by election
Nilambur by election: നിലമ്പൂർ മണ്ഡലം പുനർ നിർണ്ണയത്തിന് ശേഷം മാറിയ രാഷ്ട്രീ ഭൂമിശാസ്ത്രം പ്രതീകാത്മക ചിത്രം

"നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല", 2008 ലെ മണ്ഡലപുനർനിർണ്ണയത്തിന് ശേഷം നിലമ്പൂ‍ർ മാറിയോ?

നിലമ്പൂ‍ർ മണ്ഡലത്തിന് 60 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമാണുള്ളത്. ഈ കാലയളവിൽ രണ്ട് തവണ മണ്ഡലത്തി​ന്റെ ഭൂമിശാസ്ത്രം മാറകയും ചെയ്തു. "നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല", "വിശ്വാസം അതല്ലേ എല്ലാം"; മണ്ഡലപുനഃസംഘടനയിൽ പ്രതീക്ഷയർപ്പിച്ച് എൽ ഡി എഫും ചിഹ്നചരിത്രത്തിൽ വിശ്വാസമർപ്പിച്ച് യു ഡി എഫും മുന്നോട്ട് നീങ്ങുകയാണ്.
Published on

"നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല", "വിശ്വാസം അതല്ലേ എല്ലാം" ആദ്യത്തേത് മലയാളത്തിൽ ഏറെ പ്രസിദ്ധമായ സിനിമാ ഡയലോ​ഗും രണ്ടാമത്തേത് പരസ്യവാചകവുമാണ്. ഈ രണ്ട് വാചകങ്ങളിലാണ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് (Nilambur by election) പോരാട്ടത്തിൽ നേരിട്ട് ഏറ്റുമുട്ടുന്ന രണ്ട് മുന്നണികളുടെയും കണക്കുകൂട്ടലുകൾ മുന്നോട്ട് പോകുന്നത്. പി വി അൻവറി​ന്റെ അപ്രതീക്ഷിത രാജിയെ തുടർന്ന് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീരിക്കുകയാണ് നിലമ്പൂ‍ർ മണ്ഡലം. നിലമ്പൂ‍ർ മണ്ഡലത്തിന് 60 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമാണുള്ളത്. ഈ കാലയളവിൽ രണ്ട് തവണ മണ്ഡലത്തി​ന്റെ ഭൂമിശാസ്ത്രം മാറുകയും ചെയ്തു. "നിലമ്പൂ‍ർ പഴയ നിലമ്പൂരല്ല", "വിശ്വാസം അതല്ലേ എല്ലാം"; മണ്ഡലപുനഃസംഘടനയിൽ പ്രതീക്ഷയർപ്പിച്ച് എൽ ഡി എഫും ചിഹ്നചരിത്രത്തിൽ വിശ്വാസമർപ്പിച്ച് യു ഡി എഫും മുന്നോട്ട് നീങ്ങുകയാണ്.

നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1965 ലായിരുന്നു. അന്ന് സി പി എമ്മിലെ കെ. കുഞ്ഞാലി, കോൺ​ഗ്രസിലെ ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ച് നിയസഭയിലെത്തി. മൂന്നാം സ്ഥാനത്ത് മുസ്ലിം ലീ​ഗിലെ ഹമീദലി ഷംനാട് ആയിരുന്നു. 1967 ൽ മുസ്ലിം ലീ​ഗ് ഉൾപ്പെട്ട സപ്തകക്ഷി മുന്നണി സ്ഥാനാ‍ർത്ഥിയായിരുന്ന സി പി എമ്മിലെ കെ. കുഞ്ഞാലിക്കൊപ്പമായിരുന്നു വിജയം. ആര്യാടൻ മുഹമ്മദ് ഒരിക്കൽ കൂടി തോറ്റു. കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെ തുടർന്ന് 1970 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ എം പി ​ഗം​ഗാധരൻ സി പി എമ്മിലെ അബൂബക്കറിനെ തോൽപ്പിച്ചു. ഈ മത്സരം നടക്കുമ്പോൾ കോൺ​ഗ്രസും സി പി ഐയും ലീ​ഗും ഒരു മുന്നണിയായിട്ടായിരുന്നു മത്സരിച്ചത്. അന്ന് നിലമ്പൂർ മണ്ഡലം എന്നത് ഇന്നത്തെ വണ്ടൂർ മണ്ഡലത്തി​ന്റെ ഭാ​ഗങ്ങൾ കൂടി ഉൾപ്പെട്ടതായിരുന്നു. അവിടെ മുസ്ലിം ലീ​ഗിനും കോൺ​ഗ്രസിനും സി പി എമ്മിനും വിവിധ മേഖലകളിൽ സ്വാധീനമുണ്ടായിരുന്നുവെങ്കിലും ലീ​ഗും കോൺ​ഗ്രസും ഒന്നിച്ചപ്പോൾ സി പി എമ്മിന് തോൽവിയായിരുന്നു ഫലം.

അതിന് ശേഷം 1977ൽ നിലമ്പൂ‍ർ മണ്ഡലം പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പുതിയ നിലമ്പൂർ നിയമസഭാമണ്ഡലം. ഈ പ്രദേശങ്ങളിൽ പൊതുവിൽ മുസ്ലിം ലീ​ഗിന് മുൻതൂക്കം കൂടുതലായിരുന്നു. അങ്ങനെയുള്ള ഒരു മണ്ഡലം വീണ്ടും ഇടതുപക്ഷത്തേക്ക് വരുന്നത് കോൺ​ഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്നാണ്. കോൺ​ഗ്രസ് (യു) എന്നും ആ​ന്റണി കോൺ​ഗ്രസ് എന്നും അറിയപ്പെട്ട വിഭാ​ഗം എൽ ഡി എഫിനൊപ്പം ചേർന്ന് മത്സരിച്ച 1980 ലാണ്. 1980 ൽ ചർക്ക ചിഹ്നത്തിൽ ജയിച്ച സി ഹരി​ദാസ്, ആര്യാടൻ മുഹമ്മദ് ഇ കെ നായനാ‍ർ മന്ത്രിസഭയിൽ അം​ഗമായപ്പോൾ അദ്ദേഹത്തിന് വേണ്ടി രാജിവച്ചു. ഇ കെ നായനാ‍ർ ആദ്യമായി മുഖ്യമന്ത്രിയായ ആ മന്ത്രിസഭ വീണപ്പോൾ, 1982 ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു.

1982 ആയപ്പോൾ ചിത്രം വീണ്ടും മാറി. ആര്യാടൻ കോൺ​ഗ്രസിനൊപ്പം പോയപ്പോൾ കോൺ​ഗ്രസ് നേതാവായിരുന്ന ടി കെ ഹംസ ഇടതുപക്ഷത്തേക്ക് വന്നു. സി പി എമ്മി​ന്റെ സ്വതന്ത്രനായി മത്സരിച്ച ഹംസ , ആര്യാടനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിലമ്പൂരിലെ 60 വർഷത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരന്നു അന്ന് ഹംസയ്ക്ക് കിട്ടിയത്- 1,566 വോട്ട്. 1987 ൽ സംസ്ഥാന ഭരണം ഇടതുപക്ഷത്തിന് കിട്ടിയെങ്കിലും നിലമ്പൂർ ആര്യാടൻ മുഹമ്മദിന് സ്വന്തമായി. ആ വിജയം പിന്നെ 2011ൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതു വരെ തുടർന്നു.

ആര്യാടൻ മുഹമ്മദ് വിജയത്തുടർച്ച നേടിയിരുന്നുവെങ്കിലും 2008ലെ മണ്ഡല പുനർനിർണ്ണയം വന്നപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞുവെന്നാണ് എൽ ഡി എഫ് കണക്കുകൂട്ടന്നത്. അതിന് തെളിവായി അവർ കണക്കുകളും നിരത്തുന്നു. ലീ​ഗിനും കോൺ​ഗ്രസിനും ഒരുപോലെ മുൻതൂക്കമുണ്ടായിരുന്ന ചോക്കാട്,കാളികാവ് പഞ്ചായത്തുകൾ, വണ്ടൂരിലേക്കും, ചാലിയാ‍ർ പഞ്ചായത്ത് ഏറനാട് മണ്ഡലത്തിലേക്കും മാറി. നിലവിൽ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ മണ്ഡലം. ഇവിടെ പഴയ നിലമ്പൂർ മണ്ഡലത്തിലെ സ്ഥിതിയല്ല. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകൾ ലീ​ഗിനും കോൺ​ഗ്രസിനും ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളാണ്. എടക്കര, ചുങ്കത്തറ, കരുളായി യു ഡി എഫിന് മുൻതൂക്കമുണ്ടെങ്കിലും അവിടെ എൽ ഡി എഫിനും സ്വാധീനമുണ്ട്. പോത്തുകൽ പഞ്ചായത്തും നിലമ്പൂർ ന​ഗരസഭയും എൽ ഡി എഫിന് മുൻതൂക്കമുള്ള പ്രദേശങ്ങളാണ്. അമരമമ്പലം പഞ്ചായത്ത് സി പി എമ്മിനെ സംബന്ധിച്ച് അവരുടെ കോട്ടയാണ്. കഴിഞ്ഞ തവണ അൻവറിനെ 2,700 വോട്ടിന് ജയിപ്പിച്ചത് ഈ മണ്ഡലത്തിലെ ഭൂരിപക്ഷമായിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലപുനർനിർണ്ണയത്തിന് ശേഷം നിലമ്പൂർ പഴയ നിലമ്പൂരല്ല, എന്ന് എൽ ഡി എഫി​ന്റെ പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെടുന്നു.

