

ഒരു കമ്മ്യൂണിസ്റ്റുകാരൻ മുസ്ലിം പള്ളിക്ക് തറക്കല്ലിടുക, ആ പള്ളി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുക ലോകചരിത്രത്തിൽ തന്നെ അങ്ങനെയൊരു സംഭവം ഇല്ലെന്ന് കരുതുന്നവർക്ക് ഇവിടെ മലപ്പുറത്ത് പുലാമന്തോളിൽ നിന്നൊരു തിരുത്തുണ്ട്. ഇവിടെ ഒരു പള്ളിക്ക് തറക്കില്ലട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരൻ, ആ പള്ളി അദ്ദേഹത്തിന്റെ പേരിലും അറിയപ്പെടുകയും ചെയ്യുന്നു. മലപ്പുറം ജില്ലയയിലെ പുലാമന്തോൾ ടൗൺ മസ്ജിദ്. ഇ എം എസ് പള്ളി ( EMS Palli)എന്നപേരിലും അറിയപ്പെടുന്നു.
ഇന്ന് കാണുന്ന പള്ളിക്ക് പിന്നിൽ 68 വർഷത്തെ ചരിത്രമുണ്ട്. അവിശ്വാസികളുടെ സർക്കാർ എന്ന് മുദ്രകുത്തപ്പെട്ട സർക്കാർ എങ്ങനെയാണ് വിശ്വാസികളുടെ ജനാധിപത്യപരമായ അവകാശം നിറവേറ്റിക്കൊടുത്തതെന്ന് മാത്രമല്ല, വിശ്വാസികളുടെ ഭരണകൂടങ്ങൾ നിരോധിക്കുകയും കൈയൊഴിയുകയും ചെയ്ത ഒരു അവകാശം നിറവേറ്റി കൊടുക്കുക കൂടെയായിരുന്നു അത്. അതിന് പിന്നിൽവീണ്ടും പിന്നോട്ട് പോകുന്ന ചരിത്രം കൂടെയുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന 1921 ലെ മലബാർ കലാപത്തെ തുടർന്ന് പള്ളികൾ പണിയുന്നതിനും ഉള്ളവ പുനർനിർമ്മിക്കുന്നതിനും ബ്രിട്ടീഷുകാർ നിയന്ത്രണവും നിരോധനവും കൊണ്ടുവന്നു. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷവും ഈ നിയമത്തിന് അയവോ ഇളവോ വന്നില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിൽ മുസ്‌ലിം ആരാധനാലയങ്ങൾ നിർമിക്കാൻ നിരോധമുണ്ടായിരുന്നു. ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണം. പുലാമന്തോൾ പ്രദേശത്ത് ജുമ കൂടാൻ ഒരു പള്ളിയെന്നത് ദീർഘകാല സ്വപ്‌നമായിരുന്നു. കറുത്തേതൊടി മരക്കാർഹാജിയുടെ പീടികയുടെ പിന്നിലുള്ള സ്ഥലത്തായിരുന്നു അന്ന് നമസ്‌കാരം നിർവഹിച്ചിരുന്നത്. ഇപ്പോൾ പള്ളിനിൽക്കുന്ന സ്ഥലം വാങ്ങി താൽക്കാലിക ഷെഡ് പണിതിരുന്നു. എന്നാൽ ചില ആളുകൾ ഇടപെട്ട് ഇത് തടയുകയും സർക്കാരിൽനിന്ന് അവർക്ക് അനുകൂലമായി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
സ്വതന്ത്ര്യാനന്തരവും ഇന്നത്തെ മലപ്പുറം ഉൾപ്പെടുന്ന മലബാർ, മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു. താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുസംഘം അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജിനെ കണ്ട് ബ്രിട്ടീഷ് നിയമം മാറ്റി പള്ളി പണിയാൻ അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല.1952ൽ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ നിന്നും മുസ്ലിം ലീഗിന് അഞ്ച് എംഎൽഎമാർ ഉണ്ടായിരുന്നു. ആ അഞ്ചുപേരുടെ പിന്തുണയോടു കൂടിയാണ് നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ അഞ്ച് കൊല്ലം ഭരിച്ചത്. രാജഗോപാലാചാരി എന്ന രാജാജിയും കാമരാജും മുഖ്യമന്ത്രിമാരായി. അഞ്ച് മുസ്ലീം ലിഗ് എംഎൽഎമാരുടെ പിൻതുണ കൊണ്ടുള്ള ഭരണമായിട്ടും ഈനിയമം മാറ്റിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിമുഹമ്മദ് ഷാഫി കല്ലിങ്ങൽ എന്ന ലീഗ് നേതാവായിരുന്നു പെരിന്തൽമണ്ണയിൽ നിന്ന് മദ്രാസ് നിയമസഭയിലെ ജനപ്രതിനിധി.
ഇതിനെല്ലാം ശേഷമാണ് ഐക്യ കേരളം രൂപം കൊള്ളുന്നതും ആദ്യ മന്ത്രിസഭ അധികാരമേൽക്കുന്നതും ഇ എം എസ് 1957-ൽ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ഏപ്രിൽ പത്തിന് പുലാമന്തോളിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. പെരിന്തൽമണ്ണതാലൂക്കിലെ തന്നെ ഏലംകുളമാണ് ഇ എം എസ്സിന്റെ ജന്മദേശം.
“സഖാവെ, ഞങ്ങളുടെ പ്രശ്‌നം, വിശ്വാസികൾ വർധിച്ചത് കാരണം നിലവിലുള്ള പള്ളിയിൽ നമസ്‌കാരത്തിനുള്ള സ്ഥലമില്ലാതായിരിക്കുന്നു. പള്ളികൾ പടച്ചോന്റെ ഭവനമാണല്ലോ. നിലവിലുള്ള നിയമം അത് പുതുക്കിപ്പണിയാൻ അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോൺഗ്രസ് ഗവൺമെൻറുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്നില്ല. ഞങ്ങൾ ഈ നാട്ടിൽ ജനിച്ചവർ, ഞങ്ങൾക്ക് ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ആവശ്യമായ സൗകര്യം ഒരുക്കിത്തരുവാൻ അങ്ങയുടെ ഇടപെടൽ ഉണ്ടാവണം'' വിനയപൂർവ്വം ഇ.എം.എസിന്റെ മുൻപിൽ അവതരിപ്പിച്ച ഈ നിവേദനത്തിന് ഇ.എം.എസിന്റെ മറുപടി ഇങ്ങനെയായിരുന്നു. “എനിക്ക് നാളെ അങ്ങാടിപ്പുറത്ത് നിന്നും തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്കും, അവിടെ നിന്നും എന്റെ കാറിൽ സെക്രട്ടറിയേറ്റിലേക്കും ചെന്നെത്തുവാനുള്ള സമയം ദയവ് ചെയ്ത് നിങ്ങൾ അനുവദിക്കൂ''എന്നും നിങ്ങൾ തിരുവനന്തപുരത്തേക്ക് ഒന്നു വരണമെന്നുമാണ് മരക്കാർ ഹാജിയുടെ കൈപിടിച്ച് ഇ.എം.എസ് അന്നേരം പറഞ്ഞത് എന്ന് സൗദി അറേബ്യയിലെ ദമാമിൽ ഉള്ള ഏലംകുളം സ്വദേശിയായ ഹബീബ് ഏലംകുളം മലയാളം ന്യൂസിൽ 2021 ൽ എഴുതിയ ഫീച്ചറിൽ പറയുന്നു.
ബാപ്പുട്ടി മാസ്റ്റർ, കെ.വി രാമൻ, മലവട്ടത്ത് മുഹമ്മദ്ഹാജി, എം. മായിൻഹാജി എന്നിവർ ഇ. എം. എസിന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തെത്തുകയും മണ്ണാർക്കാട് എം.എൽ.എ കൊങ്ങശ്ശേരി കൃഷ്ണൻ, പട്ടാമ്പി എം.എൽ.എ ഇ. പി. ഗോപാലൻ എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണുകയുംചെയ്തു. പള്ളി പണിയാനുള്ള പ്രത്യേക ഉത്തരവ് (സ്പെഷ്യൽ ഓർഡർ) അപ്പോൾതന്നെ ഇ.എം.എസ് കൈമാറി. 1957 ഏപ്രിൽ 24 ന് ഇ.എം.എസ് തന്നെ, തന്റെ ജന്മദേശമായ ഏലംകുളത്തിനു സമീപത്തുള്ള പുലാമന്തോളിലെ പള്ളിക്കും പുലാമന്തോൾ ഹൈസ്‌കൂളിനും തറക്കല്ലിട്ടു.എന്ന് അദ്ദേഹം എഴുതുന്നു. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ബാപ്പൂട്ടി മാസ്റ്ററിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതെഴുതിയത് എന്ന് അദ്ദേഹം ഇതിനെതിരെ വന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നുണ്ട്.
ആരാധനാലയങ്ങൾ മദ്രസകൾ എന്നിവ നിർമ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും സർക്കാർ അനുമതി വേണമെന്ന നിയമം മദ്രാസ് ഭരിച്ചിരുന്ന സർക്കാരിന്റെ ശ്രദ്ധയിൽ മുസ്ലീംലീഗ് കൊണ്ടുവന്നിരുന്നുവെന്നും എന്നാൽ അത് നടപ്പായില്ലെന്നും ഡോ. ശഫീഖ് വഴിപ്പാറ വള്ളുവനാട് 1920-2020 അതിജീവനത്തിന്റെ നൂറ് വർഷങ്ങൾ എന്ന പേരിൽ കെ എം സി സി (പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെ എം സിസി ) എന്ന മുസ്ലിംലീഗിന്റെ സംഘടന പ്രസീദ്ധീകരിച്ച പുസ്തകത്തിൽ എഴുതുന്നു.
ഈ വിഷയം കേരള സർക്കാരിന്റെ ( ഇ എം എസ് സർക്കാരിന്റെ) മുന്നിൽ ആദ്യമായി അവതരിപ്പിക്കുന്നത് സി എച്ച് മുഹമ്മദ് കോയയാണെന്ന് പ്രഥമ നിയമസഭയിൽ 1957 മെയ് ഒമ്പതിന് പ്രമേയം അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തത് എന്ന് അദ്ദേഹം നിയമസഭാ രേഖകളെ ഉദ്ധരിച്ച് പറയുന്നു.
"മദിരാശി കെട്ടിട നിർമ്മാണ ഭേദഗതി നിയമപ്രകാരം പള്ളി, മദ്രസകൾ മുതലായവളുടെ നിർമ്മാണം, പുതുക്കിപ്പണിയൽ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിൽ മലബാറിലെ ജനങ്ങളനുഭവിക്കുന്ന വിഷമതകളെ ഈ യോഗം മനസ്സിലാക്കുകയും പ്രസ്തുത നിയമം റദ്ദു ചെയ്യാൻ തീരുമാനിക്കകയും ചെയ്യുന്നു" എന്നായിരുന്നു സി എച്ച് അവതരിപ്പിച്ച പ്രമേയം
ബഹുമാനപ്പെട്ട സി എച്ച് ചൂണ്ടിക്കാണിച്ചതുപോലെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് കലക്ടറുടെ അനുവാദം വേണമെന്ന് പറയുന്നത് ശരിയല്ല. എനിക്ക് പറയാനുള്ളത് പഴയ കെട്ടിടങ്ങൾ പള്ളിയായാലും അമ്പലമായാലും മതപരമായ ഏതുസ്ഥാപനമായാലും പുതുക്കുന്നതിനുള്ള സ്വാതന്ത്ര്യം കലക്ടറുടെ അനുമതി കൂടാതെ തന്നെ നൽകുന്നതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും കെട്ടിടത്തിന് അൽപ്പം (എക്സറ്റെൻഷൻ) വികസനം ആവശ്യമുണ്ടെങ്കിൽ അതിനും നിയന്ത്രണമുണ്ട്. അതും ആവശ്യമില്ലാത്തതാണ്. ആ നിയന്ത്രണവും ഒരു ജി ഒ മൂലം ഒഴിവാക്കാൻ ഗവൺമെന്റ് ഒരുക്കമാണ് എന്ന് നിയമമന്ത്രി വി ആർ കൃഷ്ണയ്യർ പറഞ്ഞു. തുടർന്ന് സി എച്ച് പ്രമേയം പിൻവലിച്ചു. എന്ന് ഡോ. ശഫീഖ് എഴുതുന്നു.
