ഒന്നാം ടേമിൽ എ പ്ലസ്, രണ്ടാം ടേമിൽ എ മൈനസ്; 9 വർഷത്തെ പിണറായി സർക്കാരിന്റെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

പിണറായി വിജയൻ സർക്കാർ തുടർ ഭരണത്തിലെ രണ്ടാം ടേം പൂർത്തിയാക്കാൻ പോകുകയാണ്. അതിനിടയിൽ കേരളത്തിൽ ലോകസഭയിലും നിയമസഭയിലുമായി 15 ഉപതെരഞ്ഞെടുപ്പുകൾ നടന്നു ജനം അതിൽ എങ്ങനെ വിലയിരുത്തി.
pinarayi vijayan  by election
A plus in the first term, A minus in the second term; This is how people evaluated the Pinarayi government in the by-electionsഎക്സ്പ്രസ്
Updated on
5 min read

തുടർ ഭരണം ലഭിച്ച പിണറായി വിജയൻ സർക്കാരി​ന്റെ ഒമ്പത് വ‍ർഷ കാലയളവിൽ കേരളത്തിൽ മൊത്തം 15 ഉപതെരഞ്ഞെടുപ്പുകൾ നടന്നു. അതിൽ നിയമസഭയിലേക്ക് 13 ഉപതെരഞ്ഞെടുപ്പും ലോകസഭയിലേക്ക് രണ്ടുമാണ്. ഇതുവരെ നടന്നത്. അതിൽ ആദ്യ പിണറായി സർക്കാരി​ന്റെ കാലത്ത് എട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോകസഭാ ഉപതെരഞ്ഞെടുപ്പുമാണ് നടന്നത്. രണ്ടാം പിണറായി സർക്കാരി​ന്റെ കാലത്ത് അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോകസഭാ തെരഞ്ഞെടുപ്പും നടന്നു. ആദ്യത്തെ തവണ ( 2016-2021) നേട്ടം എൽ ഡി എഫിനൊപ്പമായിരുന്നുവെങ്കിൽ, ഇത്തവണ (2021ൽ തുടങ്ങി 2025 ജൂൺ വരെയുള്ള കാലം) നേട്ടം യു ഡി എഫിനൊപ്പമാണ്.

പിണറായി വിജയ​ന്റെ നേതൃത്വത്തിലുള്ള സർക്കാർ 2016 ൽ അധികാരമേറ്റതിന് ശേഷം ആദ്യം നടക്കുന്നത് മലപ്പുറം ലോകസഭാ ഉപതെരഞ്ഞടുപ്പായിരുന്നു. ​ലീ​ഗി​ന്റെ എം പിയായിരുന്ന ഇ. അഹമ്മദി​ന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വേങ്ങര എം എൽ എ ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ജയിച്ച് ലോകസഭയിലേക്ക് പോയതിനെ തുടർന്ന് ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേങ്ങരയിൽ നടന്നു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലീ​ഗി​ന്റെ കെ എൻ എ ഖാദർ ഉപതെരഞ്ഞെടുപ്പിൽ വിജയിയായി. സി പി എമ്മിന് ആശ്വസിക്കാൻ കഴിഞ്ഞത് തങ്ങൾക്ക് ലഭിച്ച വോട്ടി​ന്റെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ കഴിഞ്ഞു എന്നതും ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞു എന്നതുമായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ട് ലഭിച്ചിടത്ത് കെ എൻ എ ഖാദറിന് 65,227 വോട്ടുകളാണ് ലഭിച്ചത്. സി പി എം സ്ഥാനാർത്ഥിയായിരുന്ന പി പി ബഷീറിന് 2016ൽ 34,124 ആയിരുന്ന വോട്ട് 2017ൽ 41,917 ആക്കി വർദ്ധിപ്പിക്കാൻ സാധിച്ചു.

ഇത് കഴിഞ്ഞ് രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത് 2018 മേയ് മാസത്തിലായിരുന്നു. ചെങ്ങന്നൂര് നിന്നുള്ള സി പി എമ്മി​ന്റെ എം എൽ എ, കെ കെ രാമചന്ദ്ര​ൻ നായർ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. സി പി എമ്മി​ന്റെ സജി ചെറിയാൻ നല്ല നിലയിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് സീറ്റ് നിലനിർത്തിയത്. കെ കെ രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺ​ഗ്രസിലെ പി സി വിഷ്ണുനാഥിന് 44,897 വോട്ടുമാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ പി എസ് ശ്രീധരൻപിള്ളയ്ക്ക് 42,682 വോട്ടും കിട്ടി ഭൂരിപക്ഷം 7,893 വോട്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ 20,956 വോട്ടായി ഭൂരിപക്ഷം ഉയർത്തി. സജി ചെറിയാൻ -67303 വോട്ടും കോൺ​ഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാർ - 46347 വോട്ടും ബി ജെ പി സ്ഥാനാർത്ഥി പി എസ് ശ്രീധരൻപിള്ള 35,270 വോട്ടും നേടി.

pinarayi vijayan  by election
'സിപിഎമ്മിന്റെ ജീര്‍ണ്ണതയ്ക്ക് കാരണം പിണറായി വിജയൻ അല്ല; എംവിആറിന്റെ ഫസ്റ്റ് ലെഫ്റ്റനന്റ് ആയിരുന്നു എം വി ഗോവിന്ദന്‍'

പാല പിടിച്ചെടുത്ത ഉപതെരഞ്ഞെടുപ്പ്

പാലാ മണ്ഡലം രൂപീകരിച്ച 1965 മുതൽ മരണം വരെ അവിടുത്തെ എം എൽ എ ആയിരന്നു കെ എം മാണി. 2019 ഏപ്രിൽ അദ്ദേഹത്തി​ന്റെ വിയോ​ഗത്തെ തുടർന്ന് 2019 സെപ്തംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻ സി പി സ്ഥാനാർത്ഥിയായി ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച മാണി സി കാപ്പൻ സീറ്റ് പിടിച്ചെടുത്തു. ജോസ് ടോം എന്ന കേരളാ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ 2,943 വോട്ടിന് തോൽപ്പിച്ചാണ് മാണി സി കാപ്പൻ ആ മണ്ഡലം പിടിച്ചെടുത്തത്. ഇതോടെ എൽ ഡി എഫ് സർക്കാരിന് നിയമസഭയിൽ അം​ഗബലത്തിൽ ഒരാൾ കൂടി വർദ്ധിച്ചു. ചരിത്രത്തിലാദ്യമായാണ് പാലായിൽ കേരളാ കോൺ​ഗ്രസ് തോൽക്കുന്നത് അന്നായിരുന്നു. പിന്നീട് 2021 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച മാണി സി കാപ്പൻ, കെ എം മാണിയുടെ മകനും ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ ജോസ് കെ മാണിയെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലേക്കെത്തി.

ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അടൂർ പ്രകാശ്, എ എം ആരിഫ്, ഹൈബി ഈഡൻ , കെ മുരളീധരൻ എന്നിവരുടെ മണ്ഡലങ്ങളായ കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും ലീ​ഗ് എം എൽ എ ആയിരന്ന പി ബി അബ്ദുൾ റസാഖിക്കി​ന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരത്തുമാണ് 2019 ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടന്നത്.

ഇതിൽ എറണാകുളം മണ്ഡലം കോൺ​ഗ്രസിലെ ടി ജെ വിനോദ് നിലനിർത്തി. ഭൂരിപക്ഷവും വോട്ടും കുറഞ്ഞെങ്കിലും മണ്ഡലം നിലനിർത്താൻ വിനോദിന് സാധിച്ചു. 2021 ലെ തെരഞ്ഞെടുപ്പിലും വിജയം വിനോദിനൊപ്പമായിരുന്നു.

എന്നാൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമായിരന്നു. കോന്നി നിയമസഭാ മണ്ഡലം കോൺ​ഗ്രസിൽ നിന്ന് സി പി എമ്മി​ന്റെ കെ യു ജിനീഷ് കുമാർ പിടിച്ചെടുത്തു. കോൺ​ഗ്രസിലെ അടൂർ പ്രകാശ് - 72,800 വോട്ട് നേടിയാണ് ഇവിടെ 2016ൽ ജയിച്ചത്. സി പി എമ്മിലെ ആർ സനൽകുമാർ- 52,052 വോട്ടും ബി ജെ പിയിലെ അശോ​ക് കുമാർ ഡി 16,713വോട്ടുമാണ് നേടിയത്. എന്നാൽ ശബരിമല വിവാദത്തിന് ശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ കോന്നിയിൽ കെ യു ജിനീഷ് കുമാർ 54,099 വോട്ടും കോൺ​ഗ്രസിലെ പി മോഹൻരാജ് 44,146 വോട്ടും നേടിയപ്പോൾ ബി ജെ പി സ്ഥാനാർത്ഥിയായി എത്തിയ കെ സുരേന്ദ്രൻ ബി ജെ പിയുടെ വോട്ട് ഇരട്ടിയിലേറെ വർദ്ധിപ്പിച്ച് 39, 786 ആക്കി. 2021 ലും ജിനേഷ്കുമാർ മണ്ഡലം നിലനിർത്തി.

pinarayi vijayan  by election
രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി നവീൻ പട്നായിക്; പിണറായി വിജയൻ അഞ്ചാമത്

നഷ്ടമായ അരൂർ, പിടിച്ചെടുത്ത വട്ടിയൂർക്കാവ്

എം എ ആരിഫ് ലോകസഭയിലേക്ക് പോയപ്പേൾ അരൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ കോൺ​ഗ്രസിന് വേണ്ടി ആ മണ്ഡലം പിടിച്ചെടുത്തു. 69327 വോട്ട് ഷാനിമോൾ നേടിയപ്പോൾ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച മനു പുളിക്കലിന് 67190 വോട്ട് മാത്രമാണ് ലഭിച്ചത്. ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. പ്രകാശ് ബാബുവി​ന്റെ വോട്ട് 16278 ആയി കുറഞ്ഞു. എം എ ആരിഫ് 84,720 വോട്ട് നേടി ജയിച്ച മണ്ഡലമായിരുന്നു ഇത്. അന്ന് കോൺ​ഗ്രസിലെ എതിർസ്ഥാനാർത്ഥി സി ആർ ജയപ്രകാശ് 46,201 വോട്ടും എൻ ഡി എയ്ക്ക് വേണ്ടി മത്സരിച്ച ബി ഡി ജെ എസ് സ്ഥാനർത്ഥി 27,753 വോട്ടും നേടിയിരുന്നു.

കോൺ​ഗ്രസിനെയും ബി ജെ പിയെയും എന്തിന് സിപി എമ്മിനെ പോലും ഞെട്ടിപ്പിച്ച മത്സര ഫലമായിരുന്നു വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വന്നത്. വട്ടിയൂർക്കാവ് മണ്ഡല രൂപീകരണം മുതൽ അതൊരു കോൺ​ഗ്രസ് മണ്ഡലമായി തുടരുകയായിരുന്നു. 2016ലെ പൊതു തെരഞ്ഞെടുപ്പിൽ സി പി എം മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. രണ്ട് തവണ ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ. മുരളീധരനാണ് വടകര മത്സരിച്ച് എം പി ആയത്. 2016ൽ കെ മുരളീധരൻ 51,322 വോട്ടും രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പിയുടെ കുമ്മനം രാജശേഖരൻ 43,700

വോട്ടും മൂന്നാം സ്ഥാനത്തെത്തിയ സി പി എമ്മിലെ ടി എൻ സീമ 40,441വോട്ടുമാണ് 2016 ൽ നേടിയിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്തിനെയാണ് സി പി എം സ്ഥാനാർത്ഥിയാക്കിയത്. ഫലം വന്നപ്പോൾ 54,782 വോട്ടുമായി പ്രശാന്ത് വിജയിച്ചു. കോൺ​ഗ്രസിലെ കെ മോഹൻ കുമാർ 40,344 വോട്ടുമായി രണ്ടാം സ്ഥാനത്തും ബി ജെ പിയുടെ എസ് സുരേഷ് 27,425 വോട്ടുമായി മൂന്നാം സ്ഥാനത്തുമായി. കോന്നിയിൽ നേടിയ നേട്ടം ബി ജെ പിക്ക് ഇവിടെ കൈവരിക്കാനായില്ല.

pinarayi vijayan  by election
വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ  മെത്രാനെങ്കിലും  ആയേനെ : മാർ ജോർജ് ആലഞ്ചേരി

മഞ്ചേശ്വരത്ത് ലീഡ് കൂട്ടി ലീഗ്

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് എല്ലാവരും ഉറ്റുനോക്കിയ ഒന്നായിരുന്നു. കാരണം 2016 ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗിലെ പി ബി അബ്ദുൾ റസാഖ് ജയിച്ചത് വെറും 89 വോട്ടിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ ബി ജെ പി സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ പരാതിയും ഉണ്ടായിരുന്നു. അബ്ദുൾ റസാഖ് 56,870 വോട്ട് നേടിയപ്പോൾ കെ സുരേന്ദ്രന് ലഭിച്ച്ത 56,781 വോട്ടായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ സി പി എമ്മിലെ സി എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടും ലഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ലീ​ഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ വൻ വർദ്ധനവുണ്ടായി. എം സി ഖമറുദ്ദീൻ 65,407 വോട്ടും ബി ജെ പിയുടെ രവീശതന്ത്രി കുണ്ടാർ 57,484 വോട്ടും സി പി എമ്മിലെ ശങ്കർ റൈ 38,233 വോട്ടുമാണ് നേടിയത് ഭൂരിപക്ഷം 89 ൽ നിന്ന് 7,923 ആയി ഉയർന്നു.

pinarayi vijayan  by election
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി സ്‌റ്റേ ചെയ്തു

രണ്ടാം ടേമിൽ മിന്നാൻ പറ്റാത്ത ഉപതെരഞ്ഞെടുപ്പുകൾ

ഒന്നാം പിണറായി സർക്കാരി​ന്റെ കാലത്ത് നടന്ന നിയമസഭാ എട്ട് ഉപതെരഞ്ഞെടുപ്പുകളിൽ യു ഡി എഫിൽ നിന്ന് മൂന്ന് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ആകെ ഒരു സീറ്റ് മാത്രമാണ് വിട്ടുകൊടുത്തത്. ഇടതുപക്ഷത്തെ സംബന്ധിച്ച വലിയ നേട്ടമാണ് ഉപതെരഞ്ഞുടപ്പുകളിൽ ലഭിച്ചത്.

എന്നാൽ, രണ്ടാം പിണറായി സർക്കാരി​ന്റെ കാലത്ത് സ്ഥിതി അതല്ലെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എൽ ഡി എഫിന് തിരിച്ചടിയാണ് നൽകിയത്. ഒരു ലോകസഭാ ഉപതെരഞ്ഞെടുപ്പും അഞ്ച് നിയമസഭാ ഉപതെരഞ്ഞെുപ്പുകളുമാണ് നടന്നത്. അതിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം പ്രിയങ്ക ​ഗാന്ധി ഭൂരിപക്ഷം വർദ്ധിപ്പിച്ച് നിലനിർത്തി. നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിയെ സംബന്ധിച്ച് ഒരു സീറ്റ് നഷ്ടമായി. തൃക്കാക്കര എം എൽ എ ആയിരുന്ന പി ടി തോമസി​ന്റെ നിര്യാണത്തെ തുടർന്ന് 2022 മെയ് മാസത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പിടി തോമസി​ന്റെ ഭാര്യ ഉമാ തോമസ് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

തൃക്കാക്കര മണ്ഡല ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഇത്തവണത്തെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയായിയ നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ കോൺ​ഗ്രിസിന് വനിതാ സാന്നിദ്ധവും ഉണ്ടായി. 25,016 വോട്ട് ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ജയിച്ചത്. 2021 ൽ പി ടി തോമസ് 59,839 വോട്ടാണ് നേടിയതെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസ് 72,770 വോട്ട് നേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർത്ഥി സി പി എം സ്ഥാനാർത്ഥി ജോ ജോസഫ് 47,754 വോട്ടും ബി ജെ പി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ 12,957 വോട്ടും നേടി.

pinarayi vijayan  by election
'ജനഹൃദയങ്ങളിൽ സ്വാധീനം; ഉമ്മൻ ചാണ്ടിയുടെ സവിശേഷതകൾ കാലത്തെ അതിജീവിക്കും'- പിണറായി വിജയൻ

ഭൂരിപക്ഷം കുറഞ്ഞ് ചേലക്കര

കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെയായിരുന്ന, 1970 മുതൽ പുതുപ്പള്ളിയുടെ സ്വന്തം എം എൽ എ ആയിരുന്ന ഉമ്മൻചാണ്ടി 2023 ജൂലൈയിൽ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായത്. 2023 സെപ്തംബറിൽ ഫലം പുറത്തുവന്നപ്പോൾ 37719 എന്ന വൻ ഭൂരിപക്ഷത്തിനായിരുന്നു ചാണ്ടി ഉമ്മ​ന്റെ വിജയം. ചാണ്ടി ഉമ്മൻ 80144 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി സി പി എമ്മിലെ ജെയ്ക് സി തോമസിന് 42425 വോട്ടും ബി ജെ പിയിലെ ലിജിൻ ലാലിന് 6558 വോട്ടും മാത്രമാണ് ലഭിച്ചത്.

മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനും എം എൽ എ ആയിരുന്ന ഷാഫി പറമ്പിലും ലോകസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ചേലക്കരയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പുകൾ വേണ്ടി വന്നു. 2024 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടി​ന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2021 ൽ ഷാഫി പറമ്പിൽ ബി ജെ പിയുടെ ഇ ശ്രീധരനെ ( മെട്രോമാൻ) തോൽപ്പിച്ച് എം എൽ എ ആയത് 3,859 വോട്ടിനാണ്. അഞ്ചിരട്ടി ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടിയത്. രാഹുൽ മാങ്കൂട്ടത്തിൽ 58389 വോട്ട് നേടിയപ്പോൾ ബി ജെ പി രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും വോട്ട് 39549 ആയി കുറഞ്ഞു. കോൺ​ഗ്രസിൽ നിന്നും പിണങ്ങി സി പി എം സ്വതന്ത്രനായി മത്സരിച്ച ഡോ. പി സരിൻ മൂന്നാം സ്ഥാനത്തെത്തി. 37293 വോട്ടാണ് സരിന് ലഭിച്ചത്. പാലക്കാട് കോൺ​ഗ്രസിന് വോട്ടിലും ഭൂരിപക്ഷത്തിലും നേട്ടമുണ്ടായപ്പോൾ സി പി എമ്മിന് മുൻതെരഞ്ഞെടുപ്പിലെ വോട്ട് നിലനിർത്താനായി. ബി ജെ പിക്കാണ് ഇവിടെ വോട്ട് നഷ്ടം സംഭവിച്ചത്.

ചേലക്കരയിൽ സി പി എമ്മി​ന്റെ സിറ്റിങ് സീറ്റ് ഉപതെരഞ്ഞെടുപ്പിലും നിലനിർത്തി. സി പി എമ്മിലെ യു ആ‍ർ പ്രദീപ് 64827 വോട്ട് നേടി വിജയിച്ചു. കോൺ​ഗ്രസിലെ രമ്യാഹരിദാസ് 52626 വോട്ടും ബി ജെ പിയുടെ കെ ബാലകൃഷ്ണൻ 33609 വോട്ടും നേടി. എന്നാൽ സി പി എമ്മി​ന്റെ ഭൂരിപക്ഷം ഇവിടെ കുത്തനെ കുറഞ്ഞു. 2021 ൽ കെ രാധാകൃഷ്ണൻ 83415 വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കോൺ​ഗ്രസിലെ സി സി ശ്രീകുമാർ 44015 വോട്ടും ബി ജെ പിയിലെ ഷാജിമോൻ വട്ടേക്കാട് 24045 വോട്ടുമാണ് നേടിയിരുന്നത്. 39,400 വോട്ട് ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പിൽ 12,201 ആയി കുറഞ്ഞു.

കൈവിട്ട നിലമ്പൂർ

ഇതും കഴിഞ്ഞാണ് പി വി അൻവർ എന്ന സി പി എമ്മി​ന്റെ സ്വതന്ത്ര എം എൽ എ രാജിവച്ചതിനെ തുടർന്നുണ്ടായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. ആ സീറ്റ് കോൺ​ഗ്രസ് ഒമ്പത് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺ​ഗ്രസ് തിരിച്ചു പിടിച്ചു. കോൺ​ഗ്രസിലെ ആര്യാടൻ ഷൗക്കത്തി 77737 വോട്ടും സി പി എമ്മിലെ എം സ്വരാജ് 66660 വോട്ടും സ്വതന്ത്രനായി മത്സരിച്ച മുൻ എം എൽ എ പി വി അൻവർ19760 വോട്ടും നേടി. ഈ മണ്ഡലം നഷ്ടപ്പെട്ടതോടെ ഇടതുമുന്നണി നിയമസഭയിൽ ഒരം​ഗം കുറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന് ഉപതെരഞ്ഞടുപ്പ് നേട്ടങ്ങളുടെ പട്ടികയായിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന് അത് നഷ്ടങ്ങളുടെ പട്ടികയാണ്.

Summary

A plus in the first term, A minus in the second term; This is how people evaluated the Pinarayi government in the by-elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com