

പാലക്കാട്: ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെന്ന് പറഞ്ഞ സിപിഎം നേതാവ് എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. സിപിഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത പറഞ്ഞു. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഎമ്മിന് പറയാനാകില്ലല്ലോ? പ്രാദേശിക പ്രശ്നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. അജയകുമാറിന്റെ പ്രസ്താവന ഇടതുമുന്നണിയെ തകര്‍ക്കുന്നതാണെന്നും സുമലത പറഞ്ഞു'
'സിപിഐ സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വത്തെ കേരളീയ സമൂഹത്തില്‍ പരിചയപ്പെടുത്തേണ്ട് ആവശ്യമില്ല. അജയകുമാറിനെ തിരുത്തേണ്ടത് സിപിഎം നേതൃത്വമാണ്. ഇടതുമുന്നണിയെ തകര്‍ക്കുന്നതാണ് അജയകുമാറിന്റെ വാക്കുകള്‍. നാലാംകിട രാഷ്ട്രീയക്കാരനാണെന്ന് പറയുമ്പോള്‍ അദ്ദേഹം ബിനോയ് വിശ്വത്തിന്റെ രാഷ്ട്രീയ പാരമ്പര്യം സിപിഎം നേതാക്കളോട് ചോദിച്ചാല്‍ മതി. വളരെ നിലവാരം കുറഞ്ഞ വാക്കുകളായിരുന്നു അവ. അജയ്കുമാര്‍ രണ്ട് തവണ എംപിയായത് സിപിഐ വോട്ട് കൂടി നേടിയാണെന്നത് മറക്കരുത്. പാലക്കാട് ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഒഴികെ ഇത്തവണ എല്‍ഡിഎഫ് ഒന്നിച്ചാണ് മത്സരിച്ചത്. മണ്ണൂരില്‍ പ്രാദേശിക വികാരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യം ഉണ്ടായത്' സുമലത പറഞ്ഞു.
ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്കുള്ളതെന്നുമായിരുന്നു അജയകുമാര്‍ പറഞ്ഞത് ദീര്‍ഘനാളായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു അജയകുമാറിന്റെ പരാമര്‍ശം.
'ഒരു നാലാകിട രാഷ്ട്രീയ നേതാവിനെ പോലെയാണ് ബിനോയ് വിശ്വം പെരുമാറിക്കൊണ്ടിരിക്കുന്നത്. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി സിപിഐ മാറി. ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാര്‍ക്ക് ഉള്ളത്. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമാണ് കേരളത്തില്‍ സിപിഐക്ക് ഉള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാന്‍ കെല്‍പ്പുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഐ. ഒരസംബ്ലി മണ്ഡലത്തില്‍ പോയിട്ട് ഒരു പഞ്ചായത്തില്‍ വേണ്ടേ. ഞങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞല്ലേ മണ്ണൂര്‍ പഞ്ചായത്തില്‍ മത്സരിച്ചത്. എന്നിട്ട് എന്തായി?. അധികാരം, ധാര്‍ഷ്ട്യം. അതിരുകടന്ന അവകാശവാദം മണ്ണൂര്‍ പഞ്ചായത്തില്‍ സിപിഐയുടെ അന്ത്യം കുറിക്കുന്ന ജനവിധിയായി' - എസ് അജയകുമാര്‍ പറഞ്ഞു.
എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമര്‍ശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകള്‍ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാര്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates