KSSP
History, present and experiences of the Kerala Sastra Sahitya Parishad's Sastra Kala Jathasamakalika Malayalam

45 വർഷം, കേരളത്തിനൊപ്പം നടന്ന ചില മനുഷ്യർ; അവർ പറഞ്ഞ കഥകളും അവർ ചോദിച്ച ചോദ്യങ്ങളും

"കലാജാഥയ്ക്ക് വേണ്ട സാമഗ്രികൾ തയ്യാറാക്കിയതാകട്ടെ ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും തൊഴിലാളികളും ഒത്തുചേർന്ന ഒരു അസാധാരണ കൂട്ടുകെട്ടായിരുന്നു." എൻ വേണുഗോപാൽ എഴുതിയ പുസ്തകത്തെയും സ്വന്തം അനുഭവത്തെയും അടിസ്ഥാനമാക്കി സാജൻ എഴുതുന്നു
Published on

ഏകദേശം 45 വർഷം മുൻപുള്ള ഒരു കാലമാണ്. 1980 കളുടെ തുടക്കം. അന്ന് ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്ന പ്രസാദ് അക്കാലത്തെക്കുറിച്ച് എഴുതുകയാണ്:

“വെറും പത്തു പൈസയായിരുന്നു വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുമ്പോൾ ആകെ തന്നിരുന്നത്. ചില ദിവസങ്ങളിൽ 20 പൈസയും. പത്തുപൈസ മാത്രം കിട്ടുന്ന ദിവസങ്ങളിൽ കാലത്ത് കൈതക്കൽ മുതൽ വെള്ളിയൂർസ്കൂൾ വരെ നടന്നുപോകും. നടക്കാൻ ചങ്ങോരത്ത് മഹമൂദും കൂട്ടിനുണ്ടാകും. ആ പത്തുപൈസ ലാഭിക്കാൻ പലപ്പോഴും സ്കൂളിൽനിന്നും തിരിച്ച് വീട്ടിലേക്കും വിശപ്പും സഹിച്ച് നടക്കുക തന്നെയാണ് ചെയ്യുക. കയ്യിൽ 30 പൈസ ഒത്തുകിട്ടുന്ന ദിവസം കാശുള്ള വീട്ടിലെ കുട്ടികളെപ്പോലെ അഭിമാനത്തോടെ ഹോട്ടലിൽ കയറി ഒരു പൂളക്കറി (കപ്പക്കറി) കഴിക്കും! 60 പൈസയുണ്ടെങ്കിൽ ഒരു പൊറോട്ട കൂടി വാങ്ങും!

അല്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് പച്ചവെള്ളവും കുടിച്ച്, വെള്ളിയൂർ അങ്ങാടിയിൽ ഇറങ്ങിനിന്നും അങ്ങാടിയോട് ചേർന്നുള്ള കിണറിനരികെ പോയിരുന്നും സമയം പോക്കും. അങ്ങനെ ഒരുദിവസം ആ കിണറിനടുത്ത് വെറുതെ ഇരിക്കുമ്പോഴാണ് താഴെയുളെളാരു പറമ്പിൽ ഒരു ആൾക്കൂട്ടത്തെ കാണുന്നത്. കൊട്ടും പാട്ടുമെല്ലാം കേൾക്കുന്നുണ്ട്.

KSSP
പഞ്ചായത്തീ രാജിനും മുമ്പേ നടന്ന ജില്ലാ കൗൺസിലി​ന്റെ കഥ

ഞാനും ആ ആൾക്കൂട്ടത്തിലൊരാളായി സ്റ്റേജിന് അഭിമുഖമായി ഇരുന്നു.

എനിക്കടുത്തുനിന്നും ഒരാൾ എഴുന്നേറ്റുനിന്ന് കയ്യുയർത്തി ' ഒരു ചോദ്യം'എന്ന് ഉച്ചത്തിൽ പറഞ്ഞു. അത്ഭുതത്തോടെയും ആകാംക്ഷയോടെയുമാണ് ഒമ്പതാം ക്ലാസുകാരനായ ഞാൻ ഇതൊക്കെ കണ്ടു കൊണ്ടിരുന്നത്. ഇത്തരമൊരു കലാപരിപാടി അതിനുമുമ്പ് ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നില്ല.

"സപ്താത്ഭുതങ്ങളിൽ ഉത്തുംഗം താജ്മഹൽ തീർത്തതാര് ?"

