ഇടതുപക്ഷം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോഴും വരുന്ന തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിനുള്ള പ്രധാന ആയുധം വികസന പ്രവർത്തനങ്ങളും ലൈഫ് പദ്ധതിയിലെ വീടുകളുമാണ്. എന്നാൽ, അവയൊന്നും വോട്ടായി മാറുന്നില്ലെന്ന വസ്തുതതയിലേക്കാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് മുതൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരെയുള്ള ഫലങ്ങൾ വെളിവാക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ ഒമ്പത് വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് എൽ ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. അതിനിടയിൽ വിഷയം പലതും മാറിയെങ്കിലും പൊതുവിൽ താഴേത്തട്ടിൽ ഈ വിഷയങ്ങൾ തന്നെയാണ് നിലമ്പൂരിൽ എൽ ഡി എഫ് ഉന്നയിച്ചത്. കഴിഞ്ഞ ലോകസഭാ, തെരഞ്ഞടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ക്ഷേമപെൻഷൻ മുടങ്ങിയത് വിഷയമാവുകയും അത് എൽ ഡി എഫിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു.
ലോകസഭാ, പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ക്ഷേമപെൻഷൻ കാര്യത്തിൽ സർക്കാർ സജീവമായി ഇടപെടുകയും അത് നൽകാൻ നടപടി സ്വീകരിക്കകയും ചെയ്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന് രീതിയിൽ എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ എം പി വേണുഗോപാൽ നടത്തിയ പരാമർശത്തിൽ പിടിച്ചായിരുന്നു എൽ ഡി എഫിന്റെ പ്രധാന ക്യാംപെയിൻ. വേണുഗോപാൽ നടത്തിയ പ്രസ്താവനയെ തുടർന്ന് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിച്ചതും അത് നൽകുന്നതുമെല്ലാം ക്യാംപെയിന്റെ ഭാഗമായി. ലൈഫ് പദ്ധതി പ്രകാരം നാലരലക്ഷത്തോളം വീടുകൾ നൽകിയതും സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും അതിന്റെ ഗുണഭോക്താക്കളും തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നായിരുന്നു എൽ ഡി എഫിന്റെ കണക്കുകൂട്ടൽ.
ഇതിന് പുറമെ മലയോര ഹൈവേ ഉൾപ്പടെ നിലമ്പൂരിൽ നടന്ന വികസന പ്രവർത്തനങ്ങളിലും പ്രചാരണത്തിൽ പ്രധാനമായി വന്നു. സ്കൂളുകൾ, ആശുപത്രികൾ, തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയതും നിലവാരം മെച്ചപ്പെടുത്തിയതും ഒക്കെ എൽ ഡി എഫിന്റെ പ്രധാന പ്രചാരണ ആയുധങ്ങളായിരുന്നു. എന്നാൽ ഇതൊന്നും വോട്ടാക്കി മാറ്റാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ലെന്നതാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ സി പി എമ്മിനെ സംബന്ധിച്ച അവരുടെ പാർട്ടി വോട്ടുകൾ അവർക്ക് തന്നെ കിട്ടി എന്ന ആശ്വാസം മാത്രമാണ് നിലമ്പൂർ ഫലം വ്യക്തമാക്കുന്നത്. പാർട്ടിക്ക് പുറത്തു നിന്ന് ലഭിക്കുമെന്ന് കരുതിയ വോട്ട് വന്നിട്ടുമില്ല. സി പിഎമ്മിനെ സംബന്ധിച്ചടത്തോളം ഈ വോട്ടുകണക്ക് മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും കണക്ക് വച്ച് നോക്കുമ്പോൾ അത് ശരിയുമാണ്.
