Will AI become stronger than humans?
AIMeta AI

എഐ മനുഷ്യനേക്കാള്‍ ശക്തനാകുമോ? ആശങ്കപ്പെടുത്തുന്ന സൂപ്പര്‍ ഇന്റലിജന്‍സ്

എഐ മനുഷ്യന് ഭീഷണിയാകുന്നത് എങ്ങനെ ?
Published on

'സ്വന്തം അമ്മയുടെ വ്യാജമായി നിര്‍മിച്ച ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ ഒരുദിവസം കാണും. ആ ചിത്രങ്ങളെ കുറിച്ച് അവനെന്താണ് തോന്നുകയെന്ന് ഓര്‍ക്കുമ്പോള്‍ അതെന്നെ ആശങ്കപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. അതെല്ലാം യഥാര്‍ഥ ചിത്രങ്ങളല്ല, എഐ സഹായത്തോടെ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് അവന്‍ അറിയും. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുന്നവര്‍ക്കും അതറിയാം. പക്ഷേ ഇത് അവര്‍ക്ക് വില കുറഞ്ഞ സന്തോഷം നല്‍കുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്, നിങ്ങള്‍ എന്റെ ഈ വിഡിയോ കാണുന്നുവെങ്കില്‍, എഐ ഉപയോഗിച്ച് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍, അതേക്കുറിച്ച് ചിന്തിക്കണം. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടാസ്വദിക്കുന്നവരാണെങ്കില്‍ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. മാറിച്ചിന്തിക്കൂ എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ.' തന്റെ ചിത്രം ദുരുപയോഗം ചെയ്ത് അശ്ലീലചിത്രം നിര്‍മ്മിച്ചതിന് പിന്നാലെ നടി ഗിരിജാ ഓക്ക് പങ്കുവെച്ച ആശങ്കകളാണിത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം വൈറലായത്. ദിവസങ്ങള്‍ക്ക് ശേഷം എഐ ഉപയോഗിച്ച് ആരോ മോര്‍ഫ് ചെയ്ത് നിര്‍മിച്ച നടിയുടെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. പബ്ലിക് പ്ലാറ്റ്ഫോമില്‍ എത്തുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എഐ) സഹായത്തോടെ എങ്ങനെ വളരെ എളുപ്പത്തില്‍ മോശമായി ചിത്രികരിക്കാമെന്ന ആദ്യത്തേതോ ഒടുവിലത്തെ ഉദാഹരണമല്ല ഇത്. പറഞ്ഞു വരുന്നത് എഐ സാങ്കേതിക വിദ്യ എത്രത്തോളം നമ്മുടെ ജോലി കുറയ്ക്കുന്നോ, അത്രത്തോളം തന്നെ അപകടകാരിയുമാണെന്നതാണ്.

1948-ല്‍ ഗണിതശാസ്ത്രജ്ഞനായ അലന്‍ ട്യൂറിങ് 'ഇന്റലിജന്റ് മെഷിനറി' എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കിയതോടെയാണ് എഐ എന്ന ആശയരൂപം കൂടുതല്‍ ശക്തിപ്രാപിച്ചത്. കമ്പ്യൂട്ടര്‍ ഇന്റലിജന്‍സിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. 'നമുക്ക് വേണ്ടത് അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ കഴിയുന്ന ഒരു യന്ത്രമാണ്, യന്ത്രത്തിന് സ്വന്തം നിര്‍ദ്ദേശങ്ങള്‍ മാറ്റാനുള്ള കഴിവും സാധ്യതയാണ് ഈ സംവിധാനം നല്‍കേണ്ടതെന്നുമുള്ള ആശയമാണ് അദ്ദേഹം നല്‍കിയത്.

1956-ല്‍ ജോണ്‍ മക്കാര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ആശയത്തില്‍ പല കൂട്ടിച്ചേര്‍ക്കലുകളും അര്‍ത്ഥവഴികളും ഉണ്ടായി. മൂന്ന് മേഖകളിലായിട്ടാണ് എഐ വികസിച്ചത്. ഇതില്‍ ആദ്യത്തേത് മെച്ചപ്പെട്ട അല്‍ഗോരിതങ്ങളാണ്. രണ്ടാമത്തേത് നെറ്റ്വര്‍ക്ക് കമ്പ്യൂട്ടിങ്ങിന്റെ വികാസമാണ്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം അളവറ്റ ഡാറ്റ പിടിച്ചെടുക്കാനും ശേഖരിക്കാനുമുള്ള ശേഷി കൈവരിച്ചു എന്നതാണ്.

പാറ്റേണുകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് തീരുമാനം എടുക്കാനും സാധിക്കുന്ന വിധത്തിലുള്ള മെഷീന്‍ ലേണിങ്, പ്രഡിക്റ്റീവ് അനലറ്റിക്സ്, നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ്, റോബോട്ടിക്സ് എന്നീ നിരവധി സാങ്കേതിക വിദ്യകളുടെ ശേഖരത്തെ വിവരിക്കാന്‍ എഐ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.

Meta AI
AIMeta AI

സ്പീച്ച് റെക്കഗ്നിഷന്‍ , നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങ് , പ്രഡിക്റ്റീവ് അനലിറ്റിക്സ് എന്നിവയുള്‍പ്പെടെ പല വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം ഡാറ്റ പ്രൈവസി ആണ്. വന്‍തോതില്‍ ഡാറ്റ ശേഖരിക്കുകയും അവയെ തിരിച്ചറിയുകയും പഠിക്കുകയും ചെയ്യുന്നു എന്നതാണ് സ്വകാര്യതയെ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിക്കുന്നത്. ധാരാളം ഡാറ്റ ശേഖരിക്കപ്പെടുന്ന അവസരത്തില്‍ ആ ഡാറ്റയിലേക്ക് മറ്റാര്‍ക്കും ആക്സസ് നല്‍കാതിരിക്കുക എന്ന ഉത്തരവാദിത്വം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിറവേറ്റുന്നുണ്ടോയെന്നത് ചോദ്യമായി നില്‍ക്കുകയാണ്.

ഡേറ്റാ സയന്റിസ്റ്റ്, മെഷീന്‍ ലേണിങ് എന്‍ജിനീയര്‍, എഐ എത്തിസിസ്റ്റ്, റോബോട്ടിക്സ് എന്‍ജിനീയര്‍, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് സ്പെഷലിസ്റ്റ്, ഓട്ടോമേഷന്‍ എന്‍ജിനീയര്‍ തുടങ്ങി നിരവധി തൊഴില്‍ മേഖലകള്‍ എ.ഐ തുറന്നിടുന്ന പുതിയ അവസരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

2030ഓടെ 20 ശതമാനം ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓക്‌സ്ഫഡ് മാര്‍ട്ടിന്‍ സ്‌കൂള്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്ന പുതിയ ജോലികള്‍ ഈ നഷ്ടം നികത്തുമെന്നും പഠനം കണ്ടെത്തുന്നു. 2022ലെ വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് അനുസരിച്ച് 2025ഓടെ 75 ശതമാനം ജോലികളിലും നിര്‍മിതബുദ്ധിയുടെ സ്വാധീനം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

Meta AI
Meta AIMeta AI
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ വെല്ലുവിളിയാകുന്ന സാഹചര്യത്തെ കുറിച്ച് എഐ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധനും ഗവേഷകനുമായ ജിബു ഏലിയാസ് സമകാലിക മലയാളത്തോട് സംസാരിക്കുന്നു. (നിലവില്‍ മോസില്ലയുടെ ഇന്ത്യയിലെ കമ്പ്യൂട്ടിങ് ചലഞ്ച് വിഭാഗം മേധാവിയാണ്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷനില്‍ എഐ ഗവേണന്‍സ് അംഗമാണ് ജിബു ഏലിയാസ്.

എഐ മനുഷ്യന് ഭീഷണിയാകുന്നത് എങ്ങനെ ?

എഐ മനുഷ്യന് ഭീഷണിയാകുമോ? ഇപ്പോള്‍ ഇത്തരമൊരു സാഹചര്യമുണ്ടോയെന്നാല്‍, ഇക്കാര്യത്തില്‍ രണ്ട് തരത്തില്‍ വാദിക്കുന്നവരുണ്ട്. ഇപ്പോഴുള്ളത് ലാംഗേജ് മോഡല്‍ എഐകളാണ്. എന്നാല്‍ ഇതിന്റെ അടുത്ത ഘട്ടമാണ് കൂടുതല്‍ ആശങ്കകളുണ്ടാക്കുക. അതെ, ജനറല്‍ ഇന്റലിജന്‍സിനെ കുറിച്ചാണ് പറയുന്നത്. മനുഷ്യന്റെ ബുദ്ധിക്ക് മേലെയുള്ളത്. കഥ എഴുതുകയും കവിത എഴുതുകയും ചെയ്യുന്ന ഇപ്പോഴുള്ള എഐ മോഡലുകള്‍ക്ക് മനുഷ്യനെക്കാള്‍ ബുദ്ധിയുണ്ടെന്ന് പറയാന്‍ കഴിയുന്ന സാഹചര്യമില്ല. എന്നാല്‍ മനുഷ്യനെ വെല്ലുന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് അതിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍. അത് ഈ ദശകത്തില്‍ എത്തുമെന്ന് ചിലര്‍ പറയുന്നു. ചാറ്റ് ജിപിടി, ജമിനി., തുടങ്ങിയ ഫൗണ്ടേഷന്‍ മോഡലുകളെ കംപ്യൂട്ട് ചെയ്ത് നമുക്ക് ജനറല്‍ ഇന്റലിജന്‍സ് നേടാനാകുമെന്ന് ഒരു ഗ്രൂപ്പ് പറയുന്നു. മറ്റൊരു ഗ്രൂപ്പ് പറയുന്ന് 'വേള്‍ഡ് മോഡല്‍സ്' എന്ന എല്ലാം കാണുകയും അനുഭവിച്ചറിയാന്‍ കഴിയുന്നതുമായ ഒരു എഐ വികാസം ഉണ്ടാകുമെന്നും അതിലാകും ജനറല്‍ ഇന്റലിജന്‍സ് ഉണ്ടാകുകയെന്നുമാണ്. ഇയാണ് എഐയുടെ ഇപ്പോഴത്തെ അടിസ്ഥാനം.

സൂപ്പര്‍ ഇന്റലിജന്‍സ്- ജനറല്‍ ഇന്റലിജന്‍സ് ഘട്ടം കഴിഞ്ഞാല്‍ അടുത്ത ഘട്ടമാണ് സൂപ്പര്‍ ഇന്റലിജന്‍സ്, മനുഷ്യനെക്കാള്‍ പല മടങ്ങ് മികവുള്ളവരും മറ്റ് എഐ മോഡലുകളെ സൃഷ്ടിക്കാന്‍ കഴിയുന്നതുമായ മോഡലാണിത്. ഇങ്ങനെയുള്ള ഒരു ലോകം വന്നാല്‍, സൂപ്പര്‍ ഇന്റലിജന്‍സായ ഒരു മോഡല്‍ വന്നാല്‍ അതിനെ മനുഷ്യന് ഏത്രത്തോളം നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് ചോദ്യം? സിനിമകളില്‍ കാണുന്നത പോലെ മനുഷ്യനെ വെല്ലുന്ന സൂപ്പര്‍ ഇന്റലിജന്‍സ് മോഡലുകളാണവ. ആധുനിക എഐയിലേക്ക് എത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെഫ്രി ഹിന്റണ്‍, യാന്‍ ലിക്, യോഷ്വ ബെഞ്ചിയോ എന്നിവര്‍ അടങ്ങുന്ന വിഗഗ്ധര്‍ പറയുന്നത് സൂപ്പര്‍ ഇന്റലിജന്‍സ് എല്ലാം കൈയ്യടക്കുന്നതിന് മുമ്പ് അതിനെ നിയന്ത്രിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്നാണ്.

Meta AI
Meta AIMeta AI

സൂപ്പര്‍ ഇന്റലിജന്‍സ് മാത്രമാണോ വെല്ലുവിളി, നിലവിലെ ന്യൂനതകള്‍ പരിഹരിക്കപ്പെടണം

ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള എഐ മോഡലുകള്‍ പക്ഷാപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെവിടെയങ്കിലും ഇരുന്ന്, ഒരു വിവാഹ ചിത്രം നല്‍കാന്‍ പറഞ്ഞാല്‍ എപ്പോഴും പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമള്ള ചിത്രങ്ങളാണ് എഐ തരുക. എഐ ലോകത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള വേര്‍തിരിവ് കാണിക്കുന്നുണ്ട്. മാത്രമല്ല എഐ നല്‍കുന്ന വിവരങ്ങള്‍ പരിമിതമാണ്. എന്നാല്‍ ഈ പിരമിത വിവരങ്ങള്‍ വെച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. 'എഐ ഹാലൂസിനേഷന്‍' എന്നാണ് ഇതിനെ പറയുക. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ മെഡിക്കല്‍ രംഗത്ത് ഉള്‍പ്പെടെ അപകടങ്ങളുണ്ടാക്കുന്നതാണ്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇവ ചെയ്യുക. മനുഷ്യനെ പോലെ സാഹചര്യങ്ങള്‍ മനസലാക്കി ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

സോഷ്യല്‍ മീഡിയ ചിത്രങ്ങളെ 'എഐ സ്ലോപ്പ്' എന്നാണ് വിളിക്കുന്നത്. ഇമേജ് ജനറേഷന്‍ പ്രോസസ് വളരെ എളുപ്പമാണെങ്കിലും ഇപ്പോള്‍ വിഡിയോ ജനറേഷന്‍ വരെ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വരുന്നത്. പലര്‍ക്കും ഇത് നിർമിത ബുദ്ധയില്‍ നിന്നുണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇവ യഥാര്‍ഥ ചിത്രങ്ങളോ, വിഡിയോകളോ അല്ലായെന്ന് തിരിച്ചറിയാന്‍ സാധിക്കണം. അതിന് ഇവയുടെ പശ്ചാത്തലത്തില്‍ കാണുന്ന വാഹനങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തുക്കളേയോ തിരിച്ചറിഞ്ഞ് കണ്ടുപിടിക്കണം. അതുകൊണ്ട് തന്നെ എഐ ഉപയോപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവം നിറഞ്ഞതാണ്. വിദഗ്ധരെ പോലും കബളിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് എഐ പ്രോംപ്റ്റുകള്‍ നല്‍കിയാല്‍ വരുന്നത്. ശബ്ദമായാലും വിഡിയോ ആയാലും എല്ലാം ഒറിജിനലിനെ വെല്ലുന്നതാണെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

Will AI become stronger than humans?
എല്ലാം വിരല്‍ത്തുമ്പില്‍, ആന്‍ഡ്രോയിഡ് പിറന്ന കഥ ഇങ്ങനെ...
Summary

History, evolution and future of AI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com