേരിക്കൻ ജംഗ്ഷനിൽ എന്നു പറയുന്ന, ജംഗ്ഷൻ ഇല്ലാത്ത നാടുണ്ടോ പരിഹസിക്കുന്ന ശരാശരി മലയാളി.
ഒരിടത്ത് തൊഴിലില്ലായ്മയുടെ രൂക്ഷത എങ്ങനെ ഒരു കാലഘട്ടത്തിലെ മലയാളി യുവതയെ വരിഞ്ഞുകെട്ടി എന്നു കാണിക്കുന്ന അതേ ശ്രീനിവാസൻ തന്നെ പണിയെടുക്കാൻ മടിയുള്ള മലയാളിയുടെ മറ്റൊരു മുഖവും വരച്ചുകാട്ടുന്നുണ്ട്. ചിന്താവിഷ്ടയായ ശ്യാമള പോലെയുള്ള സിനിമകളിൽ ജോലിയിൽ നിന്ന് മാറിനിൽക്കാൻ ഏതു വഴിയും തേടുന്ന കപട ഭക്തിയിൽ സ്വയം സമർപ്പിക്കുന്ന അതിന്റെ പേരിൽ പണിയെടുക്കാതിരിക്കുന്ന ആരംഭശൂരത്വം മാത്രം കൈമുതലായ നാടൻ മനുഷ്യനാണ് മുഖ്യ കഥാപാത്രം. ഒരുപക്ഷേ പല സ്ത്രീപക്ഷ സിനിമകൾക്കും കഴിയുന്നതിനേക്കാൾ നന്നായി സ്ത്രീപക്ഷത്തു നിന്ന് മലയാളിയെ നോക്കി കണ്ട ചില ചിത്രങ്ങളും ശ്രീനിവാസന്റേതായുണ്ട്. ശ്യാമള എന്ന കഥാപാത്രത്തിലൂടെ ശ്രീനിവാസൻ മുന്നോട്ടുവച്ച നായിക മലയാളി അന്നോളം കണ്ടു പരിചയിച്ച യാഥാസ്ഥിതിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായിരുന്നു.
ഗൾഫ് സ്വപ്നങ്ങൾ പൂത്തുനിന്ന ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പുത്തൻ പണക്കാരെ മാത്രം കണ്ടിട്ടുള്ള മലയാളിയുടെ മുന്നിലേക്ക് ശ്രീനിവാസൻ വലിച്ചെറിഞ്ഞ ബോംബ് ആയിരുന്നു വരവേൽപ്പ്. നിറയെ സ്വപ്നങ്ങളുമായി മടങ്ങിയെത്തി നാട്ടിൽ വ്യവസായം തുടങ്ങുന്ന ഗൾഫ് മലയാളി. എങ്ങനെ തൊഴിലാളി സംഘടനകളുടെ തൊഴിലാളി രാഷ്ട്രീയത്തിന്റെ അനഭിമത പ്രവണതകളിൽപ്പെട്ട വ്യവസായം തന്നെ ഉപേക്ഷിച്ചു പോകുന്ന കഥ നമുക്ക് കാണിച്ചുതന്നത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമാണ്.
വെള്ളാനകളുടെ നാട്ടിലെ എന്തുചെയ്തും പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുന്ന കോൺട്രാക്ടറും കുളിമുറിയിൽ ഒളിച്ചു നോക്കുന്ന പണിക്കാരനും മുൻകാല കാമുകിയെ കൈക്കൂലി കേസിൽ പെടുത്തുന്ന ചെറുപ്പക്കാരനും നമുക്ക് കാണിച്ചുതന്നത് നമ്മുടെയുള്ളിലെ ദുരയും ആർത്തിയും അസൂയയും നിസ്സഹായതയും എല്ലാം എങ്ങനെ പുറത്തുവരുന്നു എന്നാണ്.
ഒരു മനശ്ശാസ്ത്രജ്ഞന് മാത്രം കഴിയുന്ന കയ്യടക്കത്തോടെ, മലയാളി മനസ്സിനെ കീറിമുറിച്ച് പരിശോധിച്ച്, അതിൻറെ ഇഴയെടുപ്പം ചികഞ്ഞ് അതിന്റെ ആഴങ്ങളിൽ ഊളിയിട്ട ഒരു തിരക്കഥാകൃത്ത് കൂടിയാണ് ശ്രീനിവാസൻ. വടക്കുനോക്കിയന്ത്രത്തിലും പൊന്മുട്ടയിടുന്ന താറാവിലും ശ്രീനിവാസൻ കാട്ടിത്തന്ന ലോകം അത്രയേറെ വിഭിന്നമാണ്. ശരാശരി മലയാളിയുടെ മനസ്സിലെ അപകർഷകതാബോധം, ഊറി കൂടുന്ന അസൂയ ഒക്കെ ഇവിടെയുണ്ട്.
സ്വയം വിമർശിക്കുമ്പോഴും ചുറ്റുമുള്ള താൻ ഉൾപ്പെടുന്ന സിനിമാ സമൂഹത്തിന് നേരെയും ഒരു കണ്ണാടി പിടിച്ചിട്ടുണ്ട് ശ്രീനിവാസൻ. ഉദയനാണ് താരം എന്ന് ചിത്രത്തിൽ ശ്രീനിവാസൻ ആത്മസുഹൃത്ത് കൂടിയായ സൂപ്പർസ്റ്റാറിനെ എങ്ങനെ പൊളിച്ചടുക്കുന്നു എന്നു കാണുക. നമുക്കുചുറ്റും കാണുന്ന കഥാപാത്രങ്ങളെ ആകെക്കൂടെ കോരിയെടുത്ത് ഒരു ക്യാൻവാസിൽ ആക്കി തന്റേതു മാത്രമായ ഒരു കാലിഡോസ്കോപ്പിലൂടെ മലയാളിക്ക് കാട്ടിത്തരുന്ന ശ്രീനിവാസൻ.
രാഷ്ട്രീയ ബോധമില്ലാത്ത മണ്ഡലം പ്രസിഡൻഡും കൂളിങ് ഗ്ലാസുകൾ മാറ്റിവെച്ച് അമ്മാനമാടുന്ന നായകനും നിഷ്കളങ്കതയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഒക്കെ ശ്രീനിവാസൻ കഥാപാത്രങ്ങളിൽ ഉണ്ട്. പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ നായകന്മാരാണ് ശ്രീനിവാസൻ സിനിമകളിൽ ഒക്കെയും.
ഇത്ര സുന്ദരമായ രാഷ്ട്രീയവിമർശനങ്ങൾ മറ്റെവിടെയാണ് കാണാനാവുക? കമ്മ്യൂണിസ്റ്റ് വിരുദ്ധത നിറഞ്ഞുനിൽക്കുന്നു പ്രത്യക്ഷത്തിൽ തോന്നുമ്പോൾ തന്നെ നിലനിൽക്കുന്ന സമൂഹത്തെയും വ്യവസ്ഥിതിയെയും ചുറ്റുപാടുകളെയും ചോദ്യം ചെയ്യാൻ മടിക്കാത്ത തിരക്കഥാകൃത്ത്. സ്വന്തം മനസ്സിൻറെ വിഹ്വലതകളെയും ദൗർബല്യങ്ങളെയും വരച്ചുകാട്ടാൻ മടിക്കാത്ത കഥാകാരൻ. നിലനിൽക്കുന്ന ദൈവസങ്കൽപ്പങ്ങളെയും രാഷ്ട്രീയ ബോധത്തെയും നായകന്മാരെയും ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം.
ശ്രീനിവാസൻ ഒരു ഓർമ്മയായി കഴിഞ്ഞു പക്ഷേ പറഞ്ഞുതന്ന കഥകൾ, ചിരിപ്പിച്ച ഡയലോഗുകൾ, ചിന്തിപ്പിച്ച വാക്കുകൾ മലയാളിയുടെ മനസ്സിൽനിന്ന് മായുന്നതേയില്ല. ശ്രീനിവാസൻ എന്നത് മലയാളിയുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ഒരാളാണ്. സിനിമയിലെ അരനൂറ്റാണ്ട് കൊണ്ട് മലയാളി ഓർക്കുന്ന ഒരു പിടി സംഭാഷണങ്ങൾ സമ്മാനിച്ചാണ് ശ്രീനിവാസൻ വിടവാങ്ങുന്നത്.
അദ്ദേഹമെഴുതിയ സംഭാഷണങ്ങളിലെ ഏതെങ്കിലുമൊന്ന് ഓർമ്മിക്കാതെ, തമാശയ്ക്കെങ്കിലും പറയാതെ പോകുന്ന ദിവസം മലയാളിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് വായിക്കുമ്പോൾ അത്ര കാറ്റ് ആവശ്യമില്ല എന്ന മറുപടി വായനക്കാരുടെ മനസ്സിൽ വരുമെന്നറിയാം. അവിടെയാണ് മലയാളിയുടെ മനസ്സും ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനും തമ്മിലുള്ള അന്തർധാര.
Champion of social satire, political critic and creator of unadulterated humour, Sreenivasan mirrored the Kerala society through his scripts. Exposing the Malayali's innate farcial hypocrisy and inbuilt contempt for anything and everything around him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

