Cat’s Claw
Yellow Flowers, Hidden Threat: How Cat’s Claw Is Invading Kerala’s Ecosystems Samakalika malayalam

ക്യാറ്റ് ക്ലോ : മഞ്ഞപ്പൂക്കളിൽ വിടരുന്ന അപകടം

കൃത്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും മാർഗ്ഗരേഖകളുടെയും അഭാവത്തിൽ അലങ്കാരസസ്യ വിപണനത്തിലൂടെ നമ്മുടെ ആവാസവ്യവസ്ഥയിൽ എത്തിച്ചേരുന്ന ആക്രമണകാരികളായ അധിനിവേശ സസ്യങ്ങളും കേരളത്തിൽ അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതവും വിലയിരുത്തുകയാണ് ലേഖിക
Published on

വർഷങ്ങൾക്കുമുൻപ് കോട്ടയത്തേക്കുള്ള ഒരു യാത്രയിലാണ് ആദ്യമായി ക്യാറ്റ്ക്ലോ പൂവണിഞ്ഞുനിൽക്കുന്നതു കണ്ടത്. ഒരു വീടിന്റെ മതിലിനെ പൂർണമായും മറച്ചുകൊണ്ട് മൂടിക്കിടക്കുന്ന ക്യാറ്റ്ക്ലോ വസന്തം! കുലച്ചു മറിഞ്ഞു കിടക്കുന്ന മഞ്ഞനിറത്തിലുള്ള പൂങ്കുലകൾ. ഈ ഭ്രാന്തമായ വസന്തം കണ്ടു പേടിച്ചിട്ടെന്നപോലെ അവിടവിടെയായി പച്ചനിറത്തിലുള്ള ഇലകൾ പൂക്കൾക്കിടയിൽ നിന്ന് ഒളിച്ചിരുന്ന് എത്തിനോക്കുന്നു. ഭംഗിയുള്ള ഒരു വീടായിരുന്നു അതെങ്കിലും ആരുടേയും നോട്ടം അവിടേക്കു പാറിവീണില്ല. പകരം എല്ലാവരുടേയും മനം കവർന്നത് മഞ്ഞപ്പൂക്കൾ മൂടിക്കിടക്കുന്ന ആ മതിലായിരുന്നു!

ആ മഞ്ഞ വസന്തം എന്റെ ഉറക്കം കെടുത്തിയെന്നു വേണമെങ്കിൽ പറയാം. എങ്ങിനെയെങ്കിലും ഈ ചെടിയുടെ ഒരു തൈ സ്വന്തമാക്കണമെന്ന് വിചാരിച്ചു. ഒരു ചെടി സംഘടിപ്പിച്ചു തരണമെന്ന് കോട്ടയത്തു താമസിക്കുന്ന അനിയനെ ചട്ടം കെട്ടിയാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു പോന്നത്. ജോലിത്തിരക്കുകൾക്കിടയിൽ ചെടി വേണമെന്നു പറഞ്ഞിരുന്നത് അവൻ മറന്നിരുന്നു. എങ്കിലും ഇടയ്ക്കിടെ ഫോൺ ചെയ്യുമ്പോൾ ഞാനിക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

Cat’s Claw
തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാകാത്ത നേതാക്കൾ, തരം​ഗത്തിനപ്പുറമുള്ള യാഥാ‍ർത്ഥ്യങ്ങൾ

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു, ക്യാറ്റ്ക്ലോ പല വീടുകളിലും പൂന്തോപ്പുകളിലും ഓഫീസുകളിലും റെസ്റ്റോറന്റുകളിലും പടർന്നുകയറുകയും മഞ്ഞവസന്തം തീർക്കുകയും ചെയ്തുകൊണ്ടിരുന്നു. ക്യാറ്റ്ക്ലോയുടെ മഞ്ഞപ്പൂക്കാലം ആളുകൾ ആഘോഷിച്ചു തുടങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങൾ ക്യാറ്റ് ക്ലോ വസന്തത്തിന്റെ വാഴ്ത്തുപാട്ടുകൾ കൊണ്ടുനിറഞ്ഞിരുന്നു.

ആ മഞ്ഞപ്പൂക്കൾ എന്റെ സ്വപ്നങ്ങളിലും പൂത്തുകൊണ്ടിരുന്നു. വീണ്ടും ഈ ചെടിയെപ്പറ്റി ഓർമ്മിപ്പിച്ചപ്പോഴാണ് അതിന്റെ അധിനിവേശസ്വഭാവത്തെപ്പറ്റി അനിയൻ സൂചിപ്പിക്കുന്നത്. അതുകേട്ടപ്പോൾ ഒരു ഭീകരജീവി നാമറിയാതെ നമ്മെ വിഴുങ്ങുവാൻ വരുന്നതുപോലെയുള്ള ഒരു തോന്നലാണ് അനുഭവപ്പെട്ടത്. ഈ ചെടിയുടെ സ്വഭാവത്തെപ്പറ്റി അറിയുവാൻ ഞാൻ കിട്ടാവുന്ന വിവരങ്ങൾ വായിച്ചു തുടങ്ങി. അങ്ങനെയാണ് ക്യാറ്റ് ക്ലോ എന്ന ചെടിയുടെ അപകടകരമായ സ്വഭാവം മനസ്സിലാക്കുന്നത്. അതോടുകൂടി ഈ ചെടി എന്റെ വീട്ടുവളപ്പിൽ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

ഒരു റെസ്റ്റോറന്റിൽ ആദ്യമായി കൊണ്ടുനട്ട ചെടി ഇപ്പോൾ ആ പ്രദേശത്തുള്ള ധാരാളം വീടുകളിൽ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരു യാത്രയിലാണ് ഈ ചെടിയുടെ അതിപ്രസരം എന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇപ്പോഴെങ്കിലും ഈ ചെടിയുണ്ടാക്കുന്ന പരിസ്ഥിതിവിപത്ത് ചെടിപ്രേമികളിൽ എത്തിക്കണമെന്നു തോന്നി. ഏതൊരു ചെടിയും അവയുടെ സ്വാഭാവിക പരിതസ്ഥിതികളിൽ അവ അപകടരമാകണമെന്നില്ല. എന്നാൽ, അതല്ലാതെയുള്ള സ്ഥലങ്ങളിൽ അവ ചില ദോഷങ്ങൾ സൃഷ്ടിച്ചേക്കാം.

Cat’s Claw
ഇവിടെയൊക്കെയാണ് കവിയുടെ കടിഞ്ഞൂല്‍ പ്രണയം നിബിഡ സുഗന്ധമായി നിറഞ്ഞത്

പാരിസ്ഥിതിക ശോഷണത്തിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവയാണ് അധിനിവേശ സസ്യങ്ങൾ. ആകസ്മികമായോ മനഃപൂർവ്വമോ കൊണ്ടുവന്നു നടുന്ന തദ്ദേശീയമല്ലാത്ത ഈ സസ്യജനുസ്സുകൾ തദ്ദേശീയ സസ്യജനുസ്സുകളെ നശിപ്പിക്കുകയും ആവാസവ്യവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അലങ്കാരച്ചെടികളുടെ വിപണനത്തിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗരേഖകളും ഇല്ലാത്തത് അധിനിവേശ സസ്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയിൽ എത്തുവാനും വ്യാപിക്കുവാനും കാരണമാകുന്നു.

കേരളജനത ആവേശപൂർവ്വം സ്വീകരിച്ചു പരിപാലിക്കുന്ന ഒരു അധിനിവേശ സസ്യമാണ് അമേരിക്കൻ ഉഷ്ണമേഖലാപ്രദേശങ്ങളിൽനിന്ന് ഇവിടേക്കു കുടിയേറിയ ക്യാറ്റ് ക്ലോ എന്നറിയപ്പെടുന്ന ഡോളിചന്ദ്ര അങ്ങ്വിസ് കാറ്റി (Dolichandra unguis-cati). കേരളത്തിന്റെ കാലാവസ്ഥയിൽ വളരെയധികം ആക്രമണസ്വഭാവത്തോടെ പടർന്നുപിടിക്കുന്ന ഒരു വള്ളിച്ചെടിയാണിത്.

