

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം.
സഹകരണ സംഘങ്ങള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ വയ്ക്തമാക്കിയത്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.
നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍ബിഐയുടെ നിലപാട്.
ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനാണ് (ഡി.ഐ.സി.ജി.സി) ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇത് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് ബാധകമല്ല.
ബാങ്ക് എന്ന് ഉപയോഗിക്കരുത്
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2020 സെപ്റ്റംബര്‍ 29ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം
സഹകരണ സംഘങ്ങളിലെ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകൂവെന്നും ആര്‍ബിഐ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates