German experience of Malayali data engineer
Pyari Singh Kumaran, a Malayali data engineer, recounts her delightful and touching encounters in Germany with an old ladysamakalika malayalam

ഫ്രാവ് ഈദയുടെ ഗെഷേങ്കുകൾ

"ദൈൻ സോൺ" എന്നാൽ നിന്റെ മകൻ എന്നാണ് ജർമ്മനിൽ എന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് അവരുടെ ചോദ്യം എനിക്ക് മനസ്സിലായി
Published on

ഉത്തരായനം

ഋതുഭേദങ്ങൾ! മലയാളത്തിലെ ഏറ്റവും ഭംഗി തോന്നിയ വാക്കേതാണെന്ന് ചോദിച്ചാൽ എനിക്കത് ഋതുഭേദമാണ്. എ​ന്റെ തലമുറയിൽ പെട്ട പലരുടെയും മനസ്സിൽ ഈ വാക്കാദ്യം പതിഞ്ഞിരിക്കുക എം ടി യുടെ തിരക്കഥയിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഋതുഭേദം എന്ന സിനിമയുടെ പേരിൽ നിന്നാവണം.

ഓരോ നാടിനും ഓരോ പ്രത്യേകതകളാണ്. അവിടത്തെ സന്ധ്യകൾക്കും. എന്റെ ബാല്യത്തിലെ സന്ധ്യകൾക്ക് വയനാടിന്റെ പച്ചപ്പാണ്. വേനലവധിക്കാലത്ത് തോട്ടത്തിലെ വീട്ടിൽ കളിക്കാൻ പോവാൻ നേരത്ത് അമ്മ പറയും, വൈകിട്ട് ആറടിക്കുമ്പോ വീട്ടിൽ തിരിച്ചെത്തണമെന്ന്.

വിദ്യച്ചേച്ചിയുടെ വീടിന് പിന്നിലെ പത്തേക്കറുള്ള ആ തോട്ടത്തിനകത്ത് കളിക്കാൻ കയറിയാൽ സമയമൊന്നുമറിയില്ല. എന്നാലും സന്ധ്യ മയങ്ങിത്തുടങ്ങിയെന്ന് കണ്ടാൽ ഞങ്ങൾ കുട്ടികൾ കളി നിർത്തി വീട്ടിലേക്കോടും. വീട്ടിലെത്തുമ്പോൾ അവിടത്തെ ക്ലോക്കിൽ മണി ആറടിക്കുന്നത് മിക്ക ദിവസങ്ങളിലും കേൾക്കാം.

German experience of Malayali data engineer
പെൺരാമായണം ബം​ഗാളിയിൽ നിന്ന് മലയാളത്തിലേക്ക് വന്ന വഴികൾ

കൗമാരത്തിന്റെ സന്ധ്യകൾക്ക് ഉൽക്കണ്ഠയുടെയും പ്രതീക്ഷകളുടെയും ഗന്ധമാണ്. എൻട്രൻസ് കോച്ചിങ്ങ് കഴിഞ്ഞ് തലശ്ശേരി സ്റ്റാൻഡിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ചില വീടുകളിലെങ്കിലും നിലവിളക്ക് കത്തിച്ച് വെച്ചിരിക്കും. ഇരുട്ടായിത്തുടങ്ങുന്ന ആ നേരത്ത് ആ ചെറിയ വെളിച്ചം അണഞ്ഞ് തുടങ്ങിയെന്ന് തോന്നിത്തുടങ്ങുന്ന പ്രതീക്ഷകളെ പെട്ടെന്ന് തട്ടിയുണർത്തും.

കോളജ് കാലത്തെ സന്ധ്യകൾക്ക് രഘൂത്തമൻ മാഷിന്റെ മുഖമാണ്. ആറരയ്ക്ക് മുമ്പ് അറ്റെൻഡൻസ് രജിസ്റ്റർ പരിശോധിക്കാനെത്തുന്ന മാഷെത്തുന്നതിന് മുൻപ് ഹോസ്റ്റലിൽ കയറാൻ തിരക്ക് പിടിച്ചോടുമ്പോൾ മനസ്സിൽ തെളിയുന്ന രഘൂത്തമൻ മാഷിന്റെ മുഖം.

ജോലി കിട്ടിയ കാലത്തെ സന്ധ്യകൾക്ക് ബെം​ഗളുരൂ നഗരത്തിന്റെ തിരക്കിന്റെ മുഖമാണ്. കമ്പനി ബസ്സുകളിൽ നിന്നിറങ്ങി വീടണയാൻ തിരക്ക് പിടിച്ച് നടക്കുന്ന സ്ത്രീകൾ, അവരുടെ മുഖങ്ങൾ.

German experience of Malayali data engineer
ഒരു തുകല്‍ പന്തും അതിന് ചുറ്റും സ്വപ്‌നം നെയ്ത ഒരുകൂട്ടം ജനതയും...

അമ്മയായതിന് ശേഷമുള്ള സന്ധ്യകൾക്കാണ് ഏറ്റവും വേദനയുള്ള ഓർമ. രാവും പകലും തിരിച്ചറിയാൻ കഴിയാത്ത ഐ ടി പി എല്ലിലെ ഡേ കെയറിൽ നിന്ന് ഓടി പുറത്തിറങ്ങി ആകാശത്തേക്ക് നോക്കുന്ന അപ്പു. പകൽ കഴിഞ്ഞ് രാത്രിയാവാറായി എന്ന് തിരിച്ചറിയുന്ന സമയം - അവൻ ഉറക്കെ കരയും.

അങ്ങനെ, ഭൂമദ്ധ്യ രേഖയ്ക്ക് അടുത്തുള്ള ഇന്ത്യയിൽ മാത്രം ജീവിച്ച് ശീലമുള്ള എനിക്ക് ജർമനിയിലെത്തി സന്ധ്യയാവാൻ കാത്തിരുന്നപ്പോഴാണ് - അഞ്ചേമുക്കാലിനും ആറേമുക്കാലിനും ഇടയിൽ സന്ധ്യ എന്നൊരു പതിവ് ഇവിടെയില്ലായെന്ന് തിരിച്ചറിയുന്നത്. ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നത് ഓരോ ഓരോ നേരത്താണ്!

അങ്ങനെ ഒരു വൈകുന്നേരമാണ് ഫ്രാവ് ഈദയെ ആദ്യമായി കാണുന്നത്.

