

മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് അച്ചടക്ക നടപടി, പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം. പുനലൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി എത്തുന്ന പി എസ് സുപാലിന്റെ 'തിരിച്ചുവരവ്' അതി ഗംഭീരമാണ്. ജില്ലാ യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പ്പോര് നടത്തിയ വിഷയത്തിലാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ പി എസ് സുപാലിന് എതിരെ അച്ചടക്ക നടപടി എടുത്തത്. സുപാലിനെ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയതപ്പോള്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ രാജേന്ദ്രനെ താക്കീതുചെയ്തു.
ഇതിന് പിന്നാലെ സിപിഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി വി എസ് സുനില്‍കുമാര്‍, കെ ഇ ഇസ്മായില്‍, പ്രകാശ് ബാബു അടക്കമുള്ളവ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ നടപടിക്ക് എതിരെ പ്രതികരിക്കാന്‍ സുപാല്‍ തയ്യാറായില്ല.
കൊല്ലം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്ക്യൂട്ടീവ് യോഗത്തിലാണ് കയ്യാങ്കളിയോളം എത്തിയ വാക്‌പ്പോര് അരങ്ങേറിയത്. പാര്‍ട്ടിയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയെന്ന ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരുന്ന് നടത്തിയ തെറ്റിന് ഗൗരവം കൂടുതലാണെന്ന് വിലയിരുത്തിയായിരുന്നു സുപാലിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
സമ്മേളനം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത എന്‍ അനിരുദ്ധനെ മാറ്റി ആര്‍ രാജേന്ദ്രനെ കൊണ്ടുവരാന്‍ കാനം പക്ഷം ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഒത്തുതീര്‍പ്പ് എന്നവണ്ണം മുല്ലക്കര രത്‌നാകരന് സെക്രട്ടറി ചുമതല നല്‍കി. എന്നാല്‍ ഇരുവിഭാഗവും തമ്മിലുള്ള പോര് തുടര്‍ന്നു. ഇതിനിടെയാണ് അച്ചടക്ക നടപടിയ്ക്ക് കാരണമായ വാക്‌പ്പോര് നടന്നത്.
പുനലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും രണ്ടുതവണ നിയമസഭയിലെത്തിയ സുപാല്‍, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഓളമുണ്ടാക്കുന്ന നേതാവാണ്. പിതാവായ പി കെ ശ്രീനിവാസന്റെ മരണത്തെത്തുടര്‍ന്ന് 1996ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സുപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 2001ലും വിജയമാവര്‍ത്തിച്ചു. 2006ല്‍ കെ രാജുവിന് വഴിമാറിക്കൊടുത്തു. തുടര്‍ച്ചയായി മൂന്നു ടേം പൂര്‍ത്തിയാക്കിയ രാജുവിന് എതിരെ മുന്നണിക്കുള്ളില്‍ എതിര്‍പ്പുകളുണ്ട്. ഈ സാഹചര്യത്തിലാണ് മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ സുപാലിനെ സിപിഐ വീണ്ടും രംഗത്തിറക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates