Charmila Christina
Charmila Christinaഫെയ്സ്ബുക്ക്

Exclusive Interview: 'എന്നെ ഒതുക്കി, മലയാളത്തിൽ ശ്രദ്ധ പതിപ്പിച്ചതാണ് ഞാൻ ചെയ്ത തെറ്റ്; എനിക്ക് പാര വയ്ക്കാൻ കുറേപ്പേർ കേരളത്തിലുണ്ട്'

ചാർമിളയും യഥാർഥ ജീവിതത്തിൽ അങ്ങനെയാണെന്ന് എല്ലാവരും വിചാരിച്ചു.
Published on

ചീരപ്പൂവുകൾക്കുമ്മ കൊടുത്ത് മലയാളികളുടെ മനം കവർന്ന നായികയാണ് ചാർമിള. കേളി, കാബൂളിവാല, അങ്കിൾ ബൺ, കമ്പോളം തുടങ്ങി നിരവധി സിനിമകളിൽ ചാർമിള നായികയായെത്തിയെങ്കിലും മലയാളികൾക്ക് ഇന്നും ധനത്തിലെ തങ്കമാണ് ചാർമിള. പട്ടുപാവടയിട്ട് തൊടിയിലൂടെ നടന്ന് നിഷ്കളങ്കമായ ചിരിയോടെ എത്തിയ പെൺകുട്ടി.

സിബി മലയിൽ സംവിധാനം ചെയ്ത 'ധന'ത്തിലൂടെ ആയിരുന്നു ചാർമിളയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. എന്നാൽ അത് തന്റെ സിനിമാ ജീവിതത്തിൽ അത്ര ​ഗുണകരമായില്ല എന്ന് തുറന്നു പറയുകയാണ് ചാർമിള ഇപ്പോൾ. 'ധനം' സിനിമയോടെ മലയാള സിനിമയിൽ തനിക്ക് ഉണ്ടായ ഇമേജിനേക്കുറിച്ച് ചാർമിള സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു.

'ചീരപൂവുകൾക്കുമ്മ കൊടുക്കണ... ഈ പാട്ട് ഒരിക്കലും മലയാളികൾക്ക് മറക്കാനാകില്ല. ആദ്യ സിനിമയുടെ ഓർമകൾ ?

ശരിക്കും ചീരപൂവുകൾ... എന്ന പാട്ട് ആദ്യം മറ്റൊരു രീതിയിലായിരുന്നു സിബി മലയിൽ സാർ പ്ലാൻ ചെയ്തിരുന്നത്. ആ സമയത്ത് എനിക്ക് ഡാൻസ് അറിയില്ലായിരുന്നു. അതുകൊണ്ടാണ് അതങ്ങനെ ചെയ്തത്. പക്ഷേ അത് കുറച്ച് വ്യത്യസ്തമായിരുന്നു. തങ്കം എന്ന കഥാപാത്രത്തോട് അത് ചേർന്ന് നിന്നു. ഡാൻസ് ഒന്നുമറിയാത്ത ഒരു പാവപ്പെട്ട പെൺകുട്ടി പാടി നടക്കുന്നതായതു കൊണ്ട് അത് വിജയിച്ചു.

മാത്രമല്ല, ലാലേട്ടൻ ആണ് എന്നെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നത്. സത്യം പറഞ്ഞാൽ എന്നെ നായികയാക്കിയതും ലാലേട്ടൻ തന്നെയാണ്. ലാലേട്ടന്റെ റെക്കമന്റേഷനിലാണ് ഞാൻ ധനത്തിലേക്ക് വരുന്നത്. ആദ്യം നന്ദി പറയേണ്ടത് അദ്ദേഹത്തോടാണ്. മോഹൻലാലിന്റെ അമ്മായിച്ഛൻ ബാലാജി അങ്കിളും എന്റെ അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു.

'ധന'ത്തിലേക്ക് നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞപ്പോൾ എന്നെ അദ്ദേഹം പരി​ഗണിക്കുകയായിരുന്നു. ഞാൻ ആ സമയത്ത് എട്ടാം ക്ലാസിലോ മറ്റോ ആണ്. സിനിമയ്ക്കായി എന്നെ കാസ്റ്റ് ചെയ്യുന്ന സമയത്ത് സ്കൂൾ അവധിയായിരുന്നു, അതുകൊണ്ട് ലീവ് എടുക്കേണ്ട ആവശ്യമില്ലായിരുന്നു. സിനിമയിൽ ഡ്യുവെറ്റ് സോങ്ങോ പ്രണയ രം​ഗങ്ങളോ ഒന്നുമില്ലെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ പോയി ചെയ്യാൻ അച്ഛൻ പറയുന്നത്. അങ്ങനെ ഞാൻ പോയി ചെയ്തു, ഭയങ്കര സന്തോഷം.

മോഹൻലാലിനൊപ്പമായിരുന്നു അരങ്ങേറ്റം. അന്ന് ചാർമിള കുട്ടിയുമായിരുന്നു. മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ?

ലാലേട്ടൻ ശരിക്കും അന്നത്തെക്കാലത്ത് ഇത്രയും വലിയ സ്റ്റാർ ആണെന്നൊന്നും തമിഴ്നാട്ടിലുള്ളവർക്ക് അറിയില്ല. അവിടെ അങ്ങനെ മലയാളം സിനിമകളൊന്നും റിലീസ് ചെയ്യുന്നില്ലല്ലോ. ലാലേട്ടൻ ഇവിടെ ഇത്ര വലിയ നടൻ ആണെന്നോ സൂപ്പർ സ്റ്റാർ ആണെന്നോ എന്നുള്ള കാര്യമൊന്നും നമ്മൾ ചിന്തിച്ചില്ല. ഞങ്ങൾ തമിഴ്നാട്ടിൽ നിന്നായതു കൊണ്ട്, തമിഴ് സിനിമകൾ മാത്രമാണ് കണ്ടിരുന്നത്.

Dhanam
Dhanam​ഗൂ​ഗിൾ

പിന്നെ സിനിമ ചെയ്യാൻ വന്നപ്പോഴാണ് ഞാൻ ഞെട്ടിയത്. ഇത്രയും വലിയ ആളുടെ കൂടെയാണോ അഭിനയിച്ചതെന്നോർത്ത്. സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. എപ്പോഴെങ്കിലും അദ്ദേഹം ജാഡ കാണിച്ചിരുന്നെങ്കിൽ എനിക്ക് തോന്നിയേനെ ഇദ്ദേഹം വലിയൊരു നടനാണ് എന്ന്. പക്ഷേ അദ്ദേഹം വളരെ സിംപിളാണ്.

ഒരു ദിവസം സെറ്റിൽ ഷൂട്ട് കഴിഞ്ഞ് ഞാനും അച്ഛനും കൂടി കസേരയിൽ ഇരിക്കുകയായിരുന്നു. ലാലേട്ടൻ ഷോട്ട് കഴിഞ്ഞ് ഞങ്ങളുടെ അടുത്തു വന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞങ്ങൾ രണ്ട് പേരും എഴുന്നേറ്റിട്ട്, സാർ ഇരിക്കൂ എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം വേണ്ട, ഞാനിവിടെ ഇരുന്നോളാം എന്ന് പറഞ്ഞ് ആ നിലത്ത് ഇരുന്നു. ഇങ്ങനെയൊരാളെ ഞാൻ കണ്ടിട്ടേയില്ല. കാരണം തമിഴ്നാട്ടിൽ നമ്മൾ കാണുന്ന നടൻമാരൊക്കെ കുറച്ച് ജാഡയാണ്.

പിന്നെ എനിക്ക് മലയാളം അറിയാത്തതു കൊണ്ട് ലാലേട്ടൻ എന്നോട് തമിഴിൽ സംസാരിക്കുമായിരുന്നു. നെടുമുടി വേണു സാർ, തിലകൻ സാർ എല്ലാവരും എന്നോട് തമിഴ് സംസാരിക്കും. 'നാൻ ഉങ്കൾക്കാകെ തമിഴിൽ പേസുവോം' എന്നൊക്കെ പറഞ്ഞ് അവർ എന്നെ കംഫർട്ടബിളാക്കി.

Kabooliwala
Kabooliwala​ഗൂ​ഗിൾ

അവർ തമ്മിൽ സംസാരിക്കുമ്പോൾ എനിക്കൊന്നും മനസിലാകില്ല, ഞാനിങ്ങനെ വെറുതേ നോക്കിയിരിക്കും. അപ്പോൾ അവർ എന്നോട് ചോദിക്കും 'എന്താ കുട്ടി ഒന്നും മനസിലാകുന്നില്ലേ' എന്നൊക്കെ. ഞങ്ങൾ നിനക്ക് വേണ്ടി തമിഴിൽ പറയാം എന്നൊക്കെ പറയും. ശരിക്കും ഒരു കുടുംബം പോലെയായിരുന്നു ആ ടീമും സെറ്റുമൊക്കെ.

അച്ഛൻ ആണ് സിനിമാ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് കരിയറിന് ​ഗുണം ചെയ്തില്ല എന്നും ചാർമിള തന്നെ പറഞ്ഞിട്ടുമുണ്ട്. എന്താണ് അങ്ങനെ പറഞ്ഞത് ?

എന്റെ സിനിമാ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അച്ഛനായിരുന്നു. ഒരു തരത്തിൽ ഞാൻ രക്ഷപ്പെടാതിരുന്നതിന്റെ കാരണവും എന്റെ അച്ഛനാണെന്ന് എനിക്ക് പറയാൻ കഴിയും. അച്ഛനാണ് സിനിമയുടെ കഥ കേൾക്കുന്നത്. അച്ഛന് ഇഷ്ടപ്പെട്ട സിനിമകളിൽ ഞാൻ അഭിനയിക്കണം അങ്ങനെയായിരുന്നു. ഇതു കാരണം കുറേപ്പേർക്ക് എന്നെ വിളിക്കാൻ മടിയായി.

Dhanam
Dhanam​ഗൂ​ഗിൾ

'ആർട്ടിസ്റ്റിനോട് ഞങ്ങൾക്ക് കഥ പറയാം, എന്തിനാണ് ഒരു നടിയുടെ അച്ഛനോട് ഞങ്ങൾ കഥ പറയുന്നത്. അച്ഛൻ എന്തിനാണ് കണ്ടീഷനുകളൊക്കെ വയ്ക്കുന്നത്. അഭിനയിക്കുന്നത് ആ കുട്ടിയല്ലേ' എന്നൊക്കെ ആളുകൾ ചോദിക്കാൻ തുടങ്ങി. ചിലപ്പോൾ നല്ല കഥയായിരിക്കും, പക്ഷേ അച്ഛൻ വിടില്ല. അച്ഛൻ പറയും വേണ്ട 'എനിക്ക് ആ കഥ ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് നീ ചെയ്യണ്ടാ' എന്ന്.

