G R Indugopan, Vilaayath Budha
G R Indugopan, Vilaayath Budhaസമകാലിക മലയാളം

'വിലായത്ത് ബുദ്ധ കെട്ടിപ്പൂട്ടി ചങ്ങലയൊക്കെ ഇട്ട് വച്ചിരിക്കുന്നു; ഹിംസ നടത്തിയിട്ട് വേണമല്ലോ അഹിംസയുടെ പ്രയോക്താവായ ബുദ്ധനെ ഉണ്ടാക്കാൻ'

ആ മരം കൊണ്ടാണ് സത്യത്തിൽ ബുദ്ധനെ ഉണ്ടാക്കുന്നത്.
Published on

"ബുദ്ധം ശരണം ​ഗച്ഛാമി. ഹേ വിലായത്ത് ബുദ്ധാ !. അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാൻ ഹിംസയ്ക്കില്ല. എന്റെ നേർക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് അങ്ങേയ്ക്ക് ഇനി നിൽക്കാനാവില്ല. വീണത് ചോരയാണ്. അത് ഈ ഭൂമിയിൽ വീണ നേരം തന്നെ അങ്ങ് മനസു കൊണ്ട് ഷാങ്ഹായിലേക്കുള്ള കപ്പൽ കയറാൻ തീരുമാനിച്ചു കഴിഞ്ഞു" - ജി ആർ ഇന്ദു​ഗോപന്റെ 'വിലായത്ത് ബുദ്ധ'യിൽ ഡബിൾ മോഹനൻ പറയുന്ന വാക്കുകളാണിത്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

ഇന്ദു​ഗോപന്റെ 'വിലായത്ത് ബുദ്ധ' അതേപേരിൽ തന്നെ ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജും ഷമ്മി തിലകനും പ്രിയംവദ കൃഷ്ണയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മറയൂരിലെ ചന്ദനക്കാടുകളിലേക്കുള്ള തന്റെ യാത്രകളും 'വിലായത്ത് ബുദ്ധ'യും മറ്റു സിനിമാ വിശേഷങ്ങളുമായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജി ആർ ഇന്ദുഗോപൻ സമകാലിക മലയാളത്തിനൊപ്പം ചേരുന്നു.

മനുഷ്യ സംഘർഷങ്ങളാൽ സമൃദ്ധമാണ് 'വിലായത്ത് ബുദ്ധ'. സിനിമയായി കാണാൻ ഒരുപാട് സമയമെടുത്തു. കാത്തിരിപ്പിന്റെ നിമിഷത്തെക്കുറിച്ച് ?

മാതൃഭൂമി ആഴ്ചപതിപ്പിൽ ഞാനൊരു കഥ എഴുതുന്നു, ആളുകൾക്ക് അതിനോടൊരു താല്പര്യം വരുന്നു, പിന്നെ അത് പുസ്തകം ആക്കുന്നു. അതിന് ശേഷമാണ് സിനിമയാക്കണമെന്ന താല്പര്യത്തോടെ സംവിധായകൻ സച്ചി സമീപിക്കുന്നത്. പക്ഷേ കുറേ തടസങ്ങൾ വന്നു, നടന് പരിക്കേൽക്കുന്നു... വലിയ രീതിയിലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നു. സ്വാഭാവികമായിട്ടും ഇത്രയും, നാല് വർഷത്തോളമെടുത്തു ഇതൊന്ന് പരിസമാപ്തിയിലേക്കെത്താൻ. നമ്മുടെ ഭാ​ഗത്തു നിന്നും വലിയ മുതൽമുടക്ക് ഉണ്ടല്ലോ. എല്ലാം നല്ലതായി വരും എന്നൊരു പ്രതീക്ഷയാണ്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

ഒന്നിലധികം ഷെയ്ഡുകളുള്ള കഥാപാത്രമാണല്ലോ ഡബിൾ മോഹനൻ. ഹിംസയുടെ മാർ​ഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആൾ വിലായത്ത് ബുദ്ധയ്ക്ക് മുന്നിലെത്തുമ്പോൾ അഹിംസയുടെ പ്രവാചകനാകുന്നു. ഡബിൾ മോഹനനെ കുറിച്ച് ചിന്ത എങ്ങനെയാണ് ?

ഡബിൾ മോഹനൻ ഭയങ്കര പോസിറ്റിവിറ്റിയുള്ള കാരക്ടർ ആണ്. ഒന്നാമതായി, വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. സാധാരണ മനുഷ്യനായിട്ട്. പേരു ദോഷമുള്ള ഒരു സ്ത്രീയാണ് അദ്ദേഹത്തി​ന്റെ ഭാര്യ. പക്ഷേ, അതൊന്നു പരിഗണിക്കാതെ അവരെ വലിയൊരു രീതിയിലേക്ക് പ്രതിഷ്ഠിക്കാൻ മോഹനൻ ശ്രമിക്കുകയാണ്.

രണ്ടാമത്തെ ​കാര്യം ഡബിൾ മോഹനൻ അയാളുടെ ​ഗുരുവിനെ വലിയൊരു തകർച്ചയിൽ നിന്ന്, പ്രത്യക്ഷത്തിൽ ​ഗുരുവുമായിട്ട് ഒരു പ്രശ്നത്തിലാണെന്ന് പറയുന്നെങ്കിൽ പോലും പിന്നീട് അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെടുക്കുന്ന ഒരു മനുഷ്യനായിട്ടുമൊക്കെ മാറുന്നുണ്ട്.

വലിയ പോസിറ്റിവിറ്റിയുള്ള ഒരു സാധാരണ മനുഷ്യനായി മാറുന്നുണ്ട് ഡബിൾ മോഹനൻ. നിയമവിരുദ്ധമായ ചില സം​ഗതികൾ ചെയ്യുന്നത് ജീവിതത്തിലെ ഒരു രസമെന്നതൊഴിച്ചാൽ, പോസിറ്റീവായിട്ടുള്ള ഒരു കഥാപാത്രമായാണ് എനിക്ക് തോന്നിയത്. പൃഥ്വിരാജ് ആ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്. ആ കഥാപാത്രത്തെ വളരെയധികം ഉൾക്കൊണ്ട് അദ്ദേഹം ചെയ്തതായിട്ടാണ് എനിക്ക് തോന്നിയത്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

സിനിമ റിലീസാകുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് സച്ചിയെ ആയിരിക്കും. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ ?

തീർച്ചയായും മിസ് ചെയ്യും. സച്ചിയുമായി ആദ്യഘട്ടത്തിലുള്ള ചർച്ചകളൊക്കെ നടത്തിയിരുന്നു. സച്ചി ഇതിനിടയിൽ നമ്മളെ വിട്ടുപോയി. കഥ വായിച്ചപ്പോൾ അദ്ദേഹം സിനിമയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതിന് ശേഷം അദ്ദേഹം ചില കുറിപ്പടികളൊക്കെ ചെയ്തിരുന്നു. പിന്നെ അദ്ദേഹം തന്റെ അസിസ്റ്റന്റിനെ (ജയൻ) കാര്യങ്ങളൊക്കെ മനസിലാക്കാനായി മറയൂരിലേക്ക് അയച്ചു.

ഇത്രയും കാര്യങ്ങൾ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം എന്നോട് പറയുന്നത്, 'എനിക്കൊരു ശസ്ത്രക്രിയ ഉണ്ട്. അതുകഴിഞ്ഞ് നമുക്ക് ബാക്കി സംസാരിക്കാം' എന്ന്. പിന്നീടാണ് അദ്ദേഹം വിട്ടു പോയത്. ഞങ്ങൾ തമ്മിൽ കഥയെക്കുറിച്ചൊക്കെ കൃത്യമായി സംസാരിച്ചിരുന്നു. മറയൂരിന്റെ വലിയൊരു സംസ്കൃതിയൊക്കെ ഈ സിനിമയിൽ വേണമെന്ന ആ​ഗ്രഹമൊക്കെയുണ്ടായിരുന്നു അദ്ദേഹത്തിന്. ജയൻ (സംവിധായകൻ) അതിനുവേണ്ടി നല്ല പരിശ്രമം നടത്തിയിട്ടുണ്ട്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്നല്ലോ ജയൻ, അദ്ദേഹത്തിന്റെ മരണശേഷമാണ് ജയനിലേക്ക് ഇത് മടങ്ങി ചെല്ലുന്നത്.

വിലായത്ത് ബുദ്ധ കടത്താൻ മോഹനനും കടത്തി കൊണ്ടു പോകാതിരിക്കാൻ ഭാസ്കരനും നടത്തുന്ന ഒരു കളിയുണ്ട്. ഷമ്മി തിലകനാണ് ഭാസ്കരൻ എന്ന കഥാപാത്രമായി എത്തുന്നത്. ഷമ്മി തിലകൻ ഭാസ്കരനായപ്പോൾ ?

ഷമ്മി തിലകന്റെ പെർഫോമൻസ് ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. രണ്ട് കേന്ദ്ര കഥാപാത്രങ്ങളിലെ പ്രധാനപ്പെട്ട ആളാണല്ലോ. വളരെ ശ്രദ്ധാപൂർവമാണ് ജയൻ ആ കഥാപാത്രമെടുത്തിരിക്കുന്നത്. നമ്മൾ പ്രതീക്ഷിച്ചതിൽ കൂടുതൽ ഷമ്മി പെർഫോം ചെയ്തിട്ടുണ്ട്. റിലീസിന് ശേഷവും അദ്ദേഹത്തിന്റെ പെർഫോമൻസിനെക്കുറിച്ച് ആളുകൾ സംസാരിക്കും എന്നാണ് കണക്കുക്കൂട്ടൽ.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

നിറങ്ങളും ​ഗന്ധങ്ങളും ചേർന്നൊരു കൺ‌കെട്ടു കളി കഥയിൽ സംഭവിക്കുന്നുണ്ട്. ആ മാജിക്കിനെക്കുറിച്ച് ?

'ചെമ്പകം' എന്ന പേരിൽ പോലും അതുണ്ട്, 'ഭാസ്കര'ന്റെ ഇരട്ടപേരിലുമൊക്കെ മണവും ​നിറവുമൊക്കെ കടന്നുവരുന്നുണ്ട്. ദേവ വൃക്ഷമായ ചന്ദനത്തിൽ നിന്ന് മനുഷ്യ വിസർജ്യത്തിലേക്കുള്ള ഒരു യാത്ര എന്ന് പറയുന്നത്, ഒരേ നിറത്തിലും അതുപോലെ മണത്തിൽ നിന്ന് ദുർ​ഗന്ധത്തി ലേക്കുമൊക്കെ വീഴുന്ന മനുഷ്യരുടെ കഥയാണിത്. ​ഗന്ധം പലയിടത്തും കഥയിൽ നമ്മൾ മനഃപൂർവം വച്ചിട്ടുണ്ടായിരുന്നു.

വളരെ സ്ട്രോങ്ങായ സ്ത്രീകളാണ് 'വിലായത്ത് ബുദ്ധ'യിലെ ചെമ്പകവും ചൈതന്യവും. സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ?

പുസ്തകത്തിലുള്ള സ്ത്രീ കഥാപാത്രങ്ങളുടെ തീവ്രത അതുപോലെ തന്നെ നമുക്ക് സിനിമയിലും കാണാം, അല്ലെങ്കിൽ ഒരുപടി മുകളിലെങ്കിലും കാണാൻ കഴിയും. സിനിമയ്ക്കായി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. നായകന് വേണ്ടി ഒതുങ്ങി കൊടുക്കുന്ന നായിക എന്ന രീതിയിലേക്കൊന്നും പോയിട്ടില്ല. അത് കഥയിലുമില്ല, സിനിമയിലുമില്ല. ആദ്യം മുതൽ തന്നെ പ്രിയംവദയെയും രാജശ്രീയേയും തന്നെയായിരുന്നു നമ്മൾ കാസ്റ്റ് ചെയ്തിരുന്നത്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

എഴുത്തിന്റെ ഭാ​ഗമായി മറയൂരിലേക്ക് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടാകുമല്ലോ. 'വിലായത്ത് ബുദ്ധ' എന്ന ചന്ദനമരം നേരിൽ കണ്ടിട്ടുണ്ടോ ?

ഈ കഥ എഴുതുന്നതിന് മുൻപ്, ചന്ദനം വെട്ടുന്ന മനുഷ്യരുടെ കൂട്ടത്തിൽ ഞാൻ മറയൂര് പോയിട്ടുണ്ട്. ചന്ദനം വെട്ടുന്നത് എങ്ങനെയാണെന്നും മറ്റു കാര്യങ്ങളുമൊക്കെ അറിയാനാണ് അവരോടൊപ്പം പോയത്. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോഴും ഈ ആളുകളുടെ കൂടെ സഞ്ചരിക്കുമ്പോഴും ഒന്നും ഈ 'വിലായത്ത് ബുദ്ധ' എന്ന ചന്ദനമരം ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.

സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു ഫോറസ്റ്റ് ഓഫീസറാണ് എന്റെ അടുത്ത് 'വിലായത്ത് ബുദ്ധ കണ്ടിട്ടുണ്ടോ ?' എന്ന് ചോദിക്കുന്നത്. ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ രഹസ്യമായി കൊണ്ടുപോയി അത് കാണിച്ചു തരുകയും ചെയ്തു. ചന്ദന മരം വളഞ്ഞിട്ടാണ് നിൽക്കാൻ സാധ്യത. പക്ഷേ ഇത് നെടുനീളത്തിൽ വലിയ കനത്തിലുള്ള ഒരു ചന്ദന മരം കെട്ടിപ്പൂട്ടി അവർ ചങ്ങലയൊക്കെ ഇട്ട് വച്ചിരിക്കുകയാണ്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

ആ മരം കൊണ്ടാണ് സത്യത്തിൽ ബുദ്ധനെ ഉണ്ടാക്കുന്നത്. രസമെന്ന് പറയട്ടേ, ഈ ചെടിയെ കൊന്നിട്ട് വേണമല്ലോ, അല്ലെങ്കിൽ ഹിംസ നടത്തിയിട്ട് വേണമല്ലോ അഹിംസയുടെ പ്രയോക്താവായ ബുദ്ധനെ ഉണ്ടാക്കാൻ. അതിനാണ് ഏറ്റവും വലിയ വിലയും. ധ്യാനത്തിലിരിക്കുന്ന നിർവാണ ബുദ്ധനെ ഉണ്ടാക്കാൻ ഏറ്റവും നല്ലതും വിലായത്ത് ബുദ്ധയാണ്. ആ മരത്തിൽ ബു​ദ്ധനെ കാണാൻ കഴിയുന്നു എന്നതാണ് ഡബിൾ മോഹനന്റെ വ്യത്യാസം. അയാൾ ബുദ്ധനായി മാറി കൊണ്ടിരിക്കുന്നത് സാധാരണക്കാരിയായ പെൺകുട്ടിക്ക് ഇഷ്ടപ്പെടണമെന്നില്ലല്ലോ.

'കാപ്പ'യ്ക്ക് ശേഷം വിലായത്ത് ബുദ്ധയിലൂടെ വീണ്ടും പൃഥ്വിരാജിനൊപ്പം. നിങ്ങൾ തമ്മിലുള്ള സൗഹൃദം എങ്ങനെയാണ് ?

എന്റെ കൊണ്ടന്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായി അത്രയേ ഉള്ളൂ. കഥ നന്നാക്കാനുള്ള ചർച്ചകളൊക്കെ ഞങ്ങൾ തമ്മിൽ നടത്താറുണ്ട്. വ്യാപകമായി കഥ പറയാറില്ലെങ്കിലും കൊണ്ടന്റുകൾ ഇനിയും ചർച്ച ചെയ്യണമെന്ന ആ​ഗ്രഹം ഞങ്ങൾക്ക് രണ്ട് പേർക്കുമുണ്ട്.

മലയാളത്തിൽ ഒരിടയ്ക്ക് നോവലിനെ ആസ്പദമാക്കി സിനിമകൾ വരുന്നത് പതിവായിരുന്നു. പിന്നീട് അത് മാറി സിനിമയ്ക്ക് വേണ്ടി മാത്രം ആളുകൾ എഴുതി തുടങ്ങി. ഇപ്പോൾ വീണ്ടും നോവലുകൾ സിനിമയായി മാറുന്ന ട്രെൻഡിലേക്ക് വരുന്നുണ്ട്. ഈ ഒരു രീതിയെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

സിനിമാക്കാർ എപ്പോഴും കൊണ്ടന്റ് അന്വേഷിച്ചു നടക്കുകയാണല്ലോ. മാത്രമല്ല ഒരുപാട് പേര് വായിക്കുന്നവരുമുണ്ട് ഇപ്പോൾ. നോവലിലെ ചില കൊണ്ടന്റുകളിൽ, സിനിമയാക്കാനുള്ള നാടകീയതയും സംഘർഷവുമൊക്കെ ഉണ്ടെന്ന് കണ്ടിട്ടാണ് അവർ ആ രീതിയിൽ സമീപിക്കുന്നത്. നല്ല പുതുമയുള്ള കൊണ്ടന്റിന് വേണ്ടിയുള്ള ഒരു സഞ്ചാരം സിനിമക്കാർക്കുണ്ട്. അങ്ങനെയാണ് നോവലുകൾ സിനിമയിലേക്ക് വരുന്നത്.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

ഒരു സിനിമാറ്റിക് വിഷൻ മുന്നിൽ കണ്ടുകൊണ്ട് നമുക്കൊരിക്കലും എഴുതാൻ പറ്റില്ല. പല ജനപ്രിയ മാസികകളിലും ആ ഒരു കാഴ്ച വച്ചിട്ടല്ലേ പലരും സിനിമാറ്റിക് നോവൽ എന്നൊക്കെ പറഞ്ഞ് എഴുതുന്നത്. പക്ഷേ അതൊന്നും സിനിമ ആകുന്നില്ലല്ലോ. കഥയിലുള്ള ചില കാര്യങ്ങൾ പുതുമയുള്ള സംഭവങ്ങൾ സിനിമയാക്കണമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം. സിനിമയും സാഹിത്യവും കൂട്ടിക്കലർത്തിയാൽ പുസ്തകം വായനക്കാർ വായിക്കുകയുമില്ല.

ഇതുവരെ വായിച്ച നോവലുകളോ കഥയോ സിനിമയായി കാണണമെന്ന ആ​ഗ്രഹമുണ്ടോ ?

അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല. കാരണം വായനക്കാരുടെ കാഴ്ചയല്ല സിനിമാക്കാരുടെ കാഴ്ച. പുസ്തകത്തിൽ വലിയ സംഭവമായി നമുക്ക് തോന്നുന്നതല്ല അവർ അന്വേഷിച്ച് വരുന്നത്. സാഹിത്യകാരന്റെ ജഡ്ജ്മെന്റല്ല സിനിമാക്കാർക്ക്, അവരുടെ കൊണ്ടന്റിനെ സമീപിക്കുമ്പോൾ.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്

താങ്കളുടെ 'തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥയും' സിനിമയാകാൻ പോകുന്നു എന്ന് കേട്ടിരുന്നു. അപ്ഡേറ്റ് എന്തെങ്കിലും ?

അത് സിനിമയാക്കാനുള്ള ആലോചനകൾ അടുത്തവർഷം തുടങ്ങുകയേ ഉള്ളൂ. നിലവിൽ അപ്ഡേറ്റുകളൊന്നുമില്ല.

G R Indugopan, Vilaayath Budha
ബ്രിട്ടീഷുകാരുടെ മദ്രാസ് ലോക്കൽ ബോ‍ർഡ് മുതൽ ഇന്ത്യയുടെ സ്വന്തം പഞ്ചായത്തീരാജ് വരെ, ത്രിതല ഭരണ സംവിധാനത്തി​ന്റെ 100 വർഷത്തെ ചരിത്രം ഇങ്ങനെ

സാമൂഹികപരമായുണ്ടാകുന്ന വെല്ലുവിളികൾ കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ സ്വാധീനം ചെലുത്താറുണ്ടോ ?

ഒരു സർ​ഗാത്മക എഴുത്തുകാരൻ എന്ന് പറയുന്നത് ഒരു പൊലീസ് സ്റ്റേഷനല്ല, അതൊരു നീതിനിർവഹണ സംവിധാനമല്ല. സമൂഹത്തിലുള്ള ഒരുപാട് പച്ച മനുഷ്യരെ അയാൾക്ക് തോന്നുന്ന പ്രതീകങ്ങൾ എഴുത്തുകാരൻ കൊടുക്കും. സമൂഹം ഒതുക്കിയിട്ടിരിക്കുന്ന മനുഷ്യരെ ഒരു എഴുത്തുകാരന്റെ രചനാപരിസരത്ത് അവർ പ്രത്യേക സ്ഥാനം കൊടുക്കും, അവരോടുള്ള ഒരു കരുതൽ കാണും.

അതുകൊണ്ടാണ് സാ​ഹിത്യത്തിൽ ഇങ്ങനെയൊക്കെ വരുന്നത്. എന്നെ സംബന്ധിച്ച് സമൂഹത്തിന്റെ ചിന്തകളൊന്നും ബാധിക്കാറേയില്ല. ഞാൻ പണ്ട് കള്ളന്റെ ആത്മകഥയെഴുതി. അപ്പോഴൊക്കെ വിയോജിപ്പുകൾ പറഞ്ഞവരുണ്ടായിരുന്നു. ​ഗുണ്ടകളുടെ ജീവിതമെടുത്ത് സിനിമയാക്കി എന്ന് പറഞ്ഞവരുണ്ട്. അതൊക്കെ വരും. എന്നാൽ ഇങ്ങനെയുള്ളവരെ മാറ്റി നിർത്തേണ്ടവരല്ല എന്ന് പറയുന്നവരും ഉണ്ടാകും.

Vilaayath Budha
Vilaayath Budhaഫെയ്സ്ബുക്ക്
G R Indugopan, Vilaayath Budha
യുക്തിരഹിതമാണെന്ന് അറിയാമെങ്കിൽ പോലും പ്രേരണകളെ നിയന്ത്രിക്കാനാകില്ല, നമ്മൾ കരുതിയിരുന്ന പോലെയല്ല ഒസിഡി

വിമർശനങ്ങളെ പൊതുവേ താങ്കൾ എങ്ങനെയാണ് കാണാറ് ?

എനിക്ക് ഒരു വിരോധവും അക്കാര്യത്തിൽ ഇല്ല. ഞാൻ പൊതുവേ ഒന്നും കാര്യമായി കാണുന്ന ഒരാളല്ല. ചിലർ വിമർശനങ്ങളൊക്കെ എനിക്ക് അയച്ചു തരാറുണ്ട്. പക്ഷേ അത്തരം കാര്യങ്ങളിലൊന്നും എന്റെ മനസ് ഉടക്കാറില്ല. നമ്മളെ കൊണ്ടാകുന്ന ജോലികൾ, പ്രതിഭയുടെ തോത് അനുസരിച്ച് ഓരോരുത്തർ അവരവരുടേതായ രീതിയിൽ ജീവിക്കുകയും അവരവരുടേതായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.

പൃഥ്വിരാജിനൊപ്പം 'ആനോ' ചെയ്യാനൊരുങ്ങുന്നു എന്നും ഇടയ്ക്ക് കേട്ടിരുന്നു. നിലവിലെ അവസ്ഥ എന്താണ് ?

'ആനോ'യുടെ ചർച്ചകളൊക്കെ നടന്നിരുന്നു, പക്ഷേ അതൊന്നും ഒരു ഫോർമാറ്റിലേക്ക് വന്നിട്ടില്ല. പതുക്കെ വീണ്ടും ചർച്ച ചെയ്ത് തുടങ്ങണം.

Summary

Screenwriter G R Indugopan opens up his new movie Vilaayath Budha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com