ജീവിതം ശരീരത്തിൻ്റെ കഥ എന്ന നിലയിൽ
ഇത്തവണത്തെ ബുക്കർ സമ്മാനം ലഭിച്ച ഡേവിഡ് സൊലോയ് (David Szalay) എഴുതിയ ഫ്ലെഷ് ( Flesh), അതിനുള്ള പട്ടികയിൽ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലുകളിൽ ഏറ്റവും വേഗത്തിൽ വായിച്ചതും ഒരു ജനപ്രിയ സിനിമ കാണുന്ന അനുഭവം സമ്മാനിച്ചതുമായ ഒന്നായിരുന്നു.
നോവലിന്റെ പേര് തൊട്ടു തന്നെ, യാതൊരു വിധ പൊളിറ്റിക്കൽ കറക്റ്റ്നസ്സിനും ശ്രമിക്കാത്ത (മോറൽ റിസ്ക് കൂടി എടുത്താണ് താൻ നോവൽ എഴുതിയതെന്ന് സൊലോയ്) പൂർണമായും പുരുഷ കേന്ദ്രീകൃതമായ (gender apartheid) നോവൽ.
അമ്മയോടൊത്ത് ഹംഗറിയിൽ ഒരു ഫ്ളാറ്റിൽ താമസിക്കുന്ന കൗമാരക്കാരനായ ഇസ്റ്റ്‌വാൻ (Istvan), കൈയബദ്ധം സംഭവിച്ച് കൊല ചെയ്യുന്നതും, ജയിലിലാവുന്നതും, തിരിച്ചു വന്ന് ആർമിയിൽ ചേരുന്നതും, അതു കഴിഞ്ഞ് സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുന്നതും, സമ്പന്നനായ ഒരു ബിസിനസ് കാരൻ്റെ ബോഡി ഗാർഡാകുന്നതും, അയാളുടെ മരണശേഷം അയാളുടെ ഭാര്യയെ വിവാഹം കഴിക്കുന്നതും, ഒരു ആക്സിഡൻ്റിൽ ഭാര്യയും മകനും മരണപ്പെട്ട ശേഷം സമ്പത്തെല്ലാം നഷ്ടപ്പെട്ട് തിരിച്ച് ഹംഗറിയിലെ അതേ ഫ്ലാറ്റിൽ അമ്മയോടൊത്ത് തിരിച്ചെത്തുന്നതും ഒടുവിൽ അമ്മയും മരിച്ച് തനിച്ചാകുന്നതുമാണ് നോവലിൻ്റെ ഇതിവൃത്തം.
ജീവിതത്തിൻ്റെ physicality എന്ന ആശയത്തിൽ ഊന്നിക്കൊണ്ട് എഴുതിയതാണ് ഈ നോവൽ. നോവലിലുടനീളം പ്രധാന കഥാപാത്രമായ ഇസ്റ്റ്‌വാൻ നല്ലവനാണോ, വില്ലനാണോ, അയാൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ, എന്നൊന്നും തീർച്ചയാക്കാനാവാത്ത, കഥാപാത്രത്തിനു തന്നെ നിശ്ചയമില്ലാത്ത പ്രതീതിയാണ്. Cold, insensitive, എന്ന് വിളിക്കാവുന്ന കഥാപാത്രം.
അയാളുടെ കൗമാരം മുതൽ വാർദ്ധക്യം വരെയുളള ജീവിത കഥ പറയുന്ന നോവലിൽ ഒരിടത്തും, അയാളുടെ വികാര പ്രകടനങ്ങളോ, മാനസിക ജീവിതത്തിൻ്റെ വിശദാംശങ്ങളോ ഇല്ല. അധികം സംസാരികുന്നില്ല ഇസ്റ്റ്‌വാൻ. (speak only when spoken to).ഏത് സന്ദർഭത്തിലും, ‘How are you feeling?’ എന്ന ചോദ്യത്തിന് ഇസ്റ്റ്‌വാൻ്റെ ഉത്തരം എപ്പോഴും ‘Okay’ എന്നു മാത്രമാണ്. ബന്ധം പിരിയാൻ നേരത്ത് കാമുകി കണ്ണീരോടെ നിൽക്കുമ്പോഴും ‘it’s okay’എന്നു മാത്രമേ അയാൾക്ക് പറയുവാനുള്ളൂ. കാമുകിക്ക് കൈ കോർത്തു പിടിച്ചു നടക്കാൻ താല്പര്യമില്ല എന്നത് ഇസ്റ്റ്‌വാനെ സന്തോഷിപ്പിക്കുന്നു എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്.
തൻ്റെ ജീവിതത്തിൻ്റെ പല ഘട്ടങ്ങളിൽ പല സ്ത്രീകളുമായും ഇറ്റ്സ്‌വാൻ ബന്ധപ്പെടുന്നുണ്ട്. പൊതുവെ ജീവിതത്തോട് നിഷ്ക്രിയമായ സമീപനം പുലർത്തുന്ന അയാളുടെ ജീവിതത്തിലെ പല നിർണായകമയ വഴിത്തിരുവുകൾക്കും നിമിത്തമായി തീരുന്നത് ഈ സ്ത്രീകളുടെ ഇടപെടലുകളാണ്. ഞാൻ എൻ്റെ കാമുകിയെ സ്നേഹിക്കുന്നു. പക്ഷേ, അതു കൊണ്ട് മറ്റ് സ്ത്രീകളെ സ്നേഹിക്കാതിരിക്കുന്നില്ല എന്നതാണ് അയാളുടെ നിലപാട്.
ജീവിതത്തെയും മരണത്തെയും കാണുന്ന ലെൻസ്
താൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്വയം തൃപ്തികരമായ ഒരു ഉത്തരം സ്വയം നൽകാൻ ഒരിക്കലും അയാൾക്ക് കഴിയുന്നില്ല. Yes, I like you, but I like other people as well. It’s not even that I like them more. It’s just that I don’t like them less. നോവലിലുടനീളം ഇസ്റ്റ്‌വാൻ്റെ ജീവിതം ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ് എന്ന തോന്നലാണ് വായനക്കർക്കുണ്ടാകുന്നത്.
തനിക്ക് എന്തിലാണ് താല്പര്യം എന്നോ, ജീവിതത്തിൽ നിന്ന് താൻ എന്താണ് ആഗ്രഹിക്കുന്നതെന്നോ അയാൾക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. ഇസ്റ്റ്‌വാൻ സെക്യൂരിറ്റി ഗാർഡായും, റിയൽ എസ്റ്റേറ്റ് ഡെവലപർ ആയും കണക്കെഴുത്തുകാരനും ഒക്കെ ആയി ജോലി നോക്കുന്നുണ്ടെങ്കിലും പട്ടാളാത്തിലെ കുറച്ചു കാലത്തെ ജോലിയിൽ മാത്രമാണ് (അവിടെ വച്ച് ഒരു സുഹൃത്തിൻ്റെ മരണം അയാൾ അടുത്തു നിന്ന് അനുഭവിക്കുന്നുണ്ട്) അയാൾക്ക് അല്പമെങ്കിലും അർത്ഥം കണ്ടെത്താൻ കഴിയുന്നത്.
അടക്കിപ്പിടിച്ച ഒരു അക്രമവാസന ഇസ്റ്റ്‌വാൻ്റെ ജീവിതത്തിൽ ഉടനീളം കാണാം. കൗമാരത്തിൽ തന്നേക്കാൾ ഏറെ പ്രായം കൂടിയ ഒരു സ്ത്രീയുമായുളള ബന്ധം സ്ത്രീയുടെ ഭർത്താവിനെ കോണിപ്പടിയിൽ നിന്ന് തള്ളിയിട്ട് കൊല്ലുന്നിടത്ത് ഇസ്റ്റ്‌വാനെ എത്തിക്കുന്നുണ്ട്. മനഃപൂർവ്വമാണോ അതോ കരുതിക്കൂട്ടിയായിരുന്നോ അങ്ങനെ ചെയ്തത് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ അയാൾക്കു കഴിയുന്നില്ല. ഈ സന്നിഗ്ദത ഇസ്റ്റ്‌വാൻ്റെ ജീവിതകഥയിൽ ഇടനീളം കാണാം.
മറ്റൊരിടത്ത് ഒരു സ്ത്രീ അവൾക്ക് ഇസ്റ്റ്‌വാനെ എത്രത്തോളം സ്നേഹമാണെന്ന് പറയുന്നോ അത്രയും അവളെ വേദനിപ്പിക്കാൻ തനിക്ക് തോന്നുന്നുവല്ലോ എന്ന് ഇസ്റ്റവാൻ ആലോചിക്കുന്നുണ്ട്. Terminal illness-നെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ: അങ്ങനെയൊരു അവസ്ഥയിൽ അയാൾ വളരെ ഒറ്റപ്പെട്ടവനായിരിക്കും. കാരണം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് അനുഭവിക്കുന്നത് അയാൾ ഒറ്റയ്ക്കായിരിക്കും.
നോവലിൻ്റെ അവസാനം, വാർദ്ധക്യത്തോടടുക്കുമ്പോൾ, ശോഷിച്ചു പോകുന്ന ലൈംഗികാവയവങ്ങളെക്കുറിച്ച് ഇസ്റ്റ്‌വാൻ ഖേദിക്കുന്നു; മരിച്ചു പോയ ഭാര്യയുടെ ഇരുപതു വർഷം മുൻപത്തെ ഫോട്ടോ നോക്കി സയം ഭോഗം ചെയ്യുന്നു. ജീവിതത്തെ, വാർദ്ധക്യത്തെ, മരണത്തേയും ശരീരത്തിൻ്റെ ലെൻസിലൂടെ നോക്കിക്കാണുന്നതു പോലെ.
പരസ്പരബന്ധമില്ലാത്ത ഒമ്പത് പുരുഷന്മാരുടെ കഥകൾ
സൊലോയ് എഴുതിയ മറ്റൊരു നോവൽ All that man is (ഒമ്പത് പുരുഷന്മാരുടെ പരസ്പരം ബന്ധമില്ലാത്ത ജീവിതങ്ങളുടെ കഥകൾ)നിരൂപണം ചെയ്ത് ജെയിംസ് വുഡ് ആ നോവലിന് നോസ്ഗാർഡിൻ്റെ രചനയുമായി സാമ്യം സൂചിപ്പിക്കുന്നുണ്ട് — നിത്യ ജീവിതത്തിലെ അതിസാധാരണവും പലപ്പോഴും വിരസവും ക്ഷുദ്രവുമായ വിശദാംശങ്ങൾ ആഖ്യാനത്തിൽ ഒപ്പിയെടുക്കുന്നതിൽ. ഈ നോവലിലും അത് കാണാം.
നോവൽ രൂപത്തോടുളള വിപ്രതിപത്തി കാരണം ഇതിനു മുൻപ് ആഖ്യാനപരീക്ഷണങ്ങൾ നടത്തിയിരുന്ന സൊലോയയുടെ, സാമ്പ്രദായിക രീതിയിലുളള നോവൽ കൂടിയാണ് ഫ്ലെഷ് (Flesh). എങ്കിലും, വരികൾ മുറിച്ച് മുറിച്ച് എഴുതിയിരിക്കുന്ന, അനായാസം വായിക്കാവുന്ന, വലയൻസും, സെക്സും, യുദ്ധാനുഭവവും ഒക്കെനിറഞ്ഞ ഈ നോവൽ,masculinity യുടെ കഥയായി മാത്രം മുദ്ര കുത്തപ്പെടാനും സാധ്യതയുണ്ട്.
അറിഞ്ഞും അറിയാതെയും ഒരു മനുഷ്യൻ ഏകാന്തനാകുന്ന നിരവധി വഴികളെക്കുറിച്ച് ഈ നോവൽ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം ഒരിക്കലും പൂരിപ്പിക്കാനാവാത്ത മൗനത്തിൻ്റെ ഇടങ്ങളെക്കുറിച്ചും. അത് പലപ്പോഴും ശരീരത്തിൻ്റേതു മാത്രമാകുന്നു.
Canadian-Hungarian-British writer David Szalay's Novel Flesh won the Booker Prize 2025 for fiction KV praveen writes about the novel
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