അതുപോലെ വസ്ത്രധാരണത്തിലും അച്ഛന് കണ്ടീഷൻസ് ഉണ്ടായിരുന്നു. ആ വസ്ത്രം ഇടാൻ പാടില്ല, ഇത് വേണ്ട എന്നൊക്കെ പറയും. കെട്ടിപിടിക്കുന്ന രം​ഗങ്ങൾ പാടില്ല, പ്രണയരം​ഗങ്ങളിൽ അഭിനയിക്കില്ല ഇങ്ങനെയും കുറേ കണ്ടീഷനുകൾ അച്ഛൻ വയ്ക്കുമായിരുന്നു. അങ്ങനെയൊക്കെ ചെയ്തതു കൊണ്ടാണ് കുറേ സിനിമകൾ എനിക്ക് നഷ്ടപ്പെട്ടു പോയത്.

ഇക്കാര്യം പറഞ്ഞ് ഞങ്ങൾ സ്ഥിരം വീട്ടിൽ വഴക്കിടാറുണ്ടായിരുന്നു. ഒന്ന് രണ്ട് സിനിമകൾ ചെയ്യണം, പിന്നെ വിവാഹം കഴിച്ച് സെറ്റിൽ ആകണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം. അല്ലെങ്കിൽ വിദേശത്ത് എവിടെയെങ്കിലും പോയി പഠിക്കണം. ഞാൻ സിനിമയിൽ തുടരണമെന്ന് അച്ഛനും അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. ഞാനൊരു നടിയായി കാണണമെന്ന് അവർ‌ക്ക് ആ​ഗ്രഹമില്ലായിരുന്നു. അതുകൊണ്ട് അതൊഴിവാക്കാൻ അവർ പരമാവധി ശ്രമിച്ചു.

ഭരതനെപ്പോലെയുള്ള സംവിധായകനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. 'കേളി' സിനിമയെക്കുറിച്ച് ?

ഭരതൻ സാർ എന്നെ ആദ്യം വിളിക്കുന്നത് 'അമര'ത്തിലേക്കാണ്. അമരത്തിൽ മാതു അവതരിപ്പിച്ച കാരക്ടറിലേക്കാണ് എന്നെ വിളിക്കുന്നത്. അപ്പോൾ അച്ഛൻ പറഞ്ഞു, 'പറ്റില്ല ഇങ്ങനത്തെ വസ്ത്രമൊന്നും അവൾ ധരിക്കില്ല എന്ന്'. 'ഒന്നുകിൽ സാരി അല്ലെങ്കിൽ ദാവണി, അതുമല്ലെങ്കിൽ ശരീരം കാണാത്ത തരത്തിലുള്ള വസ്ത്രം മാത്രമേ അവൾ ഇടുകയുള്ളൂ എന്ന്'.

മാത്രമല്ല, 'അമര'ത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷമാണ്. പക്ഷേ 'ധന'ത്തിൽ ഞാൻ ലാലേട്ടന്റെ നായികയാണ്. ആദ്യം ഒരാളുടെ നായികയായി ചെയ്തിട്ട് പിന്നീട് മറ്റൊരാളുടെ മകളുടെ വേഷം ചെയ്യുമ്പോൾ ഇമേജ് പോകുമെന്ന് ഞാൻ ചിന്തിച്ചു. നമ്മൾ പിന്നെ കാരക്ടർ റോളായി മാറി പോകും. അതുകൊണ്ടാണ് അമരം ചെയ്യാതിരുന്നത്. പിന്നെ കേളിയുടെ സമയത്ത് കെപിഎസ്‌സി ലളിത ചേച്ചി എന്നെ വീണ്ടും വിളിച്ചു.

'സാർ, ഇത്തവണ ഫുൾ സാരിയാണ്, അങ്ങനെയൊരു കഥാപാത്രമാണ്. മോൾ ചെയ്യുമോ' എന്ന് ലളിത ചേച്ചി വീട്ടിൽ വന്ന് അച്ഛനോട് ചോദിച്ചു. അങ്ങനെയാണ് കേളി ചെയ്യുന്നത്. അതിന്റെയും കഥ ഞാൻ കേട്ടിട്ടില്ല. അതും അച്ഛനാണ് കേട്ടത്. ആ സമയത്ത് എനിക്ക് 18 വയസായിട്ടില്ല, കരാർ ഒപ്പിടാൻ പോലും അച്ഛൻ വേണം.

അതുകൊണ്ട് അച്ഛനെ പിണക്കി​യിട്ട് എനിക്കൊരു കാര്യവും ചെയ്യാൻ ആകില്ലായിരുന്നു. എല്ലാം അച്ഛൻ വഴിയേ ചെയ്യാനാകുകയുള്ളൂ. അതിന് ശേഷം ഞാൻ ചെയ്ത സിനിമയാണ് അങ്കിൾ ബൺ. ചെന്നൈയിൽ ആയിരുന്നതു കൊണ്ട് എനിക്ക് കിട്ടിയ ഓഫർ ആയിരുന്നു അത്. ശരിക്കും മാതുവായിരുന്നു ആ കഥാപാത്രം ചെയ്തിരുന്നത്. പിന്നെ മാതുവും ലാലേട്ടനും തമ്മിൽ എന്തോ പിണക്കമുണ്ടായി. അങ്ങനെയാണ് ഞാൻ ആ സിനിമയുടെ ഭാ​ഗമാകുന്നത്.

മോഹൻലാലിനൊപ്പം അഭിനയിച്ചു. മമ്മൂട്ടിയ്ക്കൊപ്പം അവസരം വന്നിട്ടും ചെയ്തില്ല. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടോ?

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹത്തിന് കൂടി തോന്നണമല്ലോ, ചാർമിള എന്നൊരു നടിയുണ്ടെന്ന്. ഇപ്പോൾ തമിഴ്നാട്ടിൽ ആണെങ്കിൽ രജിനിയുടെ കൂടെ ഒരാൾ അഭിനയിച്ചു, അപ്പോൾ കമലിന്റെയും കൂടെ അഭിനയിക്കാൻ തോന്നുമല്ലോ. അത് എല്ലാവരുടെയും ആ​ഗ്രഹമാണ്. അതൊരു റെക്കോർഡ് കൂടിയാണ്. അവർ എന്നെ വിളിക്കണം.

നല്ലൊരു തുടക്കമായിരുന്നു ചാർമിളയുടേത്. ഭരതൻ, സിബി മലയിൽ, സിദ്ദിഖ്- ലാൽ അങ്ങനെ വലിയ സംവിധായകർക്കൊപ്പം സിനിമകൾ. പക്ഷേ പിന്നീട് ചാർമിളയെ മലയാളികൾ കണ്ടില്ല. എന്ത് സംഭവിച്ചു?

എനിക്ക് ചില സമയത്ത് വിഷമം തോന്നാറുണ്ട്. മലയാളത്തിലേക്ക് ഞാൻ വന്നത് ഭയങ്കര മോശമായി പോയി എന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുമുണ്ട്. പ്രേക്ഷകർ ഇപ്പോഴും എന്റെ ധനവും കേളിയുമൊക്കെ ഓർക്കുന്നുണ്ട്, കഥാപാത്രങ്ങളെ ഓർക്കുന്നുണ്ട്. പക്ഷേ, മലയാളം ഇൻഡസ്ട്രിയിൽ നിന്ന് എനിക്ക് അത്ര നല്ല ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. സത്യൻ അന്തിക്കാട്, പ്രിയദർശൻ, ബ്ലെസി, കമൽ അങ്ങനെ എത്ര നല്ല നല്ല സംവിധായകരുണ്ട്.

എന്തുകൊണ്ടാണ് ഇവരാരും ചാർമിളയെ വിളിക്കാത്തത് ?. അവർ വിളിച്ചിട്ട്, ഞാൻ വരില്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ ഇതുവരെ. ധനം അത്രയും നല്ലൊരു സിനിമയായിരുന്നു. കേളിയും നല്ല സിനിമയായിരുന്നു. പക്ഷേ ആ സിനിമകളിൽ അഭിനയിച്ചതിന്റേതായ ഒന്നും എനിക്ക് തിരിച്ചു കിട്ടിയിട്ടില്ല. പ്രേക്ഷകർക്ക് കണ്ട് ഇഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ ഈ സിനിമകളിലൊക്കെ അഭിനയിച്ചതിന്റെ പേരിൽ വ്യക്തിപരമായി എനിക്കോ എന്റെ കുടുംബത്തിനോ ​എന്ത് ​ഗുണമാണ് ഉണ്ടായിട്ടുള്ളത്?, അതാണ് ചോദ്യം.

എനിക്ക് മലയാളത്തിൽ നിന്ന് ഇതുവരെ ഒരു ബോൾഡായ കഥാപാത്രം ലഭിച്ചിട്ടില്ല. ധനം നോക്കുകയാണെങ്കിൽ ആ സിനിമയ്ക്ക് പോസിറ്റീവായ ഒരു കഥാപാത്രമാണ്. ആ പാട്ട് ഹിറ്റാക്കാൻ പറ്റിയ ഒരു കഥാപാത്രം. എനിക്ക് നല്ലൊരു എൻട്രി കിട്ടി. പക്ഷേ, ആ കഥാപാത്രം അവതരിപ്പിച്ചതു കൊണ്ട് ഞാൻ കുറച്ച് നഷ്ടത്തിലായി. എന്താണെന്നു വച്ചാൽ, ബോൾഡായിട്ടുള്ള കഥാപാത്രങ്ങൾ നമുക്ക് തരാൻ ആളുകൾ മടിച്ചു.

Keli
Keliഗൂ​ഗിൾ

മാത്രമല്ല, കാബൂളിവാല മാത്രമാണ് കുറച്ചു വ്യത്യാസമുള്ള കഥാപാത്രം. ധനത്തിലെ കഥാപാത്രം വളരെ നിഷ്കളങ്കയായ കുട്ടിയാണ്. കേളിയിലും അങ്ങനെയാണ്, റൊമാൻസൊക്കെ ഉണ്ട് എന്നാലും പാവപ്പെട്ട ഒരു കുട്ടിയാണ്. കാബൂളിവാല പോലെയല്ല. കാബൂളിവാല പോലെ ഒരു നായികയുടെ ടോൺ ഈ സിനിമയിലില്ല. അതാണ് ഞാൻ പറഞ്ഞത്, എന്റെ തുടക്കം ഞാനൊരു കാരക്ടർ റോൾ ചെയ്തതു പോലെയാണ് എല്ലാവർക്കും തോന്നിയതെന്ന്. ധനത്തിലേത് ഒരു നായികാ കേന്ദ്രീകൃത കഥാപാത്രമല്ല.

'ധന'ത്തിലെ തങ്കത്തിന്റെ ജോലി എന്താണ്? വെറുതേ ചീരപ്പൂക്കൾ പാടി നടക്കുന്ന ഒരു പെണ്ണാണ്. പഠിപ്പില്ല, ജോലിക്ക് പോകുന്നില്ല അങ്ങനെയൊരു കാരക്ടർ ആണ്. അപ്പോൾ എല്ലാവരും എന്നെ കണ്ടപ്പോഴും അതാണ് ശരിക്കുമുള്ള ചാർമിള എന്ന് കരുതി. ചാർമിളയും യഥാർഥ ജീവിതത്തിൽ അങ്ങനെയാണെന്ന് എല്ലാവരും വിചാരിച്ചു. ഒരു പാവപ്പെട്ട പെൺകുട്ടിയാണ്, അവൾക്ക് എന്ത് അറിയും. ഇങ്ങനെയൊക്കെ ആളുകളുടെ മനസിൽ രജിസ്റ്റർ ആയിപ്പോയി. സിനിമാ ഇൻഡസ്ട്രിയിലുള്ളവർക്കിടയിൽ മാത്രമല്ല പ്രേക്ഷകരും അങ്ങനെ തന്നെ വിചാരിച്ചു.

'ധനം' ചെയ്യേണ്ടി ഇരുന്നില്ല എന്നാണോ തോന്നുന്നത്?

ആശ ശരത്ത് ചെയ്യുന്നതു പോലെ ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യാൻ എനിക്ക് ആ​ഗ്രഹമുണ്ട്. ആരും എന്നെ അങ്ങനെയൊരു വേഷത്തിൽ കാണാൻ ആ​ഗ്രഹിക്കുന്നില്ല. ആരും എനിക്ക് അത്തരമൊരു കഥാപാത്രം തരാനും തയ്യാറാകുന്നില്ല. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് നഷ്ടമായിരുന്നു 'ധനം' പോലെയൊരു സിനിമ ചെയ്തത്.

'ധന'ത്തിലെ അല്ലെങ്കിൽ കേളിയിലെ കാബൂളിവാലയിലെ ചാർമിള എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്കൊന്നും ഈ സിനിമകളിൽ അഭിനയിച്ചിട്ട് തിരിച്ച് കിട്ടിയിട്ടില്ല. സാമ്പത്തികമായും എനിക്കൊരു രക്ഷയുമില്ല. ഇപ്പോഴും അതേ ബജറ്റിലാണ് ഞാൻ സിനിമ ചെയ്യുന്നത്. പക്ഷേ ബോംബെയിൽ നിന്ന് വരുന്ന നായികമാർ, ആന്ധ്രയിൽ നിന്ന് വരുന്ന നായികമാർ തെലുങ്കിൽ നിന്ന് വരുന്ന നായികമാർ ഇവർക്കൊക്കെ നിറയെ പ്രതിഫലം കൊടുക്കുന്നുണ്ട്.

അപ്പോഴാണ്, ചാർമിളയല്ലേ നമുക്കു വേണ്ടിയല്ലേ എന്നൊക്കെ പറഞ്ഞ് എന്നോട് മാത്രം ഇങ്ങനെ ചെയ്യുന്നത്. എനിക്ക് മാത്രമാണ് പ്രതിഫലം കൂട്ടി തരാത്തത്. എനിക്ക് തോന്നുന്നു, ഞാൻ തമിഴിലോ തെലു​ങ്കിലോ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിൽ ഇന്നും നല്ല പ്രതിഫലവും നല്ല കഥാപാത്രങ്ങളും എനിക്ക് അവിടെ കിട്ടിയേനെ.

എത്രയോ മലയാളി താരങ്ങൾ തമിഴിൽ കയറിയിട്ട് തിരിച്ച് മലയാളത്തിലേക്ക് വരുന്നു. ഇപ്പോൾ നയൻതാരയുടെ കാര്യം തന്നെ നോക്കൂ. ആദ്യം ലാലേട്ടന്റെ കൂടെ ഒരു സിനിമ ചെയ്തു. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ അവർ തമിഴിലേക്ക് പോയപ്പോൾ അവിടെ അം​ഗീകരിക്കപ്പെട്ടു. ഞാൻ തമിഴിലേക്ക് പോകാതെ മലയാളത്തിൽ തന്നെ മുഴുവൻ ശ്രദ്ധയും പതിപ്പിച്ചത് എനിക്ക് വലിയ നഷ്ടമായിപ്പോയി.

ഒരുപാട് നായികമാർ മലയാളത്തിൽ ഉണ്ടായിരുന്നു ആ സമയത്ത്. ചാർമിളയ്ക്ക് മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു അനുഭവം?

ഒരു കാര്യം എന്റെ അച്ഛന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ അത്രയും ബോർ ആയിരുന്നു. കാബൂളിവാല ഉൾപ്പെടെ എല്ലാം ഒരുപോലെയുള്ള കഥാപാത്രങ്ങളായിരുന്നു. കാബൂളിവാലയാണ് കുറച്ചെങ്കിലും അതിൽ നിന്ന് മാറി നിന്നത്. അതിലാണ് കുറച്ച് ഹീറോയിൻ പരിവേഷമുള്ള കഥാപാത്രം കിട്ടിയത്. അതിൽ പാട്ടുണ്ട് ഡാൻസുണ്ട് പ്രണയ രം​ഗങ്ങളുണ്ട്. അതായത് ഒരു നായികാ കഥാപാത്രത്തിന് വേണ്ടതെല്ലാം ആ സിനിമയിലുണ്ട്. കേളിയിൽ നോക്കിയാൽ 'വാൽക്കണ്ണാടി...' എന്ന പാട്ടുണ്ട്. പക്ഷേ ധനവും കേളിയും എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളാണ്. എല്ലാ സിനിമകളിലും ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ ആര് കാണും?. പ്രേക്ഷകർക്ക് ബോറടിക്കില്ലേ ?.

മഞ്ജു വാര്യർ വ്യത്യസ്തയുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ചെയ്യുന്നത് കണ്ടില്ലേ. ഒരു തോക്കുമായി അജിത്തിന്റെ സിനിമയിൽ അവർ ഓടി നടക്കുകയാണ്. അത്തരം കഥാപാത്രങ്ങൾ ഒന്നും എനിക്ക് കിട്ടിയിട്ടില്ല, കാരണം ധനത്തിലെ എന്റെ കഥാപാത്രം അങ്ങനെ ആയതു കൊണ്ടാണ്. ഈ പെണ്ണിന് ഇത് ചെയ്യാൻ പറ്റുമോ?, ഇത് പാവപ്പെട്ട പെൺകുട്ടിയല്ലേ.

ഒരു നടിയായിട്ട് കേരളത്തിൽ ആരും എന്നെ കാണുന്നില്ല. ഈ 'ധനം' വച്ചു കൊണ്ടാണ് എന്നെ അവരിപ്പോഴും താരതമ്യപ്പെടുത്തുന്നത്. ഞാനൊരു ജീൻസ് ഇട്ടാൽ അപ്പോൾ പ്രേക്ഷകർ ചോദിക്കും, 'ചാർമിള എന്താ ഈ വേഷത്തിലെന്ന് ?. നിങ്ങൾക്ക് സാരിയല്ലേ നല്ലതെന്ന്'. എന്റെ വ്യക്തിത്വം അവിടെയില്ല. ഞാൻ ഒരു ന​ഗരത്തിൽ ജനിച്ച ആളാണ്. ഞാൻ സോഫ്റ്റ്‌വെയർ എൻജീനിയറിങ്ങ് പഠിച്ച ആളാണ്. ശരിക്കും ആളുകൾക്ക് ചാർമിളയെ കുറിച്ച് എന്തറിയാം.

'ഒരു ബുദ്ധിയില്ലാത്ത പെണ്ണ്'- ധനം എന്നൊരു സിനിമ എനിക്കുണ്ടാക്കി തന്നൊരു ഇമേജാണത്. എനിക്ക് അതിൽ ഭയങ്കര വിഷമമുണ്ട്. ഒരുപക്ഷേ കാബൂളിവാലയായിരുന്നു ഞാൻ ആദ്യം ചെയ്തിരുന്നതെങ്കിൽ അത് എനിക്ക് കുറച്ചു കൂടി ​ഗുണകരമായേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ആദ്യം ചാർമിള കാബൂളിവാലയിലൂടെ വന്നു, ഇപ്പോൾ ലാലേട്ടന്റെ കൂടെ ധനം ചെയ്തു എന്നായിരുന്നുവെങ്കിൽ നന്നായേനെ.

ധനത്തിൽ ഞാൻ ചെയ്തതിനെ അഭിനയമായി ആളുകൾ കാണുന്നില്ല, ഞാൻ ശരിക്കും അങ്ങനെയാണെന്ന് ആളുകൾ കരുതി. ശരിക്കും ആ സിനിമ ചെയ്യുന്ന സമയത്ത് ഞാൻ‌ ജീൻസും ഷർട്ടുമൊക്കെയിട്ട് നടക്കുന്ന ഒരു ടോം ബോയ് ആയിരുന്നു, ഒരിക്കലും ഒരു പെൺകുട്ടിയെ പോലെയായിരുന്നില്ല ഞാൻ. പക്ഷേ എല്ലാവരും ഞാൻ പാവമാണെന്ന് പറഞ്ഞു നടന്നു. എന്തുകൊണ്ടാണ് എന്നെ വലിയ സംവിധായകരാരും വിളിക്കാത്തത്?.

Charmila
Charmilaഫെയ്‌സ്ബുക്ക്

നാടൻ വേഷങ്ങൾ വരുമ്പോൾ മാത്രം ചാർമിളയെ വിളിക്കും, അല്ലെങ്കിൽ നമുക്ക് വേറെ നടിയെ നോക്കാം. തമിഴ്നാട്ടിൽ നിന്ന് വേറെ നായികയെ കൊണ്ടുവരാം. പ്രിയ രാമനെ കൊണ്ടുവരാം, മോഹിനിയെ കൊണ്ടുവരാം അങ്ങനെ ഒരുപാട് നടിമാരെ അവർക്ക് കൊണ്ടുവരാം. ചാർമിളയെ കൊണ്ട് ചെയ്യാനാകില്ല. ചാർമിള പാവപ്പെട്ട വേഷം മാത്രം. ഇങ്ങനെ പറഞ്ഞ് എന്നെ ഒതുക്കി, ഞാൻ ഇന്നും അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ്.

ഇപ്പോഴും അമ്മ വേഷം ചെയ്യണമെന്ന് എനിക്ക് താല്പര്യമില്ല. എനിക്ക് കുറച്ചുകൂടി വ്യത്യസ്തമാർന്ന വേഷങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. കുറേ ഡയലോ​ഗുകൾ ഉള്ള ഒരു വക്കീലിന്റെ കഥാപാത്രം എനിക്ക് തരൂ, ഒരു ഡ‍ോക്ടറുടെ അല്ലെങ്കിൽ ഒരു പൊലീസ് ഓഫിസറുടെ വേഷം തരൂ. ഇതൊന്നും ചാർമിളയ്ക്ക് ചെയ്യാൻ അറിയില്ല എന്നാണോ... ഇപ്പോഴും ആളുകൾ എന്നെ വിളിച്ചു പറയുന്നത്, ചേച്ചി ഒരു അമ്മ വേഷമുണ്ടെന്നാണ്.

അമ്മ വേഷം തന്നെയേ ചെയ്യൂ എന്ന് എനിക്കില്ല. എനിക്ക് അത്രയും പ്രായവും ആയിട്ടില്ല. എന്റെ പ്രായമുള്ളവരൊക്കെ ഇപ്പോഴും നായികയാണ്. ആളുകൾ ഇപ്പോഴും എന്നോട് പറയുന്നത് ഇങ്ങനെയാണ്. ഒരു സിനിമയിൽ രണ്ടോ, മൂന്നോ സീൻ മതി, കുഴപ്പമില്ല, മുഴുനീള കഥാപാത്രം എനിക്ക് വേണമെന്നുമില്ല. നല്ലൊരു സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയാൽ മതി. രണ്ടോ മൂന്നോ ദിവസം മാത്രം ഷൂട്ടുള്ളതായാൽ പോലും ഞാൻ ചെയ്യാൻ തയ്യാറാണ്. പക്ഷേ അത് കുറച്ച് ചാലഞ്ചിങ് ആയിരിക്കണം. എപ്പോഴും മറ്റു കഥാപാത്രങ്ങളുടെ പിന്നിൽ നിന്ന് കരഞ്ഞ് കരഞ്ഞ് എനിക്ക് ബോറടിച്ചു. ഈ ഒരൊറ്റക്കാരണം കൊണ്ടാണിപ്പോൾ ഞാൻ മലയാള സിനിമ ചെയ്യാത്തത്.

പടയപ്പയിലെ രമ്യ കൃഷ്ണൻ ചെയ്ത പോലെയൊരു കഥാപാത്രം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം എനിക്കിഷ്ടമാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടാകില്ലേ. കല്പന ചേച്ചി ചെയ്തിരുന്ന പോലെ കോമഡി റോൾ ആയിക്കോട്ടെ, അതൊക്കെയാണ് പെർഫോമൻസ് എന്ന് പറയുന്നത്. എപ്പോഴും ഇങ്ങനെ ​ഗ്ലിസറിനിട്ട് കരഞ്ഞ് കരഞ്ഞ് എനിക്ക് എന്നെ തന്നെ കാണാനിപ്പോൾ മടിയാണ്.

ചാർമിള ഒരു ബ്രേക്ക് എടുത്തു എന്ന് സിനിമക്കാർക്ക് തോന്നിയതാണോ അവസരം കുറയാൻ കാരണമായത് ?

നടി അഭിരാമി ഒരു ബ്രേക്കിന് ശേഷം വന്ന് ചെയ്യുന്നതെല്ലാം നല്ല കഥാപാത്രങ്ങളല്ലേ. എത്ര നായികമാരാണ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നത്. അവരൊക്കെ ഇപ്പോഴും തിളങ്ങുന്നില്ലേ. എന്നെ മാത്രം എന്തിനാണ് വേറൊരു രീതിയിൽ കാണുന്നത്. അത് ശരിക്കും ധനത്തിന്റെ പേരിലാണ്. ഞാനൊരിക്കലും ആ സിനിമയെ തള്ളിപറയുന്നതല്ല. ആ കഥാപാത്രം അങ്ങനെയായിരുന്നു.

മോഹൻലാലിന്റെ നായികയായി അഭിനയിക്കുക എന്ന് പറയുന്നത് ഒരു വലിയ പ്രിവിലേജ് തന്നെയാണ്. പക്ഷേ ആ സിനിമയിൽ മോഹൻലാലിനൊപ്പം എനിക്കൊരു ഡ്യുയറ്റോ അല്ലെങ്കിൽ പ്രണയ രം​ഗമോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ എന്റെ രജിസ്ട്രേഷൻ തന്നെ വേറെയായേനെ. മോഹൻലാലിന്റെ സിനിമയിൽ ചാർമിള ഉണ്ടായിരുന്നു. പക്ഷേ നായികയാണോ? അങ്ങനെയൊരു അവസ്ഥയാണ്. അങ്കിൾ ബൺ ആണ് അതിലും ഭേദം.

ഇടയ്ക്ക് ചാർമിളയെക്കുറിച്ച് കുറേ ​ഗോസിപ്പുകൾ വന്നിരുന്നു. പ്രതിഫലം കൂടുതലാണെന്നൊക്കെയുള്ള തരത്തിൽ?

പ്രതിഫലം കുറയ്ക്കാനൊക്കെ ഞാൻ ഒരുക്കമാണ്. ചാർമിള അമിത പ്രതിഫലം വാങ്ങുന്ന ഒരാൾ അല്ല സത്യത്തിൽ. എനിക്ക് മാനേജരോ പിആറോ അങ്ങനെ ഒരാളുമില്ല. പക്ഷേ ഇടയിൽ കയറി നിന്ന് ആരോ എനിക്ക് പാര വയ്ക്കുന്നുണ്ട്. 'ചാർമിളയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ മടിയാണ്', 'വരുന്നില്ല എന്നൊക്കെ. ചാർമിള കാരവൻ ചോദിക്കുന്നുണ്ട്', 'ഇത്രയും പ്രതിഫലം ചോദിക്കുന്നുണ്ട്', 'സമയത്തിന് ഷൂട്ടിങ്ങിന് വരുന്നില്ല' എന്നൊക്കെ കുറേ പേർ എന്നെക്കുറിച്ച് പറയാറുണ്ട്.

ധനം, കേളിയൊക്കെ ചെയ്യുന്ന സമയത്ത് കാരവൻ എന്നൊരു സംഭവം നമ്മൾ കേട്ടിട്ട് പോലുമില്ല. ആ സമയത്ത് കുറേ സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. ഞാൻ കാരവൻ ചോദിക്കുമെന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ നുണയായിരിക്കും. കാരണം ആ സമയത്ത് അത്തരം സൗകര്യങ്ങളൊന്നുമില്ല.

