

തിരുവനന്തപുരം: കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്. മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ വി എം സുധീരനെയാണ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മുന്‍മന്ത്രി ഡോ. എം കെ മുനീറാണ് മുസ്ലിം ലീഗിന്റെ ചോയ്‌സ്. യുഡിഎഫില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ ചെയര്‍മാന്‍ നിയമനം ഉണ്ടായേക്കും.
ഈ വിഷയത്തില്‍ യു ഡി എഫിനുള്ളില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും, ഇരു പാര്‍ട്ടികളിലും ഈ രണ്ട് നേതാക്കളുടെയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജിവച്ചതിനുശേഷം കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
സുധീരന്റെ രാഷ്ട്രീയ, ഭരണ പരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. 'നിയമസഭാ സ്പീക്കര്‍, മന്ത്രി, എംഎല്‍എ, എംപി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ സുധീരന്‍ തന്റെ യോഗ്യത തെളിയിച്ചിട്ടുണ്ട്. അതിനാല്‍, സര്‍ക്കാര്‍ സാധ്യമായ എല്ലാ വഴികളിലും അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗിക്കേണ്ട സമയമാണിത്.' ഒരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അഭിപ്രായം തേടിയ ചുരുക്കം സംസ്ഥാന നേതാക്കളില്‍ ഒരാളാണ് സുധീരന്‍. കുറച്ചുനാളുകളായി സുധീരന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സുധീരനെപ്പോലുള്ള ഒരു നേതാവിനെ ആ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
അതേസമയം, ഡോ. എം കെ മുനീറിനെ കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുനീര്‍ മത്സരിച്ചിരുന്നില്ല. അതിനാല്‍ മുതിര്‍ന്ന നേതാവിന് അര്‍ഹമായ നിയമനം നല്‍കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
''കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ നിയമനത്തെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ എം കെ മുനീറിന്റെ പേര് ഉയര്‍ത്തും,'' ഒരു മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. അധികാരത്തിലിരിക്കെ പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ മകനെ പദവിയില്‍ നിന്നും മാറ്റിനിര്‍ത്തിയെന്ന ആരോപണങ്ങളെക്കുറിച്ചും, മലബാറില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലീഗിന് ആശങ്കയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates