സഖാവ് കുമാരപിള്ളമാർ മാറി നിൽക്കണം, തോൽവിയുടെ കാരണങ്ങൾ ഇവയാണ്
ക്ഷേമ പെൻഷൻ വർദ്ധന, ഡി എ കുടിശ്ശിക, രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ സ്ത്രീ പീഡനക്കേസുകൾ, ശബരിമല സ്വർണം, കിഫ്ബി ഇഡി നോട്ടീസ്, വികസന വിഷയം തുടങ്ങി വിവിധ വിഷയങ്ങൾ കൊണ്ട് കേരളം സംവാദമുഖരിതവും വിവാദഭരിതവുമായിരുന്ന കാലത്താണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതെല്ലാം തന്നെ സ്വാഭാവികമായി തെരഞ്ഞെടുപ്പ് വിഷയങ്ങളുമായി.
തദ്ദേശ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും ഭരണവും സ്വാഭാവികമായും ഇതിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മൂന്ന് മുന്നണികൾക്കും ആശ്വസിക്കാനും ആശങ്കപ്പെടാനും ഉള്ള സാധ്യതകളാണ് അവശേഷിപ്പിച്ചത്. ക്ഷേമ പദ്ധതികൾ കൊണ്ടും രാഹുൽ മാങ്കൂട്ടത്തിൽ കേസും കൊണ്ട് ജയിച്ചുവരുമെന്ന വിശ്വാസത്തിൽ എൽ ഡി എഫും ഭരണവിരുദ്ധ വികാരത്തിലും ശബരിമലയും കൊണ്ട് വിജയിക്കാമെന്ന വിശ്വാസത്തിലായിരുന്നു യു ഡി എഫും എൻ ഡി എയും. എന്നാൽ അവസാന കണക്കുകൾ വരുമ്പോൾ കണക്കുകൂട്ടലുകൾ പലതും മാറിമറിഞ്ഞു എന്ന് കാണാം.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു, അതിലെ ഫലത്തെ കുറിച്ചുള്ള ചർച്ചകൾ ഇഴകീറി നടക്കുന്നുണ്ട്. തോൽവിയുടെയും വിജയത്തിന്റെയും വാദവിവാദങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നു വരുന്നത് സർക്കാർ ക്ഷേമപദ്ധതികളും അതുമായി ബന്ധപ്പെട്ട വോട്ടുകളുടെ വരവും പോക്കുമാണ്.
"ജനങ്ങളെ സർക്കാർ പറ്റിച്ചു, ഇത് പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വി"യെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് "ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു" എന്നായിരുന്നു സി പി എം നേതാവ് എംഎം മണിയുടെ അഭിപ്രായം.
എം എം മണി,ഇതിൽ ക്ഷമ പറഞ്ഞ് തിരുത്തിയെങ്കിലും കേരളത്തിലെ യു ഡി എഫ്, എൽ ഡി എഫ് നേതാക്കളിലും അണികളിലും ക്ഷേമപദ്ധതികളെ കുറിച്ചുള്ള കാഴ്ചപ്പാടും പ്രതീക്ഷയും ഇതാണ്. ക്ഷേമപദ്ധതികൾ പ്രത്യേകിച്ച്, സാമ്പത്തികമായി നടപ്പാക്കിയാൽ വോട്ട് വരും എന്നതിൽ ആദ്യം അടിപതറിയത് പിണറായി വിജയൻ സർക്കാരല്ല. അതിന് മുമ്പ് ഒരുപാട് ചരിത്രമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പാണ്.
അടിയന്താരവസ്ഥയ്ക്ക് ശേഷം കേരളത്തിലെ രാഷ്ട്രീയ അസ്ഥിരതകളിൽ കെ കരുണാകരൻ മുഖ്യമന്ത്രി ആകുന്നു. രാജൻ കേസിൽ അദ്ദേഹം രാജിവച്ച ശേഷം എ കെ ആന്റണിയുടെ മുഖ്യമന്ത്രിയായി, അതിന് ശേഷം കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പിൽ 8,000ത്തോളം വോട്ടിന് വിജയിച്ച് അദ്ദേഹം നിയമസഭാംഗമായി. അതിന് ശേഷം 1978 സെപ്റ്റംബർ 22 ന് കേരളത്തിൽ മറ്റൊരു ഉപതെരഞ്ഞെടുപ്പ് കൂടി വേണ്ടി വന്നു. ഭരണമുന്നണിക്കൊപ്പമുണ്ടായിരുന്ന എൻ ഡി പി എന്ന എൻ എസ് എസ്സിന്റെ പാർട്ടിയുടെ എം എൽ എയായിരുന്ന എം പി നാരാണയൻ നായർ മരിച്ചിതിനെ തുടർന്നായിരുന്നു അത്.
കേരളത്തിലെ നിർണ്ണായകമായ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചകമായി ഒന്നിലേറെ തവണ മാറിയ മണ്ഡലമാണ് തിരുവനന്തപുരം ഈസ്റ്റ്. ഇന്ന് ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ടതാണ് നേമം മണ്ഡലം. അക്കാലത്ത് മാതൃകാ പെരുമാറ്റ ചട്ടങ്ങളോ മറ്റും അന്ന് നിലവിൽ വന്നിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് തന്നെ എ കെ ആന്റണി വലിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ വേതനം, ജീവനക്കാർക്കുള്ള ഉത്സവ ബത്ത എന്നിവ ഇതിലൂടെയാണ് വരുന്നത്. ഓണക്കാലത്താണ് ഈ പ്രഖ്യാപനം എന്ന് കൂടെ ഓർക്കണം.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അന്നുമിന്നും നിരവധി സർക്കാർ ഉദ്യോഗസ്ഥർ വോട്ടർമാരായുള്ള ആ മണ്ഡലത്തിൽ ആന്റണി കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വിജയിച്ചത് സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന കെ. അനിരുദ്ധൻ. രണ്ടാം സ്ഥാനത്ത് എത്തിയത് ഇന്ദിരാ കോൺഗ്രസ്സിന്റെയും എൻഡിപിയുടെയും സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി പട്ടംതാണുപിള്ളയുടെ മകളുടെ ഭർത്താവുമായ പട്ടം കൃഷ്ണപിള്ള, മൂന്നാം സ്ഥാനത്ത്, പിന്നീട് ഇടതുപക്ഷത്തിനൊപ്പം ജയിച്ച് മന്ത്രിയായ കെ. ശങ്കരനാരായണ പിള്ള എന്ന ആന്റണി വിഭാഗം കോൺഗ്രസ് നേതാവ്. സർക്കാർ ഉദ്യോഗസ്ഥർക്ക് നിർണ്ണായക സ്വാധീനമുള്ള ആ മണ്ഡലത്തിൽ കെ ശങ്കരനാരായണപിള്ള എന്ന ഭരണകക്ഷി സ്ഥാനാർത്ഥി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഇത് കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ തുടക്കത്തെ അടയാളപ്പെടുത്തിയത് രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കം കൂടി ആയിരുന്നു.
കേരളം മാത്രമല്ല, ആന്ധ്രയും തെലങ്കാനയുമുണ്ട്
തോൽവിയുടെ കാര്യത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും നിലവിൽ ഫലം വന്നിട്ടുള്ള തദ്ദേശ തെരഞ്ഞെടുപ്പിലും സംഭവിച്ചത്. ക്ഷേമപദ്ധതികൾ നൽകിയാൽ വോട്ട് വരും എന്ന് ചിന്തയ്ക്ക് രണ്ടാമതൊരു ചിന്തവേണമെന്ന് ഒന്നു കൂടി ഉറപ്പിക്കുന്നതാണ് ഈ ഫലങ്ങൾ. കേരളത്തിന് പുറത്ത് നിന്നും ഇതേ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ജയലളിത, ജഗൻമോഹൻ റെഡ്ഢി, ചന്ദ്രശേഖര റാവു എന്നിവരുടെ അനുഭവം ഇതിന് ഉദാഹരണമാണ്. ഇതിനെതിരായി ചൂണ്ടിക്കാണിക്കുന്നത് നിതീഷ് കുമാർ ബീഹാറിൽ വിജയിച്ചത് പതിനായരം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതു കൊണ്ടാണ്. എന്നാൽ, ആ പറയുന്നതിൽ അടിസ്ഥാനമില്ലെന്ന് അവിടുത്തെ തെരഞ്ഞെടുപ്പിൽ മാറിമറിഞ്ഞ സാമൂഹിക സമവാക്യങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കുക.