ഇതിന് അവർ ചില കണക്കുകൾ കൂടെ മുന്നോട്ട് വെക്കുന്നുണ്ട്, യു ഡി എഫ് കേരള ചരിത്രത്തിൽ ഏറ്റവും വലിയ വിജയം നേടി 100 സീറ്റ് സ്വന്തമാക്കിയ 2001 ൽ ആര്യാടൻ മുഹമ്മദിന് 21,080 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. 2006ൽ എൽ ഡി എഫ് തരംഗം വീശിയടിച്ചപ്പോള്‍ ആര്യാടൻ മുഹമ്മദിന് നിലമ്പൂരിൽ 18,070 വോട്ട് ഭൂരിപക്ഷം ലഭിച്ചു. അതായത് പല മണ്ഡലങ്ങളിലും കോൺഗ്രസ് വീണപ്പോഴും ഭൂരിപക്ഷത്തിന് വലിയ കുറവില്ലാതെയാണ് ആര്യാടൻ ജയിച്ചത്. മാത്രമല്ല, അന്ന് കരുണാകരൻ ​ഗ്രൂപ്പുകാരായവർ ഡി ഐ സി ആയി രൂപപ്പെടുകയും ഡി ഐ സി യു ഡി എഫ് മുന്നണിക്കെതിരെ മത്സരിച്ചും അല്ലാതെയും പ്രവർത്തിക്കുകയും ചെയ്ത സമയം കൂടെയാണ്. ഇപ്പോൾ സ്വതന്ത്രനായി മത്സരിക്കുന്ന പി വി അൻവർ ഉൾപ്പടെയുള്ളവർ മലപ്പുറം ജില്ലയിലെ ഡി ഐ സിയിലായിരുന്നു അന്ന്. ഇതിന് പുറമെ 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം 2005 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കേരളത്തിൽ എൽ ഡി എഫിനായിരുന്നു മുൻതൂക്കം. 2006ൽ ലീ​ഗിന് പോലും അടിപതറിയ തെരഞ്ഞെടുപ്പായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ലീ​ഗി​ന്റെ ഉരുക്കുകോട്ടയായ കുറ്റിപ്പുറത്ത് ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച കെ ടി ജലിലീനോട് എണ്ണായിരത്തിൽ പരം വോട്ടിന് പരാജയപ്പെട്ടു. ആ തെരഞ്ഞെടുപ്പിലാണ് ആര്യാടൻ 18,000ത്തിന് പുറത്ത് ഭൂരിപക്ഷം നേടിയത്. എന്നാൽ, 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് ജയിച്ചത് 5,498 വോട്ടുകൾക്ക് മാത്രമാണ്. ലീ​ഗും കോൺ​ഗ്രസും കേരളാ കോൺ​ഗ്രസുമൊക്കെ ഒറ്റക്കെട്ടായി മത്സരിച്ച തെരഞ്ഞെടുപ്പാണത് എന്ന് കൂടെ ഓർമ്മിക്കണം. അതായത് നിലവിൽ ലീ​ഗിനോ കോൺ​ഗ്രസിനോ നിലമ്പൂ‍ർ മണ്ഡലത്തിൽ മുൻപുണ്ടായിരുന്ന അപ്രമാദിത്വമില്ല. അത് തെളിയിക്കുന്നതായിരുന്നു 2016ലെ അൻവറി​ന്റെ വിജയം. 2021 ൽ അൻവറി​ന്റെ ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും വിജയം നേടിയതിന് ഇതൊരു പ്രധാന കാരണമാണ്. 2021 ൽ ഭൂരിപക്ഷം കുറഞ്ഞതിന് പിന്നിൽ അൻവറിനോടുള്ള വിയോജിപ്പും, എതി‍ർ സ്ഥാനാ‍ർത്ഥിയായി മത്സരിച്ച കോൺ​ഗ്രസിലെ വി വി പ്രകാശിനുള്ള ജനകീയതയും ഘടകമായിരുന്നു. മാത്രമല്ല, ബി ജെ പി സ്ഥാനാ‍ർത്ഥിക്ക് മൂവായിരത്തോളവും എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് ആയിരത്തോളവും വോട്ട് കുറഞ്ഞിരുന്നു. ഈ വോട്ടുകൾ കോൺ​ഗ്രസിനാണ് കിട്ടിയതെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ.

ഇതാണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പ്രധാനമായും അനുകൂല ഘടകമായി എൽ ഡി എഫ് കാണുന്നത്. ഇതിന് പുറമെ മലയോര ഹൈവേ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ, ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകൾ, തുടങ്ങിയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഇവ എൽ ഡി എഫിന് അനുകൂലമാകുമെന്ന് കരുതുന്നു. സ്ഥാനാർത്ഥിയായ സ്വരാജ് നാട്ടുകാരനാണ്. ഇവിടെ സ്കൂൾ,കോളജ് വിദ്യാഭ്യാസ കാലം മുതലുള്ള ബന്ധമുണ്ട്. അവർ ജയ സാധ്യതകൾ മുന്നോട്ട് വെക്കുന്നു.

മണ്ഡല പുനർ നിർണ്ണയം ഇടതുപക്ഷത്തിന് മുൻപത്തെക്കാൾ ശക്തി നൽകിയിട്ടുണ്ടെങ്കിലും പാർട്ടി ചിഹ്നത്തിൽ വിജയിക്കാനാകില്ലെന്ന് ചരിത്രത്തിൽ പിടിച്ച് കോൺ​ഗ്രസുകാർ വിശ്വസിക്കുന്നു. 1965 ലും 1967 ലും അല്ലാതെ സി പി എം ചിഹ്നത്തിൽ മത്സരിച്ച് ഈ മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടില്ല. സി പി അബൂബക്കർ, പി വി കുഞ്ഞിക്കണ്ണൻ, കെ സെയ്താലിക്കുട്ടി, ദേവദാസ് പൊറ്റക്കാട്, പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് ഇവിടെ സി പി എം ചിഹ്നത്തിൽ മത്സരിച്ചത്. എല്ലാവരും പരാജയപ്പെടുകയാണുണ്ടായത്. അതേ സമയം, ഇടതുമുന്നണി സ്ഥാനാർത്ഥികളായി 1980 ൽ ചർക്ക ചിഹ്നത്തിൽ മത്സരിച്ച സി ഹരിദാസും അതിന് ശേഷം മത്സരിച്ച ആര്യാടൻ മുഹമ്മദും ജയിച്ചു. 1982 ൽ ടി കെ ഹംസയും ഇടതുപക്ഷ സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. പിന്നീട് സി പി എം നിർത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി ജയിക്കുന്നത് പോലും 2016 ൽ പി വി അൻവറാണ്. അതുകൊണ്ടു തന്നെ ഇത്തവണ സി പി എം ചിഹ്നം ചരിത്രം തിരുത്തിക്കുറിക്കില്ല, കാരണം രാഷ്ട്രീയ സാഹചര്യങ്ങൾ അതിനെതിരാണ് - യു ഡി എഫ് പ്രാദേശിക നേതാക്കൾ അവകാശപ്പെടുന്നു.

ഈ തെരഞ്ഞെടുപ്പിൽ ഭരണകൂട വിരുദ്ധ വികാരം വലിയ തോതിൽ യു ഡി എഫിന് അനുകൂലമാകും. നിലമ്പൂരിൽ ന​ഗരസഭാ അധ്യക്ഷനെന്ന നിലയിൽ ആര്യാടൻ ഷൗക്കത്ത് നടത്തിയ പ്രവർത്തനങ്ങൾ അനുകൂലമാകും. അതിനാൽ പൊതുവിൽ സി പി എം ചിഹ്നത്തിൽ നിലമ്പൂരിൽ ജയിക്കില്ലെന്ന ചരിത്രത്തിലാണ് യു ഡി എഫി​ന്റെ വിശ്വാസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com