ഇത് സംബന്ധിച്ച ഉത്തരവ് 1957 ജൂൺ ഏഴാം തീയിതി ഇറങ്ങുകയും ചെയ്തു. എന്നാൽ, പുലാമന്തോൾ പള്ളിയുടെ കാര്യത്തിൽ ഇ എം എസ് സർക്കാർ സ്പെഷ്യൽ ഓർഡർ ഇറക്കുകയായിരുന്നു. അത് ഏപ്രിൽ മാസത്തിലായിരുന്നു. അതിന് ശേഷമാണ് മെയ് മാസം സി എച്ച് പ്രമേയം കൊണ്ടുവരുന്നത്. ഇത് പ്രകാരം അന്നത്തെ മലബാറിൽ നിലനിന്നിരുന്ന ( പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ) നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നു. അതാണ് ഇവ തമ്മിലുള്ള വ്യത്യാസം.
പുലാമന്തോൾ പള്ളിയുടെ കാര്വവും സി എച്ച് കൊണ്ടുവന്ന പ്രമേയവും സംഭവങ്ങൾ രണ്ടിലെയും ആവശ്യം ഒന്നായിരുന്നു. ഒരുപക്ഷേ, പുലാമന്തോൾ പള്ളിയുടെ കാര്യം പ്രാദേശികമായി നടന്ന കാര്യം സി എച്ച് അറിഞ്ഞുകാണാനുള്ള സാധ്യതയില്ല.സി എച്ച് മലബാറിലെ പൊതുപ്രശ്നത്തെയാണ് സഭയിൽ അവതരിപ്പിച്ചത് എന്ന് പ്രമേയം വായിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. മദിരാശി സംസ്ഥാന കാലത്ത് തന്നെ ലീഗ് ഉന്നയിച്ച ആവശ്യമായതിനാൽ സി എച്ച് ആദ്യ സമ്മേളനത്തിൽ അതുകൊണ്ടുവന്നതുമാകാം. എന്നാൽ അതും പുലാമന്തോൾ പള്ളിയുടെ കാര്യവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് രാഷ്ട്രീയവിവാദം മാത്രമാകാനാകും സാധ്യത.
അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായ ഇ എം എസ്സിന് നാട്ടുകാരനെന്ന നിലയിൽ അവിടുത്തെ വിവിധ രാഷ്ട്രീയപാർട്ടിക്കാരുമായും അവർക്ക് ഇ എം എസ്സുമായും വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രാദേശികമായ ഒരു ആവശ്യം എന്ന നിലയിൽ പുലാമന്തോൾ പള്ളിയുടെ നിർമ്മാണംഎന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടാകാം. അത് നടപ്പാക്കുന്നതിന് ഇ എം എസ് ഉത്തരവും നൽകിയിട്ടുണ്ടാകാം എന്നതിനാണ് സാധ്യത. ശഫീഖ് എഴുതന്ന ലേഖനത്തിൽ സി പി എം പ്രാദേശിക നേതാവിനെ ഉദ്ധരിച്ചുകൊണ്ടും പറയുന്ന കാര്യങ്ങൾ സി എച്ച് നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ കുറിച്ച് പറയുന്നതും ചേർത്ത് വായിക്കുമ്പോൾ പ്രത്യേക ഉത്തരവിലൂടെയാണ് പുലാമന്തോൾ പള്ളി സ്ഥാപിച്ചതെന്ന വാദത്തിനാണ് പ്രാമുഖ്യം കിട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