യാദവ, മുസ്ലിം സമുദായങ്ങളെ ഇന്ത്യാ സഖ്യം കേന്ദ്രീകരിച്ചപ്പോൾ സവർണ്ണ സമുദായങ്ങൾക്ക് പുറമെ, യാദവേതര പിന്നാക്ക സമുദായങ്ങളെയും ദലിത് സമുദായങ്ങളെയും ഒപ്പം നിർത്താൻ നിതീഷിനും ബി ജെ പിയും കൂടെ നയിച്ച എൻ ഡി എ മുന്നണിക്ക് സാധിച്ചു. ചിരാഗ് പസ്വാന്റെ പാർട്ടിക്ക് അവിടെ ലഭിച്ച വോട്ടും സീറ്റും ഇതിൽ ആ സാമുദായിക നീക്കുപോക്കുകളും സാമൂഹിക സമവാക്യങ്ങളും എങ്ങനെയാണ് നിതീഷിനെയും കൂട്ടരെയും വിജയത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. ഇതിനെ പുറമെ ഇന്ത്യാ സഖ്യത്തിലെ പ്രത്യേകിച്ച് കോൺഗ്രസിന്റെ പിടിവാശികളും സ്ഥാനാർത്ഥി നിർണ്ണയവും സൃഷ്ടിച്ച തിരിച്ചടികളും ഉണ്ട്. ഇതെല്ലാം കഴിഞ്ഞുള്ള പരിഗണനയിൽ മാത്രമേ അവിടെ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ വരുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വോട്ടിങ് പാറ്റേൺ പരിശോധിച്ച് സാമൂഹിക നിരീക്ഷണം നടത്തുന്ന പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്ഷേമ പദ്ധതികളെ വിലയിരുത്തുമ്പോൾ പ്രധാനമായും ആലോചനയിൽ വരേണ്ടുന്ന ഒരു കാര്യം നെസസ്സറി ബട്ട് നോട്ട് സഫിഷന്റ് എന്നതാണ്. അതായത് ഒരു ഫലം സംഭവിക്കുന്നതിന് വേണ്ടുന്ന ഒരു അവസ്ഥയാണ് ആവശ്യമായത്, പക്ഷേ അതുകൊണ്ട് മാത്രം അനുകൂലമായ ഫലം ഉറപ്പുനൽകുന്നില്ല എന്നതാണ്. ഇത് ക്ഷേമപദ്ധതികൾ കൊണ്ട് മാത്രം വോട്ട് വരും എന്ന് ചിന്തിക്കുന്നവരുടെ വിചാരലോകത്ത് നിന്ന് വിട്ടുപോകുന്ന ഒന്നാണ്. അതുകൊണ്ടാണ് എം എം മണിയുടെ വാക്കുകളിൽ ക്ഷോഭം നിറയുന്നതും, കെ. മുരളീധരന്റെ വാക്കുകളിൽ പറ്റിക്കുന്നവരാണ് ജനങ്ങൾ എന്ന് കടന്നുവരുന്നതും. ഇത് രണ്ടും വോട്ടർമാരെ അല്ലെങ്കിൽ ജനങ്ങളെ അധഃസ്ഥിത നിലയിൽ കാണുന്ന രാഷ്ട്രീയ വ്യാമോഹങ്ങളുടെ അടിത്തറയിൽ കെട്ടിപ്പടുത്ത വാചകങ്ങളാണ്.
സി പി എമ്മിന്റെയും എൽ ഡി എഫിന്റെയും പരാജയത്തെ കുറിച്ച് പരിശോധിക്കുന്നവർ ഇടതുപക്ഷത്തിന് വന്ന പാളിച്ചകളിൽ പല കാരണങ്ങൾ കാണേണ്ടതുണ്ട്. പ്രധാനമായും കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല സിപി എം മുന്നേറ്റം നടത്തിയത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിക്ക് ശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ കൈവശം ഉണ്ടായിരുന്ന അരൂർ സീറ്റ് പോയെങ്കിലും വട്ടിയൂർക്കാവും കോന്നിയും പാലയും പിടിച്ചെടുത്ത് ഉൾപ്പടെ സി പി എമ്മിന് വിജയക്കണക്ക് പറയാനാകും.