പക്ഷേ ഇതൊക്കെ വിശ്വസിച്ച്, പിന്നെ നേരിട്ട് കാണുമ്പോൾ സംവിധായകർ എന്നോട് ചോദിക്കും നിങ്ങളുടെ മാനേജർ അങ്ങനെ പറഞ്ഞല്ലോ എന്നൊക്കെ. ശരിക്കും ഞാൻ നായികയായിരുന്ന സമയത്ത് എനിക്ക് രണ്ട് മൂന്ന് അസിസ്റ്റന്റ് ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരാളെയുള്ളൂ. കാരണം എനിക്കിപ്പോൾ തനിച്ചു പോകാൻ മേല. എനിക്കും പ്രായമായി കൊണ്ടിരിക്കുകയാണ്. ചെറുപ്പത്തിലെ പോലെ എനിക്ക് തനിച്ച് ഇറങ്ങാൻ കഴിയില്ല.

കാരണം വളരെ അപകടം പിടിച്ച ഒരു മേഖല കൂടിയാണ് സിനിമ. നമ്മൾ തനിച്ച് വന്നിട്ട് എന്തെങ്കിലും സംഭവിച്ചാൽ പിന്നെയൊരു ആണിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ലല്ലോ. അങ്ങനെയുണ്ടായാൽ തന്നെ ആളുകൾ നമ്മളെ തന്നെ തിരിച്ചു പറയും. ചാർമിള ഇത്രയും വലിയ ഒരു സീനിയർ ആർട്ടിസ്റ്റ് ആയിട്ട് അറിയില്ലേ, എന്തിനാണ് തനിച്ചു വന്നത് എന്നല്ലേ എല്ലാവരും ചോദിക്കൂ. പിന്നെ ഒരു പ്രായം കഴിയുമ്പോൾ പെട്ടി എടുക്കാനും മറ്റുമൊക്കെ നമുക്ക് ബുദ്ധിമുട്ടാണ്. അപ്പോൾ നമുക്ക് ഒരു അസിസ്റ്റന്റിനെ ആവശ്യം വരും. എനിക്ക് പാര വയ്ക്കാൻ കുറേപ്പേർ കേരളത്തിൽ ഇറങ്ങി നടപ്പുണ്ട്.

പാര വയ്ക്കാൻ ആളുകൾ ഉണ്ടെന്ന് തോന്നാൻ കാരണം ?

പണ്ടുള്ള എന്റെ കാര്യങ്ങളൊക്കെ കണ്ടുപിടിച്ച് മറിച്ചും തിരിച്ചും ഇപ്പോഴും ആളുകൾ എഴുതുന്നുണ്ട്. എത്രയോ നടിമാർ പ്രണയിച്ചു, കല്യാണം കഴിച്ചു, ഡിവോഴ്സ് ആയി. അവരെ കുറിച്ചൊന്നും ആരും ഒന്നും പറയാറില്ല. എന്റെ പ്രണയത്തേക്കുറിച്ചും ഡിവോഴ്സിനെക്കുറിച്ചുമൊക്കെ ഇപ്പോഴും ആളുകൾ സംസാരിക്കുന്നു.

എന്തിനാണ് പ്രണയിച്ചത് എന്നൊക്കെയാണ് ചോദിക്കുന്നത്. എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ അന്ന് വിവാഹം കഴിച്ചിട്ടില്ലായിരുന്നു. ഞാൻ പ്രണയിച്ചത് തെറ്റാണോ?. ഞാനൊരു മനുഷ്യനാണ്. ഒരു മനുഷ്യനുണ്ടാകുന്ന വികാരങ്ങളൊക്കെ എനിക്കും ഉണ്ടാകില്ലേ പ്രത്യേകിച്ച് സ്ത്രീയാകുമ്പോൾ. വിവാഹം കഴിഞ്ഞ് ഭാര്യയുമായി പിണങ്ങിയ ഒരാളോട് എന്റെ കൂടെ വന്ന് ജീവിക്കാൻ ഞാൻ പറഞ്ഞോ.

Charmila Christina
Archives | ഒരുപാടു പേര്‍ വന്നു, പക്ഷേ അയാള്‍ മാത്രമായിരുന്നു അങ്ങനെ

ഇല്ലെങ്കിൽ ഡിവോഴ്സ് ചെയ്തിട്ട് എന്റെ കൂടെ വന്ന് ജീവിക്കാൻ പറഞ്ഞോ?. ഇല്ല, വിവാഹം കഴിക്കാത്ത ഒരാളെ ഞാൻ ഇഷ്ടപ്പെട്ടു. വിവാഹം കഴിക്കാനായി നടന്നു. ഇതിൽ മലയാള സിനിമ ഇൻഡസ്ട്രിക്ക് ഇത്ര പ്രശ്നമെന്താണെന്ന് എനിക്കറിയില്ല. ചാർമിള എന്തിനാ പ്രണയിച്ചേ, ചാർമിള അങ്ങനെ ചെയ്യാൻ പാടില്ല. ചാർമിള എന്ത് ചെയ്താലും ഇപ്പോൾ തെറ്റാണ് കേരളത്തിൽ. ഒരു സ്കേർട്ട് ഇട്ടാൽ അപ്പോൾ പറയും, അയ്യോ ചാർമിള എന്താ ഈ വല്ലാത്ത വേഷത്തിലെന്ന്. അതെന്താണ് മനീഷ കൊയ്‌രാളയോട് പറയാത്തത്. തമിഴ് നായികമാരോടോ തെലുങ്ക് നായികമാരോടോ പറയുന്നില്ല. ചാർമിള ചെയ്യുമ്പോൾ മാത്രം തെറ്റ്. എന്തുകൊണ്ടാണിങ്ങനെ?

Summary

Actress Charmila Christina exclusive interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com