ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം; തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു, രണ്ടു ദിവസത്തിനിടെ രോഗബാധിതര്‍ ഇരട്ടിയായി

കോട്ടയത്ത് 57, എറണാകുളത്ത് 34, തിരുവനന്തപുരത്ത് 30 കോവിഡ് കേസുകള്‍
Covid death after a break; 2 people died in Thiruvananthapuram in 7 days
പ്രതീകാത്മകം covidfile
Updated on
1 min read

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ (covid cases) ഇരട്ടിയായിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കൊല്ലം തലവൂര്‍ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍.

2024ല്‍ സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 72,141 പേരാണ് മരിച്ചത്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com