അതിന് പിന്നാലെ വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വലിയ നേട്ടം ഉണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുടർന്നു. അതിന് കാരണങ്ങളിലൊന്നായി അന്ന് നടന്ന ജനകീയ സർവേകളിൽ കേരളം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ മാത്രമല്ല, സി പി എമ്മിന്റെ പാർട്ടി മെഷനറിയും നന്നായി പ്രവർത്തിച്ചു എന്നതാണ്. ഓഖി, പ്രളയം, കോവിഡ് കാലങ്ങളിൽ നടത്തിയ ഇടപെടലാണ്. ഇതിനെ കിറ്റ് കൊടുക്കൽ മാത്രമായി കണ്ടതാണ് സി പി എമ്മിനും സർക്കാരിനും മാത്രമല്ല, പ്രതിപക്ഷത്തെ പാർട്ടികൾക്കും പറ്റിയ അബദ്ധം. (ലോകസഭയിൽ വോട്ട് കോൺഗ്രസിന് അനുകൂല വോട്ട് ചെയ്യുന്ന സന്ദർഭം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയായിരുന്നു എന്നത് കൂടെ ഓർക്കേണ്ടതുണ്ട്).
അവിശ്വാസം, അകൽച്ച
എന്നാൽ, ഈ പ്രതിസന്ധി ഘട്ടങ്ങളിലെ സജീവ ഇടപെടലിന് ശേഷം കഴിഞ്ഞ വർഷങ്ങളിൽ പ്രത്യേകിച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആരംഭം മുതൽ പാർട്ടി സംഘടനാസംവിധാനം ജനങ്ങളിൽ നിന്ന് എത്രത്തോളം അകന്നു എന്നതിനെയാണ് ഇത് വ്യക്തമാക്കുന്നത്. പൊതിച്ചോറ് എന്ന സന്നദ്ധ പ്രവർത്തനം മാത്രമായി ഡി വൈ എഫ് ഐ മാറി എന്ന് സി പി എമ്മിനുള്ളിൽ നിന്ന് തന്നെ അഭിപ്രായം ഉയർന്നത് ഈ സാഹചര്യത്തിലായിരുന്നു. സമരങ്ങളോ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കലോ ഇല്ലാതെ പോകുന്ന ഒരു സംവിധാനം സ്വാഭാവികമായും ജനങ്ങളിൽ നിന്നകന്ന് പോകുന്ന കാഴ്ചയാണത്. അതാണ് ഈ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിടിച്ചുലച്ച പ്രധാന കാരണങ്ങളിലൊന്ന്.
മറ്റൊരു കാര്യം ജമാ അത്തെ ഇസ്ലാമി എന്ന കൊട്ടുവടി കൊണ്ട് ഒരു സമുദായത്തെ മൊത്തം മുദ്രകുത്തുന്നതിലേക്ക് പോയ പ്രചാരണങ്ങൾ. 1987 ലെ സാഹചര്യങ്ങളിൽ നിന്ന് രാജ്യവും കേരളവും വളരെയധികം മാറി എന്നത് ആലോചിക്കാതെയുള്ള സിദ്ധാന്ത രൂപീകരണങ്ങൾ തിരിച്ചടിയായി എന്നതാണ്. ജമാ അത്തെ ഇസ്ലാമിയും അവരുടെ മാധ്യമ സ്ഥാപനങ്ങളും നടത്തുന്ന അജണ്ടയോടൊപ്പം പോകുന്നതായി ഈ എതിർപ്പുകൾ മാറി. ന്യൂനപക്ഷങ്ങളും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയമായ ഇഴയടുപ്പത്തെ എടുത്തുകാണിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. ചില വ്യക്തികളുടെ വാചാടോപങ്ങളിൽ പിടിച്ചുള്ള പ്രചാരണ ശ്രമങ്ങൾ പരാജയപ്പെട്ടു എന്നതാണ് അത് വ്യക്തമാക്കുന്നത്.
ഇടതുപക്ഷത്തോട് ചെറിയ തോതിൽ രൂപപ്പെട്ട അവിശ്വാസം പി എം ശ്രീയിൽ ഉയർന്നു വന്ന വിവാദത്തെ തുടർന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ വലിയൊരു ആശങ്ക ഉയർത്തി. സി പി ഐ യും സി പി എമ്മും തമ്മിലുണ്ടായ വിവാദമായിരുന്നുവെങ്കിലും സി പി എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലയിലായിരുന്നു സി പി ഐ സ്വീകരിച്ച സമീപനം. പക്ഷേ, അതിൽ സിപി ഐ പൂർണ്ണമായും തെറ്റ് പറയാനും പറ്റില്ല. എല്ലാ മന്ത്രിമാരുടെ വകുപ്പുകളിലും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കേണ്ടി വരും. അത് തുറന്ന് പറഞ്ഞ് നടപ്പാക്കുന്നതിന് പകരം ചെയ്ത നീക്കം ശരിക്കും അനാവശ്യ വിവാദത്തിനും അവിശ്വാസത്തിനുമാണ് വഴി വച്ചത്.
കിഫ് ബിയുമായി ബന്ധപ്പെട്ട ഇ ഡി വിവാദം രാഷ്ട്രീയമായി നേരിടാൻ ഇടതുപക്ഷത്തിന് സാധിക്കാതെ പോയി എന്നതാണ് മറ്റൊന്ന്. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ് സി പി എമ്മും ഇടതുപക്ഷവും കിഫ്ബിയെ ഉയർത്തിക്കാട്ടിയത്. ഇത് സംബന്ധിച്ച് ഇ ഡി നോട്ടീസ് വന്ന സമയത്ത് കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാക്കാൻ ഇടതുപക്ഷം കാണിച്ച വൈമുഖ്യം ഇടതുപക്ഷത്തിനുള്ള വികസന കാഴ്ചപ്പാടിനെ തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള നല്ലൊരുവസരം കളഞ്ഞു കുളിക്കലായി. പകരം ക്ഷേമപെൻഷനിലും ഡി എ നൽകലിലും വിശ്വസിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ആകെ ഇഡി കിഫ്ബി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത് കണ്ണൂരിലെ ഇലക്ഷൻ പ്രചാരണത്തിലായിരുന്നു. ആ വാദങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇടതുപക്ഷം പരാജയമായിരുന്നു എന്ന് കാണാം.
ശബരിമലയിലെ സ്വർണ്ണ വിവാദം തെരഞ്ഞെടുപ്പിന് സ്വാധിനിച്ചിട്ടില്ലെന്ന സി പി എം വാദം . കാരണം, അവിടെ നടന്നതായി പറയപ്പെടുന്നത് മോഷണമാണ്. ആചാരലംഘനമല്ല. അതുകൊണ്ടു തന്നെ ശബരിമല സ്ത്രീപ്രവേശം പോലെ അതൊരു വികാര വിഷയമായി വോട്ടർമാരുടെ ഇടയിൽ മാറിയിട്ടില്ല എന്ന നിഗമനമാണ് സി പി എമ്മിന്. അങ്ങനെയങ്കിൽ ഈ തിരിച്ചടിയായിരിക്കില്ല ഹിന്ദുവിശ്വാസ ഭൂരിപക്ഷ പ്രദേശങ്ങളിൽ സി പി എമ്മും ഇടതുമുന്നണിയും നേരിട്ടിരിക്കുക എന്നതാണ് അവരുടെ വാദം.
എന്നാൽ, കോൺഗ്രസും ബിജെപിയും തങ്ങളുടെ താഴേത്തട്ടിലെ ക്യാമ്പെയനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ശബരിമല വിഷയമായിരുന്നു എന്നത് വസ്തുതതയുമാണ്. തെരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ അത് ശബരിമല സ്ത്രീപ്രവേശം പോലെ അല്ലെങ്കിലും വോട്ടർമാരെ സ്വാധീനിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്നുമാകില്ല.
ശബരിമല കിഫ് ബി പോലുള്ള വിഷയങ്ങളിൽ തങ്ങളുടെ നിലപാട് രാഷ്ട്രീയമായി വിശദീകരിക്കുന്നതിന് പകരം രാഹുൽ മാങ്കൂട്ടത്തിലിന് പിറകെ പോയ ഇടതുപക്ഷത്തിന് അതിൽ നിന്നും വോട്ട് സ്വരൂപിക്കാനോ അതൊരു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാക്കി മാറ്റാനോ സാധിച്ചിട്ടില്ല എന്നതു തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അതൊരു വ്യക്തിപരമായ വിഷയമായി കണ്ട് ആകണം വോട്ടിങ്ങിനെ സ്വാധീനിക്കുന്ന ഒരു ഘടകമായി അത് മാറാതിരുന്നത്.
സരിതയും സ്വപ്നയെയും ഉപയോഗിച്ച് മൂന്ന് മുന്നണികളും നടത്തിയ രാഷ്ട്രീയ ക്യാമ്പെയിനുകൾ ഓർമ്മയിലുള്ള ജനങ്ങൾക്ക്, തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം ഉയർന്നുവന്നപ്പോൾ അതിനോട് ഒരു അകൽച്ച ഉണ്ടായിട്ടുണ്ടാകാം.
