പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് ലഭിച്ച നാണയങ്ങള്‍ എണ്ണിത്തീര്‍ക്കല്‍ ദേവസ്വം ജീവനക്കാര്‍ക്ക് കഠിന പ്രയത്‌നമാകുന്നു. ഏകദേശം 30 കോടിയോളം രൂപ ശബരിമല ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നാണയമായി ലഭിച്ചിട്ടുണ്ടെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിഗമനം.
നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്. നാണയങ്ങളുടെ മൂന്നില്‍ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്. നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം കഴിഞ്ഞ് ഈ മാസം 20 നാണ് ശബരിമല നട അടച്ചത്.
ഈ മാസം 25 ന് ശബരിമലയിലെ വരുമാനത്തിന്റെ കണക്ക് അറിയിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ നാണയം എണ്ണിത്തീരാത്തതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ പറഞ്ഞു.
നാണയം എണ്ണിത്തളര്‍ന്ന ജീവനക്കാര്‍ക്ക് ഫെബ്രുവരി അഞ്ചു വരെ ദേവസ്വം ബോര്‍ഡ് അവധി നല്‍കിയിരിക്കുകയാണ്. ഇനി അഞ്ചാം തീയതി നാണയമെണ്ണല്‍ ആരംഭിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. മാസപൂജയ്ക്കായി നട തുറക്കുന്ന ഫെബ്രുവരി 12 നകം എണ്ണല്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമല സന്നിധാനം കൂടാതെ, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ലഭിച്ച പണവും എണ്ണാനുണ്ട്. ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഏതാണ്ട് 350 കോടിയോളം രൂപ ലഭിച്ചതായാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. 2017-18 കാലത്ത് 270 കോടി രൂപയായിരുന്നു ശബരിമലയില്‍ വരുമാനമായി ലഭിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates