Homebound, Neeraj Ghaywan
Neeraj Ghaywan's film Homebound is India's Oscar entry, grab attention for its realistic portrayal of caste, religion, and class strugglessamkalika malayalam

‘ഹോംബൗണ്ട്’ മഹാമാരികൾക്കിടയിലെ മനുഷ്യർ: സഹോദര്യമാവുന്ന സൗഹൃദം

‘മസാൻ’ എന്ന ആദ്യചിത്രത്തിലൂടെ കാൻ ഫെസ്റ്റിവലിൽ ഉൾപ്പെടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നീരജ് ​ഗൈവാ​ന്റെ പുതിയ സിനിമയായ ഹോംബൗണ്ട്, ഇന്ത്യയുടെ ഓസ്കർ എൻട്രിയാണ്. ഹോംബൗണ്ടിനെ കുറിച്ച് സുഭാഷ് ബാബു എഴുതുന്ന ആസ്വാദനം
Published on

അസാമാന്യ ഇച്ഛാശക്തിയുടെയും ഇച്ഛാഭംഗങ്ങളുടെയും കഥയാണ് ഇന്ത്യയൂടെ ഈ വർഷത്തെ ഓസ്‌കാർ എൻട്രിയായ ഹോംബൗണ്ട് - തിരശ്ശീലയിലും തിരശ്ശീലക്കപ്പുറവും. കോവിഡ് മഹാമാരിയോളം തന്നെ മനുഷ്യരെ ശ്വാസം മുട്ടിക്കുന്ന ജാതീയയുടെയും വർഗീയതയുടെയും വിനാശകരമായ പശ്ചാത്തലത്തിലാണ് നീരജ് ഗൈവാൻ, മുഹമ്മദ് ഷുഹൈബ് അലി (ഇഷാൻ ഖട്ടർ), ചന്ദൻ കുമാർ (വിശാൽ ജേഠ്വാ) എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്നത്. ‘മസാൻ’ എന്ന ആദ്യചിത്രത്തിലൂടെ കാൻസ് ഫെസ്റ്റിവലിൽ ഉൾപ്പെടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ചലച്ചിത്രകാരനാണ് നീരജ് ​ഗൈവാൻ

തൊണ്ണൂറുകളിലെ കശ്മീർ അതിജീവനാനുഭവങ്ങളുടെ ഹൃദയസ്പർശിയായ ചിത്രം വരച്ചുകാട്ടിയ കർഫ്യൂഡ് നൈറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ ഹൈദർ എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തുമായ ബഷറത് പീർ, ദ് ന്യൂ യോർക്ക് ടൈംസിൽ എഴുതിയ 'A Friendship, a Pandemic and a Death Beside the Highway' എന്ന ലേഖനമാണ് ഈ സിനിമയുടെ അടിത്തറ.

ബഷറത് പീ‍ർ ത​ന്റെ ലേഖനത്തിൽ വിശദമായി അടയാളപ്പെടുത്തിയ 22 വയസ്സുകാരനായ മുഹമ്മദ് സയൂബ്‌, 24 വയസ്സുകാരനായ അമൃത് കുമാർ എന്നീ സുഹൃത്തുക്കളുടെ ജീവിതകഥയാണ് നീരജ് ഗൈവാൻ ഹോംബൗണ്ടിലൂടെ പറയുന്നത്. ആ കഥ പറച്ചിൽ സമകാലിക ഇന്ത്യയിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയാവസ്ഥകളുടെ അലോസരപ്പെടുത്തുന്ന നേർകാഴ്ചയാണ്.

Homebound, Neeraj Ghaywan
'പ്രേമം' കണ്ടതോടെ ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെയിറങ്ങി; പിടിച്ചുനിര്‍ത്തിയത് സൗഹൃദങ്ങള്‍: ആനന്ദ് മന്മഥന്‍, അഭിമുഖം

ഇച്ഛാശക്തിയും ഇച്ഛാഭംഗവും: തിരശ്ശീലക്കപ്പുറം

മുഹമ്മദ് സയൂബിന്റെയും അമൃത് കുമാറിന്റെയും കഥയുടെ കാര്യം തേടിയിറങ്ങിയ നീരജ് ഗൈവാൻ മുസ്ലിം മതത്തിലും താഴ്ന്ന ജാതിയിലും ജനിച്ച ഈ ചെറുപ്പക്കാരെ ആജീവനാന്ത സുഹൃത്തുക്കളാക്കുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയുന്നു.

ഇരുവരുടെയും സമാനമായ ജീവിതസാഹചര്യങ്ങളും സംഘർഷങ്ങളും വെല്ലുവിളികളുമാണെന്നും അതിനെ സുദൃഢമാക്കുന്നതു അവരുടെ കുടുംബങ്ങൾ തലമുറകളായി അനുഭവിച്ചുപോരുന്ന അവഗണയും അടിച്ചമർത്തലുമാണ് ആ ബന്ധത്തിന് അടിസ്ഥാനമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഗൈവാൻ ചെന്നെത്തിയത്. ആ രാഷ്ട്രീയബോധ്യത്തിലാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

പിന്നീട് താൻ ആരാധിക്കുന്ന ചലച്ചിത്രകാരന്മാരിലൊരാളായ മാർട്ടിൻ സ്കോർസെസെക്ക് ഈ തിരക്കഥ അയച്ചുകൊടുത്തത് ഒരു ഭാഗ്യപരീക്ഷണം എന്ന രീതിയിലാണ്. “ടാക്സി ഡ്രൈവർ,” “റേജിങ് ബുൾ,” “ദി ഏജ് ഓഫ് ഇന്നൊസെൻസ്” പോലുള്ള അനേകം സിനിമകൾ ഒരുക്കിയ സ്കോർസെസെ ആ തിരക്കഥ മനസ്സിരുത്തി വായിച്ചു. അത് അദ്ദേഹത്തിന് യഥാർത്ഥ ഇന്ത്യയെ പരിചയപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയും അംബേദ്‌കർ എന്ന പേരിനു പിന്നിലെ വികാരവും എന്തെന്ന് അനുഭവിപ്പിച്ചു.

അമേരിക്കയിൽ ജനിച്ചുവളർന്ന സ്കോർസെസെക്ക് പരിചിതമല്ലാത്ത സാമൂഹിക സാഹചര്യങ്ങളിൽ നടക്കുന്ന ഉള്ളുലയ്ക്കുന്ന ഒരു സൗഹൃദത്തിൻ്റെ കഥ, അതിലെ മാനുഷികത, തീക്ഷ്ണമായ രാഷ്ട്രീയം, ഇന്ത്യയിൽ ഇന്നും മാറാതെ തുടരുന്ന സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ കമൻ്ററി, എല്ലാം അദ്ദേഹത്തെ ഈ പ്രോജക്ടിലേക്ക് വലിച്ചടുപ്പിച്ചു.

Martin Scorsese
Martin Scorsese Harald Krichel wikipedia

അര നൂറ്റാണ്ടുകാലം ഹോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ യാഥാർഥ്യമാക്കി മുൻനിര സംവിധായകനായി അരങ്ങുവാഴുന്ന സ്കോർസെസെ – സിനിമ പുറത്തിറങ്ങുന്നതുവരെ തൻ്റെ ഇടപെടൽ രഹസ്യമാക്കി വെച്ചു. സ്കോർസെസെയെ “ബിഗ് പപ്പാ” എന്ന കോഡ് ഉപയോഗിച്ചായിരുന്നത്രെ സെറ്റിലും സിനിമയെക്കുറിച്ചുള്ള ചർച്ചകളിലുമെല്ലാം പരാമർശിച്ചിരുന്നത്.

“കില്ലേഴ്‌സ് ഓഫ് ദ് ഫ്ലവർ മൂൺ” എന്ന സിനിമ ചെയ്യുന്ന സമയത്ത് തന്നെയാണ് സ്കോർസെസെ ഏകദേശം മൂന്നു വർഷത്തോളം ഹോംബൗണ്ടിനൊപ്പം ചെലവഴിച്ചത്. സ്കോർസെസെയുടെ മേൽനോട്ടത്തിൽ ഏകദേശം അരമണിക്കൂറോളം വരുന്ന ചില കമ്പോളചേരുവകൾ - പാട്ടുകളടക്കം - വെട്ടിമാറ്റി രാകിമിനുക്കിയെടുത്ത തിരക്കഥയുടെ മൂർച്ചയ്ക്കു അണിയറപ്രവർത്തകർ മാത്രമല്ല പ്രേക്ഷകരും സാക്ഷ്യം പറയും.

മാർട്ടിൻ സ്കോർസെസെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി, കരൺ ജോഹറിന്റെ ധർമാ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം വലിയ തിയേറ്റർ വിജയമാകുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും തിയേറ്ററുകളിൽ നിന്നും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഒ ടി ടിയിലേക്കു മാറേണ്ടി വന്നു ഈ ചിത്രത്തിന്.

നെറ്റ്ഫ്ലിക്സിൽ ഈ സിനിമ റിലീസ് ചെയ്തതിനുശേഷം പലരും ഹോംബൗണ്ടിന്റെ സിനിമാനുഭവം വലിയ സ്‌ക്രീനിൽ അനുഭവിക്കാനാകാതെ പോയതിലെ നിരാശ സമുഹമാധ്യമങ്ങളിൽ ഉൾപ്പടെ പങ്കുവെച്ചു. ഇന്ത്യയിൽ ഇത് വേണ്ടത്ര ചർച്ച പോലും ചെയ്യപ്പെടുന്നില്ല എന്നത് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും, അണിയറപ്രവർത്തകരെയടക്കം, വിഷമിപ്പിക്കുന്നുണ്ടാവും.

Homebound, Neeraj Ghaywan
'നായകളെ കണ്ടെത്തിയത് ഓഡിഷനിലൂടെ, ഒരു നായയെ കാണാതായി'; 'എക്കോ'യിലെ ആ രം​​ഗങ്ങൾക്ക് പിന്നിൽ

ഒരു പേരിലെന്തിരിക്കുന്നു?

പൊലീസ് സേനയിൽ കോൺസ്റ്റബിൾ ആയി ജോലിക്ക് കയറിയാൽ തങ്ങൾക്ക് തരക്കേടില്ലാത്ത ശമ്പളം മാത്രമല്ല, സമൂഹത്തിൽ ഇന്നുവരെ ലഭിക്കാത്ത മാന്യതയും ലഭിക്കുമെന്ന് കരുതുന്ന മുഹമ്മദ് ഷുഹൈബ് അലിയും ചന്ദൻ കുമാറും കോൺസ്റ്റബിൾ പരീക്ഷയ്ക്കു പോവാൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. അവിടെ കാണുന്നത് ഒരു ട്രെയിനിൽ കൊള്ളാവുന്നതിലേറെ ഉദ്യോഗാർത്ഥികളെയാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെയും നിരാശരായ യുവത്വത്തിൻ്റെയും നേർചിത്രമാണ് ആ റെയിൽവേ സ്റ്റേഷൻ ദൃശ്യം.

ഇന്ത്യയിൽ ഏകദേശം 60 കോടി ജനങ്ങൾ അതിജീവനത്തിനായി വീട് വിട്ട് അന്യസ്ഥലങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. അവരിൽ ഭൂരിഭാഗവും സ്വന്തമായി ഭൂമിയോ വീട് പോലുമോ ഇല്ലാത്ത പാർശ്വവൽക്കൃത സമുദായങ്ങളിൽ നിന്നുള്ളവർ.

രാജ്യത്തെ പ്രധാന തൊഴിൽ മേഖലയായ കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ കുറഞ്ഞുവരുന്ന ഇക്കാലത്ത് പൊലീസ്, പ്രതിരോധ സേന, റെയിൽവേ പോലെയുള്ള സർക്കാർ ജോലികളിലാണ് സ്കൂൾ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും പൂർത്തിയാക്കുന്ന ഉത്തര-മധ്യ ഇന്ത്യയിലെ മിക്ക യുവാക്കളും പ്രതീക്ഷ വെക്കുന്നത്. ആ നിയമനങ്ങളാകട്ടെ പലപ്പോഴും ചോദ്യപേപ്പർ ചോർച്ചയിലും അഴിമതിയിലും നിയമനടപടികളിലും കുടുങ്ങി വർഷങ്ങൾ നീണ്ടുപോകാറുമുണ്ട്.

Basharat Peer
Basharat PeerBharat S Tiwari wikipedia

ഒരു പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്‌പിയർ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ ഇന്ത്യയിലേക്ക് വരണമെന്ന് നീരജ് ഗൈവാൻ ഒരു ചർച്ചയിൽ മാർട്ടിൻ സ്കോർസെസെയോട് പറയുന്നുണ്ട്. ഇതിന്റെ നേർസാക്ഷ്യമാണ് മാസങ്ങൾ കഴിഞ്ഞിട്ടും വരാത്ത പരീക്ഷാഫലം അന്വേഷിച്ചു റിക്രൂട്ട്മെന്റ് ഓഫീസിൽ എത്തുന്ന ചന്ദനും ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം. മോനെ എന്ന് വിളിച്ചും കുടിവെള്ളം കൊടുത്തും തികച്ചും സൗഹാർദ്ദപരമായി സംഭാഷണം തുടങ്ങിയ ഉദ്യോഗസ്ഥൻ ചന്ദന്റെ പേര് ചോദിച്ചതിന് ശേഷം പ്രകോപിതനാകുന്നതു കാണാം.

ചന്ദൻ എന്ന് പേര് പറയുമ്പോൾ, മുഴുവൻ പേരും ചോദിക്കുകയും, ചന്ദൻ കുമാർ എന്ന് പറഞ്ഞപ്പോൾ വീണ്ടും മുഴുവൻ പേരും പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് തന്റെ ജാതിയാണെന്നറിയാവുന്ന ചന്ദൻ, മുഴുവൻ പേര് ചന്ദൻ കുമാർ എന്ന് മാത്രമാണെന്ന് പറയുന്ന നിമിഷം, നിങ്ങൾ സംവരണക്കാർക്കെന്തു പേടിക്കാനെന്നു ചോദിക്കുന്ന ഉദ്യോഗസ്ഥനെയാണ് കാണുന്നത്.

എന്നാൽ, സംവരണത്തിലൂടെ ജോലി കിട്ടിയാൽ പൊലീസ് ആണെങ്കിലും താൻ ഉയർന്നജാതിക്കാരുടെ അടിമപ്പണി ചെയ്യേണ്ടിവരുമെന്നു പേടിച്ച്‌ ജനറൽ കാറ്റഗറിയിൽ അപേക്ഷിച്ച ചന്ദൻ, താൻ ജനറൽ കാറ്റഗറി ആണെന്ന് പറയുമ്പോൾ,ഉദ്യോഗസ്ഥൻ ചന്ദനെ രൂക്ഷമായി ഉഴിഞ്ഞു നോക്കുന്നു. ഒപ്പം, ജോലി മുഴുവൻ സംവരണക്കാർ തട്ടിയെടുക്കുകയല്ലേ എന്ന് പറയുന്നതിലൂടെ സംവരണക്കാരനാണെന്നു താൻ ഉറപ്പിച്ച ചന്ദനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു.

Neeraj Ghaywan
Neeraj Ghaywanwikipedia

ചന്ദൻ, ചന്ദൻ കുമാർ എന്നീ പേരുകളിലൂടെ തന്റെ ജാതിസ്വത്വം ഉപേക്ഷിക്കാനോ മറച്ചു വെക്കാനോ ശ്രമിക്കുന്ന ചന്ദന്റെ കഥാപാത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. ഒരു ദളിത് കുടുംബത്തിൽ ജനിച്ച സംവിധായകൻ തൻ്റെ സുഹൃദ് വലയത്തിനകത്തെ നിരാകരണത്തെ ഭയന്ന് ജാതിപ്പേര് പറയാതെ നീരജ് കുമാർ എന്നുമാത്രം സ്വയം പരിചയപ്പെടുത്തി ജാതി ഐഡന്റിറ്റി വ‍ർഷങ്ങളോളം മറച്ചുപിടിച്ച കാര്യം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പുരോഗമനപരമെന്നു കൊണ്ടാടപ്പെടുന്ന ജാതിവാൽ ഉപേക്ഷിക്കലുകൾ പോലും എന്ത് മാത്രം സവർണരുടെ വിശേഷാധികാരം (പ്രിവിലേജ്) ആണെന്നും ഇത് ഓർമിപ്പിക്കുന്നു.

ജാതി സംവരണത്തിലൂടെ കിട്ടുന്ന ജോലി തനിക്ക് ബഹുമാനം തരില്ലെന്ന ധാരണ വെച്ചുപുലർത്തുന്ന ചന്ദൻ ജനറൽ കാറ്റഗറിയിൽ തന്നെ ലിസ്റ്റിൽ കയറിയെങ്കിലും സർവത്ര അഴിമതിയിൽ മുങ്ങിയ സിസ്റ്റം മൂലം നിയമനം അനിശ്ചിതമായി നീണ്ടു പോവുന്നതാണ് നമ്മൾ പിന്നീട് കാണുന്നത്.

Homebound, Neeraj Ghaywan
എസ് കല്യാണ രാമന്റെ 'ചാരുകേശി'യും... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബൈസിക്കിള്‍ കിക്കും'!

ഹിന്ദുത്വരാഷ്ട്രത്തിലെ മുസ്ലിം

നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന, തന്റെ രാജ്യസ്നേഹവും കൂറും എല്ലാവർക്കും മുൻപിൽ നിരന്തരം തെളിയിക്കേണ്ടി വരുന്ന, മുസ്ലിം നമുക്ക് അപരിചിതനല്ലെങ്കിലും അത്തരം രംഗങ്ങൾ നമ്മളെ പൊള്ളിക്കുന്ന സത്യസന്ധതയോടെ, അതിഭാവുകത്വമില്ലാതെ, ഈ ചിത്രം കാണിച്ചു തരുന്നു.

കോൺസ്റ്റബിൾ ലിസ്റ്റിൽ പേര് വരാത്ത കാരണം ഒരു സ്വകാര്യ കമ്പനിയിൽ പ്യൂൺ ജോലിക്ക് ചേരുന്ന മുഹമ്മദ് ഷുഹൈബ് അലിയെ കാത്തിരിക്കുന്നത് നിരന്തരവിചാരണകളും വിവേചനവുമാണ്. ഒരു ലോൺ ആവശ്യത്തിന് ജോലി സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ കുടുംബത്തിലെ എല്ലാവരുടെയും ആധാർ കാർഡും ക്രിമിനൽ പശ്ചാത്തലമില്ലെന്നുള്ള പൊലീസ് സർട്ടിഫിക്കറ്റും ആണ് മേലുദ്യോഗസ്ഥൻ ചോദിക്കുന്നത്.

സെയ്ൽസ്മാൻ ആയി ജോലി ചെയ്യാൻ കഴിവുണ്ടെന്ന് തെളിയിച്ചിട്ടും, സെയിൽസ് ടീമിലെ ഒരാൾ ശുപാർശ ചെയ്തിട്ടും, ഗ്രാജ്വേറ്റ് അല്ലെന്ന കാരണം കാണിച്ച് മെച്ചപ്പെട്ട ജോലി നിഷേധിക്കപ്പെടുന്ന ഷുഹൈബിനറിയാം ഈ അവഗണനയുടെ യഥാർത്ഥ കാരണം വിദ്യാഭ്യാസ യോഗ്യതയോ ഇംഗ്ളീഷിൽ പ്രാവീണ്യം കുറവാണെന്നതോ അല്ല എന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണാൻ ഏർപ്പെടുത്തിയ പാർട്ടിയിൽ ഒരു സംഘം മതവും ദേശസ്നേഹവും ചേർത്ത് കുത്തുവാക്കുകളും പരിഹാസങ്ങളുമായി ഷുഹൈബിനെ ആക്രമിച്ചപ്പോൾ, അത് വെറും തമാശയായി എടുത്താൽ മതിയെന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്ന മേലുദ്യോഗസ്ഥനോട്, സ്വതവേ ക്ഷമാശീലനായ ഷുഹൈബ് താനെന്തിന് നിങ്ങളുടെ തമാശയ്ക്ക് നിന്നുതരണം എന്ന് തിരിച്ചുചോദിച്ച് ജോലി രാജിവെച്ച് ഇറങ്ങിപ്പോകുകയാണ്.

Homebound, Neeraj Ghaywan
കാശിനോടുള്ള ആർത്തിയല്ല, അതിനപ്പുറവുമുണ്ടാവും കാരണങ്ങൾ

മഹാമാരികളായി വൈറസും ജാതിയും

വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും കോവിഡ് മഹാമാരിയുടെ ഏറ്റവും ഭയപ്പെടുത്തുന്ന മറക്കാനാകാത്ത ഒരു ചിത്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം തൊഴിൽ നഷ്ടപ്പെട്ട് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്വന്തം വീടുകളിലേക്ക് നടന്നുപോകുന്ന പ്രവാസി തൊഴിലാളികളുടെയും കുടുംബങ്ങളുടെയുമാണ്.

കോടിക്കണക്കിന് ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കിയ ലോക്ക് ഡൗൺ ഒരുപക്ഷേ, കൊറോണ വൈറസ് ഇല്ലാതാക്കിയ അത്രയും ജീവനുകൾ അപഹരിച്ചിട്ടുണ്ടാകും. ഇന്ത്യയിൽ 4.7 ദശലക്ഷത്തിലധികം കോവിഡ് മരണങ്ങൾ ഉണ്ടായതായി ലോകാരോഗ്യ സംഘടന (WHO) കണക്കാക്കിയിരുന്നു - ഇത് കേന്ദ്രസർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിന്റെ ഏകദേശം 10 മടങ്ങ് വരും.

സർക്കാർ ജോലിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ചന്ദനും പിന്നീട് ഷുഹൈബും ജോലിക്ക് കയറുന്ന തുണിമിൽ ലോക്ക് ഡൗൺ മൂലം അടച്ചുപൂട്ടുന്നു. ശമ്പളമോ ഭക്ഷണമോ ഇല്ലാതെയുള്ള ജീവിതം. ആഴ്ചകളോളം നാട്ടിലേക്ക് തിരിച്ചുപോകാൻ അനുവദിക്കാത്ത ക്രൂരമായ പൊലീസ് കർഫ്യുവും പുറത്തിറങ്ങിയാൽ കിട്ടുന്ന മർദ്ദനവും. പിന്നീട് വല്ലവിധേനയും നാട്ടിലേക്ക് തിരിക്കുന്ന അവരുടെ രാപ്പകലുകൾ നീണ്ട ദുരിതയാത്ര, ആ ഭയപ്പെടുത്തുന്ന ചിത്രത്തെ അസ്വസ്ഥമാവും വിധം ചലിപ്പിച്ച് പ്രേക്ഷകരെ കണ്ണീരണിയിക്കുന്നുണ്ട്

home bound
home boundX

ഒരു തരത്തിൽ മഹാമാരി പടർത്തുന്ന വൈറസും ജാതിയും ഒന്നാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. വൈറസ് പടരാതിരിക്കാൻ പല രീതിയിൽ അകലം പാലിച്ചുകൊണ്ട് ജാഗ്രത പുലർത്തുന്നതും രോഗലക്ഷണമുള്ളവരെ ആട്ടിയോടിക്കുന്നതും വാഹനത്തിൽ നിന്നിറക്കി വിടുന്നതും ദളിത് ജനതയെ അവരുടെ ജനനത്തെ ആധാരമാക്കി രണ്ടായിരം വർഷം കഴിഞ്ഞിട്ടും അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുന്നതും അവകാശങ്ങൾ നിഷേധിക്കുന്നതും തമ്മിലുള്ള സമാനതകൾ സിനിമ കാണുന്ന ആർക്കും മനസ്സിലാകാതെ പോകില്ല.

അവസാന ഷോട്ടുകളിൽ പ്രകാശമാനമായ അന്തരീക്ഷത്തിൽ സിനിമ ഒരു കോവിഡാനന്തര കാലം കാണിക്കുന്നുണ്ട്. കൊറോണ വൈറസിന് വാക്‌സിൻ കണ്ടെത്തി മഹാമാരിയെ നാം കീഴടക്കി. എന്നാൽ ജാതി എന്ന വൈറസിന് വാക്‌സിൻ ഇപ്പോഴും ഇല്ല, അത് പടർന്നുപിടിച്ചുകൊണ്ടേയിരിക്കുന്നു എന്ന പരമാർത്ഥം മനസ്സിൽ ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുക.

ഒരു സീനിൽ ലോക്ക് ഡൗൺ സമയത്ത് ഷുഹൈബിനെ പൊലീസ് മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തുന്ന ചന്ദനോട് പൊലീസുകാരൻ അവൻ്റെ പേര് ചോദിക്കുന്നു. സ്വന്തം പേര് പറഞ്ഞാൽ ചിലപ്പോൾ കിട്ടുന്ന അടിയുടെ കാഠിന്യം കുറയുമായിരുന്നിട്ടും ചന്ദൻ പറയുന്നതൊരു മുസ്ലിം പേരാണ്. അതിനെത്തുടർന്ന് തൻ്റെ ഉറ്റസുഹൃത്തിന് കിട്ടുന്ന അടിയുടെ ഒരു പങ്ക് ചന്ദനും ഏറ്റുവാങ്ങുന്നു.

മഹാമാരിക്കും ജാതിവ്യവസ്ഥ എന്ന അവസാനിക്കാത്ത വയലൻസിനും ഇടയിൽ പെട്ടുപോകുന്ന പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലെ ഐക്യദാർഢ്യം - ഡോ. അംബേദ്‌കർ ഭരണഘടനയുടെ ആമുഖത്തിൽ ഊന്നിപ്പറയുന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ, സാഹോദര്യം - അവരുടെ ഏക ബലമായി മാറുന്ന കാഴ്ചയാണ് ഹോംബൗണ്ട് കാണിച്ചുതരുന്നത്. ആ ബന്ധത്തിൽ, സിനിമ അതിന്റെ ആഴമേറിയ വൈകാരിക സത്യം കണ്ടെത്തുന്നു.

Homebound, Neeraj Ghaywan
എഐ മനുഷ്യനേക്കാള്‍ ശക്തനാകുമോ? ആശങ്കപ്പെടുത്തുന്ന സൂപ്പര്‍ ഇന്റലിജന്‍സ്

വ്യത്യസ്താനുഭവങ്ങളും തെരഞ്ഞെടുപ്പുകളും

കറുപ്പ്-വെളുപ്പ് ദ്വന്ദങ്ങൾക്കപ്പുറമുള്ള ദളിത് അനുഭവങ്ങളും ഈ ചിത്രം കാണിച്ചു തരുന്നുണ്ട്. കോൺസ്റ്റബിൾ പരീക്ഷക്ക് പോകുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് കുടിവെള്ളം പങ്കിട്ടുകൊണ്ടാണ് ചന്ദൻ സുധയെ (ജാൻവി കപൂർ) പരിചയപ്പെടുന്നത്. ചന്ദൻ എന്നും ചന്ദൻ കുമാർ എന്നും പറഞ്ഞു തന്റെ ജാതിസ്വത്വം മറച്ചു വെക്കുന്ന ചന്ദനെയാണ് നമ്മൾ അവിടെയും കാണുന്നത്.

എന്നാൽ, തനിച്ചാണോ എന്ന അത്ഭുതം കലർന്ന ചോദ്യത്തിന് എന്താ പെൺകുട്ടികൾക്ക് തനിച്ചു യാത്രചെയ്തുകൂടേ എന്ന് മറുചോദ്യം ചോദിക്കുന്ന സുധ, തൻ്റെ പേര് പറയുമ്പോൾ മുഴുവൻ പേരും, ജാതിപ്പേരടക്കം പറയുന്നതിലൂടെ തന്റെ സ്വത്വത്തെ അടിവരയിടുന്നതും കാണം. ജാതി ചോദിക്കാതെ, ശങ്കാലേശമില്ലാതെ തന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങികുടിച്ച ചന്ദനെ ഒരുപക്ഷേ, സുധ അപ്പോഴേ തിരിച്ചറിഞ്ഞിരിക്കാം.

സർക്കാർ ഉദ്യോഗസ്ഥനായ, ലൈന്മാൻറെ മകളാണ് സുധ. ദളിത് സമൂഹത്തിൽ മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥയുണ്ട് ആ കുടുംബത്തിന്. താമസിക്കാൻ രണ്ടുമുറികളുള്ള വീടുണ്ട്. എന്നാൽ ലൈൻമാനായി ജോലിക്ക് കയറി അതേ തസ്തികയിൽ തന്നെ റിട്ടയർ ചെയ്യാൻ പോകുന്ന അച്ഛനെക്കാൾ മെച്ചപ്പെട്ട ജോലി വേണമെന്നുണ്ട് സുധയ്ക്ക്. നമുക്ക് ലഭിക്കേണ്ട മാന്യത ആരും കൊണ്ടുതരില്ലെന്നും നമുക്ക് അഭിമാനത്തോടെ ഇരിക്കേണ്ട കസേര നമ്മൾ തന്നെ ചുമന്നുകൊണ്ടുവരണമെന്നും പറയുന്നു സുധ.

Homebound, Neeraj Ghaywan
ഫ്രാവ് ഈദയുടെ ഗെഷേങ്കുകൾ

സുധയുടെ പ്രേരണയാൽ ബിരുദപഠനത്തിന് ചേരുന്നുണ്ട് ചന്ദൻ. എന്നാൽ വർഷങ്ങൾ പഠിക്കാനുള്ള സമയമോ സാഹചര്യമോ അവനില്ല. ജാതി അധിക്ഷേപവും വിണ്ടുകീറിയ കാലിലെ വേദനയും സഹിച്ച് എന്നും പകലന്തിയോളം പണിയെടുക്കുന്ന അമ്മയെ അവന് കണ്ടുനിൽക്കാനാകില്ല. വിവാഹപ്രായമെത്തി യിട്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിൽ ജോലി ചെയ്ത് അവൻ്റെ വിദ്യാഭ്യാസത്തിന് സഹായം ചെയ്യുന്ന മൂത്ത സഹോദരിയുണ്ട് അവന്. ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന അവന് അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കി തന്റെ കുടുംബത്തെ അതിലേക്ക് മാറ്റണമെന്നുണ്ട്.

സുധയുടെ വീക്ഷണത്തെ മാനിക്കുന്നുണ്ടെങ്കിലും ബിരുദം നേടി ഉദ്യോഗസ്ഥനാകുന്നതിലല്ല, പരീക്ഷ പാസായാൽ കിട്ടിയേക്കാവുന്ന പൊലീസ് കോൺസ്റ്റബിൾ ജോലിയിലാണ് അപ്പോഴും അവൻ്റെ പ്രതീക്ഷ. ഷുഹൈബിന്റെ അച്ഛനാണെങ്കിൽ മുട്ട് മാറ്റിവെക്കാൻ ശസ്ത്രക്രിയ നടത്തണം. അതിനായി ലോൺ എടുക്കണം. അതുകൊണ്ട് അവൻ്റെ മുന്നിൽ ഉപരിപഠനം ഒരു ഓപ്ഷനേയല്ല.

Homebound
Homeboundfile

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കുടുംബത്തിൽ ജനിച്ചവർക്ക് ഏറ്റവും പെട്ടെന്ന്‌ വേണ്ടത് കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് ഒരു കൈ സഹായമാകാവുന്ന എന്തെങ്കിലും ഒരു തൊഴിലാണോ അതോ സമൂഹത്തിൽ സ്വീകാര്യതയും മാന്യതയും കിട്ടാവുന്ന ഒരു ഉയർന്ന ഉദ്യോഗമാണോ എന്നത് ആ ഘട്ടത്തിലൂടെ കടന്നുപോയവർക്കല്ലാതെ അതിന്റെതായ ഗൗരവത്തിൽ മനസ്സിലാകണമെന്നില്ല. സമൂഹത്തിലെ മേലാള വർഗം ദളിതരെ ഉപദേശിക്കുന്നതും മറ്റൊന്നല്ല എന്നതാണ് അതിലെ ക്രൂരമായ തമാശ.

അങ്ങനെ തങ്ങൾക്ക് അർഹതപ്പെട്ട നല്ല ഭാവി വേണ്ടെന്നുവെച്ച് ലഭ്യമായ പല ജോലിയിലും കയറിപ്പറ്റിയ ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അങ്ങനെയൊരു പ്രതികൂല സാഹചര്യത്തിലൂടെ ഒരു ഘട്ടത്തിൽ കടന്നുപോയ അനുഭവമുള്ളതുകൊണ്ട് സിനിമയിലെ ഒരു സീക്വൻസ് എന്നെ വർഷങ്ങൾ പുറകിലേക്ക് കൊണ്ടുപോയി. അത്തരം നിസ്സഹായവസ്ഥ റിയലിസ്റ്റിക് ആയി ചിത്രീകരിക്കുന്നതിൽ ഹോംബൗണ്ട് മറ്റ് സിനിമകളേക്കാൾ ഒരുപടി മുന്നിലാണ്.

ദളിത്,മുസ്ലിം, കുടിയേറ്റക്കാ‍ർ തുടങ്ങി അരികുവൽക്കരിക്കപ്പെട്ടവരെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങളിൽ നിർമ്മിക്കുന്ന സിനിമകളിൽ സാധാരണ കടന്നുവരുന്ന ഹീറോപരിവേഷമുള്ള സംരക്ഷകരില്ല എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്. അവരുടെ അതിജീവനത്തിനുള്ള ഏജൻസി ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ മുന്നോട്ടുപോകുന്നതാകും പൊതുവിൽ ഇന്ത്യൻ സിനിമകളുടെ സമീപനം. എന്നാൽ, അവിടെ നിന്നും മാറി നിൽക്കുന്നു എന്നതും ഹോംബൗണ്ട് എന്ന സിനിമയെ സമകാലിക കാലാവസ്ഥയിൽ കൂടുതൽ വ്യത്യസ്തമാക്കുന്നു.

Homebound, Neeraj Ghaywan
'വിലായത്ത് ബുദ്ധ കെട്ടിപ്പൂട്ടി ചങ്ങലയൊക്കെ ഇട്ട് വച്ചിരിക്കുന്നു; ഹിംസ നടത്തിയിട്ട് വേണമല്ലോ അഹിംസയുടെ പ്രയോക്താവായ ബുദ്ധനെ ഉണ്ടാക്കാൻ'

എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ‘ഓസ്കാർ മെറ്റീരിയൽ’

സ്കോർസെസെയുമായുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഗ്രാമീണ വേഷത്തിൽ സിനിമ ചിത്രീകരിക്കേണ്ട ഗ്രാമത്തിലേക്ക് റിസർച്ച് ചെയ്യാനായി അയച്ച കാര്യം പറയുന്നുണ്ട്.

അവർ ഗ്രാമത്തിലെ വീടുകളിൽ താമസിച്ചു, അവരുടെ ഭക്ഷണം കഴിച്ചു, അവരുടെ ഭാഷയും രീതികളും ഉൾക്കൊണ്ട് അവിടെ തങ്ങി. അംബേദ്ക്കറുടെ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പുസ്തകത്തിന്റെ കോപ്പികൾ അവർക്ക് വായിക്കാനായി നൽകിയതും സിനിമയുടെ സകല മേഖലയിലും പ്രവർത്തിക്കുന്നവർക്ക് ആ കഥയുടെ പശ്ചാത്തലം ഒരിക്കലും അന്യമായിരിക്കരുത് എന്ന നിർബന്ധം കൊണ്ടായിരുന്നു.

അതുകൊണ്ടാകണം സിനിമ കാണുന്നവരുടെ കണ്ണിൽ ചന്ദനും ഷുഹൈബും സുധയും അവരുടെ പ്രായമായ മാതാപിതാക്കളും അവരുടെ അരികുജീവിതവും എല്ലാ സങ്കീർണ്ണതകളോടും ജീവിക്കുന്നതായിട്ടേ തോന്നൂ, അഭിനയവും പെർഫോമൻസും ആയി തോന്നുകയില്ല.

Homebound, Neeraj Ghaywan
ചരിത്രമെഴുത്തിൽ കാണാതെ പോയ ജീവിതങ്ങൾ

പ്രൊഫഷണൽ അഭിനേതാക്കളുടെ ഭാവവാഹാദികൾ പ്രകടിപ്പിക്കാത്ത ഒരുകൂട്ടം അതുല്യ നടീനടന്മാരുടെ നിറഞ്ഞാട്ടമാണ് ഈ സിനിമയുടെ ശക്തി. സൗഹൃദങ്ങളുടെ അടുപ്പവും പാൻഡെമിക് കാലഘട്ടത്തിലെ ഇടങ്ങളുടെ ശൂന്യതയും ഛായാഗ്രാഹകൻ പ്രതീക് ഷാ മനോഹരമായി പകർത്തിയിട്ടുണ്ട്. വിണ്ടുകീറിയ കാലുകളും ശൂന്യമായ തെരുവീഥികളും ഹൈവെയും മങ്ങിയ വെളിച്ചമുള്ള മുറികളും മറ്റും കൃത്രിമത്വം തോന്നിക്കാതെ തടങ്കലിന്റെയും വിജനതയുടെയും പശ്ചാത്തലം സൃഷ്ടിച്ച് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.

പല ഘട്ടങ്ങളിലും മന്ദഗതി സ്വീകരിക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ മറ്റ് സാങ്കേതിക ഘടകങ്ങളുമായി ചേർന്നുനിൽക്കുന്നുണ്ട് നിതിൻ ബൈദിന്റെ എഡിറ്റിങ്. ഖ്യാതീ കാഞ്ചന്റെ പ്രൊഡക്ഷൻ ഡിസൈനും നരേൻ ചന്ദവർക്കറും ബെനഡിക്റ്റ് ടെയ്‌ലറും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന് പൂർണ്ണത നൽകുന്നു.

എല്ലാത്തരം പ്രേക്ഷകരോടും ഒരുപോലെ സംവദിക്കുന്ന ഒട്ടേറെ അടരുകളുള്ള നരേറ്റീവ്‌ സ്ക്രീനിലേക്ക് അളന്നുമുറിച്ച കൃത്യതയോടെ പകർത്തുന്നതിൽ വിജയിച്ചിട്ടുണ്ട് ഹോംബൗണ്ട് ടീം. ലഭിച്ചേക്കാവുന്ന ഓസ്കാർ ബഹുമതിയിലൂടെ അതിരുകൾ താണ്ടി പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറേണ്ട നമ്മുടെ ലോകോത്തര സിനിമയാണ് ഹോംബൗണ്ട്.

ഒറ്റ വാചകത്തിൽ പറഞ്ഞാൽ, വെറുപ്പ് പടർന്നുപിടിക്കുന്ന ഈ കാലത്ത് സൗഹൃദത്തിനും സാഹോദര്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് നീരജ് ഗൈവാൻ പറയുന്ന സഹാനുഭൂതി തുളുമ്പുന്ന രാഷ്ട്രീയം, ഹൃദ്യമായ കഥ പറച്ചിൽ, അതാണ് ഹോംബൗണ്ട് എന്ന ചലച്ചിത്രം.

Summary

Homebound a must watch film with powerful performances and authentic storytelling that shows a mirror to the contemporary Indian society fractured with prejudices and discrimination.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com