മാത്രമല്ല, കേരളത്തിലെ പൊതുസമൂഹത്തിൽ ഇത്തരം വിഷയങ്ങൾ ഉയർന്നു വന്നതിന്റെ പേരിൽ ആരെങ്കിലും അങ്ങനെ തോറ്റ ചരിത്രം ഇല്ല. ( പി കെ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോൽക്കുന്നതിൽ റജീനയുടെ വെളിപ്പെടുത്തൽ ഒരുഘടകമായിരുന്നു എന്നുള്ളപ്പോഴും. പിന്നീട് മണ്ഡലം മാറി അദ്ദേഹം ജയിച്ചു വന്നു. അതിന് ശേഷം തോറ്റിട്ടുമില്ല) പി ജെ കുര്യൻ,സൂര്യനെല്ലി കേസിൽ ആരോപണവിധേയനായിരി ക്കുമ്പോഴാണ് വീണ്ടും ജയിക്കുന്നത്. കേരളത്തിൽ സ്ത്രീ പീഡന വിഷയങ്ങൾ അത്തരത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന ഒന്നായി മാറിയിട്ടില്ല. മറ്റ് വിഷയങ്ങൾക്കൊപ്പം ഇത്തരം വിഷയങ്ങൾ വരുമ്പോഴാകും അത് തോൽവിയെ നിർണ്ണയിക്കുന്നതിൽ പങ്ക് വഹിക്കുക.
തദ്ദേശസ്ഥാപനങ്ങളിലെ ഭരണത്തോടും സംസ്ഥാന ഭരണത്തോടുമുള്ള എതിർപ്പ് എന്നത് തോൽവിയുടെ പ്രധാന ഘടകങ്ങളിലൊന്ന് തന്നെ ആയി കാണാൻ കഴിയും. മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് വർഷമോ അതിലേറെയോ ആയി ഇടതുപക്ഷമാണ് ഭരണത്തിൽ. സംസ്ഥാന ഭരണവും പത്ത് വർഷത്തോടടുക്കുന്നു . ഈ തിരിച്ചടി തദ്ദേശ സ്ഥാപനങ്ങളുടെ കണക്കിലെടുത്താൽ ഇടതുപക്ഷത്തിന് മാത്രമല്ല സംഭവിച്ചത്. മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ട്.
എന്നാൽ, പലരും പറയുന്നത് പോലെ ഇടതുപക്ഷത്തിന് ഒരു തകർച്ച സംഭവിച്ചു എന്ന് വിലയിരുത്തുന്നത് തെറ്റായ ഒന്നാകും. ജില്ലാ പഞ്ചായത്ത് ഡിവിഷൻ വോട്ട് കണക്കുകളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ യു ഡി എഫിന് 79സീറ്റും എൽ ഡി എഫിന് 59 സീറ്റും എൻ ഡി എയ്ക്ക് രണ്ട് സീറ്റുമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികമായി കണക്കാക്കുമ്പോൾ ലഭിക്കുക.ബൂത്ത് തലത്തിലെ കണക്ക് കൂടിയെടുത്താൽ ഇതിൽ വീണ്ടും ചില മാറ്റങ്ങൾ സംഭവിക്കാം.
നിലവിലെ കണക്കുകൾ പോലും എൽ ഡി എഫിനെ സംബന്ധിച്ചടത്തോളം ആശ്വാസം നൽകുന്നു. കാരണം, ലോകസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 29 സീറ്റിലേക്ക് ഒതുങ്ങിയ മുന്നണിയാണ് അത്. ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യു ഡി എഫിന് 110 സീറ്റും എൻ ഡി എയ്ക്ക് 11 സീറ്റുമാണ് നിയമസഭാ കണക്കുകൾ പ്രകാരം ഉണ്ടായിരുന്നത്. അതാണ് 79 ഉം രണ്ടുമായി മാറിയത്. ഈ കണക്കുകളൊക്കെ മാറ്റി നിർത്തിയ ശേഷം ഫലത്തെ പൊതുവിൽ വിലയിരുത്തിയാൽ മൂന്ന് മുന്നണികളോടും ജനം അവരുടെ അതൃപ്തി അറിയിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.
The results of the Local Self government (LSGD) elections are in, and the fronts are investigating the reasons for victory and defeat. What are the facts?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

