

തിരുവനന്തപുരം: സിപിഎമ്മിന്റെ ജീര്‍ണ്ണതയ്ക്ക് പിന്നില്‍ പിണറായി വിജയന്റെ പിഴവല്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. സ്റ്റാലിനിസമാണ് സിപിഎമ്മിന്റെ ജീര്‍ണ്ണതയ്ക്ക് മുഖ്യ കാരണം. പിണറായി വിജയന്‍ ഒരു നല്ല ഭരണകര്‍ത്താവ് അല്ലെന്നും സിപി ജോണ്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സിപിഎം വിടാന്‍ കാരണം എം വി രാഘവനോടുള്ള വിധേയത്വമല്ല. താനന്ന് എംവിആറിന്റെ വിശ്വസ്തനൊന്നുമായിരുന്നില്ല. അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനായിരുന്നു അന്ന് എംവിആറിന്റെ ഫസ്റ്റ് ലെഫ്റ്റനന്റ്. എംവിആറിന് ഏറ്റവും പ്രിയപ്പെട്ടവനും. എംവിആര്‍ ഫാന്‍ ക്ലബിന്റെ പ്രസിഡന്റ് ആയിരുന്നു ഗോവിന്ദനെന്നും സിപി ജോണ്‍ പറഞ്ഞു.
എംവിആറിനെ അതേപടി അനുകരിക്കുകയാണ് ഗോവിന്ദന്‍ ചെയ്തിരുന്നത്. താന്‍ സിപിഎം വിട്ടത് എംവിആറിന്റെ രാഷ്ട്രീയ ലൈന്‍ ശരിയാണെന്ന വിശ്വാസത്തിലായിരുന്നു എന്നും സിപി ജോണ്‍ വ്യക്തമാക്കി. അന്ന് രണ്ട് സാധ്യതകളാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ പൊരുതുക. രണ്ടാമത്തെ ലൈന്‍ ആണ് തെരഞ്ഞെടുത്തത്. തനിക്ക് മാനസിക സുഖം നല്‍കിയതും ആ ലൈന്‍ ആണ്.
എം വി ഗോവിന്ദനെയും സുരേഷ് കുറുപ്പിനെയും പി ശശിയേയും പോലെ എംവി രാഘവനെ ഉപേക്ഷിച്ച് സിപിഎമ്മിന് മുമ്പില്‍ കീഴടങ്ങിയിരുന്നെങ്കില്‍, താന്‍ ഹൃദയാഘാതം വന്ന് മരിച്ചുപോയെനെ എന്ന് സിപി ജോണ്‍ പറഞ്ഞു. എം വി ഗോവിന്ദനൊക്കെ കുറേക്കാലം തടവുകാരെപ്പോലെയാണ് സിപിഎമ്മില്‍ കഴിഞ്ഞത്. സുരേഷ് കുറുപ്പിനെ സിപിഎം മന്ത്രി പോലുമാക്കിയില്ല.
താന്‍ രാജിവെച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് തോമസ് ഐസക്ക് സിപിഎമ്മിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നതെന്നും സിപി ജോണ്‍ പറഞ്ഞു. പിണറായി വിജയന്‍ എംവിആറിന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും, തീവ്ര ഇടതുചിന്താഗതിക്കാരനായിരുന്നു. എംവിആര്‍ സിപിഎം വിട്ട സമയത്ത് കണ്ണൂരിലെ പ്രവര്‍ത്തകരെ പാര്‍ട്ടിയോട് അടുപ്പിച്ച് നിര്‍ത്തിയത് പിണറായി വിജയനായിരുന്നു.
'തരൂർ: അഭിപ്രായം ചോദിച്ചാൽ നിലപാട് അറിയിക്കും'
ശശി തരൂര്‍ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. സിഎംപിയോട് അഭിപ്രായം ചോദിച്ചാല്‍, നിലപാട് അറിയിക്കുമെന്നും സിപി ജോണ്‍ പറഞ്ഞു.
'ശിവശങ്കര്‍ കഴിവുറ്റ ഐഎഎസ് ഓഫീസറാണ്'
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടുത്ത സുഹൃത്താണ്. ബുദ്ധിശാലിയും കഴിവുറ്റ ഐഎഎസ് ഓഫീസറുമാണ്. അത്തരത്തിലൊരാള്‍ക്ക് എങ്ങനെ ഈ നിലയിലേക്ക് താഴാനാകും?. ജീര്‍ണ്ണത ഏതൊരാള്‍ക്കും സംഭവിക്കാമെന്നതിന് തെളിവാണിത്. അയാളുടെ പതനത്തില്‍ സങ്കടമുണ്ട്.
ശിവശങ്കര്‍ പണം കൊണ്ടുപോയതായി താന്‍ പറയില്ല. പക്ഷെ ഇത്തരം ഇടപാടുകളെപ്പറ്റിയെല്ലാം അയാള്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മൗനം പാലിച്ചു. അതും അഴിമതിയാണെന്ന് സിപി ജോണ്‍ പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് ആരോപണത്തില്‍ മുങ്ങിത്താണ സിപിഎമ്മിനെ രക്ഷിക്കാന്‍ എം വി ഗോവിന്ദന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഗോവിന്ദന്‍ വ്യക്തിശുദ്ധിയുള്ള, സത്യസന്ധനായ നേതാവാണ്. പാര്‍ട്ടിയെ ശുദ്ധീകരിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഫലം കാണുമോയെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും സിപി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