German spring
കാൾസ്രൂഹയിലെ വോനങ്ങിൽ നിന്നും വസന്തത്തിന്റെ തുടക്കകാലത്തെ കാഴ്ച pyari singh kumaran

കാൾസ്രൂഹയിലെ അയൽവാസി

ആദ്യമായി ജർമ്മനിയിൽ എത്തുന്നത് ഒരു വസന്തത്തിന്റെ അവസാനവും, വേനലിന്റെ തുടക്കത്തിലും ആയത് കൊണ്ടാവാം ജർമ്മൻകാർ പൊതുവെ വളരെ സന്തുഷ്ടരാണെന്നാണ് അവരെ കുറിച്ച് ആദ്യം തോന്നിയൊരഭിപ്രായം.

സൂര്യൻ അസ്തമിക്കാൻ അക്കാലത്ത് വൈകിട്ട് എട്ടര കഴിയും. വെള്ളിയാഴ്ചകളിൽ പാർക്കിലും, വഴിയരികിലും, വീടുകളുടെ ബാൽക്കണികളിലും ഇരുന്ന് ആളുകൾ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നത് കാണാം. അല്ലെങ്കിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ജോഗിങ്ങോ സൈക്ക്ളിങ്ങോ ഒക്കെ ചെയ്യുന്നത് കാണാം. പ്രായഭേദമെന്യേ പാർക്കുകളിൽ ആളുകൾ കളിക്കുന്നത് കാണാം. വൈകിട്ട് വരെ വെളിച്ചമുള്ളത് കൊണ്ട് വേനൽക്കാലത്ത് അവർക്ക് ജോലി സമയത്തിന് ശേഷവും ഒരുപാട് നേരം പുറത്ത് ചെലവഴിക്കാൻ കഴിയുന്നു.

കട്ടിയുള്ള ചില്ല് കൊണ്ടാണ് വോനങ്ങിലേക്ക് (അപ്പാ‍ർട്ട്മെന്റ്) കയറാനുള്ള മുഖ്യവാതിൽ ഉണ്ടാക്കിയിരിക്കുന്നത്. ആ വാതിലിന് മുൻപിൽ നിൽക്കുകയായിരുന്നു അവർ- ഫ്രാവ് ഈദ. മുട്ടിന് തൊട്ട് താഴെ വരെ ഇറക്കമുള്ള മഞ്ഞ നിറത്തിലുള്ള ബാത്ത്റോബ് പോലൊരു വേഷം. ചെറുതായി വെട്ടിയ പഞ്ഞി പോലത്തെ തലമുടി. സാധാരണ ഇന്ത്യക്കാരെ വെച്ച് നോക്കുമ്പോൾ നല്ല ഉയരവും വണ്ണവും. ഒരു വാക്കറിൽ കൈകൾ പിടിച്ചിട്ടുണ്ട്. കെട്ടിടത്തിനെ കാർ പോർച്ചുമായി ബന്ധിപ്പിക്കുന്ന പടികൾക്ക് പകരം റാംപിനടുത്താണ് അവർ നിന്നിരുന്നത്.

German experience of Malayali data engineer
'വിലായത്ത് ബുദ്ധ കെട്ടിപ്പൂട്ടി ചങ്ങലയൊക്കെ ഇട്ട് വച്ചിരിക്കുന്നു; ഹിംസ നടത്തിയിട്ട് വേണമല്ലോ അഹിംസയുടെ പ്രയോക്താവായ ബുദ്ധനെ ഉണ്ടാക്കാൻ'

ഞങ്ങളുടെ ധൃതിയൊന്നും തന്നെ അവർക്കില്ല. മുകളിലേക്ക് കയറാനാണോ, പുറത്തേക്ക് പോവാനാണോ, വാതിലിനടുത്തുള്ള പോസ്റ്റ് ബോക്സ് നോക്കാനാണോ? - എന്തോ - ശ്രദ്ധിച്ചില്ല. ലിഫ്റ്റിലും കെട്ടിടത്തിലും തമ്മിൽ കാണുന്നവരൊക്കെ അങ്ങോട്ടുമിങ്ങോട്ടും "ഹാലോ" എന്ന് പറയുന്നത് ഇവിടെ ഒരു പതിവാണ്. രാവിലെ ആണെങ്കിൽ "ഗുറ്റൻ മോഗൻ" (ഗുഡ് മോണിങ്) അല്ലെങ്കിൽ "മോഗൻ" (മോണിങ്) എന്നും. ഞങ്ങളാണെങ്കിൽ "ഗുട്ടൻ മോർഗൻ" എന്നും തിരിച്ച് പറയും. എല്ലാവരെയും പോലെ അവരും "ഹാലോ..." എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങളും തിരിച്ച് "ഹാലോ" പറഞ്ഞു.

ആ വേനൽക്കാലവൈകുന്നേരങ്ങളിൽ വീട്ടുസാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ അവരെ ഇടയ്ക്കിടയ്ക്ക് പുറത്ത് കാണുമായിരുന്നു. കെട്ടിടത്തിന് പുറക് വശത്തായി തുറന്ന സ്ഥലമുണ്ട്. അവിടെ ഒരു അരികിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള വീപ്പകൾ (വേസ്റ്റ് ബിന്നുകൾ) വെച്ചിരിക്കുന്നത്. അവിടെ ഒരുപാട് ചെടികളുണ്ട്. ആ ചെടികളെല്ലാം ഫ്രാവ് ഈദയുടെ മേൽനോട്ടത്തിലുള്ളതാണ്. മറ്റാരും ആ ചെടികളെ പരിപാലിക്കുന്നത് കണ്ടിട്ടില്ല. അവർ അതിനെയൊക്കെ വെട്ടി വൃത്തിയാക്കുന്നതും, വെള്ളം നനയ്ക്കുന്നതുമൊക്കെ കാണാം. ആ ചെടികൾക്കടുത്ത് അവരെ കാണുമ്പോൾ അവരുടെ കയ്യിൽ വെള്ളം നനയ്ക്കുന്ന കെറ്റിലോ, കത്രികയോ മണ്ണുമാന്തിയോ എന്തെങ്കിലുമൊക്കെ ഉണ്ടാവും.

German experience of Malayali data engineer
കടൽ കടന്നുപോകുന്ന കുട്ടികൾ എത്തിപ്പെടുന്നത് എവിടെ?

ഭാഷ എന്ന മതിൽ

ഫ്രാവ് ഈദയെ വൈകിട്ട് കണ്ടാൽ അവരോട് "ഹാലോ" പറയുക എന്നത് ഒരു പതിവായി മാറി. ചിലപ്പോൾ അവ‍ർ പൂന്തോട്ടത്തിലാവും. അവർ, ഞങ്ങളെ കണ്ടില്ലായെങ്കിലും പൂന്തോട്ടത്തിനടുത്തുള്ള ഗേറ്റിനടുത്ത് പോയി അവരോട് ഒരു “ഹാലോ” പറഞ്ഞ ശേഷം മാത്രം കടന്ന് പോവുന്നതായി പുതിയ ശീലം. ചില ദിവസങ്ങളിൽ ഞങ്ങൾ വരുമ്പോൾ അവർ വാക്കറിൽ പിടിച്ച് റാമ്പ് വഴി ചില്ല് വാതിലിന്റെ അടുത്ത് എത്തിയിട്ടുണ്ടാവും. ലിഫ്റ്റിൽ അവരുടെ വാക്കർ വെച്ചാൽ മൂന്നാൾക്ക് കയറാനുള്ള സ്ഥലമില്ല എന്നത് കൊണ്ടാവാം അവർ ഞങ്ങളെ ആദ്യം കടത്തി വിടും. ഞങ്ങളുടെ കൂടെ ലിഫ്റ്റിൽ കയറില്ല. എത്ര നിർബന്ധിച്ചാലും ഞങ്ങൾ പോവാതെ അവർ പോവുകയുമില്ല.

ഒരു ദിവസം ഞങ്ങൾ വരുമ്പോൾ പതിവ് പോലെ അവർ പൂന്തോട്ടത്തിലായിരുന്നു. ഞാനവരുടെ അടുത്തേക്ക് പോയി. ഇന്ന് "ഹാലോ"യ്ക്കപ്പുറം അവരോട് കൂടുതലെന്തെങ്കിലും സംസാരിക്കണമെന്ന് തോന്നി. എന്നെ അടുത്ത് കണ്ടപ്പോൾ അവർ ജർമ്മനിൽ എന്തോ ചോദിച്ചു. ഡോയ്‌ച്ച് (ജ‍ർമ്മൻ ഭാഷ) ഒട്ടും തന്നെ വശമില്ലാത്ത എനിക്ക് അവർ ചോദിച്ചത് മനസ്സിലായില്ല. "സോറി, ഐ ആം ന്യൂ ടു ഡോയ്ച്ച്" എന്ന് ഞാൻ അവരോട് പറഞ്ഞു. "ലേൺ ഇറ്റ്" എന്ന് മാത്രം പറഞ്ഞ് അവർ തിരിഞ്ഞു നടന്നു. ജർമ്മൻ അറിയാത്ത എന്നോട് അവർക്ക് ദേഷ്യം തോന്നിക്കാണണം.

ഞാൻ വേഗം തിരിച്ച് നടന്നു. വേണ്ടായിരുന്നു. പരിചയം വെറും "ഹാലോ"യിൽ ഒതുക്കിയാൽ മതിയായിരുന്നു. വാഷൗസിൽ വെച്ച് ഇത് പോലെ പ്രായമായ ഒരു സ്ത്രീയിൽ നിന്ന് ഒരു പാതി റെയ്‌സിസം അനുഭവിച്ചത് ഈയടുത്തായിരുന്നു . ഇതിപ്പോ വേണ്ടായിരുന്നു എന്നൊരു തോന്നൽ. എന്നാലോചിച്ച് സ്വയം കുറ്റപ്പെടുത്തി. പിന്നെ ഫ്രാവ് ഈദയെ കാണുമ്പോൾ ഞാൻ അവരെ കണ്ടതായി ഭാവിക്കാതെ നടക്കാൻ തുടങ്ങി. ഭാഗ്യത്തിന് പിന്നീട് കുറേക്കാലം അവരെ നേർക്ക് നേരെ കണ്ടതുമില്ല. പൂന്തോട്ടത്തിൽ പുറം തിരിഞ്ഞ് നിൽക്കുന്ന അവരെക്കണ്ടാൽ ഞാൻ പോയി "ഹാലോ" പറയുന്നതിന് പകരം, അവർ കാണുന്നതിന് മുൻപ് വേഗം തന്നെ കോറിഡോറിന്റെ മറവിലേക്ക് പോവും.

German experience of Malayali data engineer
സത്യത്തില്‍, മായന്മാര്‍ക്ക് എന്തായിരിക്കും സംഭവിച്ചത്?

ദിവസങ്ങൾ കടന്ന് പോയി. പുതിയ രാജ്യത്ത് അപ്പു സ്‌കൂളിലും, ഗിറ്റാർ ക്ളാസിലുമൊക്കെ പോവാൻ തുടങ്ങി. ഞാൻ ജോലി ചെയ്യാനും. സൂര്യൻ അസ്തമിക്കുന്നത് ഒൻപതരയ്ക്കൊക്കെയായി. പിന്നെ വേനൽക്കാലം കഴിഞ്ഞു, ശരത്കാലം കഴിഞ്ഞു. സൂര്യാസ്തമനം നേരത്തെയായിത്തുടങ്ങി. തണുപ്പ് കാലം തുടങ്ങി.

ആദ്യത്തെ തണുപ്പ് കാലം - എനിക്കാകെ വെപ്രാളമായിരുന്നു. അപ്പുവിന്റെ ആസ്മ, എന്റെ ചുമ - എന്തൊക്കെ വസ്ത്രങ്ങൾ വാങ്ങിക്കണം. പ്രമിത്തിന്റെ സഹോദരി കുഞ്ഞുള്ളി നാലഞ്ച് വർഷങ്ങളായിട്ട് കാനഡയിലാണ്. കുഞ്ഞുള്ളിയെ വിളിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി. കയ്യിലും, കാലിലും, കഴുത്തിലും, മുഖത്തും, ദേഹത്തും ഒക്കെ തണുക്കാതിരിക്കാനുള്ള സാമഗ്രികളൊക്കെ വാങ്ങാൻ തീരുമാനിച്ചു. പക്ഷെ അപ്പുവിനും പപ്പയ്ക്കും ഒരു കുലുക്കവുമില്ല. അവരുടെ കാര്യം തൽക്കാലത്തേക്ക് മാറ്റി വെച്ച് ഞാൻ എനിക്ക് വേണ്ടതൊക്കെ വാങ്ങിച്ചു.

നാട്ടിൽ നിന്ന് കൊണ്ട് വന്ന ഒരു ഫ്‌ളീസ് ജാക്കെറ്റ് അല്ലാതെ അപ്പു കൂടുതൽ കട്ടിയുള്ളതൊന്നും ധരിക്കുന്നില്ല. ഞാനും അപ്പുവും അതിന്റെ പേരിൽ എന്നും വഴക്ക് തുടങ്ങി. പുറത്തെ തണുപ്പ് അവനാണ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. എനിക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം, ഓഫിസിൽ പോവേണ്ട ആവശ്യമില്ല. അത് കൊണ്ട് പുറത്തെ തണുപ്പ് ഞാൻ അറിയുന്നില്ല.

German experience of Malayali data engineer
ലക്ഷദ്വീപിന്റെ രണ്ട് ഇന്റര്‍നെറ്റ് കാലങ്ങള്‍

അപ്പുവിന് ഒരു ഫ്‌ളീസ് ജാക്കെറ്റ് മതിയോ - അവനാണെങ്കിൽ ആവശ്യങ്ങളൊന്നും തന്നെ ചിലപ്പോ പറയാറില്ല. ചിലപ്പോഴെങ്കിലും കൗമാരത്തിന്റെ എല്ലാ ഗർവും പിടിവാശികളും അവനുണ്ട്. മുൻപ് ഉപയോഗിച്ചിരുന്ന കട്ടിയുള്ള ജാക്കെറ്റ് അവൻ തണുപ്പ് വന്നപ്പോൾ ഉപേക്ഷിക്കുകയാണ് ചെയ്തത്. എപ്പോഴോ - "അത് സമ്മർ ജാക്കറ്റ്" ആണെന്ന് പറഞ്ഞ് എന്നോട് തർക്കിക്കുകയും ചെയ്തു.

"ശരി, എന്നാൽ നിനക്കിഷ്ടമുള്ളതൊന്ന് വാങ്ങിക്കോ അപ്പൂ" ഞാൻ പറഞ്ഞു. അവൻ കേൾക്കാൻ കൂട്ടാക്കുന്നില്ല. എന്നും സ്‌കൂളിൽ പോവാൻ നേരത്ത് ഞാനും അപ്പുവും വഴക്ക് കൂടുന്നതൊരു പതിവായി. അവന് അസുഖം വരുമോ, ആസ്മ കൂടുമോ എന്നൊക്കെ എനിക്ക് സംശയം. ഇൻറർനെറ്റിൽ തണുപ്പ് കുപ്പായങ്ങൾ ധരിക്കാതിരുന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തരമായി ഹൈപ്പോ തെർമിയ സെറ്റ് ഇൻ ചെയ്തേക്കാം എന്നൊക്കെ വായിച്ച് പേടിച്ച് അപ്പുവിനോട് വഴക്ക് കൂടുന്നതിന്റെ ഗൗരവവും കൂടിക്കൂടി വന്നു.

ഒരു ദിവസം ഞാൻ അവനോടു പറഞ്ഞു - "അമ്മയ്ക്ക് മോനോട് തല്ല് കൂടാൻ തീരെ താൽപ്പര്യമില്ല. മോന് തണുക്കുമ്പോ എന്തെങ്കിലും വാങ്ങിക്കണമെന്ന് തോന്നിയാൽ അപ്പൊ അമ്മയോടും പപ്പയോടും പറഞ്ഞാൽ മതി, ഞങ്ങൾ കൊണ്ട് പോയി വാങ്ങിത്തരാം". ഉള്ളിൽ അരിശവും, ദുഃഖവുമൊക്കെയുണ്ടെങ്കിലും അത് പുറത്ത് കാണിക്കുന്നത് പതുക്കെ ഞാൻ നിർത്തി. അവൻ തണുപ്പിന് ഒരു ഫ്‌ളീസ് ജാക്കെറ്റ് മാത്രമിട്ട് പോവുന്നത് തുടർന്നു.

German experience of Malayali data engineer
ചരിത്രമെഴുത്തിൽ കാണാതെ പോയ ജീവിതങ്ങൾ

ഒരു ദിവസം അപ്പു സ്‌കൂളിൽ നിന്ന് വന്ന് കുറച്ച് കഴിഞ്ഞ ശേഷം ആരോ കോളിങ് ബെൽ അടിക്കുന്നത് കേട്ടു. ഡെലിവറി ബോയ്സ് ആരെങ്കിലും മറ്റേതെങ്കിലും വീട്ടിലേക്ക് വന്നതായിരിക്കും, മുൻ വാതിൽ തുറന്ന് കിട്ടാൻ വേണ്ടി ബെല്ല് അടിക്കുന്നതായിരിക്കും എന്ന് കരുതി ഞാൻ താഴത്തെ ചില്ല് വാതിൽ തുറക്കാനുള്ള ബട്ടൺ അമർത്തി. പക്ഷേ, വീണ്ടും ആരോ കോളിങ് ബെൽ അടിക്കുന്നു. വീട്ടിന് മുൻപിൽ നിന്നായിരിക്കും ബെല്ലടിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്. വാതിൽ തുറന്നപ്പോൾ ഫ്രാവ് ഈദ!

ഇന്ന് വാക്കർ ഇല്ല, പകരം കയ്യിൽ ഒരു വാക്കിങ് സ്റ്റിക്ക് ഉണ്ട്. മറ്റേക്കയ്യിൽ ഒരു വലിയ തുണി സഞ്ചിയും. വീടെല്ലാം വലിച്ച് വാരിക്കിടപ്പാണ്. എനിക്കവരെ വീടിനുള്ളിലേക്ക് ക്ഷണിക്കാൻ നാണക്കേട് തോന്നി. എന്നാലും ഞാൻ അവരെ അകത്തേക്ക് വിളിച്ചു. അവർ കയറി വന്നു. അപ്പു എവിടെ എന്നാണ് അവർ ആദ്യം ചോദിച്ചത്.

"ദൈൻ സോൺ" എന്നാൽ നിന്റെ മകൻ എന്നാണ് ജർമ്മനിൽ എന്ന് അപ്പോഴേക്കും ഞാൻ മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് അവരുടെ ചോദ്യം മനസ്സിലായി. അതിൽ എനിക്ക് സന്തോഷം തോന്നി. അന്നൊരിക്കൽ ഫ്രാവ് ഈദ "ലേൺ ഇറ്റ്" എന്ന് പറഞ്ഞ് പുറം തിരിഞ്ഞു നടന്നത് കൊണ്ടാണ് ഞാനൊരു ജർമ്മൻ ക്‌ളാസിൽ ചേർന്നത്.

German experience of Malayali data engineer
45 വർഷം, കേരളത്തിനൊപ്പം നടന്ന ചില മനുഷ്യർ; അവർ പറഞ്ഞ കഥകളും അവർ ചോദിച്ച ചോദ്യങ്ങളും

ബാത്റൂമിൽ ആയിരുന്ന അപ്പുവിനെ കതകിൽ തട്ടി ഞാൻ വിളിച്ചു. കുളിച്ച് പുറത്തേക്ക് വന്ന അവൻ ഒരു ടർക്കി ടവ്വൽ മാത്രം ചുറ്റിയാണ് വന്നത്. പൊതുവെ അന്തർമുഖനായ അവന് പക്ഷെ ഫ്രാവ് ഈദയെ വീട്ടിൽ കണ്ടതിന്റെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഫ്രാവ് ഈദ അവനോട് എന്തോ ഡോയ്‌ച്ചിൽ ചോദിച്ചു - ഡോയ്ച്ച് അറിയുമോ എന്നാണ് അവർ ചോദിച്ചതെന്ന് ഞാൻ ഊഹിച്ചു. കുറച്ചറിയാം എന്നാണ് അപ്പൂന്റെ ഉത്തരമെന്നും. അവർ എന്തൊക്കെയോ സംസാരിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, അപ്പുവിന് വേണ്ടി വേഗത കുറച്ച് അവന് മനസ്സിലാവുന്ന തരത്തിലാണ് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. അപ്പുവിനോട് പോയി വേഷം മാറി വരാൻ അവർ പറഞ്ഞു. ആ സമയം അവരെ ഞാൻ പരിചയപ്പെട്ടു.

ഈദ എന്നാണ് പേര് എന്ന് അവർ എന്നോട് പറഞ്ഞു. നാട് റൊമേനിയ. ഈ കെട്ടിടത്തിൽ അവർ വന്നിട്ട് നാൽപ്പത് വർഷങ്ങളായി. ഭർത്താവ് തൊണ്ണൂറ്റിരണ്ടാം വയസ്സിൽ മരിച്ചു. നാൽപ്പത് വയസ്സായ ഒരു മകൾ മാത്രമാണ് അവർക്കുള്ളത്. മകൾ അടുത്ത് തന്നെയാണ് താമസം. ഇത്രയൊക്കെ എനിക്ക് മനസ്സിലായി. അവരെ "ആന്റി" എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. നാട്ടിൽ തന്നെ അതൊരു ശരികേടുള്ള വിളിയാണ് എന്ന് തോന്നിയത് കൊണ്ട് അങ്ങനെ വിളിച്ചില്ല.

“ഒരു കാപ്പി തരട്ടെ?” എന്ന് ചോദിച്ചപ്പോ അവര് വേണ്ടായെന്ന് പറഞ്ഞു. "സുക്കർ" ആണ്, ഒന്നും കഴിച്ച് കൂടത്രേ. ഡയബറ്റിക് ആണെന്ന് കേട്ടപ്പോൾ ഞാൻ നിർബന്ധിച്ചില്ല.

German experience of Malayali data engineer
സ്ഥാനാർത്ഥിയോട് ഒരു 'പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ്' രഹസ്യമായി പറയുന്ന 11 കാര്യങ്ങൾ

ഫ്രാവ് ഈദയുടെ പരിചയപ്പെടാനുള്ള ചോദ്യങ്ങൾ രസകരമായിരുന്നു. നാട്, മതം, മുസ്ലിമാണോ, ഈശ്വര വിശ്വാസിയാണോ, കൂടെയുള്ളത് മകന്റെ അച്ഛനാണോ? എല്ലാത്തിനും ഉത്തരം പറഞ്ഞു.

വേഷം മാറി അപ്പു പുറത്ത് വന്നു. ഫ്രാവ് ഈദ അവരുടെ സഞ്ചി തുറന്ന് കുറച്ച് സാധങ്ങൾ പുറത്തെടുത്തു. അതിൽ ഒരു പുതിയ ജാക്കെറ്റ് ഉണ്ടായിരുന്നു. അത് അപ്പുവിനുള്ള “ഗെഷേങ്ക്” ആണെന്ന് അവരെന്നോട് പറഞ്ഞു. ഗെഷേങ്ക് എന്നാൽ സമ്മാനം എന്നാണെന്ന് ഞാൻ ഗൂഗ്‌ൾ ട്രാൻസ്ലേറ്റർ ആപ്പ് വഴി മനസ്സിലാക്കി. അപ്പു പുറത്ത് വെറും ഫ്‌ളീസ് ജാക്കെറ്റ് ആണ് ധരിക്കുന്നതെന്നും അത് പോരാ - അത് ധരിച്ചാൽ തണുത്ത് മരവിച്ച് പോവുമെന്നും അവർ ആംഗ്യത്തിലൂടെ എനിക്ക് പറഞ്ഞ് മനസ്സിലാക്കി തന്നു. എനിക്കും പ്രമിത്തിനും ഓരോ സോക്സ്സും അവർ കൂടെ കൊണ്ട് വന്നിരുന്നു.

തിരികെ പോകാൻ. ലിഫ്റ്റിൽ കയറാൻ നേരത്ത് അവരെന്നോട് പറഞ്ഞു - ആരോടും പറയരുത് ഇത് കൊണ്ട് വന്നതും, ഇവിടെ വന്നതും. അയൽവാസികളൊക്കെ "ബക് ബക് ബക്" എന്ന് പറയുന്നവരാണെന്ന് അവരെന്നോട് ആംഗ്യ ഭാഷയിൽ കാണിച്ചു. ആ തമാശയിൽ ഞാൻ ചിരിച്ച് പോയി.

ലിഫ്റ്റിന്റെ വാതിൽ അടയുന്നതിന് മുൻപ് - "താങ്ക്സ് ഫോർ കമിങ്. പ്ളീസ് കം എഗൈൻ" എന്ന് ഞാൻ , ഗൂഗ്‌ൾ ട്രാൻസ്ലേറ്റ് ആപ്പിൽ എഴുതി അവരെ കാണിച്ചു.

German experience of Malayali data engineer
ബ്രിട്ടീഷുകാരുടെ മദ്രാസ് ലോക്കൽ ബോ‍ർഡ് മുതൽ ഇന്ത്യയുടെ സ്വന്തം പഞ്ചായത്തീരാജ് വരെ, ത്രിതല ഭരണ സംവിധാനത്തി​ന്റെ 100 വർഷത്തെ ചരിത്രം ഇങ്ങനെ

പച്ച സ്കാർഫ്

ജോലി, പാചകം, അപ്പുവിനെ സ്‌കൂളിലയക്കൽ - ഇതിൽക്കൂടുതലൊന്നും കാര്യമായി സംഭവിക്കാത്ത എന്റെ നിത്യജീവിതത്തിന്റെ ഭാഗമായി ഫ്രാവ് ഈദ മാറി. പൊതുവെ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവന് ഇഷ്ടമുള്ളതും, അവൻ തെരഞ്ഞെടുത്തവയും, അവന് കൃത്യമായി പാകമാവുന്നതും മാത്രം ധരിക്കുന്ന അപ്പു, ഒരൽപം വലുതാണെങ്കിലും, എല്ലാ ദിവസവും ആ പുതിയ ജാക്കെറ്റ് സ്‌കൂളിലേക്ക് ധരിക്കാൻ തുടങ്ങി. നല്ല ചൂടുള്ള ഒരു ജാക്കെറ്റായിരുന്നു അത്. എന്റെ ഒരു വലിയ ടെൻഷൻ അങ്ങനെ ഇല്ലാതായി.

അവർ പിന്നെയും വന്നു കൊണ്ടേ ഇരുന്നു. ഓരോ കാരണങ്ങൾ പറഞ്ഞ് ഓരോ തവണയും അവർ എന്തെങ്കിലും സമ്മാനങ്ങളും കൂടെ കൊണ്ട് വന്നു. അപ്പുവിന് ഷർട്ടുകൾ, അവൻ മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് കഴിക്കാൻ കോഴിയിറച്ചി, അവന് വേണ്ടി പഴ വർഗ്ഗങ്ങൾ, നട്ട്സ്, അങ്ങനെ പലതും. യൂറോപ്പിൽ ആളുകൾ കഴുത്തിലൂടെ ഇടുന്ന രണ്ട് മൂന്ന് ഷാൾ ഒരിക്കൽ കൊണ്ട് വന്നു - മകളും ഭർത്താവും ഉപയോഗിച്ചതാണെന്ന് എന്നോട് പറഞ്ഞു. അതിൽ രണ്ടെണ്ണം സ്ത്രീകളുടെതും, ഒന്ന് പുരുഷന്മാ‍ർ ഉപയോ​ഗിക്കുന്നതും ആയിരുന്നു. എന്റെ കഴുത്തിലൂടെ ഷോൾ ഇട്ട് അത് കെട്ടേണ്ട രീതിയും കാണിച്ച് തന്നു. സാധാരണ ഗതിയിൽ പുതിയതൊന്നും പരീക്ഷിക്കാനിഷ്ടമില്ലാത്ത അപ്പു, അവർ കൊണ്ട് വന്ന ഷോളും കഴുത്തിലിട്ട് സ്‌കൂളിൽ പോവാറുണ്ട്. ഞാനോ പ്രമിത്തോ ആ ഷോൾ എടുക്കുന്നത് അവനത്ര ഇഷ്ടവുമല്ല.

German tram
കാൾസ്രൂഹയിലെ ട്രാംpyari singh kumaran

ഒരിക്കൽ അവരുടെ വീട്ടിൽ പോയപ്പോൾ അവർ ഭക്ഷണമുണ്ടാക്കുകയാണ്. കാർട്ടോഫെൽ - ഉരുളക്കിഴങ്ങ്. നല്ലവണ്ണം വെന്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഉടച്ച് അതിൽ തൈര് ചേർത്താണ് അവർ കഴിക്കുന്നത്. ഒരു സ്പൂണിലെടുത്ത് എ​ന്റെ വായിൽ വെച്ച് തന്നു. തൈര് ചേർത്തും, വെണ്ണ ചേർത്തും ഒക്കെ കാർട്ടോഫെൽ ഇങ്ങനെ അപ്പുവിനും പപ്പയ്ക്കും ഉണ്ടാക്കി കൊടുക്കണം എന്ന് അവർ പറഞ്ഞു. മകളോട് കാണിക്കാൻ പറ്റാത്ത സ്നേഹമാണോ എന്നോട് കാണിക്കുന്നത് എന്നെനിക്ക് തോന്നാറുണ്ട്. മകളെ ഇടയ്ക്കിടയ്ക്ക് വീട്ടിനടുത്ത് വെച്ച് കാണാറുണ്ട്. എങ്കിലും മകളുമായി ഇടയ്ക്ക് വഴക്ക് കൂടുമെന്ന് എനിക്കറിയാം. ഓരോ തവണ ഫ്രാവ് ഈദ വന്ന് പോവുമ്പോഴും ഞാനും അമ്മയും തമ്മിലുള്ള വഴക്കുകൾ ഞാൻ ഓർക്കും.

ഞാൻ പുറത്ത് പോവുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ട് വരണോ എന്നവരോട് ചോദിക്കും - എനിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്, ഒന്നും വേണ്ട എന്നായിരിക്കും അവരുടെ മറുപടി.

അവർക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കാൻ അവരെങ്ങനെയായിരിക്കും പുറത്ത് പോവുക? മകൾ കൊണ്ട് വന്ന് കൊടുക്കുകയായിരിക്കുമോ? അടുത്തുള്ള സൂപ്പർ മാർക്കറ്റ് വരെ നടക്കാൻ അവരെക്കൊണ്ടു കഴിയുമോ? എന്റെ മനസ്സിൽ ചോദ്യങ്ങളുണ്ടായിരുന്നു. പ്രമിത്ത് ഒരിക്കൽ അവരെ പുറത്ത് വെച്ച് കണ്ടു - ഒരു വീൽ ചെയറിൽ ആണ് അവരുടെ യാത്ര. അത്യാവശ്യം ഒയ്‌റോപ്പാ പ്ളാറ്റ്സ വരെയും, അടുത്തുള്ള ലിഡിൽ സൂപ്പർ മാർക്കറ്റ് വരെയും ഒക്കെ അവ‍ർ അതിൽ പോവുമെന്ന് തോന്നുന്നു. ട്രാമിൽ വീൽ ചെയർ കയറ്റാനും ഇറക്കാനും പറ്റും. യാത്രക്കാരും സഹായിക്കും. അങ്ങനെയായിരിക്കാം അവരുടെ യാത്ര.

German experiences
ഫ്രാവ് ഈദ സമ്മാനമായി നൽകിയ സ്കാർഫിനൊപ്പം അവരുടെ കൈപ്പടയിൽ എഴുതി നൽകിയ ഓർമ്മക്കുറിപ്പ് pyari singh kumaran

വീട്ടിലെ പൊടി കാരണം അലർജി കൂടിയപ്പോൾ അവിടെ നിന്ന് മാറാൻ ഞങ്ങൾ തീരുമാനിച്ചു. വീട്ടുടമസ്ഥൻ എമിലിനോട് അത് പറയുകയും ചെയ്തു. എമിൽ വഴി അറിഞ്ഞതാണോ ഫ്രാവ് ഈദ? രണ്ട് ദിവസങ്ങൾക്ക് ശേഷം എനിക്കൊരു പുതിയ സ്കാർഫ് കൊണ്ട് വന്നു - പച്ച നിറത്തിൽ

അതിനോട് കൂടി ഒരു കഷ്ണം കടലാസ്സും ഉണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. "Die Schal für Erinnerung von Mir." എന്റെ ഓർമയ്ക്കുള്ള സ്കാർഫ് ആണെന്നാണ് അതിന്റെ അർത്ഥം എന്ന് ഞാൻ ഗൂഗ്‌ൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മനസ്സിലാക്കി.

ഈദയെ വിട്ടുപോവാനുള്ള വിഷമം കൂടി കണക്കിലെടുത്ത് ഞങ്ങൾ പുതിയ വീടുകൾ നോക്കുന്നത് കുറച്ച് കാലത്തേക്ക് നിർത്തി വെച്ചു. അവർ പിന്നെയും സമ്മാനങ്ങൾ കൊണ്ട് വന്നു - ഈസ്റ്ററിന് ഈസ്റ്റർ എഗ്ഗ്‌സ്. ക്രിസ്തുമസിന് ഷാംപെയ്ൻ, പ്രത്യേക തരം ബ്രെഡുകൾ, പുതിയ ബെഡ് ഷീറ്റുകൾ, വെള്ളത്തിലെ ഉപ്പ് കാരണം ടാപ്പിലൊക്കെ വരുന്ന വെള്ളപ്പാടുകൾ നീക്കാനുള്ള "എസ്സിഗ്" ക്ളീനർ - അങ്ങനെ പലതും. ഇനി ഒന്നും കൊണ്ട് വരില്ല എന്ന് വാക്ക് തന്ന് പോയാലും മൂന്നുനാല് ആഴ്ച കഴിയുമ്പോൾ പിന്നെയും സഞ്ചിയും തൂക്കി ഫ്രാവ് ഈദ വാതിൽക്കലുണ്ടാവും. എന്തിനാണിങ്ങനെ കൊണ്ട് വരുന്നത് എന്ന് ചോദിച്ചാൽ പറയും - ഇത് അപ്പുവിനാണ് നിങ്ങൾക്കല്ലായെന്ന്. എങ്കിലും പലപ്പോഴും, കൊണ്ട് വരുന്ന കൂട്ടത്തിൽ മൂന്ന് വലിയ ചോക്ലേറ്റുകൾ ഉണ്ടാവും. അതൊക്കെ അപ്പുവിന് കൊടുത്തിട്ട് പറയും ചോക്ലേറ്റുകൾ പപ്പയ്ക്കും അമ്മയ്ക്കും കൂടി കൊടുക്കണമെന്ന്.

അത്തരം ഒരു സന്ദർശനത്തിനിടയിലാണ് ഞാൻ അവരെ എന്താണ് വിളിക്കേണ്ടത് എന്നവരോട് ചോദിച്ചത് - ഫ്രാവ് ഈദ എന്ന് വിളിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞത്. ഫ്രാവ് എന്നാൽ മിസ് അല്ലെങ്കിൽ മിസ്സിസ് എന്നൊക്കെ ഇംഗ്ലീഷിൽ പറയുന്നത് പോലെയെന്ന് മൊഴിമാറ്റാം എന്ന് തോന്നുന്നു.

German experience of Malayali data engineer
അജിനോമോട്ടോ ഒരു ബ്രാന്‍ഡ് നെയിം മാത്രമല്ല,രാഷ്ട്രീയ രുചി കൂടിയാണ്

ഞങ്ങൾ വീട് വൃത്തിയാക്കുമ്പോഴാണ് ചിലപ്പോൾ വരാറ്. അത് കാണുമ്പോൾ വലിയ സന്തോഷമാണ്. "ഷൂൺ.. ഷൂൺ" ( കൊള്ളാം, കൊള്ളാം) എന്ന് പറയും. വരുമ്പോഴൊക്കെ കുറെ വിശേഷങ്ങൾ പറയും. മകൾ കുട്ടികളെ വേണ്ടെന്ന് വെച്ചതാണെന്ന് ഒരിക്കൽ പറഞ്ഞു. ആദ്യ ഭർത്താവ് ഒരു അമിതമദ്യപാനിയായിരുന്നെന്നും. ഇവിടെ വന്ന കാലത്ത് നല്ല കഷ്ടപ്പാടായിരുന്നു - അത് കൊണ്ട് ഞങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാമെന്നുമൊക്കെ പറയും. ചിലപ്പോൾ അവർ വന്ന കാലത്ത് അവർ നേരിട്ട "ഔസ്‌ലാന്റർ" (അന്യരാജ്യക്കാരൻ/അന്യരാജ്യക്കാരി) വിളികളെ കുറിച്ച് പറയും. ജർമ്മൻ പഠിക്കണമെന്ന് എന്നെ എപ്പോഴും ഓർമിപ്പിച്ച് കൊണ്ടിരിക്കും.

ഞാൻ സാധനങ്ങൾ വാങ്ങിക്കുമ്പോൾ “തോയർ” അഥവാ വില കൂടിയ സാധനങ്ങളാണ് വാങ്ങിക്കുന്നത്, വിലക്കുറവിൽ വാങ്ങിക്കാൻ എങ്ങനെ "ആംഗേബോട്ട്" (വിലക്കിഴിവ്) നോക്കി വാങ്ങിക്കാം എന്നൊക്കെ എനിക്കിടയ്ക്ക് പറഞ്ഞു തരും.

അപ്പുവിനെ കുറിച്ച് അവർക്ക് ചിലപ്പോൾ ആധിയായിരുന്നു. ഞങ്ങൾ അവനെ ഇവിടത്തെ രീതിയിൽ അല്ല വളർത്തുന്നതെന്ന് അവർക്കൊരു പരാതിയുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവിടത്തെ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി അവനെ എന്തെങ്കിലും പാർട്ട് ടൈം ജോലിക്കു വിടണം എന്നൊക്കെ അവർ പറഞ്ഞു കൊണ്ടിരുന്നു.

German experience of Malayali data engineer
ക്രീസിലെ 'ധ്യാന ബുദ്ധന്‍'! ചക്രവര്‍ത്തിയുടെ 'മനസിന്റെ കളി', ഓസീസ് 'സ്ലഡ്ജിങ്'...

എന്റെ അലർജിയുടെ കഥകൾ കേട്ട് എനിക്ക് കുടിക്കാൻ ഒരു ആലോവേര പാനീയവും, വെള്ളത്തിലിട്ട ഹിമാലയൻ സോൾട്ടും അവർ കൊണ്ട് വന്നു തന്നു. ആലോവേരയും, ഹിമാലയൻ സോൾട്ടും ഏതസുഖവും മാറ്റും എന്നൊക്കെ അവർ വിശ്വസിച്ചിരുന്നു. അതൊക്കെ എഴുതിയ ഒരു വലിയ കോഫി ടേബ്ൾ പുസ്തകവും അവർ എനിക്ക് കൊണ്ട് വന്ന് കാണിച്ച് തന്നു. അത് ജർമ്മനിലായത് കൊണ്ട്, അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഓൺലൈനിൽ എന്നെ കൊണ്ട് തപ്പിയെടുപ്പിച്ച് അത് വാങ്ങിക്കണമെന്ന് പറഞ്ഞു.