നിലവിലത്തെ നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം 2011 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ് നേടിയത് 66,331 വോട്ടാണ്. സി പി എം സ്വതന്ത്രനായി മത്സരിച്ച പ്രൊഫ. എം തോമസ് മാത്യു നേടിയത് 60,733 വോട്ടും. എന്നാൽ, അടുത്ത തവണ പിവി അൻവറിനെ സ്വതന്ത്രനാക്കി നിർത്തിയപ്പോൾ കഥ മാറി. അതിന് മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, കേരളത്തിൽ പൊതുവായി വീശിയ ഇടതുപക്ഷ തരംഗം, രണ്ട് അൻവറിന് മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനം, മൂന്ന്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്ന ആര്യാടൻ ഷൗക്കത്തിനോട് പലകാരണങ്ങൾ കൊണ്ടുണ്ടായിരുന്ന എതിർപ്പ്.
അതുകൊണ്ട് 2016 ലെ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത് 66,354 വോട്ടും അൻവറിന് ലഭിച്ചത് 77,858 വോട്ടുമായിരന്നു. ഭൂരിപക്ഷം പതിനൊന്നായിരം കടന്നു. 2021 ൽ കോൺഗ്രസ് വി വി പ്രകാശിനെയാണ് രംഗത്തിറക്കിയത്. അൻവർ വോട്ട് വർദ്ധിപ്പിച്ചു. കോൺഗ്രസും. അൻവറിന്റെ ഭൂരിപക്ഷം ഇടതുപക്ഷ തരംഗത്തിൽ പോലും കുത്തനെ താഴ്ന്നു. വി വി പ്രകാശ് പിടിച്ചത് 78,527 വോട്ടും അൻവർ പിടിച്ചത് 81,227 വോട്ടുമായിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11077 വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ആര്യാടൻ ഷൗക്കത്ത് - 77737 വോട്ടം എം.സ്വരാജ് – 66660 വോട്ടും പി.വി. അൻവർ - 19760 വോട്ടും മോഹൻ ജോർജ് - 8648 വോട്ടും നേടി. അതായത് ഈ ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ നാല് തെരഞ്ഞെടുപ്പുകളുടെയും കണക്കെടുത്താൽ പി വി അൻവറിന് ആ മണ്ഡലത്തിൽ സ്വന്തമായി നേടാൻ കഴിയുന്നത് 17,000 20,000ത്തിനും ഇടയിൽ വോട്ടുകളാണ് എന്നതാണ്.2011 മുതൽ ഇന്ന് വരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.
അതിർത്ഥം അൻവർ വഴി വന്ന് വോട്ട് സി പി എമ്മിന് അനുകൂലമായപ്പോൾ സി പി എം ജയിച്ചു. അല്ലാതെ വന്ന ഘട്ടത്തിൽ തോറ്റു. എന്നതാണ്. അൻവർവഴി വന്ന വോട്ടുകൾ ആ വഴിക്ക് പോകുകയും ക്ഷേമ, വികസന പദ്ധതികൾ വഴിയോ പുതിയ വോട്ടുകൾ പകരം വരുമെന്ന സിപി എമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താവുകയും ചെയ്തു എന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പാഠം ഒന്ന്. ഇത്രയും വോട്ടർമാരെ സ്വാധീനിക്കാൻ പറ്റുന്ന അൻവറിനെ കൂടെ നിർത്തുന്നതിൽ ഇടതുപക്ഷത്തിനും കൂടെക്കൂട്ടുന്നതിൽ കോൺഗ്രസിനും പാളിച്ച പറ്റി എന്നത് കൂടെ ഇത് വ്യക്തമാക്കുന്നു.
കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങളുടെ പേരിൽ ഒരു തെരഞ്ഞെടുപ്പ് ജയിച്ചുവെന്ന് വാദത്തിന് വേണ്ടിയെങ്കിലും പറയാൻ കഴിയുന്നത് 2021 ലെ തെരഞ്ഞെടുപ്പ് മാത്രമായിരിക്കുമെന്നാണ് മുൻകാല ചരിത്രങ്ങളിലെ വോട്ട് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും ചരിത്രപ്രസിദ്ധവും കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയതിൽ വലിയ പങ്ക് വഹിച്ചതുമാണ് ഭൂപരിഷ്ക്കരണം. ആ ഭൂപരിഷ്ക്കരണത്തിന് ശേഷം ഇടതുപക്ഷത്തിന് തോൽവിയായിരുന്നു ഫലം.
ഇനി 1960ൽ വിധവാ പെൻഷൻ നടപ്പിലാക്കിയ ആർ ശങ്കർ വീണശേഷം പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സി പി എമ്മിനാണ് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത്. ( ആർക്കും ഭൂരിപക്ഷമില്ലാത്തിതനാൽ അത്തവണ നിയമസഭ ചേർന്നില്ല) അതിന്ശേഷം 1980 ൽ കർഷകത്തൊഴിലാളി പെൻഷൻ കൊണ്ടുവന്ന് ക്ഷേമപെൻഷൻ എന്ന സങ്കൽപ്പം മുന്നോട്ട് വച്ച് ഇ. കെ നായനാർ സർക്കാരും അടുത്ത തവണ അധികാരത്തിൽ വന്നില്ല.
കേരളത്തിലെ വോട്ടർമാർ ക്ഷേമ പദ്ധതികളെ അടിസ്ഥാനമാക്കിയല്ല വോട്ട് രേഖപ്പെടുത്തുന്നത് എന്നതിന് ഉദാഹരണമാണ് ഈ ചരിത്രം. ഇതിനെതിരെ പറയുന്നത് 2016 - 2021 സർക്കാരിന് ലഭിച്ച തുടർഭരണമാണ്. അതിന് ക്ഷേമ, വികസന പദ്ധതികൾക്കപ്പുറമുള്ള ഘടകങ്ങൾ ഉണ്ടായിരുന്നുവെന്ന് പല രാഷ്ട്രീയ നിരീക്ഷകരും അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് കാലത്ത് കിറ്റ് നൽകിയതും ക്ഷേമപെൻഷൻ വിതരണവുമാണ് എല്ലാവരും പ്രധാനമായും പറഞ്ഞത്. എന്നാൽ, അതിൽ ആരും ശ്രദ്ധിക്കാതെ പോയത്, അവശ്യമായ സമയത്ത് ആ ഇടപെടൽ നടത്തുകയും ഒരു സർക്കാർ, ഭരണ സംവിധാനം ഉണ്ടെന്ന് ബോധ്യം ജനങ്ങൾക്ക് തോന്നുകയും ചെയ്തു എന്നതാണ് വോട്ടായി മാറിയത് എന്നതാണ്. ഇത് കോവിഡ് സമയത്തെ കാര്യം മാത്രമായിരുന്നില്ല. ഓഖി, പ്രളയം, ഉരുൾ പൊട്ടൽ, കോവിഡ് എന്നീ ദുരന്ത സമയങ്ങളിലെല്ലാം സർക്കാർ സംവിധാനങ്ങൾ നടത്തിയ പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം അർപ്പിക്കാൻ ധൈര്യം നൽകിയത്. പ്രളയ സമയത്തെ വിവാദങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെങ്കിലും തുടർന്ന സംഭവിച്ച പ്രകൃതി ദുരന്തങ്ങളും അതിനോടുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടലും ആണ് ആ വിശ്വാസം രൂപപ്പെടുത്തുന്നതിന് സഹായകമായത്.
അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ആരോപണങ്ങളേക്കാൾ ജനങ്ങൾക്ക് ഇതിൽ വിശ്വസിക്കാനാകും തോന്നിയിരിക്കുക. എന്നാൽ, ആ സാഹചര്യത്തിൽ നിന്നും കാര്യങ്ങൾ മാറി എന്നതാണ് പാർട്ടി വോട്ടുകൾക്കപ്പുറം വോട്ടുകൾ പോകാതിരിക്കുന്നത് അവസാനം കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പിലെയും വോട്ടു കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ക്ഷേമപദ്ധതികൾ വോട്ടായി മാറണമെന്നില്ല എന്ന് നിരീക്ഷിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
Is there a anyone has won election through welfare schemes in Kerala history ? life Housing scheme and development did not help the Left to won the Nilambur by election
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
