

തൊടുപുഴ: തൊടുപുഴയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം മകനെയും കുടുംബത്തേയും തീ കൊളുത്തിക്കൊന്ന ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പിതാവ് ആലിയേക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി. മകന് ഇഷ്ടദാനം നല്‍കിയ 58 സെന്റ് പുരയിടം തിരികെവേണമെന്നുള്ള വാശിയാണ് കൂട്ടക്കൊലയിലേക്ക് എത്തിച്ചത്.
സ്വന്തം മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയുമായിരുന്നു ഹമീദ് ചുട്ടുകൊന്നത്. 2022 മാര്‍ച്ച് 19-നായിരുന്നു നാടിനെ ഞെട്ടിച്ച ആ കൂട്ടക്കൊല. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.കേസില്‍ ഒക്ടോബര്‍ 30-ന് കോടതി വിധി പറയും.
ചീനിക്കുഴിയില്‍ പലചരക്ക് കട നടത്തിയിരുന്ന മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്ന(14) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ്(82) വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. മകനും കുടുംബവും ഒരുകാരണവശാലും രക്ഷപ്പെടരുതെന്ന് കരുതി എല്ലാവിധ ആസൂത്രണത്തോടെയുമാണ് ഹമീദ് കൃത്യം നടത്തിയത്. രക്ഷപ്പെടാനായി ഫൈസലും മക്കളും അലറിവിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അയല്‍ക്കാര്‍ ഓടിയെത്തി തീയണച്ചപ്പോഴേക്കും കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചീനിക്കുഴിയില്‍ മെഹ്റിന്‍ സ്റ്റോഴ്‌സെന്നപേരില്‍ പലചരക്കുകട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍. കൊലപാതകംനടന്ന വീടുള്‍പ്പെടുന്ന 58 സെന്റ് പുരയിടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നല്‍കിയതായിരുന്നു. മരണംവരെ ആദായവും ചെലവിനും നല്‍കണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഹമീദ് വഴക്കിടുമായിരുന്നു. മകന്റെ പക്കല്‍നിന്ന് സ്വത്ത് തിരികെലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ കേസും നല്‍കി.
ജീവിതച്ചെലവിന് പണമാവശ്യപ്പെട്ട് കുടുംബക്കോടതിയിലും കേസുകൊടുത്തു. സ്ഥലം തിരികെനല്‍കിയില്ലെങ്കില്‍ പെട്രോളൊഴിച്ച് തീവെച്ചുകൊല്ലുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസല്‍ 2022 ഫെബ്രുവരി 25-ന് കരിമണ്ണൂര്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ടുമക്കളും വീടിന്റെ ഒറ്റമുറിയിലായിരുന്നു താമസം. ഹമീദ് മറ്റൊരു മുറിയിലും.വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടിറങ്ങിപ്പോയ 20 വര്‍ഷത്തോളം മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനില്‍ താമസിച്ചിരുന്ന ഹമീദ് 2019-ലാണ് തിരികെ നാട്ടിലെത്തിയത്. തുടര്‍ന്നാണ് മകന്‍ ഫൈസലിനൊപ്പം താമസം ആരംഭിച്ചത്.
സ്വത്ത് തിരികെ കിട്ടാനായി കോടതിയിലും പൊലീസ് സ്റ്റേഷനിലും നിരവധി പരാതികള്‍ നല്‍കി. എന്നാല്‍, കമ്മീഷന്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തില്‍ ഹമീദിന് യാതൊരു പ്രയാസവുമില്ലെന്നും താമസസൗകര്യവും ഭക്ഷണവും വസ്ത്രവുമെല്ലാം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അതിനുശേഷവും സ്വത്തിന്റെ കാര്യത്തില്‍ ഹമീദിന്റെ പക അവസാനിച്ചിരുന്നില്ല. എല്ലാദിവസവും ഇറച്ചിയും മീനും വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. പുരയിടവും സ്വത്തും തിരികെ നല്‍കിയില്ലെങ്കില്‍ എല്ലാവരെയും തീവെച്ച് കൊല്ലുമെന്നും ഹമീദ് ഭീഷണി മുഴക്കിയിരുന്നു.
2022 മാര്‍ച്ച് 19ന് മകനുമായി വഴക്കുണ്ടാക്കിയ ഹമീദ് വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ഇതിനായി വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പെട്രോള്‍ കുപ്പികളില്‍ തിരിയിട്ട് പെട്രോള്‍ബോംബുകളാക്കി. ഇത്തരത്തില്‍ പത്തിലധികം പെട്രോള്‍ബോംബുകള്‍ തയ്യാറാക്കി രഹസ്യമായി സൂക്ഷിച്ചിരുന്നു ഹമീദ്. കൃത്യ ദിവസം ഫൈസലും കുടുംബവും കിടന്നുറങ്ങിയ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയത്. വീട്ടിലെ മറ്റുവാതിലുകളും അടച്ച് ഇയാള്‍ പുറത്തിറങ്ങി. തുടര്‍ന്നാണ് വീട്ടിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