ഈ സോഷ്യൽ മീഡിയ യുഗത്തിൽ എനിക്ക് കേൾക്കാനിഷ്ടമില്ലാത്തത് മറ്റൊരാൾ പറയുമ്പോൾ ക്ഷമ കാണിക്കാൻ ഞാൻ മറന്ന് തുടങ്ങിയിരുന്നു. ഈദയോട് ഞാനെന്താണ് പറയേണ്ടത്? ഇതിലൊന്നും എനിക്ക് വിശ്വാസമില്ലെന്നോ? ഇതൊക്കെ തട്ടിപ്പാണെന്നൊ, ഇതൊക്കെ സ്യൂഡോ സയൻസ് ആണെന്നോ? ഫ്രാവ് ഈദ വഴിയാണ് സമചിത്തത എന്ന വാക്ക് എന്റെ നിഘണ്ടുവിലേക്ക് വീണ്ടും വന്ന് കയറിയെന്ന് തോന്നി. അവർ കൊണ്ടുവന്നതെല്ലാം വാങ്ങി ഞാൻ എന്റെ അടുക്കളയിൽ വെച്ചു.

German experience of Malayali data engineer
യുക്തിരഹിതമാണെന്ന് അറിയാമെങ്കിൽ പോലും പ്രേരണകളെ നിയന്ത്രിക്കാനാകില്ല, നമ്മൾ കരുതിയിരുന്ന പോലെയല്ല ഒസിഡി

ദൈവത്തെക്കുറിച്ചും, പ്രാർത്ഥനയെക്കുറിച്ചും ഒന്നോ രണ്ടോ തവണ സംസാരിച്ചു. ക്രിസ്തുവാണ് വിശ്വസിക്കുന്ന ദൈവം എന്ന് അവരുടെ വീട്ടിൽ പോയപ്പോൾ മനസ്സിലാക്കിയിരുന്നു. ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാവും എന്ന് ഇടയ്ക്കിടയ്ക്ക് അവർ പറയും. വിശ്വാസിയായിരുന്ന കാലത്തെ എന്നെ ഞാൻ ഓർക്കും. ഞാൻ പ്രാർത്ഥിക്കാറുണ്ടോ എന്ന് അവർ ചോദിച്ച് മനസ്സിലാക്കിയിരുന്നു.

വയസ്സ് എൺപത് കഴിഞ്ഞുവെന്ന് എന്നോടൊരിക്കൽ പറഞ്ഞിരുന്നു . ഇനിയെത്ര കാലമുണ്ടാവും എന്നറിയില്ല എന്നും. എന്റെ അച്ഛമ്മയ്ക്ക് 90 വയസ്സിൽ കൂടുതലായി അവർ ഇന്നും ജീവിച്ചിരിക്കുന്നു എന്നും ഞാൻ പറയുന്നത് കേൾക്കാൻ അവർക്കിഷ്ടമാണ്.

ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് എപ്പോഴോ ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ "നല്ലതൊന്ന് കൊണ്ട് വന്ന് തരാം" എന്ന് പറഞ്ഞ് അവരുടെ ഇരുപത് വർഷം മുൻപുള്ള കുറച്ച് ഫോട്ടോകൾ ഫ്രാവ് ഈദ എനിക്ക് തന്നു. എ ഐ യുടെ സഹായത്തോടെ അതിലൊന്ന് പുനഃസൃഷ്ടിച്ച് ഞാനെന്റെ ഗൂഗ്‌ൾ ഫോട്ടോസിൽ സേവ് ചെയ്ത് വെച്ചു.

frau ida
ഫ്രാവ് ഈദയുടെ പഴക്കമുള്ള ചിത്രം എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചത് pyarisingh kumaran

രണ്ടാം നിലയിലെ കോളിങ്ങ് ബെൽ

ഞാൻ കുറച്ച് ദിവസം നാട്ടിലായിരുന്നു. പോവുന്നതിന് മുൻപ് അവരെ കണ്ട് യാത്ര പറയാൻ കഴിഞ്ഞിരുന്നില്ല. പുറത്തൊന്നും അവരെ കണ്ടിരുന്നില്ല. വോനങ്ങിന്റെ നാലാമത്തെ നിലയിലാണ് ഞങ്ങൾ. ഇന്നും ഇന്നലെയും, മിനിഞ്ഞാന്നും ഞാൻ രണ്ടാമത്തെ നിലയിൽ ഇറങ്ങി ഫ്രാവ് ഈദയുടെ വീട്ടിന് മുന്നിലെ ബെല്ലിൽ അമർത്തി കുറച്ച് നേരം ആരെങ്കിലും വന്ന് വാതിൽ തുറക്കാൻ കാത്ത് നിന്നു. ആരും കതക് തുറന്നില്ല. എവിടെ പോയിരിക്കും - ഇവിടെ ഉണ്ടായിട്ട് വാതിൽ തുറക്കാഞ്ഞതാണോ, അതോ മകളുടെ വീട്ടിലായിരിക്കുമോ, അതോ ഇനി വല്ല അസുഖവുമായിട്ട് വല്ല ആശുപത്രിയിലുമായിരിക്കുമോ? അറിയില്ല.

വേനലായിട്ട് പോലും വൈകുന്നേരങ്ങളിൽ അവരെ പുറത്ത് ഇപ്പോൾ കാണുന്നില്ല. നാട്ടിൽ നിന്ന് അവർക്ക് വേണ്ടി ചന്ദനത്തിരിയും, അതിനൊരു സ്റ്റാൻഡും, പിന്നെ രണ്ട് മൂന്ന് പെട്ടി ചന്ദനത്തിരിയും കൊണ്ട് വന്നിട്ടുണ്ട്. എന്റെ കയ്യിൽ നിന്നൊന്നും അവ‍ർ വാങ്ങിക്കാറില്ല. എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ, "ഇന്ത്യയിൽ പോയി വരുമ്പോൾ ചന്ദനത്തിരി കൊണ്ട് വരാൻ" ഒരിക്കൽ അവ‍ർ പറഞ്ഞിരുന്നു. ഇവിടത്തെ ഇന്ത്യൻ സ്റ്റോറിൽ ഒരിക്കൽ ചന്ദനത്തിരി കണ്ടെങ്കിലും സ്റ്റാൻഡ് കാണാത്തത് കൊണ്ട് അന്ന് വാങ്ങിയിരുന്നില്ല.

ഇന്ന് പക്ഷെ, അവരോട് പറയാൻ അതിനേക്കാൾ വലിയ ഒരു കാര്യമുണ്ട്. ഈ വീട് ഞങ്ങൾ മാറുകയാണ്. തീരെ പ്രതീക്ഷിക്കാതെ മറ്റൊരു വീട് ഒത്ത് വന്നു. വീട് കിട്ടാൻ ഇവിടെ നല്ല ബുദ്ധിമുട്ടാണ്. ഇനിയൊന്ന് പെട്ടെന്ന് തരപ്പെടണമെന്നില്ല. അവരോട് പറയണം ഞങ്ങൾ താമസം മാറുകയാണെന്ന്…

Summary

Pyari Singh Kumaran, a Malayali data engineer, recounts about her charming and heartwarming experiences in Germany with an elderly woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com