communist parties,minorities
communist parties and minoritiesSamakalika malayalam

ന്യൂനപക്ഷത്തോട്, ബുദ്ധിശൂന്യമായ നിലപാട് സ്വീകരിക്കരിക്കാതിരിക്കുക എന്നതാണ് ഇടതുപക്ഷത്തി​ന്റെ കടമ

അരക്ഷിതത്വത്തിന്റെ സഹജ പരിണിതിയായ പാരനോയക്ക് അവസ്ഥയിൽ നിൽക്കുന്ന മനുഷ്യരിൽ സംശയം ജനിപ്പിക്കുന്ന ബുദ്ധിശൂന്യമായ നിലപാടുകൾ സ്വീകരിക്കാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്താൻ ഇടതുപക്ഷം രാഷ്ട്രീയമായി ബാധ്യസ്ഥമാണ്
Published on

സംശയം ഒന്നുമില്ല അതി വൈകാരികമാണ് ന്യൂനപക്ഷ രാഷ്ട്രീയം. പൊതുവേ ഇന്ത്യയിലെ മുസ്ലിങ്ങളുടെയും വിശിഷ്യാ കേരളത്തിലെ മുസ്ലിങ്ങളുടെയും വൈകാരികമായ രാഷ്ട്രീയ സമീപനങ്ങൾ കണ്ടുകൊണ്ട് പറയുകയാണ് എന്ന് ധരിക്കരുത്. പാക്കിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷം ഇതിനപ്പുറം വൈകാരികമായാണ് അവിടെ രാഷ്ട്രീയത്തെ സമീപിക്കുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വ്യക്തിപരമായി സമീപിച്ചാൽ, ഏതെങ്കിലും ഒരു സ്ഥലത്ത് എന്തിന്റെയെങ്കിലും പേരിൽ ന്യൂനപക്ഷമായി പോവുകയും അതി​ന്റെ പേരിൽ ഭീഷണി നേരിടുകയും ചെയ്യുന്ന അവസ്ഥ സ്വജീവിതത്തിൽ അനുഭവിക്കുമ്പോൾ മാത്രമാണ് ഫാഷിസ്റ്റിക് ആയ ഭരണകൂടസംവിധാനങ്ങൾക്ക് കീഴിൽ ന്യൂനപക്ഷം ആയിരിക്കുന്നതിന്റെ ഭീകരത ബോധ്യപ്പെടുകയുള്ളൂ.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും വർഗ്ഗ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സമീപിക്കുന്നവരാണെങ്കിലും ലോകത്ത് എല്ലായിടത്തും അരക്ഷിത ന്യൂനപക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാഭാവിക സഖ്യകക്ഷിയാണ് . നാസി ഭീകരതയുടെ കാലത്തെ ജർമ്മനിയിൽ ആണെങ്കിലും ഹിന്ദുത്വ ഭീകരതയുടെ കാലത്ത് ഇന്ത്യയിൽ ആണെങ്കിലും ഇസ്ലാമിക ഭീകരതയുടെ കാലത്ത് ബംഗ്ലാദേശിൽ ആണെങ്കിലും അത് അങ്ങനെ തന്നെയാണ് . അതായത് അരക്ഷിത ന്യൂനപക്ഷത്തെ ചേർത്ത് പിടിക്കുന്നത് തന്നെയാണ് ചെങ്കൊടിയുടെ രാഷ്ട്രീയം.

communist parties,minorities
ക്യാറ്റ് ക്ലോ : മഞ്ഞപ്പൂക്കളിൽ വിടരുന്ന അപകടം

ഐക്യ കേരളം രൂപം കൊണ്ടതിനു ശേഷം കേരളത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഎമ്മും സ്വീകരിച്ചുവന്നത് ആ സമീപനമാണ് . മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൻറെ രാഷ്ട്രീയ ഭൂമികയിൽ നിന്നും ഏതാണ്ട് അപരവൽക്കരിക്കപ്പെട്ടിരുന്ന മുസ്ലിം സമുദായത്തെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആയിരുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. 67ൽ മുസ്ലിം ലീഗുമായി രാഷ്ട്രീയ സഖ്യം ഉണ്ടാവുകയും ലീഗ് പ്രതിനിധികൾക്ക് മന്ത്രിമാരാകാൻ അവസരം ലഭിക്കുകയും ചെയ്തത് ഈ അർത്ഥത്തിൽ വേണം സമീപിക്കാൻ.

മുസ്ലിം സമുദായത്തിലെ തൊഴിലാളികളെയും പാവപ്പെട്ടവരെയും വർഗ്ഗപരമായി സംഘടിപ്പിച്ച് ജനകീയ അടിത്തറ വർദ്ധിപ്പിക്കുന്നതിന് പകരം ലീഗുമായി രാഷ്ട്രീയ സഖ്യം സ്ഥാപിച്ചത് തെറ്റാണെന്ന് വാദിച്ചവർ അന്നും ഉണ്ടായിരുന്നു. 67ലെ ലീഗ് സഖ്യം സിപിഎമ്മിന്റെ ഒരു വിഭാഗം വോട്ടർമാരിലും അനുഭാവികളിലും അസംതൃപ്തി ഉണ്ടാക്കിയിരുന്നു എന്നത് വസ്തുതയാണ്. അന്നത്തെ ഐക്യമുന്നണി സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാർട്ടി വിട്ട ആളാണ് പിന്നീട് ബിജെപിയുടെ സംസ്ഥാന പ്രസിഡൻറായി മാറിയ സി കെ പത്മനാഭൻ . കാവുമ്പായി സമര നായകനായിരുന്ന അനന്തൻ നമ്പ്യാരുടെ മകനാണ് സി കെ പത്മനാഭൻ .

അതായത്, അന്നുമുതൽ ഇടതുപക്ഷം മുസ്ലിം പ്രീണനം നടത്തുന്നു എന്ന ഒരു വികാരം സമൂഹത്തിൽ പ്രബലമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയത്തിനോട് യോജിക്കാത്ത പൊതു വികാരങ്ങളെ പാർട്ടി ഒരു കാലത്തും കണക്കിലെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ കൊഴിഞ്ഞുപോക്കിനെയും നഷ്ടങ്ങളെയും അവഗണിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു പോയിട്ടുള്ളത് എന്നത് ചരിത്രമാണ്.

communist parties,minorities
സി പി എമ്മി​ന്റെയും മുസ്ലിം ലീ​ഗ​ന്റെയും "കുട്ടി", കോൺ​ഗ്രസി​ന്റെയും ജനസംഘത്തി​ന്റെയും "കുട്ടിപാകിസ്ഥാൻ", മലപ്പുറം ജില്ലയുടെ കഥ ഇതാണ്

അവിടെയും അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പാടുണ്ടോ ? അങ്ങനെ ചെയ്തിട്ടുണ്ടോ ? ഇല്ലെന്ന് തന്നെ ഏതാണ്ട് ഉറപ്പിച്ചു പറയാം.

1985 ൽ ഷാബാനു ബീഗം കേസിൽ സുപ്രീം കോടതി വിധി വന്നപ്പോൾ മുസ്ലിം സമുദായത്തിനുള്ളിലെ പുരോഗമനവാദികൾ മത യാഥാസ്ഥിത്വത്തി നെതിരെ നിലപാട് സ്വീകരിച്ചു. സിപിഎം ആ നിലപാടിനെ പിന്തുണച്ചു. അരക്ഷിത ന്യൂനപക്ഷത്തെ ചേർത്തുപിടിക്കുക എന്നാൽ, മത യാഥാസ്ഥികത്വത്തിന്റെ സങ്കുചിത താൽപ്പര്യങ്ങൾക്ക് വഴങ്ങി കൊടുക്കുകയല്ല എന്ന നിലപാട് തെളിയിച്ച സന്ദർഭമായിരുന്നു അത് .

അന്ന് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന വമ്പൻ റാലിയിൽ പങ്കെടുത്തു കൊണ്ട് ഇർഫാൻ ഹബീബ് ഈ പ്രശ്നം മുന്നോട്ടുവച്ചു. ആ യോഗത്തിൽ പങ്കെടുത്ത ഇഎംഎസ് അത് ഏറ്റുപിടിച്ചു. പിന്നീട് അത് ശരിയത്ത് വിവാദമായി കേരളത്തിൽ കത്തിപ്പടർന്നു.

communist parties,minorities
ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമോഫോബിയ രാഷ്ട്രീയം എവിടെച്ചെന്നു നിൽക്കും?

മുസ്ലിം യാഥാസ്ഥികത്വം പാർട്ടിക്കെതിരെ തിരിഞ്ഞു, ഘടകകക്ഷിയായിരുന്ന അഖിലേന്ത്യ മുസ്ലിം ലീഗ് മുന്നണി വിട്ടുപോയി. പാർട്ടി വഴങ്ങിയില്ല.

അവിടെ കോൺഗ്രസ് എന്താണ് ചെയ്തത് മത യാഥാസ്ഥിത്വത്തിന് വഴങ്ങിക്കൊടുത്തുകൊണ്ട് അതിനെ ബാലൻസ് ചെയ്യാൻ ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു.അന്ന് സിപിഎം എടുത്ത നിലപാട് ഭൂരിപക്ഷപ്രീണനമാണെന്ന് ആക്ഷേപിക്കുകയായിരുന്നു കോൺഗ്രസ് ചെയ്തത്.

ഈ കാലഘട്ടത്തിൽ കേരളത്തിൽ എന്തായിരുന്നു സംഭവിച്ചു കൊണ്ടിരുന്നത് എന്ന് കൂടി കാണേണ്ടതുണ്ട്. അക്കാലത്ത് കേരളത്തിൽ ആ‍ർ എസ് എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവുമായി തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു സി പി എം. "ഭഗവാൻ കാലമാറുന്നു" എന്ന നാടകം കെ പി എ സി കളിക്കാൻ ശ്രമിക്കുന്ന കാലവും. ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കാണുന്നവ‍ർ ഇക്കാര്യങ്ങൾ കൂടി മറക്കാതിരിക്കേണ്ടതുണ്ട്. കോൺഗ്രസുകാർക്ക് ഉത്തരവാദിത്വരഹിതമായി.മാത്രമേ സാമൂഹിക പ്രതിഭാസങ്ങളോട് പ്രതികരിക്കാൻ കഴിയൂ എന്ന് തെളിയിച്ച സന്ദർഭം കൂടിയായിരുന്നു അത്.

communist parties,minorities
Archives | ഒരുപാടു പേര്‍ വന്നു, പക്ഷേ അയാള്‍ മാത്രമായിരുന്നു അങ്ങനെ

മുസ്ലിം സമുദായത്തിന്റെ അവശതകൾ പരിഹരിക്കുന്നതിനായി നിലകൊള്ളേണ്ടുന്ന ലീഗ്'അപ്പോഴേക്കും കച്ചവട വിലപേശൽ പാർട്ടിയായി പരിണമിച്ചിരുന്നു .കേരളം ആര് ഭരിക്കണമെന്ന് പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് സീതി ഹാജി പ്രഖ്യാപിച്ച കാലം. അന്ന് ലീഗിന് വഴങ്ങി കൊടുത്താൽ ഏതാണ്ട് 120 സീറ്റ് നേടി അധികാരത്തിൽ വരാൻ കഴിയുമായിരുന്ന സാഹചര്യമായിരുന്നിട്ടു പോലും കേരളത്തെ വർഗീയവൽക്കരിക്കാൻ ഇടയാക്കുന്ന മതസാമുദായിക രാഷ്ട്രീയ പാർട്ടികളുമായി സഖ്യം വേണ്ട എന്ന് തന്നെ സി പി എമ്മും എൽ ഡി എഫും തീരുമാനിച്ചു.

അരക്ഷിത ന്യൂനപക്ഷത്തെ ചേർത്തുപിടിക്കുക എന്നാൽ സമുദായ പാർട്ടികളുടെ കച്ചവട താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കലോ മത യാഥാസ്ഥിതികത്വത്തിന് കീഴടങ്ങലോ അല്ല എന്ന് ആ തീരുമാനത്തിലൂടെ തെളിയിക്കുകയായിരുന്നു. പിന്നീട് ബാബരി മസ്ജിദ് തകർക്കപ്പെടുകയും ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുകയും ചെയ്തതോടെ രാജ്യത്തി​ന്റെ സാമൂഹിക അന്തരീക്ഷവും വർഗ്ഗ ബന്ധങ്ങളും മാറി.

അവിടെ ബാബരി മസ്ജിദ് തകർക്കാൻ കൂട്ടുനിന്ന കോൺഗ്രസിനെതിരെ നിലപാട് സ്വീകരിക്കുന്ന മുസ്ലിം സംഘടനകളോട് പാർട്ടി അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചു. അപ്പോഴും മുസ്ലിം ലീഗുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ട എന്ന തീരുമാനത്തിൽ മാറ്റം വന്നില്ല. ലീഗ് യുഡിഎഫ് വിട്ട് പുറത്തു വന്നിട്ട് പോലും തെരഞ്ഞെടുപ്പ് സഖ്യം വേണ്ട എന്ന് തന്നെ സിപിഎം തീരുമാനിച്ചത് ഇവിടെ പ്രസക്തമാണ്.

communist parties,minorities
ഇന്‍ഡിഗോയും കോണ്‍ഗ്രസും ഒരേ വഴിയിലോ?

ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾ കൂടുതൽ അരക്ഷിതാരാണ്. ഒരു ഉദാഹരണം പറയാം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഓഫീസിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒന്നുരണ്ടു മുതിർന്ന പൗരന്മാർ വന്നു . അവരുടെ ജനന സർട്ടിഫിക്കറ്റ് കിട്ടാൻ വകുപ്പുണ്ടോ എന്നറിയാനാണ് വന്നത്.

ജനന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പൗരത്വം നഷ്ടപ്പെടും എന്ന് ആരോ വാട്ട്സാപ്പിൽ സന്ദേശം അയച്ചിരിക്കുന്നു. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും വിധം മുസ്ലിം വിഭാഗത്തിൽപ്പെട്ട മനുഷ്യർ അരക്ഷിതരാണ് എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പോലും വിരൽ ചൂണ്ടുന്നത്.

ഈ അരക്ഷിത ന്യൂനപക്ഷത്തിന്റെ ആശങ്കകളെ അഭിസംബോധന ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ബാധ്യസ്ഥരാണ്. സമ്മാനം വാങ്ങാൻ സ്റ്റേജിൽ എത്തിയ ഒരു കൊച്ചു പെൺകുട്ടിയോട് ഇറങ്ങിപ്പോകാൻ പറയുന്ന മത യാഥാസ്ഥിതികത്വത്തെ തുറന്നു കാട്ടിക്കൊണ്ടും സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ആർഎസ്എസ്സുമായി പോലും സന്ധി ചെയ്യാൻ മടിക്കാത്ത മതരാഷ്ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ എതിർത്തുകൊണ്ടും , ലീഗി​ന്റെ കച്ചവട വിലപേശൽ രാഷ്ട്രീയത്തെ തുറന്നുകാട്ടിക്കൊണ്ടും എങ്ങനെ അരക്ഷിത ന്യൂനപക്ഷവുമായി ഐക്യപ്പെടാൻ കഴിയും എന്നതാണ് ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

communist parties,minorities
കമ്മ്യൂണിസ്റ്റുകാരൻ തറക്കല്ലിട്ട മുസ്ലിം പള്ളി, പുലാമന്തോൾ "ഇ എം എസ്" പള്ളിയുടെ ചരിത്രം ഇതാണ്

അവിടെ, മത യാഥാസ്ഥിതികത്വത്തിന്റെയും മതരാഷ്ട്ര വാദികളുടെയും പ്രചാരണ സംവിധാനങ്ങൾ ഇടതുപക്ഷത്തെ മുസ്ലിം വിരുദ്ധരും ഇസ്ലാമോഫോബിക്കുമാക്കും. ത്രിപുര - ബംഗാൾ മോഡൽ അട്ടിമറിക്ക് കാത്തുനിൽക്കുന്ന അത്യുത്തമ വേഷം കെട്ടിയ ക്രിമിനൽ സിൻഡിക്കേറ്റ് ഇടത് ഹിന്ദുത്വ ആരോപണമുന്നയിക്കും .

ഇതിനെയെല്ലാം മുറിച്ചു കടന്നു കൊണ്ട് അരക്ഷിത ന്യൂനപക്ഷത്തെ ചേർത്തു പിടിക്കാൻ കഴിയുന്ന നിലപാട് കൂടുതൽ ശക്തിയോടെ തന്നെ ഇടതുപക്ഷം സ്വീകരിക്കേണ്ടിയിരിക്കുന്നു.

അരക്ഷിതത്വത്തിന്റെ സഹജ പരിണിതിയായ പാരനോയക്ക് അവസ്ഥയിൽ നിൽക്കുന്ന മനുഷ്യരിൽ സംശയം ജനിപ്പിക്കുന്ന ബുദ്ധിശൂന്യമായ നിലപാടുകൾ സ്വീകരിക്കാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്താൻ ഇടതുപക്ഷം രാഷ്ട്രീയമായി ബാധ്യസ്ഥമാണ് .

Summary

Whether in Kerala or anywhere in the world, communist parties have a political approach of standing in solidarity with minority communities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com