നിറയെ പൂക്കളുണ്ടാകുന്നതുകൊണ്ട് ഈ ചെടിയ്ക്ക് ആരാധകർ വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ കേരളത്തിലുടനീളമുള്ള നഴ്സറികൾ ഈ ചെടിയുടെ തൈകൾ വിപണനം നടത്തുന്നുണ്ട്. ഈ നഴ്സറികളിലൂടെയും അല്ലാതെയുമുള്ള തദ്ദേശീയ സ്രോതസ്സുകളിലൂടെ കേരളത്തിന്റെ മണ്ണിൽ ഈ ചെടി വേരൂന്നിക്കഴിഞ്ഞു. ഒരിക്കൽ വേരൂന്നിയാൽ പിന്നെ ഈ ചെടിയെ നശിപ്പിക്കുകയെന്നത് അസാദ്ധ്യമാണെന്നുതന്നെ പറയാം. പ്രാദേശിക ജൈവവൈവിധ്യത്തിന് ഗുരുതരമായ ധാരാളം ഭീഷണികൾ ഇതുയർത്തുന്നുണ്ട്.

Cat'sclaw
ക്യാറ്റ് ക്ലോFile

പൂച്ചയുടെ നഖം പോലെയുള്ള ടെൻഡ്രിലുകൾ ഉപയോഗിച്ച് ഈ ചെടി ഉപരിതലങ്ങളിൽ ശക്തമായി മുറുകെപ്പിടിച്ചു കയറുന്നു. ഇലയിൽ നിന്നു വളരുന്ന പൂച്ചയുടെ നഖത്തിന്റേതുപോലെയുള്ള ഈ ടെൻഡ്രിലുകളുടെ സാന്നിദ്ധ്യമാണ് സസ്യത്തിന് ഈ പേരു വരുവാൻ കാരണമായത്.

ചെറു സസ്യങ്ങൾ, കുറ്റിച്ചെടികൾ, ചെറിയ മരങ്ങൾ, വലിയ മരങ്ങൾ, തുടങ്ങി എല്ലാ സസ്യങ്ങളുടേയും മുകളിൽ കട്ടിയുള്ള മേലാപ്പായി ക്യാറ്റ് ക്ലോ വളരുന്നു. തത്ഫലമായി സൂര്യപ്രകാശം, വായുപ്രവാഹം, എന്നിവയെ തടസ്സപ്പെടുത്തുകയും സ്ഥലപരിമിതിയുണ്ടാക്കുകയും ചെയ്ത് ഈ ചെടി തദ്ദേശീയ സസ്യവളർച്ചയെ തടസ്സപ്പെടുത്തുന്നു. ഒടുവിൽ സസ്യങ്ങളെ നശിപ്പിക്കുകയും കാടിന്റെ ഘടന തന്നെ മാറ്റുകയും ചെയ്യുന്നു.

ഇടതൂർന്നു വളരുന്ന ഈ സസ്യം തദ്ദേശീയ വിത്തുകൾ മുളയ്ക്കുന്നത് തടയുകയും സസ്യ വൈവിധ്യത്തിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു. കാലക്രമേണ, തദ്ദേശീയ ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ, തുടങ്ങി എല്ലാ സസ്യജാലങ്ങളും ഈ ആക്രമണകാരിയായ വള്ളികളാൽ തുടച്ചുമാറ്റപ്പെടുന്നു. ഈ വള്ളിയുടെ മേലാപ്പ്, തദ്ദേശീയ സസ്യങ്ങളുടെ സ്വാഭാവിക പുനരുജ്ജീവനത്തെ തടയുന്നു. ഇത് സ്വാഭാവിക വനവത്ക്കരണം ഇല്ലായ്മ ചെയ്യുകയും ആവാസവ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Cat’s Claw
മൊബൈൽ ഹാൻഡ് സെറ്റിൽ ഒളിഞ്ഞിരുന്ന തെളിവ്, സയനൈഡ് മോഹൻ പിടിയിലായത് ഇങ്ങനെ

സാധാരണയായി പല തട്ടുകളായിട്ടാണ് സസ്യജാലങ്ങൾ കാണുന്നത്; നിലം ചേർന്നു വളരുന്നവ- അടിക്കാടുകൾ- മേലാപ്പ് എന്നിങ്ങനെ. ക്യാറ്റ് ക്ലോ എല്ലാ തട്ടുകളിലും പട‍ർന്ന് പിടിക്കുകയും ജൈവവൈവിധ്യഘടനയുടെ തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. തദ്ദേശീയ സസ്യങ്ങൾ കുറയുമ്പോൾ, ഭക്ഷണത്തിനും ഇണചേരലിനും പാർപ്പിടത്തിനും അവയെ ആശ്രയിക്കുന്ന വന്യജീവികൾക്ക് ഭീഷണി നേരിടുന്നു. ആതിഥേയ സസ്യങ്ങളുടെ നഷ്ടം, പ്രാണികൾ, പക്ഷികൾ, ചെറിയ സസ്തനികൾ, പരാഗണകാരികൾ എന്നിവയെ ബാധിക്കുന്നു.

ക്യാറ്റ് ക്ലോയുടെ വലിയ ഭൂഗർഭ കിഴങ്ങുകൾ മണ്ണിന്റെ പോഷകങ്ങളും വെള്ളവും ഉപയോഗിക്കുന്നതുകൊണ്ട് മണ്ണിന്റെ ഗുണനിലവാരം ഇല്ലാതെയാക്കുകയും ജലദൗർലഭ്യതയുണ്ടാക്കുകയും ചെയ്യുന്നു.

എന്റെ ഒരു സുഹൃത്ത് പൂന്തോട്ടത്തിൽ ഈ ചെടി നട്ടുപിടിപ്പിച്ചു. അവരുടെ വീടിനുള്ളിലെ നടുമുറ്റത്ത് ഈ ചെടിയുടെ മുളകൾ വളർന്നുതുടങ്ങിയപ്പോഴാണ് ഈ ചെടി എത്ര ഭീകരനാണെന്ന് മനസ്സിലാക്കുന്നത്. നമ്മുടെ കണ്ണുകളുടെ കാണാപ്പുറത്ത് പടർന്ന് ആ പ്രദേശമാകെ തന്റെ സാമ്രാജ്യമാക്കുവാൻ ഈ ചെടിക്കു കഴിയും. വിത്തുകളിലൂടെയും ഭൂഗർഭ കിഴങ്ങുകളിലൂടെയും ഭൂഗർഭ തണ്ടുകളിലൂടേയും പടരുന്ന ഈ വള്ളിച്ചെടി പരിസ്ഥിതിയ്ക്ക് സ്ഥിരമായ ഒരു ഭീഷണിയാണ്. ഇതിന്റെ ഉന്മൂലനം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്; ശരിക്കും പറഞ്ഞാൽ അസാദ്ധ്യമാണെന്നു തന്നെ പറയാം.

Cat’s Claw
ആർത്തവ വിരാമഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ, ഡയറ്റിലും വ്യായാമത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാറ്റിലൂടെ പറന്നുപോകുന്ന വിത്തുകൾ വളരെ ദൂരേക്കുപോലും ഈ ചെടിയുടെ പ്രജനനം സാധ്യമാക്കുന്നു. മുറിച്ചു കളഞ്ഞാലും ഇതിന്റെ ശകലങ്ങൾ വീണ്ടും വളരുകയും പരിപാലനം വളരെ ബുദ്ധിമുട്ടാക്കുകയും ചെയ്യും. കൃത്യമായി മുറിച്ചു നീക്കിയില്ലെങ്കിൽ ആ പ്രദേശമാകെ പടരുകയും അവിടുത്തെ മറ്റുള്ള സസ്യങ്ങളെയും കെട്ടിടത്തേയും മാത്രമല്ല പരിസ്ഥിതിയെ ഒന്നാകെ നശിപ്പിക്കുകയും ചെയ്യും.

മൂന്നുവർഷമായി ഈ ചെടി നശിപ്പിച്ചുകളയുവാനുള്ള ശ്രമത്തിലാണ് എന്റെ സുഹൃത്ത്. പക്ഷേ ഇതുവരേയും ഈ സസ്യത്തെ പൂർണ്ണമായി തുരത്തുവാൻ കഴിഞ്ഞിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം, വീട്ടുവളപ്പിന്റെ ഏതെങ്കിലുമൊരു കോണിൽ ഈ ചെടി വീണ്ടും തലനീട്ടുമ്പോഴാണ് മനസ്സിലാകുക. മണ്ണിനു മുകളിലുള്ള ചെടി പൂർണ്ണമായും നശിപ്പിച്ചാലും മണ്ണിനടിയിൽ ആഴത്തിലേക്കു പോയ കിഴങ്ങുകളും മണ്ണിനടിയിലൂടെ പടരുന്ന ഭൂഗർഭവള്ളികളും നമ്മുടെ ഉന്മൂലന തന്ത്രങ്ങളെ വെട്ടിലാക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

ലോകമെമ്പാടും ഏറ്റവും വിനാശകരമായ അധിനിവേശ വള്ളികളിൽ ഒന്നായി ക്യാറ്റ് ക്ലോ എന്ന ചെടിയെ കണക്കാക്കുന്നു. അതു ദീർഘകാല ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുന്നു. ഭംഗിയുള്ള ചെടികൾ നമ്മുടെ പരിസരത്ത് നട്ടുപിടിപ്പിക്കുമ്പോൾ അത് നമ്മുടെ പരിസ്ഥിതിക്ക് യോജിച്ചവയാണോയെന്നുള്ള ഒരന്വേഷണത്തിന്റെ ആവശ്യകതയുണ്ടെന്ന് ഓ‍ർമ്മിപ്പിക്കുന്നു.

Cat’s Claw
ഇവിടെയൊക്കെയാണ് കവിയുടെ കടിഞ്ഞൂല്‍ പ്രണയം നിബിഡ സുഗന്ധമായി നിറഞ്ഞത്

മുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം നട്ടുപിടിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കോവിഡ് കാലഘട്ടത്തിൽ കൂടുതൽ ആളുകൾ അലങ്കാരച്ചെടികൾ നട്ടുവളർത്തുന്നതിലേക്കും മറ്റുചിലർ അതിന്റെ വിപണനത്തിലേക്കും എത്തി. കോവിഡാന്തര കാലഘട്ടം അലങ്കാരച്ചെടികളുടെ വിൽപ്പനയിൽ വൻകുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ധാരാളം പ്രാദേശിക നഴ്സറികൾ മുളച്ചുപൊന്തുവാൻ കാരണമായി. പക്ഷേ ചെടികളുടെ വിപണന വിൽപ്പന രംഗത്ത് കൃത്യമായ നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്തത് ഈ മേഖലയിൽ അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്തിനും വ്യാപനത്തിനും വഴിയൊരുക്കുന്നു.

അധിനിവേശ സസ്യങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയിൽ എത്തുന്നത് തടഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കുവാൻ അലങ്കാരച്ചെടികളുടെ വിപണനത്തിന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗരേഖകളും അനിവാര്യമാണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന അധിനിവേശ അലങ്കാര സസ്യങ്ങളുടെ വിപണനത്തിനു കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നടപടി സർക്കാർ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഓരോ ചെടി വിൽക്കുമ്പോഴും ആ ചെടിയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുവാൻ വിപണനം നടത്തുന്ന ഓരോരുത്തരും ബാധ്യസ്ഥരാണ്.

നഴ്സറികൾക്ക് അതിനുള്ള മാർഗ്ഗരേഖകൾ നിർബന്ധമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളേണ്ടത് ഹോർട്ടികൾച്ചർ മേഖലയുടെ അനിവാര്യതയാണ്. പ്രാദേശിക സർക്കാർ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

പാരിസ്ഥിതികമായി ആഘാതം സൃഷ്ടിക്കാത്ത ചെടികൾ തെരെഞ്ഞെടുക്കുവാൻ പൂന്തോട്ടം നട്ടുപിടിപ്പിക്കുന്ന ഒരോ വ്യക്തിയും ശ്രദ്ധപുലർത്തിയാൽ അധിനിവേശ സസ്യങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ഭീഷണി ഒരു പരിധിവരെ നമുക്കു തടയാനാകും.

Summary

Cat’s Claw, with its yellow flowers, is an emerging environmental threat in non-native regions. The invasive climber smothers native plants, disrupts ecosystems, and reduces biodiversity, prompting calls for urgent control and public awareness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com