ഉത്തരം എനിക്കറിയാമായിരുന്നു ഞാൻ മനസ്സിൽ പറഞ്ഞു: "ഷാജഹാൻ "

കോറസ് ഒന്നിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

"ഷാജഹാൻ "

ചോദ്യം ചോദിച്ചയാൾ ആ ഉത്തരങ്ങളെ ശക്തമായി നിഷേധിച്ചുകൊണ്ട് `

"അല്ല" എന്നാണ് പറഞ്ഞത് !

KSSP
Exclusive Interview: 'എന്നെ ഒതുക്കി, മലയാളത്തിൽ ശ്രദ്ധ പതിപ്പിച്ചതാണ് ഞാൻ ചെയ്ത തെറ്റ്; എനിക്ക് പാര വയ്ക്കാൻ കുറേപ്പേർ കേരളത്തിലുണ്ട്'

"വെണ്ണക്കൽ പാളികളിൽ വിരൽ ചതഞ്ഞ്, മുതുകൊടിഞ്ഞ് ചോരചിന്തി വീണവർ അടിമകൾ... അവർ പണിതത്..."

ആ ഉത്തരം എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു വിദ്യാഭ്യാസ പ്രക്രിയയുടെ തുടക്കമായിരുന്നു. അധ്വാനിക്കുന്നവരുടെ പക്ഷത്തു നിന്നുകൊണ്ട് ചരിത്രത്തെ പുനർ വായിക്കുന്നതിന് സമൂഹത്തെ പഠിപ്പിക്കാൻ ആ അഞ്ചുമിനുട്ട് കലാപരിപാടി വലിയ പങ്കാണ് വഹിച്ചത്.”

ഇതെഴുതുന്നത് പ്രസാദ് കൈതയ്ക്കലാണ്. പ്രസാദ് കണ്ടുകൊണ്ടിരുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന ശാസ്ത്ര കലാജാഥയാണ്. ഈ നാടകം പ്രസാദിന്റെ ജീവിതം ആകെ മാറ്റി.

KSSP
ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ പുസ്തക കവറും ഗ്രന്ഥകർത്താവ് എൻ വേണുഗോപാലുംsamakalika malayalam

ഇത് വായിച്ചപ്പോഴാണ് പ്രസാദിനെപ്പോലെ ഏറെ ആളുകൾ ഇത്തരത്തിൽ ശാസ്ത്ര കലാജാഥയിലൂടെ,പരിഷത്തിനോട് ആകൃഷ്ടരായോ അല്ലാതെയോ സാമൂഹിക ഇടപെടലുകളിലേക്ക് വന്നിട്ടുണ്ടാവണം എന്ന് തോന്നിയത്. സമൂഹത്തിന്റെ യാത്രയിൽ ഇത്തരം പരീക്ഷണങ്ങൾ നിർണായകമായി മാറിയിട്ടുണ്ടാവണം.

എന്നാൽ കലാജാഥയെക്കുറിച്ചും സമൂഹത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ നവീനമായ പരീക്ഷണങ്ങളെക്കുറിച്ചും വേണ്ടത്ര പഠനങ്ങൾ വന്നിട്ടില്ലല്ലോ എന്നാണ് ഞാൻ ആലോചിച്ചത്. ഈ രംഗത്ത് നിർണായകമായ ഒരു ഇടപെടൽ നടത്തുകയാണ് “ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ” എന്ന പുസ്തകത്തിലൂടെ എൻ വേണുഗോപാലൻ.

പരിഷത്തിന്റെ ശാസ്ത്ര വിനിമയ പരീക്ഷണങ്ങൾ കേരള സമൂഹം കൃത്യമായി വിലയിരുത്തിയിട്ടില്ല എന്നാണ് എന്റെ തോന്നൽ. 1957 ശാസ്ത്ര സാഹിത്യ സമിതി രൂപീകരിക്കുന്നത് ശാസ്ത്രസാഹിത്യകാരന്മാരുടെയും ശാസ്ത്രജ്ഞമാരുടെയും ഒരു സംഘമാണ്. ഇതിന്റെ തുടർച്ചയായിരുന്നു 1962 ൽ രൂപം കൊണ്ട കേരള ശാസ്ത്ര സാഹിത്യപരിഷത്.

KSSP
കടൽ കടന്നുപോകുന്ന കുട്ടികൾ എത്തിപ്പെടുന്നത് എവിടെ?

"പ്രാഥമികമായും ശാസ്ത്രവിജ്ഞാനം സാധാരണ മനുഷ്യന് പ്രയോജനപ്പെടും വിധം മാതൃഭാഷയിൽ ലഭ്യമാക്കുക എന്നത് മാത്രമായിരുന്നില്ല നാം ജീവിക്കുന്ന ശാസ്ത്രയുഗത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ദൗത്യം കൂടി ഈ സംഘടനയ്ക്കുണ്ട്" എന്ന് സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ഡോ കെ ജി അടിയോടി എഴുതുന്നുണ്ട്.

ഗുട്ടൻബർഗിന്റെ അച്ചടിയന്ത്രമുണ്ടാക്കിയ വിപ്ലവം ലോകത്തെല്ലാമുള്ള വിജ്ഞാനം സാധാരണ മനുഷ്യരുടെ ഭാഷയിൽ എത്തിച്ചു എന്നതായിരുന്നു. ഇതേ പ്രാധാന്യം ശാസ്ത്രസാഹിത്യപരിഷത്തിന്റെ രൂപീകരണത്തിനുമുണ്ട്. എന്നാൽ,സംഘടന അതുകൊണ്ട് പ്രവർത്തനം അവസാനിപ്പിച്ചില്ല. ഇത്രയേറെ നിരക്ഷരരുള്ള ഒരു സമൂഹത്തിൽ അച്ചടിച്ച വിജ്ഞാനം കൊണ്ടുമാത്രം കാര്യമില്ലല്ലോ.

അങ്ങനെയാണ് കേരളം മുഴുവൻ പതിനായിരം ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രകൃതി, ശാസ്ത്രം, സമൂഹം ക്ലാസ്സുകളും നാം ജീവിക്കുന്ന ലോകം എന്ന പരമ്പരയും പിന്നീട് ശാസ്ത്ര സാംസ്കാരിക ജാഥയ്ക്ക് രൂപം നൽകി. ഇതിന് സമാന്തരമായി ഗ്രാമ ശാസ്ത്ര ജാഥകൾ ഉണ്ടായി.

ഈ ജാഥകളിൽ ധാരാളം ചെറിയ പാട്ടുകൾ ഉണ്ടായിരുന്നു.

“കാര്യകാരണ ബോധത്തോടെ

നാടിൻ പ്രശ്നം പഠിക്കുവാൻ.” എന്നുതുടങ്ങുന്ന ഈരടികൾ കേട്ട് വഴിവക്കിലെ പദയാത്രികർ കൗതുകത്തോടെ നോക്കി. അവർ അതുവരെ കേട്ടിരുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഈ ജാഥയിൽ കേട്ടത്.

kssp sastra kala jadha
1980 ൽ നടന്ന ശാസ്ത്രകലാജാഥയിൽ നിന്ന്N Venugopal

മാത്രമല്ല അടിയന്തിരാവസ്ഥ കഴിഞ്ഞ സമയമാണ്. കേരളത്തിന്റെ അന്തരീക്ഷത്തിൽ അക്കാലത്ത് ഉണ്ടായിരുന്നത് പ്രതിരോധ ചിന്തയുടെ, രാഷ്ട്രീയ ജാഗ്രതയുടെ തരംഗങ്ങളാണ് എന്ന് വേണുഗോപാലൻ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കല വളരെ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, പ്രേംജിയുടെ ഋതുമതി, കെ ദാമോദരൻ എഴുതിയ പാട്ടബാക്കി, കെ പി എ സിയുടെ നാടകങ്ങൾ എന്നിവയെല്ലാം കേരളത്തിന്റെ സാമൂഹിക മാറ്റത്തെ പ്രചോദിപ്പിച്ച സാംസ്കാരിക ധാരകളായിരുന്നു.

സാംസ്കാരിക ജാഥയുടെ തുടർച്ചയായി ആദ്യത്തെ ശാസ്ത്രകലാജാഥ സംഘടിപ്പിക്കുന്നത് 1980 ലാണ്. ഒക്ടോബർ രണ്ടിന് ആരംഭിച്ച് നവംബർ ഏഴിന് അവസാനിക്കുന്നു എന്നതുതന്നെ കലാജാഥയുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രതിനിധാനമായിരുന്നു. കലാജാഥയ്ക്ക് വേണ്ട സാമഗ്രികൾ തയ്യാറാക്കിയതാകട്ടെ ശാസ്ത്രജ്ഞരും സാമൂഹിക പ്രവർത്തകരും തൊഴിലാളികളും ഒത്തുചേർന്ന ഒരു അസാധാരണ കൂട്ടുകെട്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ചിലരെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

KSSP
Archives | ഒരുപാടു പേര്‍ വന്നു, പക്ഷേ അയാള്‍ മാത്രമായിരുന്നു അങ്ങനെ

ഔപചാരിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലെങ്കിലും ഗ്രാമീണ കലാരൂപങ്ങളിൽ അസാമാന്യമായ പ്രാവീണ്യമുണ്ടായിരുന്ന പനങ്ങാട് തങ്കപ്പൻ പിള്ള, അധ്യാപകനും വാഗ്മിയും ആയിരുന്ന എസ് പ്രഭാകരൻ നായർ, പിൽക്കാലത്ത് മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരനായി മാറിയ വി കെ ശശിധരൻ എന്നിവർക്കൊപ്പം കവിയായ മുല്ലനേഴിയും ശാസ്ത്രജ്ഞനായ എം പി പരമേശ്വരനും അടക്കം ധാരാളം പേർ ഒരുമിച്ചിരുന്നാണ് കലാജാഥയ്ക്ക് വേണ്ട പാട്ടുകളും നാടകങ്ങളും രചിച്ചത്. തുടക്കത്തിൽ മാർഗദർശനത്തിനായി വി അരവിന്ദാക്ഷൻ, ജി ശങ്കരപ്പിള്ള എന്നിവരും ഉണ്ടായിരുന്നതായി വേണുഗോപാൽ രേഖപ്പെടുത്തുന്നു.

മറ്റൊരു പ്രത്യേകത നാടൻ പാട്ടുകൾക്കൊപ്പം ലോക നാടക വേദിയിൽ നിന്നുള്ള വളരെ പ്രശസ്തമായ നാടകങ്ങളും പാട്ടുകളും കവിതകളും അവതരണങ്ങളും ഇവിടെ സമർത്ഥമായി ഇഴുകിച്ചേർത്തു എന്നതാണ്. ഇതിൽ പ്രധാനമായിരുന്നു ബെർതോൾഡ് ബ്രെഹ്തിന്റെ നാടകങ്ങൾ.

അതിൽ “എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ എല്ലാം നമ്മൾ പഠിക്കേണം തയ്യാറാവണം ഇപ്പോൾ തന്നെ ആജ്ഞാ ശക്തിയായ്‌ മാറീടാൻ ..” എന്ന വരികൾ കേരളത്തിലെ പൗര സമൂഹം മനസ്സിൽ സ്വീകരിച്ചു.

kssp sastrkalajadha
ശാസ്ത്രകലാജാഥN Venugopal

“പട്ടിണിയായ മനുഷ്യാ നീ

പുസ്തകം കയ്യിലെടുത്തോളു

പുത്തനൊരായുധമാണ് നിനക്കത്

പുസ്തകം കയ്യിലെടുത്തോളു.” എന്ന വരികൾ ഒരു വിജ്ഞാന സമൂഹത്തിന്റെ പിറവി കുറിക്കുന്നതായിരുന്നു.

രചനയിൽ മാത്രമല്ല അവതരണത്തിലും സമൂഹത്തെ ആകർഷിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നു. ഡോക്ടർമാരും കർഷകരും യുവാക്കളും അധ്യാപകരും തൊഴിലാളികളും ഒക്കെ ചേർന്ന ഒരു സംഘമാണ് അഭിനയിക്കുന്നത് എന്നത് പ്രേക്ഷർക്ക് പുതിയ അനുഭവമായി.

ഹേ പ്രപഞ്ചമേ നീ ഖരമോ ദ്രവമോ വാതകമോ പിന്നെ പ്ലാസ്മയോ എന്നും ഈ ഈസീക്വൽ ടു എം സി സ്‌ക്വയർ എന്നുമൊക്കെ റോഡുവക്കിൽ നിന്ന് നീട്ടിപ്പാടുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു എന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ വലിയ വിസ്മയമായി തോന്നും.

എന്നാൽ ശാസ്ത്ര കലാജാഥയുടെ ഉള്ളടക്കം മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രമായിരുന്നു. സാധാരണ മനുഷ്യരുടെ ആരോഗ്യവും വിദ്യാഭ്യാസവും ഊർജാവശ്യവും പ്രകൃതി മലിനീകരണവുമെല്ലാം ഈ അവതരണങ്ങളിൽ വന്നു.

KSSP
വോട്ട് ചോരി; രാഹുലിന്റെ രാഷ്ട്രീയ പ്രായപൂര്‍ത്തി

മാർക്സിന്റെ വരികളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് എഴുതിയ വരികൾ ഇപ്പോഴും കേരളത്തിന്റെ ഉൾനാടുകളിൽ തെരുവ് ഭിത്തികളിൽ കാണാം.

“ഗതകാല തലമുറകൾ

പൈതൃകമായേൽപ്പിച്ച

തറവാട്ട് ധനമല്ല ഭൂമി

വരുമൊരു തലമുറയിൽ നിന്നും

നമ്മൾ കടം വാങ്ങിയ

തിരികെയേൽപ്പിക്കേണ്ട ഭൂമി.”

ശാസ്ത്രകലകഥയുടെ രംഗഭാഷയ്ക്ക് മാറ്റം കൊണ്ടുവരുന്നത് ജോസ് ചിറമ്മേൽ , രാജു നരിപ്പറ്റ തുടങ്ങി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചു പുറത്തിറങ്ങിയ കലാകാരന്മാരുടെ ഇടപെടലോടെയാണ്. അതുവരെ വളരെ പ്രാഥമികമായ രംഗശൈലി മാത്രം ഉപയോഗിച്ചിരുന്ന നാടകങ്ങൾ വളരെ വേഗം കലാപരമായ ഔന്നത്യത്തിലേക്ക് ഉയർന്നു.

രംഗഭാഷയ്‌ക്കൊപ്പം ഇതിലുപയോഗിച്ച ഗാനങ്ങൾ ഒരുപക്ഷേ കെ പി എ സിക്ക് ശേഷം കേരളത്തിൽ ഏറെ പ്രചാരം നേടി. ഇതിൽ സംഭാവന ചെയ്തവരുടെ പേരുകൾ ഈ ചെറിയ കുറിപ്പിൽ പറഞ്ഞുതീർക്കാൻ സാധിക്കില്ല. എന്നാൽ കരിവള്ളൂർ മുരളി, കെ കെ കൃഷ്ണകുമാർ, കെ ടി രാധാകൃഷ്ണൻ, എം എം സചീന്ദ്രൻ എന്നിവരുടെ പേരുകൾ സൂചിപ്പിക്കാതിരിക്കാനാവില്ല.

കേരളത്തിൽ നടന്ന ഏറ്റവും വിപുലമായ അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയായിരുന്നു ശാസ്ത്ര കലാജാഥ എന്ന് വേണുഗോപാലൻ രേഖപ്പെടുത്തുന്നു. മാത്രമല്ല കലാജാഥകളുടെ ചെലവ് ലഭിച്ചത് പുസ്തക വിൽപ്പനയിൽ കൂടിയാണ് എന്നതിനാൽ ആ രീതിയിലും ശാസ്ത്ര പ്രചാരണം സമൂഹത്തിൽ വ്യാപകമായി നടന്നു.

KSSP
ജീവിതം ശരീരത്തിൻ്റെ കഥ എന്ന നിലയിൽ

1980 ൽ തുടങ്ങി ഇപ്പോഴും പല രീതിയിൽ തുടരുന്ന ശാസ്ത്രകലാജാഥയുടെ ഏതാണ്ട് പൂർണമായ ഡോക്യൂമെന്റേഷൻ ഈ പുസ്തകത്തിൽ വേണുഗോപാലൻ നിർവഹിച്ചിട്ടുണ്ട്.

ഇതിൽ ഏറ്റവും പ്രധാനം കേരളത്തിന് പുറത്ത് കലാജാഥ സംക്രമിച്ചെത്തിയതിന്റെ കഥയാണ്. ഇതിൽ ഏറ്റവും പ്രധാനം ഭോപ്പാൽ ദുരന്തത്തിന് ശേഷം ഒരു സയൻസ് ട്രെയിനിൽ അവിടെയെത്തിയ പരിഷത് അംഗങ്ങൾ അവതരിപ്പിച്ച നാടകങ്ങൾ ആയിരുന്നു. സൈലന്റ് വാലി പ്രക്ഷോഭ കാലത്ത് ഡൽഹിയിൽ അവതരിപ്പിച്ച കലാജാഥ കാണാൻ പ്രൊഫ എം ജി കെ മേനോൻ അടക്കമുള്ളവർ എത്തിയിരുന്നു. പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ മുന്നിലും കലാജാഥ അവതരിപ്പിച്ചു.

പിന്നീട് കേരളത്തിൽ സാക്ഷരത പ്രവർത്തനത്തിന്റെ ഒരു ഘട്ടം പൂർത്തിയായതിന് ശേഷം ഇന്ത്യയൊട്ടാകെ വ്യാപിച്ച ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയുടെ നേതൃത്വത്തിൽ ഹിന്ദിയിൽ മാത്രമല്ല മറ്റ് അനേകം ഇന്ത്യൻ ഭാഷകളിൽ നടന്ന കലാജാഥകൾ ഊർജം നേടിയത് കേരളത്തിൽ നടന്ന ശാസ്ത്ര കലാജാഥയിൽ നിന്നായിരുന്നു.

അതേവരെ നടന്ന കലാജാഥകളിൽ ഉള്ളടക്കം കൊണ്ടും അവതരണ ശൈലി കൊണ്ടും ഏറെ വ്യത്യസ്തമായിരുന്നു വനിതാ കലാജാഥ. സ്ത്രീകളുടെ ഇന്ത്യൻ അവസ്ഥയെപ്പറ്റി ഇത്രയും വിപുലമായ ഒരു ബോധവത്ക്കരണ പരിപാടി വേറെ നടന്നിട്ടുണ്ടാവില്ല എന്ന് വേണുഗോപാലൻ സൂചിപ്പിക്കുന്നുണ്ട്. സാക്ഷരതാ ക്യാമ്പയിന്റെ ഭാഗമായുള്ള കലാജാഥകളുടെ സവിശേഷതകളും സ്വാശ്രയ സമിതിക്ക് വേണ്ടി തയ്യാറാക്കിയ കലാജാഥകളും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

kssp
ശാസ്ത്രകലാജാഥയിൽ നിന്ന്N Venugopal

മുപ്പതോളം വർഷം ഏതാണ്ട് തുടർച്ചയായി നടന്ന കലാജാഥകൾ പഴയതുപോലെ കേരള സമൂഹം സ്വീകരിക്കുന്നില്ല എന്ന തോന്നലിൽ നിന്നാകണം പൂർണ നാടകങ്ങൾ എന്ന ആശയം വരുന്നത്. ഇതിൽ ബ്രെഹ്തിന്റെ ഗലീലിയോ എന്ന നാടകം കലാജാഥകൾക്ക് വലിയൊരു തുടർച്ച നൽകുകയും ആ കാലത്തേ കേരള സമൂഹത്തിൽ പ്രസക്തമായ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പൂർണ നാടകങ്ങളുടെ തുടർച്ചയിൽ മേരി ക്യൂരിയുടെ ജീവിത കഥയും സജിത മഠത്തിൽ സംവിധാനം ചെയ്ത ഷീ ആർകൈവ്സ് എന്നിവയും ഉൾപ്പെടുന്നുണ്ട്.

ഡിജിറ്റൽ കലാജാഥ, വീട്ടുമുറ്റ നാടകങ്ങൾ എന്നിവയും പുതിയതരം പരീക്ഷണങ്ങൾ ആയിരുന്നു.

താരതമ്യേന ദുഷ്‌കരമായ ഒരു ചുമതലയാണ് ഈ പുസ്തകത്തിലൂടെ എൻ വേണുഗോപാലൻ നിർവഹിച്ചിരിക്കുന്നത്. നാല്പത്തി മൂന്ന് വർഷം നീണ്ടുനിൽക്കുന്ന അത്യസാധാരണമായ ഒരു പരീക്ഷണത്തിന്റെ ഏതാണ്ട് സമഗ്രമായ ഡോക്യൂമെന്റേഷൻ ഏതാണ്ട് നാനൂറോളം പേജിൽ അദ്ദേഹം നിർവഹിച്ചിരിക്കുന്നു. ഈ കാലയളവിൽ കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങളും അതിന് അനുപൂരകമായി കലാജാഥയുടെ ഉള്ളടക്കത്തിലും അവതരണ ശൈലിയിലും വന്ന മാറ്റവും ഏതാണ്ട് കൃത്യമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷത്തെയും ഉള്ളടക്കം, അത് തയ്യാറാക്കിയവർ, അവതരിപ്പിച്ചവർ എന്നിവരുടെയൊക്കെ ഏതാണ്ട് പൂർണമായ ലിസ്റ്റുമുണ്ട്.

ഈ ചരിത്ര രേഖയിൽ പൂർണമായും സാധ്യമായില്ലെങ്കിലും ഈ പരീക്ഷണത്തിന്റെ പരിമിതികൾ വേണുഗോപാലൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

KSSP
ലക്ഷദ്വീപിന്റെ രണ്ട് ഇന്റര്‍നെറ്റ് കാലങ്ങള്‍

“ബോധനോപാധി എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്ന കലാരൂപങ്ങൾ മറ്റൊരു സാമൂഹിക സാഹചര്യത്തിൽ അപ്രസക്തമായി അനുഭവപ്പെടാം. ജനങ്ങളുടെ കലാസ്വാദന രീതിയിലും മാറ്റം വരം. അതനുസരിച്ച് സ്വയം നവീകരിക്കാനുള്ള കഴിവ് നാം ആർജ്ജിക്കേണ്ടതുണ്ട്.” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

പരിഷത് കലാജാഥകളിൽ ഉപയോഗിച്ച രംഗ ശൈലി, കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ചും സമൂഹത്തിൽ വന്ന മാറ്റങ്ങൾ പരിഗണിച്ചും അവതരണ ശൈലിയിൽ നടത്തേണ്ടിയിരുന്ന മാറ്റങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തുന്ന മറ്റൊരു പഠനം കൂടി സാധ്യമാണ് എന്നാണ് ഒറ്റ വായനയിൽ എനിക്ക് തോന്നിയത്.

ഇത്രയും വിപുലമായ ഒരു ഡോക്യൂമെന്റേഷൻ നടത്തിയ വേണുഗോപാലൻ നമ്മുടെ പ്രശംസ അർഹിക്കുന്നുണ്ട്. അദ്ദേഹം എത്രയോ കാലമായി പരിഷത് പ്രവർത്തകനും ശാസ്ത്ര കലാജാഥയുടെ സംഘാടകനുമാണ്. അതുകൊണ്ട് തന്നെ ഈ ചരിത്ര രചന അദ്ദേഹത്തിന് സ്വന്തം ജീവിതത്തിന്റെ കൂടി രേഖപ്പെടുത്തലാണ്.

കേരളത്തിലെ സാമൂഹിക മാറ്റങ്ങളുടെ ചരിത്രം പഠിക്കുന്നവർ ഈ പുസ്തകം കൂടി അവരുടെ പഠനത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. കാരണം ഇത് ശാസ്ത്ര ബോധനത്തിന്റെയും അതിലൂടെ വന്ന സാമൂഹിക പരിവർത്തനത്തിന്റെയും കൂടി കഥയാണ്.

KSSP
ടോയ്ലറ്റിന് അരികില്‍ മൂക്കുപൊത്തിയിരുന്ന ട്രെയിന്‍ യാത്രകളില്‍ നിന്ന് പ്രൈവറ്റ് ജെറ്റിലേക്ക്

ശാസ്ത്രകലാജാഥയും പരിഷത്തുമായുള്ള എന്റെ വ്യക്തിപരമായ ബന്ധവും കൂടി സൂചിപ്പിച്ച് ഈ കുറിപ്പ് ഞാൻ അവസാനിപ്പിക്കാം. 1980 കളുടെ തുടക്കം. അന്ന് ഞാൻ വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിയാണ്. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ നഗരത്തിലെ പലതരം ലൈബ്രറികളിൽ കറങ്ങി തിരിച്ചു വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിലേക്കുള്ള ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോഴാണ് ഒരുദിവസം വൈകിട്ട് യാദൃച്ഛികമായി പുത്തരിക്കണ്ടം മൈതാനിയിൽ ഒരു തെരുവ് നാടക സംഘത്തെ കാണുന്നത്. എന്താണ് എന്നറിയാനുള്ള കൗതുകം കൊണ്ട് ഞാൻ കുറച്ചുനേരം ആ കൂട്ടത്തിൽ പോയി നിന്നു. തുറന്ന മൈതാനത്തു കെട്ടി ഉയർത്തിയ ഒരു സ്റ്റേജ് ആണ്. ഞാൻ നോക്കിയപ്പോൾ നാടകത്തിന്റെ വിഷയം ഇന്ത്യയിലെ ദാരിദ്ര്യമാണ്. സുമുഖനായ ഒരു ചെറുപ്പക്കാരൻ വളരെ വൈകാരികമായി ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചു സംസാരിക്കുകയാണ്.

പ്രസംഗം കേട്ടുകൊണ്ട് പത്തു നൂറു പേർ നിൽക്കുന്നുണ്ട്

നാടകവും നാടകത്തിന്റെ ഭാഗമായ പ്രസംഗവും പുരോഗമിക്കുന്നതിനിടയ്ക്ക് ഒരു പ്രശ്നമുണ്ടായി. കാഴ്ചക്കാരിൽ ഒരാൾ തലകറങ്ങി വീണു. ആകെ ബഹളമായി. ആരോ ചിലർ ചേർന്ന് തലകറങ്ങി ബോധരഹിതനായ വ്യക്തിയെ പൊക്കിയെടുത്തു സ്റ്റേജിന്റെ തന്നെ ഒരു സൈഡിൽ കിടത്തി ...നാടകം മുടങ്ങി …

അതുവരെ ദാരിദ്ര്യത്തെക്കുറിച്ചു ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ ആകെ ക്ഷുഭിതനായി.

“എന്തൊരു കഷ്ടം ..നാടകം നടത്താൻ പോലും സമ്മതിക്കില്ല …”

KSSP
'റോൾ' കുറഞ്ഞ് കേരളം, അയൽക്കാർ സൂപ്പർ ഹീറോസ്!

ഇയാൾ ഇത് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.

എന്തൊരു മനുഷ്യനാണിയാൾ.ഒരാൾ ബോധം കേട്ട് കിടക്കുന്നു.അപ്പോഴാണ് അയാളുടെ നാടകം.സംസാരിക്കുന്നതോ ദാരിദ്ര്യത്തെക്കുറിച്ചും.

എന്തായാലും നാടകം മുടങ്ങി. ചെറുപ്പക്കാരനായ നടൻ ബോധം കെട്ടുകിടക്കുന്ന വ്യക്തിയുടെ അടുത്തേക്ക് നടന്നു.

“എന്തായാലും നാടകം മുടങ്ങി...ഇയാൾക്ക് എന്താ പറ്റിയത് എന്ന് ചോദിക്കാം..”

വൃദ്ധന്റെ മുഖത്ത് ആരോ കുറച്ചു വെള്ളം തളിച്ചു ..അയാൾ കണ്ണ് തുറന്നു.

“ഞാൻ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി…” അയാൾ പറയുന്നത് എല്ലാവരും മൈക്കിലൂടെ കേട്ടു. അവർ തമ്മിലുള്ള സംഭാഷണം തുടർന്നു ..

KSSP
കാട്ടുപന്നികളെങ്ങനെ നാട്ടിലെത്തി?

തുടർന്ന് നടന്നതിനെക്കുറിച്ചു എന്ത് പറയാൻ..ഈ വീഴലും നാടകം മുടങ്ങലുമെല്ലാം നാടകത്തിന്റെ ഭാഗമായിരുന്നു എന്ന് കണ്ടു ഞാൻ അവിടെ കുറേനേരം അന്തം വിട്ടുനിന്നു. ഈ സുമുഖനായ ചെറുപ്പക്കാരൻ കോട്ടക്കൽ മോഹനനും തളർന്നു വീണയാൾ പനങ്ങാട് തങ്കപ്പൻ പിള്ള ചേട്ടനും ആണ് എന്നും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയാണ് ഞാൻ കണ്ടുകൊണ്ടിരുന്നതെന്നും സദസ്സുമായി സ്റ്റേജിനെ ബന്ധിപ്പിക്കുന്ന ഈ പരീക്ഷണം ഒരു ബ്രെഹ്തിയൻ ടെക്‌നിക് ആണെന്നുമൊക്കെ പിൽക്കാലത്താണ് ഞാൻ മനസ്സിലാക്കിയത്. ഏറെ താമസിച്ചില്ല കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ചു ഞാൻ പരിഷത് ഭവനിലേക്ക് താമസം മാറ്റി.

ഒരു തെരുവ് നാടകം എന്റെ ജീവിത കഥ തിരിച്ചു വിട്ട കഥയാണിത്. ഈ കൂടുമാറ്റത്തോടെ കേരളത്തിന്റെ സവിശേഷമായ പല വികസന പരീക്ഷണ ചരിത്രങ്ങളിലും പങ്കാളിയും സാക്ഷിയുമാവാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. എന്നെയും പ്രസാദ് കൈതക്കലിനെയും പോലുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർ പരിഷത്തിലേക്ക് എത്തിയത് ശാസ്ത്ര കലാജാഥയിലൂടെയാണ്.

ലോകത്തുതന്നെ ഇത്രവും വിപുലമായ സങ്കീർണമായ ഒരു ശാസ്ത്ര വിനിമയ ശൈലി ഒരു സമൂഹവും പരീക്ഷിച്ചിട്ടുണ്ടാവില്ല. ഇതേക്കുറിച്ച് എൻ വേണുഗോപാൽ എഴുതി കേരള ശാസ്ത്ര സാഹിത്യ പരിഷ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഒരു ചരിത്ര രേഖയാണ് എന്ന് തീർച്ച.

ജി. സാജൻ, തിരുവനന്തപുരം ദൂരദർശൻ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്രപുസ്തകങ്ങളുടെ പരിഭാഷകൻ, പുസ്തകരചയിതാവ്, ഡോക്യുമെന്റി ക്രിയേറ്റീവ് കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Summary

G Sajan writes about the history, present, and experiences of the Kerala Sastra Sahitya Parishad's Sastra Kala Jatha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com