ആർത്തവ വിരാമഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ, ഡയറ്റിലും വ്യായാമത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ത്രീ ശരീരത്തിൽ സംഭവിക്കുന്ന ഒരു സ്വഭാവിക പ്രക്രിയയാണ് ആർത്തവം. 12 മുതൽ 14 വയസിനുള്ളിലാണ് പെൺകുട്ടികളിൽ ആർത്തവ ചക്രം ആരംഭിക്കുന്നത്. 45 വയസിന് ശേഷം ആർത്തവ ചക്രം ക്രമം തെറ്റാനും ആർത്തവ വിരാമത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആർത്തവവിരാമം സംഭവിക്കുന്നതിന് മുൻപ് തന്നെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. മെനോപോസ് ട്രാൻസിഷൻ അഥവാ പെരിമെനോപോസ് എന്നാണ് ഈ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്.
മെനോപോസ് ട്രാന്‍സിഷന്‍ കാലാവധി ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. ചിലരിൽ ഒന്നോ രണ്ടോ വർഷമാണെങ്കിൽ മറ്റു ചിലരിൽ അത് 10 വർഷം വരെയെടുക്കാം. ആർത്തവവിരാമ കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട്, ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റൽ, ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിന്നി വിജയൻ സമകാലിക മലയാളത്തോട് സംസാരിക്കുന്നു.
ആർത്തവ വിരാമ ഘട്ടത്തിൽ സ്ത്രീകളുടെ ശരീരത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
ഈസ്ട്രജൻ, പ്രോജസ്റ്റെറോൺ എന്നീ സ്ത്രീ ഹോർമോണുകൾ ക്രമേണ കുറയുകയും ഒടുവിൽ തീരേ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ആർത്തവ വിരാമം അഥവാ മെനോപോസ്. ആർത്തവ ചക്രം ഏതാണ്ട് പൂർണമായും നിലയ്ക്കുന്ന അവസ്ഥ.
മെനോപോസ് ഘട്ടത്തിൽ ആറ് മുതൽ 12 മാസം വരെ തുടർച്ചയായി ആർത്തവം ഉണ്ടാവാതിരിക്കാം. ഇതിന് മുൻപുള്ള ഘട്ടമാണ് മെനോപോസ് ട്രാൻസിഷൻ അഥവാ പെരിമെനോപോസ്. ഈ ഘട്ടത്തിൽ മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യുന്നു (45 ദിവസം അല്ലെങ്കില്‍ രണ്ട് മാസം ആര്‍ത്തവം വരാതിരിക്കുക). മാസമുറ ക്രമം തെറ്റുന്നത് മൂലം ചിലര്‍ക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു.
പല ലക്ഷണങ്ങളും ഈയൊരു ഘട്ടത്തില്‍ ഉണ്ടാകാം.
ശരീരത്തിൽ ചൂട് അനുഭവപ്പെടുന്ന ഹോട്ട് ഫ്‌ളാഷസ് (hot flashes) ആണ് സാധാരണയായി കാണപ്പെടുന്ന ഒരു ലക്ഷണം. സ്ത്രീകളെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് ഈ പ്രശ്നമാണ്. ശരീരത്തില്‍ പെട്ടെന്ന് ചൂട് കൂടുകയും വിയര്‍ക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. വാസോമോട്ടോർ ലക്ഷണങ്ങൾ എന്നാണ് ഇത്തരം ലക്ഷണങ്ങളെ പറയുന്നത്. ഹോർമോൺ വ്യതിയാനത്തെ തുടർന്ന് രക്തക്കുഴലുകളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്.
കൂടാതെ, വിഷാദം, മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയ സൈക്കോളജിക്കല്‍ അല്ലെങ്കില്‍ സൈക്കോ സോഷ്യല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാം. ജനനേന്ദ്രിയങ്ങളും യോനിയിലും വരള്‍ച്ച, മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത, ചൊറിച്ചിൽ, ലൈംഗിക താല്‍പര്യം കുറയുക (ലിബിഡോ ക്രമേണ കുറഞ്ഞു വരുന്നതു മൂലം) തുടങ്ങിയ യൂറോളജിക്കൽ ലക്ഷണങ്ങളും അനുഭവപ്പെടാം.
പ്രായം മാത്രമാണോ ആർത്തവവിരാമത്തെ സ്വാധീനിക്കുന്ന ഘടകം?
45 വയസിന് ശേഷം എപ്പോള്‍ വേണമെങ്കിലും ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍ ഉണ്ടാകാം. എന്നാൽ പ്രായം മാത്രമല്ല, ആർത്തവിരാമത്തെ ബാധിക്കുന്ന ഘടകങ്ങൾ. കുടുംബ പാരമ്പര്യം മറ്റൊരു പ്രധാന ഘടകമാണ്. പണ്ടുകാലത്ത് 45നും 50നും ഇടയില്‍ പ്രായമായ ഒരു വിധം എല്ലാ സ്ത്രീകളിലും ആർത്തവവിരാമം സംഭവിക്കുമായിരുന്നു.
എന്നാൽ ഇന്ന് ആർത്തവവിരാമം സംഭവിക്കുന്നത് 52-53 വയസിന് ശേഷമെന്ന രീതിയിലായികരിക്കുന്നു. പെൺകുട്ടികളിൽ ആർത്തവം തുടങ്ങുന്ന പ്രായത്തിലും ആ മാറ്റമുണ്ട്. മുൻപ് 12 മുതല്‍ 14 വയസിനുള്ളിലായിരുന്നു ആദ്യ ആർത്തവമെങ്കിൽ ഇപ്പോഴത്തെ കുട്ടികളില്‍ 10 വയസു മുതല്‍ കുട്ടികള്‍ക്ക് ആര്‍ത്തവം തുടങ്ങുന്നു. അതിന് സമാനമായി 55 വയസിന് ശേഷവും ആര്‍ത്തവ വിരാമം സംഭവിക്കാത്ത അവസ്ഥയുമുണ്ട്.
പല ജനിറ്റിക് സിന്‍ഡ്രോം കാരണം പ്രീ മച്വര്‍ ഒവേറിയന്‍ ഇന്‍സഫിഷന്‍സി സംഭവിക്കാം. പ്രായമാകുന്നതിന് മുന്‍പ് അണ്ഡോല്‍പാദനം നിലയ്ക്കുന്ന അല്ലെങ്കിൽ ആർത്തവ വിരാമം സംഭവിക്കുന്ന അവസ്ഥ.
പാരിസ്ഥിതിക കാരണങ്ങള്‍, അണുബാധ പോലുള്ള ഘടകങ്ങൾ ഇതിനെ സ്വാധീനിക്കാം. കൂടാതെ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്ക് പതിവായി മരുന്നുകളെടുക്കുന്ന ആളുകളില്‍, ഹോര്‍മോണ്‍ ചികിത്സ നടത്തുന്നവരിൽ, പിസിഒഡി പോലുള്ള അവസ്ഥയ്ക്ക് സര്‍ജിക്കല്‍ ഡ്രില്ലിങ് നടത്തിയവരിലൊക്കെ പ്രിമച്വര്‍ ഒവേറിയന്‍ ഫെലിയര്‍ അല്ലെങ്കിൽ ഇന്‍സഫിഷന്‍സി ഉണ്ടാകാം.
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് മരുന്ന് സ്ഥിരമായി എടുക്കുന്നവരിലും പ്രമേഹത്തിന് മരുന്ന് ഉപയോഗിക്കുന്നവരിലും, വിട്ടുമാറാത്ത വൃക്കരോഗം, കരള്‍ രോഗം എന്നിവര്‍ക്കൊക്കെ പ്രിമച്വര്‍ ഒവേറിയന്‍ ഫെലിയര്‍ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ആർത്തവവിരാമം അല്ലെങ്കിൽ ഹോർമോൺ വ്യതിയാനം തിരിച്ചറിയാനുള്ള പരിശോധനകൾ?
രണ്ട് തരത്തിലുള്ള പരിശോധനകളാണ് പ്രധാനമായും നടത്തുന്നത്.
ഹോര്‍മോണല്‍ പരിശോധന
ഫോളിക്കുലാർ സ്റ്റിമുലേറ്റിങ് ഹോർമോണിന്റെ (എഫ്എസ്എച്ച്) അളവു പരിശോധിക്കാൻ വേണ്ടിയാണ് ഈ പരിശോധന. ഫോളിക്കുലാർ സ്റ്റിമുലേറ്റിങ് ഹോർമോണിന്റെ അളവു വളരെ കൂടുതലാണെങ്കിൽ സമീപകാലത്ത് ആർത്തവവിരാമം സംഭവിക്കാമെന്നതിന്റെ സൂചനയാണ്.
അള്‍ട്രാ സൗണ്ട് സ്‌കാന്‍
ട്രാന്‍സ് വജൈനല്‍ അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ യോനിക്കുള്ളിലെ ടിഷ്യവിന്റെ കാഠിന്യം പരിശോധിക്കുകയും അത് ആറ് മില്ലിമീറ്ററോ അതിന് താഴെയോ ആണെങ്കില്‍ ആര്‍ത്തവവിരാമ സാധ്യത ചൂണ്ടിക്കാണിക്കുന്നു.
ആർത്തവ വിരാമ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
ആർത്തവ വിരാമം ഒരു സാധാരണ അവസ്ഥയാണെങ്കിലും ഇതിന്റെ ലക്ഷണങ്ങൾ ചിലരിൽ ചികിത്സ ആവശ്യമായി വന്നേക്കാം. ചിലർക്ക് ആര്‍ത്തവവിരാമം സംഭവിച്ച് ഒരു വര്‍ഷം അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷമായിരിക്കാം ലക്ഷണം ഗുരുതരമാവുക. വൈദ്യസഹായം തേടി ആവശ്യമായ ചികിത്സ തേടണം.
ശരീരത്തെ ബാധിക്കുന്ന വാസോമോട്ടോർ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് ഡയറ്റിൽ ചില മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്. ഒരുപാട് കൊഴുപ്പുള്ള ഭക്ഷണങ്ങളും കിഴങ്ങ് പോലുള്ള ഒഴിവാക്കുകയും പകരം ചേന, ചേമ്പ്, സോയബീൻസ്, ചീര പോലുള്ള ഫൈറ്റോഈസ്‌ട്രജനുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം. ഇത് ശരീരത്തിൽ ഈസ്ട്രജൻ സാന്നിധ്യം ഉണ്ടാകാനും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് വേനൽക്കാലത്ത്. ഇടയ്ക്ക് കുളിക്കുന്നതും ശരീരതാപനില കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ധാരാളം വെള്ളം ഈ ഘട്ടത്തിൽ കുടിക്കാനും ശ്രദ്ധിക്കണം. ഹോർമോൺ വ്യതിയാനത്തെ തുടർന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ശരീരം വിയർക്കുന്ന തരത്തിൽ അര മണിക്കൂര്‍ നീണ്ട നടത്തം,ഏയറോബിക് വ്യായാമങ്ങൾ എന്നിവ ആര്‍ത്തവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
എംറ്റിനസ് സിന്‍ഡ്രോം
ആർത്തവവിരാമ ഘട്ടത്തിൽ സ്ത്രീകള്‍ക്ക് എംറ്റിനസ് സിന്‍ഡ്രോം സാധാരണയായി കാണാറുണ്ട്. കുട്ടികളൊക്കെ പഠിച്ചു കഴിഞ്ഞ് ഉണ്ടാകുന്ന ഒറ്റപ്പെടലാണ് പലരെയും ബാധിക്കുന്നത്. ആര്‍ത്തവവിരാമ സമയത്ത് ഉണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സാധാരണമായി തെറപ്പിയും കുടുംബ പിന്തുണയും കൊണ്ട് പരിഹരിക്കാം. ഇതിനൊപ്പം ചിലപ്പോൾ ആന്റി-ഡിപ്രസന്റ് വേണ്ടി വരാം.
പുരുഷന്മാര്‍ക്കും ആര്‍ത്തവവിരാമം സംഭവിക്കാം
പുരുഷന്മാരിൽ ആർത്തവ വിരാമം എന്നറിയപ്പെടുന്ന അവസ്ഥയാണ് ആന്‍ഡ്രോപോസ്. ഇത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 40-50 വയസ്സുകൾക്ക് ശേഷം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായി ദേഷ്യം, മോശം പെരുമാറ്റം, ഉള്‍വലിയുക ഇത്തരം ലക്ഷണങ്ങള്‍ പുരുഷന്മാരിൽ ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നതാണ് പ്രധാനം. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും.
ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണോ?
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദയാഘാത നിരക്ക് കുറവാണ്, കാരണം സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹൃദയത്തിന് രക്തകവചമായി പ്രവർത്തിക്കുന്നു. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത ഈസ്ട്രജന്‍ കുറയ്ക്കുന്നു. ഈസ്ട്രജന്റെ സംരക്ഷണം നഷ്ടപ്പെടുന്ന ഘട്ടമാണ് ആര്‍ത്തവവിരാമം.
ശരീരത്തിൽ ഈസ്ട്രജന്റെ അളവു കുറയുന്തോറും സ്ത്രീകളിൽ ഹൃദ്രോഗ സാധ്യതയും വർധിക്കുന്നു. ആർത്തവ വിരാമത്തിന് ശേഷമുള്ള പത്തു വർഷത്തത്തിനുള്ളിൽ ഹൃദയ സംരക്ഷണം നഷ്ടമാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ശരീരഭാരം കൂടുന്നതനുസരിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും ഫാറ്റി ലിവര്‍, കൊളസ്‌ട്രോള്‍ എന്നിവ വര്‍ധിക്കാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകുന്നു.
അതുകൊണ്ടാണ് പെരിമെനോപോസ് ഘട്ടത്തില്‍ ഭക്ഷണശീലത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നത് ആർത്തവ വിരാമ ഘട്ടത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ആര്‍ത്തവ വിമാരമത്തിന് ശേഷം സ്ത്രീകള്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ കാര്‍ഡിയാക്ക് പരിശോധന നടത്തണം.
ആർത്തവ വിരാമവും എല്ലുകളുടെ ബലവും
ശരീരത്തിലേക്ക് കാൽസ്യത്തിന്റെ ആഗിരണത്തിന് ഈസ്ട്രജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ആര്‍ത്തവ വിമാരത്തിന് ശേഷം കാല്‍സ്യം ആഗിരണം കുറയാനും എല്ലുകളിലെ പുതിയ കോശങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനവും മന്ദഗതിയിലാവുകയും ചെയ്യുന്നു. കാലക്രമേണ എല്ലുകളുടെ ബലം കുറയാനും ചെറിയ വീഴച പോലും എല്ലുകളുടെ ഒടിവിനും കാരണമാകുന്നു. പ്രത്യേകിച്ച് രണ്ടില്‍ കൂടുതല്‍ പ്രസവിച്ച സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ ശരിയായ കാല്‍സ്യം കഴിക്കാതിരിക്കുന്നവരിലും എല്ലും പല്ലുകളും ദുര്‍ബലമാകുന്ന സാഹചര്യം ഉണ്ടാകാം.
കാല്‍സ്യം മാത്രം എടുത്തതു കൊണ്ടായില്ല, വിറ്റാമിന്‍ ഡി പോലുള്ള പോഷകങ്ങളും അതിനൊപ്പം എടുക്കണം. ഇവ രണ്ടും എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ പ്രധാനമാണ്. ഗുരുതര സാഹചര്യങ്ങളില്‍ നിസാരമായി തട്ടുന്നതു പോലും ഗുരുതര പൊട്ടലുണ്ടാക്കാന്‍ കാരണമാകും. ഡെക്‌സ സ്‌കാനിങ്ങിലൂടെ എല്ലുകളുടെ സാന്ദ്രത തിരിച്ചറിയാന്‍ സാധിക്കും.
ഹോര്‍മോണ്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിലൂടെ സംഭവിക്കുന്ന മറ്റൊരു അവസ്ഥയാണ് പേശികളെ ബാധിക്കുന്ന സാര്‍ക്കോപീനിയ. എല്ലുകളുടെ ബലം കുറയുന്നതു പോലെ തന്നെ പേശികളുടെ ആരോഗ്യത്തെയും ആർത്തവ വിരാമം ബാധിക്കും. ശരിയായ അളവില്‍ പ്രോട്ടീന്‍ കഴിക്കുകയാണ് പ്രധാനം. വ്യായാമം വളരെ പ്രധാനമാണ്. വ്യായാമത്തിലൂടെ പേശികളെ ഉപയോഗപ്പെടുത്താനും ഡിസ്യൂസ് സെട്രോഫി (ഉപയോഗിക്കാത്ത മാംസപേശികള്‍ക്ക് വരുന്ന ചുരുക്കം) ഒഴിവാക്കാന്‍ സഹായിക്കും.
50 വയസിന് ശേഷം കാന്‍സര്‍ പരിശോധന
ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 50 വയസിന് ശേഷം സ്ത്രീകൾ കാൻസർ പരിശോധന നടത്തണം. സ്തനാര്‍ബുദം പരിശോധിക്കാന്‍ എല്ലാ മാസവും സ്വയം പരിശോധന നിർബന്ധമായും ചെയ്യണം. സ്തനങ്ങളുടെ വലിപ്പ വ്യത്യാസം. ചർമത്തിലെ മാറ്റങ്ങൾ എന്നിവ ശ്രദ്ധിക്കണം.
ആര്‍ത്തവം ആറ് മാസം അല്ലെങ്കിൽ ഒരു വര്‍ഷമായി ഉണ്ടാവാതിരിക്കുകയും വീണ്ടും വരികയും ചെയ്യുന്ന അവസ്ഥ വരികയാണെങ്കില്‍ വൈദ്യസഹായം തേടി മറ്റ് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം. വർഷത്തിലൊരിക്കൽ നടത്തുന്ന പാപ്പ് സ്മിയര്‍ പരിശോധന സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കും. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, വയറ്റിൽ അമിതമായി ഗ്യാസ് രൂപപ്പെടുക, വയറു വീര്‍ക്കല്‍ എന്നിവ ഒവേറിയന്‍ കാന്‍സറിന്റെ ചില ലക്ഷണമാണ്. അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങിലൂടെയും രക്തപരിശോധനയിലൂടെയും ഇത് കണ്ടെത്താന്‍ സാധിക്കും. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം.
ആർത്തവ വിരാമ കാലം ആരോഗ്യകരമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ?
ആർത്തവ വിരാമം ഒരു രോഗാവസ്ഥയല്ല, മറിച്ച് ഒരു സ്വഭാവിക ഘട്ടമാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി ആര്‍ത്തവവിരാമത്തെ ആസ്വദിക്കാന്‍ കഴിയണം. ശാരീരികമായും മാനസികമായും സജീവമായി ഇരിക്കുക എന്നതാണ് പ്രധാനം. സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഒരേ പ്രായക്കാരുമായി കൂടുതല്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക. കൂടാതെ യോഗ, മെഡിറ്റേഷന്‍ പോലുള്ളവ പരിശീലിക്കുന്നത് മാനസിക സന്തോഷം നല്‍കാന്‍ സഹായിക്കും. വീട്ടില്‍ മാത്രം ഒതുങ്ങികൂടാതെ സജീവമാവുക.
How Menopause affects women physically and mentally.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

