'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ': കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ

എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയല്ല താൻ ചെയ്തതെന്നും കുട്ടികളെ ഇത്തരത്തിൽ ക്രൂരമായി തല്ലിച്ചതച്ചാൽ കൊലപാതകം നടക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ചെയ്തതെന്നും വി ജോയ്
V Joy MLA Threatens SI
V Joy MLA Threatens SI
Edited By:
Updated on: 
1 min read

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യ വധഭീഷണി മുഴക്കി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയ്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഗോകുലിനെതിരെയാണ് വി. ജോയ് പരസ്യമായി കൊലവിളി നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി. ജയചന്ദ്രന്റെ മുഖത്തുനോക്കിയാണ് എംഎൽഎ ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ’ എന്നായിരുന്നു വി. ജോയിയുടെ വാക്കുകൾ. മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

എന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയല്ല താൻ ചെയ്തതെന്നും കുട്ടികളെ ഇത്തരത്തിൽ ക്രൂരമായി തല്ലിച്ചതച്ചാൽ കൊലപാതകം നടക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ചെയ്തതെന്നും വി ജോയ് വിശദമാക്കി.

ബുധനാഴ്ച രാത്രി തലസ്ഥാനത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചുകയറി എസ്എഫ്ഐ പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചത് കന്റോൺമെന്റ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇരുവർക്കുമെതിരെ ശക്തമായ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചത്.

തങ്ങളുടെ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെയും തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വവും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു ഉദ്യോഗസ്ഥർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണവും ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന ഭീഷണി ഉയർന്നതിനെത്തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ കാട്ടാക്കട മൈലാടിയിലുള്ള വീടിന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി.

Summary

In a shocking escalation of political tensions in the capital city, CPI(M) Thiruvananthapuram District Secretary and MLA V. Joy openly issued an egregious death threat against a sub-inspector during a party protest march to the Secretariat

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com