

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശിച്ചു.
പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാൽ റഫര്‍ ചെയ്യുന്ന നടപടിയുണ്ട്. ഇതു ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലർത്തണണെന്നും ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
